കെട്ടിട നികുതി അടക്കുന്നതിൽനിന്ന് ഒഴിവാകുന്നത് എങ്ങനെ?, എത്ര സ്ക്വയർ മീറ്ററിൽ കൂടിയാലാണ് ആഡംബര വീടാകുക? -വീട് നിർമാണ നിയമങ്ങളും ആവശ്യമായ പെർമിറ്റുകളുമറിയാം
text_fieldsവീട് നിർമാണത്തിന് ഇറങ്ങിത്തിരിക്കുംമുമ്പ് നിരവധി നിയമങ്ങൾ അറിയേണ്ടതുണ്ട്. പെർമിറ്റ് വാങ്ങി സൂക്ഷിക്കേണ്ടതുണ്ട്. അക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കനത്ത നഷ്ടവും സംഭവിക്കാം.
അത്തരം നിയമങ്ങളും ചട്ടങ്ങളുമുൾപ്പെടെയുള്ള കാര്യങ്ങളിതാ...
നിർമാണ ചട്ടങ്ങൾ
278 സ്ക്വയർ മീറ്ററിൽ കൂടുതലുള്ള വീടുകൾ ആഡംബര വീടുകളുടെ ഗണത്തിൽപെടുന്നു. നിലവിലെ നിയമപ്രകാരം ഒരാൾക്ക് ഓരോ നിലക്കും 10 മീറ്റർ വരെ ഉയരമുള്ള മൂന്നുനില വരെയുള്ള വീടിന്‍റെ പ്ലാൻ സമർപ്പിക്കാം.
വീടിന് മുൻവശത്ത് മൂന്നു മീറ്റർ, പിൻഭാഗത്ത് രണ്ട് മീറ്റർ, ഒരു വശത്ത് 1.5 മീറ്റർ, മറുവശത്ത് 1.20 മീറ്റർ എന്നിങ്ങനെ അകലം സൂക്ഷിക്കണം. ചെറിയ പ്ലോട്ടിൽ രണ്ടു നിലയാണെങ്കിൽ ഏഴു മീറ്റർ ഉയരം ഉണ്ടായിരിക്കണം. മുൻവശത്ത് മൂന്നു മീറ്റർ ദൂരം വിടുമ്പോൾ പിൻഭാഗത്ത് 1.5 മീറ്റർ മതി. വശങ്ങളുടെ കാര്യമെടുക്കുമ്പോൾ ഒരു വശത്ത് 1.20 മീറ്റർ ദൂരം മതിയെങ്കിൽ, മറുവശത്ത് ഒരു മീറ്റർ മതിയാവും.
വെന്‍റിലേഷൻ വെക്കുന്നില്ലെങ്കിൽ ഈയൊരു വശത്തെ ദൂരം തൊട്ടടുത്ത വീട്ടിൽനിന്ന് 75 സെന്‍റിമീറ്റർ മാത്രം മതിയാവും. ഇത്രയും വിസ്തൃതി ഇല്ലെങ്കിൽ അയൽക്കാരനു സമ്മതമാണെങ്കിൽ ഈ അകലംതന്നെ വേണമെന്നില്ല. അതിരിനപ്പുറം വെള്ളമോ മാലിന്യമോ കടക്കരുതെന്നു മാത്രം.
മൂന്നു സെന്‍റ് വരെയുള്ള പ്ലോട്ടിൽ പണിയുന്ന വീടാണെങ്കിൽ മുൻവശത്ത് രണ്ടു മീറ്ററും പിൻവശത്ത് ഒരു മീറ്ററും മതി. വശങ്ങളിൽ 90 സെന്‍റീമീറ്റർ, 60 സെന്‍റീമീറ്റർ എന്നിങ്ങനെ. അവിടെയും അയൽക്കാരനു സമ്മതമെങ്കിൽ അകലം വേണമെന്നില്ല.
ചട്ടങ്ങൾ രണ്ടുതരം
കേരള ബിൽഡിങ് റൂൾസ് കെട്ടിട നിർമാണ ചട്ടങ്ങളെ കേരളത്തിലെ മുനിസിപ്പൽ കെട്ടിട നിയമങ്ങൾ, കേരളത്തിലെ പഞ്ചായത്ത് കെട്ടിട നിയമങ്ങൾ എന്നിങ്ങനെ രണ്ട് വിഭാഗമായി തിരിച്ചിട്ടുണ്ട്. ഇവ അടിസ്ഥാനപരമായി തുല്യമാണ്. നഗരസഭയിൽ വീട് പണിയണമെങ്കിൽ രണ്ടു നിയമങ്ങളും പാലിക്കണം.
നഗരസഭയിൽ മൂന്ന് സെന്‍റിൽ കൂടുതൽ വിസ്തീർണമുള്ള പ്ലോട്ടിൽ വീട് പണിയുമ്പോൾ മുന്നിലും പിന്നിലും വശങ്ങളിലും റോഡിനും വീടിനുമിടയിൽ കുറഞ്ഞത് മൂന്ന് മീറ്റർ അകലം പാലിക്കണം. മറ്റൊരാളുടെ ഭൂമിയിൽ വീട് പണിയാൻ ഉടമയുടെ അനുമതി വേണം. മൂന്ന് സെന്‍റിൽ താഴെയാണെങ്കിൽ ഏറ്റവും കുറഞ്ഞ ദൂരം മുന്നിൽ രണ്ട് മീറ്റർ, പിന്നിൽ ഒന്ന്, വശങ്ങളിൽ 1.9 മീറ്റർ.
ഗ്രാമപഞ്ചായത്തിൽ മൂന്ന് സെന്‍റിൽ താഴെയുള്ള പ്ലോട്ടാണെങ്കിൽ രണ്ട് മീറ്റർ മുന്നിലും ഒരു മീറ്റർ പിറകിലും ഓരോ വശത്തും 90 സെന്‍റിമീറ്ററും വിടാം. മൂന്ന് സെന്‍റിൽ താഴെ വിസ്തീർണമുള്ള ആകൃതിയില്ലാത്ത ഗ്രാമപഞ്ചായത്ത് പ്ലോട്ടുകൾക്ക് ശരാശരി ഓപ്ഷൻ ഉപയോഗിക്കാൻ കഴിയില്ല. കിണറിനും സെപ്റ്റിക് ടാങ്കിനുമിടയിൽ 7.5 മീറ്റർ ചുറ്റളവ് ഉണ്ടായിരിക്കണം. എല്ലാ വീടുകളിലും മഴവെള്ള സംഭരണ സംവിധാനം ഉണ്ടായിരിക്കണം.
നികുതി
കെട്ടിടനികുതി, വാർഷിക നികുതി, വീട്ടുനികുതി, ഭൂനികുതി തുടങ്ങി എല്ലാത്തരം നികുതികളും മുടങ്ങാതെ അടക്കണം. ഭൂനികുതി അടക്കേണ്ടത് വില്ലേജ് ഓഫിസിലും കെട്ടിടനികുതി അടക്കേണ്ടത് ഗ്രാമപഞ്ചായത്ത്/നഗരസഭ/കോർപറേഷൻ ഓഫിസിലുമാണ്. 1975ലെ കേരള കെട്ടിട നികുതി നിയമപ്രകാരം 1973 ഏപ്രിൽ ഒന്നിനോ അതിനുശേഷമോ നിർമാണം പൂർത്തിയാക്കിയ എല്ലാ കെട്ടിടങ്ങൾക്കും ഒറ്റത്തവണ കെട്ടിട നികുതി ബാധകമാണ്.
കെട്ടിടനികുതി ഒറ്റത്തവണ അടക്കേണ്ട നികുതി ആണെങ്കിലും 1.4.1999നു ശേഷം നിർമിച്ച ഒരു വാസഗൃഹത്തിന്‍റെ തറവിസ്തീർണം 278.7 ചതുരശ്ര മീറ്ററിൽ കൂടിയാൽ ഒറ്റത്തവണ കെട്ടിടനികുതിക്ക് പുറമേ, ഓരോ വർഷവും ഏപ്രിൽ ഒന്നിന് മുമ്പായി പ്രതിവർഷ ആഡംബര നികുതി മുൻകൂറായി ചുമത്താം. കെട്ടിട നികുതി പൂർണമായി ഓൺലൈനായി അടക്കാം.
നിലവിൽ അടച്ചിട്ട വീടുകൾക്ക് നികുതിയില്ല. ഉടമകൾ അപേക്ഷ സമർപ്പിക്കുകയും റവന്യൂ ഇൻസ്‌പെക്ടർമാർ വസ്തു പരിശോധിക്കുകയും ചെയ്താൽ നികുതി അടക്കുന്നതിൽനിന്ന് ഒഴിവാകാം.
കെ-സ്മാർട്ട്
തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന പദ്ധതിയാണ് കെ-സ്മാർട്ട്. ജി.ഐ.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ നിമിഷങ്ങള്‍ക്കുള്ളില്‍ കെട്ടിട നിര്‍മാണ പെര്‍മിറ്റുകള്‍ കെ-സ്മാര്‍ട്ട് മുഖേന ജനങ്ങള്‍ക്ക് ലഭ്യമാക്കും. വാട്സ്ആപ്, ഇ-മെയില്‍ എന്നിവ വഴി സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാകും.
റൂഫും നികുതിയും
ഷീറ്റ് മാത്രമിട്ട് റൂഫ് നിര്‍മിക്കുകയാണെങ്കില്‍ നികുതി ബാധകമല്ല. എന്നാല്‍, നാലുഭാഗവും മറച്ച് മുറി പോലെ ഉപയോഗിക്കുകയാണെങ്കില്‍ അത് കെട്ടിടത്തിന്‍റെ ഒരു നിലയായി കണക്കാക്കി നികുതി ഈടാക്കും.
ഡോക്യുമെന്‍റേഷൻ
വീട് നിർമാണം ആരംഭിക്കുന്നതിനുമുമ്പ് ബന്ധപ്പെട്ട അധികാരികളുടെ അനുമതി ഉണ്ടെന്ന് ഉറപ്പാക്കണം. രജിസ്ട്രേഷൻ രേഖകൾ കാലികമായിരിക്കണം. സ്ട്രക്ചറൽ റിപ്പോർട്ടുകൾ, ആർക്കിടെക്ചറൽ ഡ്രോയിങ്ങുകൾ, സിവിൽ എൻജിനീയറുടെ അണ്ടർടേക്കിങ് സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകൾ ഉണ്ടെന്ന് ഉറപ്പാക്കാം.
കരുതാം ഈ രേഖകൾ
● ബാധ്യതാ സർട്ടിഫിക്കറ്റ്: നിയമപരമോ പണമോ ആയ ബാധ്യതകളിൽനിന്ന് സ്വത്ത് മുക്തമാണെന്ന് സ്ഥിരീകരിക്കുന്ന രേഖ.
● ടൈറ്റിൽ ഡീഡ്: വസ്തുവിന്‍റെ യഥാർഥ ഉടമസ്ഥാവകാശത്തെ സൂചിപ്പിക്കുന്നു.
● നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ.ഒ.സി): പദ്ധതിയിൽ പൊരുത്തക്കേടുകളൊന്നുമില്ലെന്ന് സ്ഥിരീകരിക്കുന്ന സർട്ടിഫിക്കറ്റ്.
● ഒക്യുപൻസി സർട്ടിഫിക്കറ്റ്: കെട്ടിടം താമസത്തിന് സുരക്ഷിതമാണെന്നും കെട്ടിട ചട്ടങ്ങൾ പാലിക്കുന്നുവെന്നും സ്ഥിരീകരിക്കുന്നു.
● ബിൽഡിങ് പ്ലാൻ അംഗീകാരം: നിർമാണം എല്ലാ അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
● ഖാത്ത സർട്ടിഫിക്കറ്റ്: പട്ട/ചിട്ട/അടങ്ങൽ എന്നും അറിയപ്പെടുന്ന ഈ രേഖ ഒരു വസ്തുവിന്‍റെ മൂല്യനിർണയം നടത്തുകയും അധികാരികളുടെ അംഗീകാരങ്ങളും ക്ലിയറൻസുകളും പാസാക്കുകയും ചെയ്യുമ്പോൾ അനുവദിക്കുന്നു.
സർക്കാർ പദ്ധതികൾ
ഭവന നിർമാണത്തിന് കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ നിരവധി പദ്ധതികളുണ്ട്. ലൈഫ് മിഷൻ, ഇ.എം.എസ് ഹൗസിങ് സ്കീം, പ്രധാൻ മന്ത്രി ആവാസ് യോജന (പി.എം.എ.വൈ), ഗൃഹശ്രീ ഹൗസിങ് സ്കീം, ഇന്നവേറ്റിവ് ഹൗസിങ് സ്കീം, സാഫല്യം ഹൗസിങ് സ്കീം, ഭൂരഹിതരായ കുടുംബങ്ങൾക്ക് വീട് നിർമാണത്തിന് ഭൂമി നൽകുന്ന പദ്ധതി തുടങ്ങി വിവിധ സർക്കാർ പദ്ധതികൾ പ്രകാരം ഭവനനിർമാണത്തിന് ധനസഹായം ലഭിക്കും.
തൊഴിലാളി ക്ഷേമനിധി സെസ്
1996ലെ ബിൽഡിങ് ആൻഡ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്സ് വെൽഫെയർ സെസ് ആക്ട് പ്രകാരമാണ് കെട്ടിടങ്ങളുടെ സെസ് പിരിക്കുന്നത്. ആകെ നിര്‍മാണ ചെലവിന്‍റെ ഒരു ശതമാനം തുക ഒറ്റത്തവണയായാണ് ഈടാക്കുന്നത്. കെട്ടിട നിർമാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലേക്കാണ് ഈ പണം നല്‍കുന്നത്.
കെട്ടിട ഉടമകള്‍ അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നല്‍കിയിട്ടുള്ള നിർമാണ എസ്റ്റിമേറ്റ് അനുസരിച്ച് പ്ലിന്ത് ഏരിയയുടെ അടിസ്ഥാനത്തിലാണ് സെസ് കണക്കാക്കുന്നത്. 10 ലക്ഷം രൂപക്ക് മുകളില്‍ നിര്‍മാണ ചെലവ് വരുന്ന വീടുകള്‍ക്കും സ്വകാര്യ കെട്ടിടങ്ങള്‍ക്കും സെസ് നൽകണം.
ഇതിന് താഴെയുള്ള വീടുകൾക്കും സര്‍ക്കാര്‍ ഭവന പദ്ധതികളുടെ ഗുണഭോക്താക്കളും സെസ് നല്‍കേണ്ടതില്ല. വാണിജ്യ ആവശ്യത്തിന് നിർമിച്ച എല്ലാ കെട്ടിടങ്ങൾക്കും ഫ്ലാറ്റുകൾക്കും സെസ് ഒടുക്കേണ്ടതുണ്ട്.
നിർമാണ ചെലവ് നിർണയിക്കുന്നതിനുള്ള സ്ലാബ് കണക്കാക്കിയിട്ടുണ്ട്. 2015ലെ നിർദേശപ്രകാരം 100 സ്ക്വയർ മീറ്റർ വരെ 7050 രൂപ, 101 മുതൽ 200 സ്ക്വയർ മീറ്റർ വരെ 9350 രൂപ, 201 മുതൽ 300 സ്ക്വയർ മീറ്റർ വരെ 11,000 രൂപ, 301 മുതൽ 400 സ്ക്വയർ മീറ്റർ വരെ 13,050 രൂപ, 400 സ്ക്വയർ മീറ്ററിന് മുകളിൽ 16,600 രൂപ എന്നിങ്ങനെയാണ് നിരക്ക്.
സർക്കാർ നിശ്ചയിച്ചിട്ടുള്ള കമ്മിറ്റിയാണ് ഈ നിരക്കുകൾ തീരുമാനിച്ചിട്ടുള്ളത്. പഴയ വീടുകൾക്കും നിലവിൽ സെസ് അടക്കണം. അത്തരം വീടുകളുടെ വിവരങ്ങൾ താലൂക്കുകളിൽനിന്നും ലേബർ ഓഫിസുകളിലേക്ക് അയക്കും. ലേബർ ഓഫിസിൽനിന്നും കെട്ടിട ഉടമകൾക്ക് നോട്ടീസ് നൽകും.
2024 ജനുവരി 16 വരെയുള്ള കെട്ടിടങ്ങളുടെ സെസ് ജില്ല ലേബർ ഓഫിസിൽ നേരിട്ട് അടക്കാം. അതിനുശേഷമുള്ള പുതിയ കെട്ടിടങ്ങൾക്ക് കെ-സ്മാർട്ട് മുഖേന ഓൺലൈയാണ് സെസ് അടക്കേണ്ടത്.
വീട് നിർമാണം പൂർത്തിയാക്കി ഓരു മാസത്തിനുള്ളിൽ സെസ് അടക്കണം. നിർമാണ ചെലവ് സംബന്ധിച്ച രേഖകളാണ് സെസ് അടക്കാൻ വേണ്ടത്. പഴയ വീടുകൾക്ക് കംപ്ലീഷൻ സർട്ടിഫിക്കറ്റോ അല്ലെങ്കിൽ അതത് തദ്ദേശസ്ഥാപനങ്ങളിൽനിന്നും നൽകുന്ന കാലപ്പഴക്കം, വിസ്തീർണം എന്നിവ തെളിയിക്കുന്ന സാക്ഷ്യപത്രമോ വേണം.
അസസ്മെന്‍റ് നോട്ടീസ് ലഭിച്ച ശേഷം 20 ദിവസത്തിനകവും അസസ്മെന്‍റ് ഓർഡറിനു ശേഷം 30 ദിവസത്തിനകവും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകവും സെസ് ഒടുക്കിയില്ലങ്കിൽ റവന്യു റിക്കവറി ഉൾപ്പെടെയുള്ള നിയമ നടപടി സ്വീകരിക്കും. മാസം രണ്ട് ശതമാനം പലിശയും ഈടാക്കും.
സെസ് സംബന്ധിച്ച പരാതികൾ ആദ്യം ജില്ല ലേബർ ഓഫിസ്, നഗരസഭ എന്നിവിടങ്ങളിലെ അസസ്മെന്‍റ് ഓഫിസർമാർക്ക് നൽകാം. ജില്ല ലേബർ ഓഫിസറാണ് അപ്പലറ്റ് അതോറിറ്റി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാണ് തുക പിരിച്ചെടുക്കുന്നതെങ്കിലും സര്‍ക്കാരിന് മറ്റാവശ്യങ്ങള്‍ക്ക് വിനിയോഗിക്കാനാകില്ല.
സെസ് പിരിക്കുന്നതിലൂടെ നിര്‍മാണ തൊഴിലാളി ക്ഷേമനിധി അംഗങ്ങള്‍ക്ക് പെന്‍ഷന്‍ നല്‍കുന്നതിനും പ്രസാവാനുകൂല്യം, മക്കളുടെ വിദ്യാഭ്യാസം, വിവാഹ ആവശ്യം എന്നിവക്കും ധനസഹായം ഉൾപ്പെടെ നൽകുന്നു. ഇതല്ലാതെ കെട്ടിടനിര്‍മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക സെസ് ഏര്‍പ്പെടുത്തിയിട്ടില്ല. സെസ് പിരിവ് ഒടുക്കുന്നതിന് വിധേയമായി മാത്രമേ ഒക്യുപൻസി സർട്ടിഫിക്കറ്റ് വിതരണം ചെയ്യൂ.
കെ.എസ്.ഇ.ബി കണക്ഷൻ
കെ.എസ്.ഇ.ബി സേവനങ്ങൾക്ക് ഓൺലൈൻ മുഖേനയാണ് അപേക്ഷിക്കേണ്ടത്. തിരിച്ചറിയൽ രേഖ, പുതിയ വീടിനുള്ള വീട്ടുനികുതി രസീത് അല്ലെങ്കിൽ വാണിജ്യ സർട്ടിഫിക്കറ്റ്, വീട് പ്ലാനിന്‍റെ പകർപ്പ്, അയൽവാസിയുടെ വൈദ്യുതി ബിൽ, നിങ്ങൾ ഉടമയല്ലെങ്കിൽ വാടക രേഖയുടെയും ഏറ്റവും പുതിയ വീട് വാടക രസീതിന്‍റെയും പകർപ്പ്, പട്ടികജാതി/വർഗ വിഭാഗം ആണെങ്കിൽ കിഴിവിന് അപേക്ഷിക്കാൻ ജാതി സർട്ടിഫിക്കറ്റ് എന്നിവ വേണം.
കൂടാതെ, പുതിയ കണക്ഷന് നിശ്ചിത നിരക്ക് ഫീസ് അടക്കണം. അപേക്ഷിച്ചശേഷം വിശദാംശങ്ങൾ പരിശോധിക്കാൻ ഏരിയ എൻജിനീയർ സൈറ്റ് സന്ദർശിക്കും. ശേഷം എല്ലാം കൃത്യമാണെങ്കിൽ മീറ്റർ സ്ഥാപിക്കുകയും വൈദ്യുതി ബന്ധിപ്പിക്കുകയും ചെയ്യും. മുഴുവൻ പ്രക്രിയയും 15-20 ദിവസത്തിനുള്ളിൽ പൂർത്തിയാകും. താൽക്കാലിക ആവശ്യത്തിനായി ടെമ്പററി കണക്ഷനും അപേക്ഷിക്കാം.
● പാക്കേജ് സർവിസ് കണക്ഷൻ: വൈദ്യുത പോസ്റ്റ് ആവശ്യമില്ലാത്ത വയർ മാത്രം ആവശ്യമുള്ള പാക്കേജ് സർവിസ് കണക്ഷന് വേണ്ടിയും അപേക്ഷ നൽകാം. 24 മണിക്കൂറിനുള്ളിൽ കണക്ഷൻ ലഭിക്കാൻ ഈ രീതിയിൽ അപേക്ഷിക്കാം.
വിവരങ്ങൾക്ക് കടപ്പാട്:
● രാജേഷ് ചന്ദ്രൻ
പി.ഡബ്ല്യു.ഡി (ബിൽഡിങ്സ്) എക്സിക്യൂട്ടിവ് എൻജിനീയർ
● കേരള ബിൽഡിങ് റൂൾസ്
● റവന്യു ഗൈഡ്
● കെ.എസ്.ഇ.ബി

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.