ട്യൂബ് ലൈറ്റ് ഔട്ട് ഓഫ് ഫാഷനായോ? -അറിയാം, വീട്ടിലെ ലൈറ്റിങ്ങുമായി ബന്ധപ്പെട്ട കാര്യങ്ങൾ
text_fieldsലൈറ്റിങ് അത്ര നിസ്സാര കാര്യമല്ല. ഓരോ മുറിയുടെയും ആവശ്യവും മൂഡും നോക്കി വേണം ലൈറ്റിങ് നിശ്ചയിക്കാൻ.
അന്തരീക്ഷം മാത്രമല്ല വീട്ടുകാരുടെ മാനസിക സൗഖ്യം കൂടി മെച്ചപ്പെടുന്നതാവണം ലൈറ്റിങ്. ഇന്‍റീരിയറിന് ഭംഗി കിട്ടാൻ ലൈറ്റിങ് വലിയ പങ്കുവഹിക്കുന്നുണ്ട്.
പ്ലാനിങ് വേണം
സീലിങ്ങിൽ ലൈറ്റ് കൊടുക്കേണ്ടതിനാൽ വാർക്കുന്നതിനുമുമ്പേ ലൈറ്റുകളുടെയും പോയന്‍റുകളുടെയും സ്ഥാനം നിർണയിക്കണം. നാലിഞ്ച് കനമുള്ള വാർക്കയിലൂടെ പ്ലഗുകളുടെയും ഷാൻഡ് ലിയറിന്‍റെയും സ്പോട് ലൈറ്റുകളുടെയും ഹാങ്ങിങ് ലൈറ്റുകളുടെയും വയർ പോകാനുള്ള പൈപ്പ് ഇടേണ്ടതിനാൽ പ്ലാനിങ് വളരെ പ്രധാനമാണ്.
പലതരത്തിലുള്ള ലൈറ്റുകൾ മാർക്കറ്റിൽ ലഭ്യമായതിനാൽ ഏതുതരം ലൈറ്റാണ് ഉപയോഗിക്കേണ്ടത് എന്ന കാര്യത്തിലും ഗ്രാഹ്യമുണ്ടായിരിക്കുന്നത് നല്ലതാണ്. ഓരോ മുറിയിലും എവിടെയൊക്കെ ലൈറ്റ് പോയന്‍റുകൾ വേണം, എത്ര വാട്ട് വെളിച്ചം, എങ്ങനെയുള്ള വെളിച്ചം, ഏതുതരം വിളക്കുകൾ തുടങ്ങിയ കാര്യങ്ങളെല്ലാം കൃത്യമായി അറിഞ്ഞിരിക്കണം.
വീടുകളിലെ ലൈറ്റിങ് മൂന്നു തരത്തിൽ
ആംബിയന്‍റ്/ജനറൽ ലൈറ്റിങ്: മുറിയിലേക്ക് സാധാരണയായി വേണ്ട ലൈറ്റിങ് ആണിത്. മുറിയിൽ വേണ്ട പ്രകാശം സീലിങ്ങിൽനിന്നോ ചുമരിൽനിന്നോ ആവാം.
ടാസ്ക് ലൈറ്റിങ്: വീട്ടിൽ സാധാരണയായി ചെയ്യുന്ന ജോലികൾ കൂടുതൽ കാര്യക്ഷമമാക്കാനാണ് ടാസ്ക് ലൈറ്റിങ് ചെയ്യുന്നത്. പാചകം, വായന, പഠിത്തം, തയ്യൽ തുടങ്ങി പ്രകാശം ആവശ്യമുള്ള ഇടങ്ങളിൽ ഇത്തരം ജോലികൾ അനായാസമാക്കുന്ന തരത്തിലുള്ള ലൈറ്റിങ് ചെയ്യാം.
ആക്സന്‍റ്/ഡെക്കറേറ്റിവ്: ഡെക്കറേറ്റിവ് ലൈറ്റിങ് പേരു സൂചിപ്പിക്കുന്ന പോലെ അലങ്കാരത്തിനു വേണ്ടിയുള്ളതാണ്. ഇത് ബജറ്റ് അനുസരിച്ച് ചെയ്യാവുന്നതാണ്, നിർബന്ധമില്ല. മൂന്നും കൂടി കൂട്ടിക്കലർത്തി ചെയ്യുന്നവരുണ്ട്. അത് തെറ്റായ പ്രവണതയാണ്. അങ്ങനെ ചെയ്താൽ പ്രകാശത്തെ ശരിയായി ഉപയോഗിക്കാൻ കഴിയില്ല.
അലങ്കാര വിളക്കുകൾ
വീടിന്‍റെ ചാരുത, ശൈലി എന്നിവയെ ഫോക്കസ് ചെയ്യാൻ അലങ്കാര വിളക്കുകൾക്ക് സാധിക്കും. ലിവിങ് റൂമുകൾ, ഡൈനിങ് റൂമുകൾ, കിടപ്പുമുറികൾ, ഔട്ട്ഡോർ സ്പേസുകൾ എന്നിവ പ്രകാശപൂരിതമാക്കാൻ ഇതിലൂടെ സാധിക്കും. ഫാൻസി ലൈറ്റുകൾ വിവിധ രൂപങ്ങളിൽ വരാം.
ചാൻഡിലിയേഴ്സ്: സീലിങ്ങിൽനിന്ന് തൂങ്ങിക്കിടക്കുന്ന അലങ്കരിച്ച, ക്രിസ്റ്റൽ അല്ലെങ്കിൽ ഗ്ലാസ് ഫിക്സ്ചറുകൾ.
സ്കോൺസ്: അലങ്കാര സ്പർശം നൽകുന്ന, ഭിത്തിയിൽ ഘടിപ്പിച്ച ലൈറ്റുകൾ.
സ്ട്രിങ് ലൈറ്റുകൾ: വിചിത്ര അന്തരീക്ഷം സൃഷ്ടിക്കുന്ന ഫെയറി ലൈറ്റുകൾ, വിളക്കുകൾ അല്ലെങ്കിൽ എൽ.ഇ.ഡി ലൈറ്റുകൾ.
പെൻഡന്‍റ് ലൈറ്റുകൾ: വിവിധ ആകൃതി, വലുപ്പം, മെറ്റീരിയലുകൾ എന്നിവയിൽ വരുന്ന ഹാങിങ് ലൈറ്റുകൾ.
എൽ.ഇ.ഡി ലൈറ്റുകൾ: ആധുനിക സ്പർശം നൽകുന്ന നിറം മാറ്റാവുന്ന, പ്രോഗ്രാമബ്ൾ അല്ലെങ്കിൽ ആകൃതിയിലുള്ള എൽ.ഇ.ഡി ലൈറ്റുകൾ.
നിയോൺ ലൈറ്റുകൾ: ഒരു റെട്രോ അല്ലെങ്കിൽ ഫ്യൂച്ചറിസ്റ്റിക് ഫീൽ നൽകുന്ന തിളക്കമുള്ള, വർണാഭമായ ലൈറ്റുകൾ.
വിളക്കുകൾ: ലോഹം, ഗ്ലാസ്, പേപ്പർ എന്നിങ്ങനെ വിവിധ ആകൃതികളിലും വലുപ്പത്തിലും വസ്തുക്കളിലും വരുന്ന അലങ്കാര വിളക്കുകൾ.
ടെറാക്കോട്ട ലൈറ്റുകൾ
ഊഷ്മളമായ മണ്ണിന്‍റെ തിളക്കം കാണിക്കുന്നതിനാലാണ് ഈ ലൈറ്റുകൾക്ക് ജനപ്രീതിയേറാൻ കാരണം. മേശവിളക്കുകൾ, നിലവിളക്കുകൾ, തൂക്കുവിളക്കുകൾ, സ്ട്രിങ് ലൈറ്റുകൾ, മെഴുകുതിരി ഹോൾഡറുകൾ എന്നിവയാണ് വിവിധ രൂപങ്ങളിലെ ടെറാക്കോട്ട ലൈറ്റുകൾ. ഇൻഡോർ, ഔട്ട്ഡോർ സ്പേസുകളിൽ നാടൻ അന്തരീക്ഷം നൽകാൻ കഴിയുന്നവയാണിവ.
മഗ്നറ്റിക് ലൈറ്റുകൾ
ഇന്‍റീരിയറിന്‍റെ അഴക് കൂട്ടുന്ന മഗ്നറ്റിക് ലൈറ്റുകളാണ് ലൈറ്റിങ്ങിലെ പുതുതരംഗം. ലോഹ പ്രതലങ്ങളിൽ ഘടിപ്പിക്കാൻ കാന്തങ്ങൾ ഉപയോഗിച്ച് ഫിറ്റ് ചെയ്യുന്ന ചെറിയ അലങ്കാര വിളക്കുകളാണിവ.
എളുപ്പത്തിൽ സ്ഥാപിക്കാനും പുനഃക്രമീകരിക്കാനും സാധിക്കും. ചെറിയ വലുപ്പം, ശക്തമായ കാന്തിക അടിത്തറ, വർണാഭമായ ഓപ്ഷനുകൾ, ബാറ്ററിയിൽ പ്രവർത്തിപ്പിക്കാം എന്നിവ പ്രത്യേകതകളാണ്.
ട്യൂബ് ലൈറ്റ് വേണോ?
സീലിങ് ലൈറ്റുകളാണ് ഇന്ന് ട്രെൻഡ്. പ്രത്യേക ക്ലാമ്പിൽ ഘടിപ്പിക്കുന്നതിനാൽ തകരാർ സംഭവിച്ചാൽ ഇവ മാറ്റുന്നത് അത്ര എളുപ്പമല്ല.
ട്യൂബ് ലൈറ്റ് ആണെങ്കിൽ വീട്ടുകാർക്കുതന്നെ മാറ്റിയിടാനാവും. എന്നാൽ, ആധുനിക വീടുകളിൽനിന്ന് ട്യൂബ് ലൈറ്റ് അപ്രതക്ഷ‍്യമായിട്ടുണ്ട്. കൂടുതൽ വെളിച്ചം ആവശ‍്യമുള്ളിടത്ത് വേണമെങ്കിൽ ട്യൂബ് ലൈറ്റ് കൊടുക്കാവുന്നതാണ്.
ലൈറ്റിങ്ങിൽ ശ്രദ്ധിക്കാം
● സൂര്യപ്രകാശം എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാമെന്നും ചിന്തിക്കണം. പകൽ സമയത്ത് സൂര്യപ്രകാശം വീടിനുള്ളിൽ എത്തിക്കാൻ വലിയ ജനലുകൾക്കാവും. ലൈറ്റിങ്ങിൽ ശരിയായ ലെയറിങ് കൊടുക്കാനും ശ്രദ്ധിക്കണം.
● ബെഡ്‌റൂമിൽ വാം ലൈറ്റുകളാണ് നല്ലത്. സമാധാനവും പോസിറ്റിവുമായ അന്തരീക്ഷം അകത്തളങ്ങൾക്ക് നൽകാൻ സഹായിക്കും.
● നല്ല പെയിന്‍റുകളോ ഡിസൈനുകളോ കളറുകളോ വാൾ ആർട്ടോ എന്തായാലും അവ റിഫ്ലക്ട് ചെയ്ത് വീടിന്‍റെ ഭംഗികൂട്ടാൻ അതത് കളർ ട്യൂണുള്ള ലൈറ്റുകൾ തിരഞ്ഞെടുക്കണം.
● റീഡിങ് കോർണർ ഉണ്ടെങ്കിൽ അവിടെ ഏത് ലൈറ്റ് വേണം, ബെഡിന്‍റെ മുകളിലേക്ക് ഏത് ലൈറ്റ് വരരുത്, ഉറക്കത്തെ ബാധിക്കുമോ എന്നിങ്ങനെ പലതുണ്ട് ശ്രദ്ധിക്കാൻ.
● ആർട്ട് വർക്കുകളുണ്ടെങ്കിൽ അതിനെ ഫോക്കസ് ചെയ്യാൻ പറ്റുന്ന ലൈറ്റുകൾ നൽകാം. ഡൈനിങ് ടേബിളിലെ ഹാങ്ങിങ് ലൈറ്റ് ആകർഷകമായ രീതിയിൽ ഭക്ഷണം ആസ്വദിക്കാൻ സഹായിക്കും. സ്പോട്ട് ലൈറ്റുകളും ഉപയോഗിക്കാം.
● ഡ്രോയിങ്, ഡൈനിങ് ഇടങ്ങളിൽ ടി.വി കാണാനും വായിക്കാനുമുള്ള കാര്യങ്ങൾ പരിഗണിച്ചുവേണം ലൈറ്റ് ഒരുക്കാൻ. വരാന്തയിൽ സ്പോട്ട് ലൈറ്റുകൾ ആവാം. എക്സ്റ്റീരിയറിൽ വാം ലൈറ്റുകൾ ഒരുക്കാം. ബെഡ്റൂമുകളിൽ വായനക്കായി കട്ടിലിന്‍റെ ഇരുവശത്തും സ്പോട്ട് ലൈറ്റുകൾ ഒരുക്കാം. ടോയ്ലറ്റുകളിൽ ജനറൽ ലൈറ്റിങ്ങും മിറർ ലെറ്റിങ്ങും പരീക്ഷിക്കാം.
● അടുക്കളയിൽ വൈറ്റ് ലൈറ്റ് ഉപയോഗിക്കുന്നതാണ് നല്ലത്. എൽ.ഇ.ഡി ബൾബോ ട്യൂബോ ഉപയോഗിക്കാം.
● ലാൻഡ്സ്കേപ്പിൽ ചിതറിനിൽക്കുന്ന തരത്തിലുള്ള ലൈറ്റ് കൊടുക്കാം, പുറത്തുനിന്ന് ഫ്ലഡ് ലൈറ്റുകൾ കൊടുക്കാം, ഗാർഡൻ ലൈറ്റ്, ഗേറ്റ് ലൈറ്റ് എന്നിവയൊക്കെ പരീക്ഷിക്കാം. ഗോവണികളുടെ പടികളുടെ വശങ്ങളിലോ താഴെ സ്ട്രിപ് ആയോ സെൻസർ ലൈറ്റുകളായോ ചെയ്യാം.
വിവരങ്ങൾക്ക് കടപ്പാട്:
സൽമ ഷാഹുൽ
Founder & Principal Designer,
Studio Emfiz, Calicut

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.