Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHome Makingchevron_rightഇക്കാര്യങ്ങൾ...

ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വീടകം നിങ്ങളെ രോഗിയാക്കും...

text_fields
bookmark_border
ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ വീടകം നിങ്ങളെ രോഗിയാക്കും...
cancel

വാതിലും ജനലുകളും അടച്ചിട്ടിട്ടും വീടിനകത്താകെ പൊടി നിറയുന്നത്​ കണ്ടിട്ടുണ്ടോ. പുറത്തുനിന്ന് മാത്രമല്ല, അകത്തുനിന്നുതന്നെ വരുന്നതാണ്​ ഈ പൊടി ശല്യം. പൊടിക്കുപുറമേ ഈര്‍പ്പം, പുക, പ്രാണികള്‍, വളര്‍ത്തുമൃഗങ്ങള്‍, ഭക്ഷ്യവസ്തുക്കൾ സൂക്ഷിക്കുന്നതിലെ ശ്രദ്ധയില്ലായ്മ എന്നിങ്ങനെ നാമറിയാതെ നമ്മെ രോഗികളാക്കുന്ന പലവിധ കാര്യങ്ങൾ വേറെയുമുണ്ട് വീടകങ്ങളിൽ.

നിസ്സാരമെന്ന് തോന്നുമെങ്കിലും ഹൗസ് ഡസ്റ്റ് മൈറ്റ് എന്ന പേരില്‍ പൊടിയിലുള്ള അതിസൂക്ഷ്മ ജീവിയാണ് വില്ലന്‍. ഇവയിലുള്ള ആന്റിജനുകൾ രോഗങ്ങളുണ്ടാക്കും. ഈ ആന്റിജന്‍ അകത്തെത്തുമ്പോള്‍ ശരീരം ആന്റിബോഡി ഉണ്ടാക്കും. ആന്റിബോഡി ശരീരത്തിന്റെ ഏതു ഭാഗത്തും പ്രയാസമുണ്ടാക്കിയേക്കാം.

അലർജി, ശ്വാസംമുട്ടൽ, ശ്വാസകോശ അസുഖങ്ങൾ ആസ്തമ, ജലദോഷം, ഉന്മേഷക്കുറവ്, തലവേദന തുടങ്ങി പലതരം രോഗങ്ങൾക്കാവും വഴിവെക്കുക. പൊടി പൂര്‍ണമായും നീക്കാനാവില്ലെങ്കിലും ഇത്തിരി ശ്രദ്ധയുണ്ടെങ്കിൽ വീട്ടിനുള്ളിലെ പൊടിയുടെ അളവ് കുറക്കാം. വീടകത്ത് പതിയിരിക്കുന്ന അസുഖങ്ങളും അതിൽനിന്ന് രക്ഷനേടാനുള്ള വഴികളും അറിയാം...


പുസ്തകം/പത്രം/പ്രസിദ്ധീകരണങ്ങൾ

പൊടിയില്‍നിന്ന് വളരുന്ന സൂക്ഷ്മ ജീവികള്‍, ഫംഗസുകള്‍ തുടങ്ങിയവ പുസ്തകങ്ങളില്‍ വളരെയധികം കാണും. ഷെൽഫിലും മറ്റും സൂക്ഷിച്ച പുസ്തകങ്ങൾ ഇടക്കിടെ തുടച്ച് വൃത്തിയാക്കി ഈര്‍പ്പം തട്ടാതെ നോക്കണം.

സൂര്യപ്രകാശം നന്നായി കിട്ടുന്ന സ്ഥലത്താകണം ബുക്ക് ഷെൽഫ്. ഗ്ലാസ് ഷട്ടറുകൾ ബുക്ക്ഷെൽഫിൽ പൊടി കയറാതെ സംരക്ഷിക്കും. പഴയ പത്രവും പ്രസിദ്ധീകരണവും ഒഴിവാക്കുകയോ പൊടി കയറാതെ സഞ്ചിയിലോ മറ്റോ അടച്ചുസൂക്ഷിക്കുകയോ ചെയ്യുക.


വളര്‍ത്തു മൃഗങ്ങള്‍​

വളര്‍ത്തു മൃഗങ്ങളുടെ രോമം, മൂത്രം, തുപ്പല്‍ എന്നിവയില്‍നിന്നെല്ലാം അലര്‍ജി ഉണ്ടാകാം. സ്വയം ശരീരത്തിൽ നക്കുന്നതുവഴി മൃഗങ്ങളുടെ ദേഹത്ത് പുരളുന്ന തുപ്പല്‍ അവിടെത്തന്നെ ഉണങ്ങിപ്പിടിക്കും. പിന്നീട് അത് കാറ്റില്‍പ്പറന്ന് നമുക്കെല്ലാം കിട്ടാനുള്ള സാധ്യതയുമുണ്ട്. കിടപ്പുമുറികളിലും വളര്‍ത്തു മൃഗങ്ങള്‍ ഓടിനടക്കാറുള്ളതുകൊണ്ട് ഇവയെ ദിവസവും വൃത്തിയാക്കണം. വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകിയാല്‍ കൈയും കാലും കഴുകാനും മറക്കരുത്.


ഇലക്ട്രിക് ഉപകരണങ്ങൾ

  • കമ്പ്യൂട്ടർ കീപാഡ്: വൃത്തിയായി സൂക്ഷിച്ചില്ലെങ്കിൽ കീപാഡിൽ പൊടി നിറയും. കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ തങ്ങുന്ന പൊടിയും അഴുക്കും കമ്പ്യൂട്ടറിന്റെ സ്വാഭാവികമായ കൂളിങ്ങിനെ കുറക്കും. പഴക്കമുള്ളതാണെങ്കില്‍ ഉള്ളിലും പൊടി അടിയാം. ഇക്കാരണംകൊണ്ട് കമ്പ്യൂട്ടര്‍ പെട്ടെന്ന് ചൂടാവും. വൈപ്സ് അല്ലെങ്കിൽ എയര്‍ ബ്ലോവര്‍ ഉപയോഗിച്ച് ക്ലീൻ ചെയ്യാം. കീബോർഡിനു മുകളിൽ സിലിക്കൺ പ്രോട്ടക്ടറുകൾ നൽകിയാൽ പിന്നീട് പൊടിപിടിക്കുന്ന പ്രശ്നം ഉണ്ടാവില്ല.
  • അണുബാധക്ക് സാധ്യതയുള്ളതിനാല്‍ കഴിയുന്നതും ടോയ്‌ലറ്റിലേക്ക് മൊബൈൽ ഫോണ്‍ എടുക്കുന്നത് ഒഴിവാക്കുക.
  • എയര്‍ കണ്ടീഷനര്‍​: കൃത്യമായ ഇടവേളകളിൽ എ.സി വൃത്തിയാക്കണം. എ.സി ഡക്ടുകളില്‍ പൊടിയടിയാന്‍ തുടങ്ങിയാല്‍ അത് ഫംഗസുണ്ടാക്കും. അലര്‍ജിയുണ്ടാക്കുന്ന പൊടിപടലങ്ങള്‍ നീക്കം ചെയ്യാന്‍ കഴിവുള്ള ‘ഹൈ എഫിഷ്യന്‍സി പര്‍ട്ടിക്കുലേറ്റ് അബ്‌സോര്‍ബ്ഷന്‍’ ഉള്ളവ വാങ്ങുക.
  • സീലിങ് ഫാൻ: പലരും ശ്രദ്ധിക്കാതെ പോകുന്നതാണ് സീലിങ് ഫാനിലെ പൊടി. ലീഫിന്റെ മുകൾഭാഗം, താഴ്ഭാഗം എന്നിവിടങ്ങളിൽ അടിയുന്ന പൊടി ആഴ്ചയിലൊരിക്കൽ വൃത്തിയാക്കണം.
  • എക്‌സോസ്റ്റ് ഫാന്‍: മുറിക്കുള്ളിലെ അഴുക്കും പൊടിയുമെല്ലാം വലിച്ചെടുത്തു പുറത്തേക്ക് കളയുന്നതിനാല്‍ ഇവയില്‍ പൊടിയും അഴുക്കും പറ്റിപ്പിടിക്കാന്‍ സാധ്യത ഏറെയാണ്.
  • ടി.വി പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളില്‍ വളരെ വേഗം പൊടിയടിയും. ഉപകരണം ഓഫാക്കിയ ശേഷം മൈക്രോഫൈബര്‍ ക്ലീനിങ് തുണി ഉപയോഗിച്ച് പൊടി തട്ടുക. വയറുകളിലും കോഡുകളിലും പൊടി നീക്കാന്‍ വാക്വം ക്ലീനറുകളാണ് ഫലപ്രദം.

പരവതാനി

  • പരവതാനികൾ, കർട്ടൻ, വിരി എന്നിവ കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കണം. വീട്ടിനുള്ളില്‍ ഏറ്റവുമധികം പൊടിയടിയുന്നത് കാര്‍പ്പെറ്റുകളിലാണ്. അവ അന്തരീക്ഷത്തിലെ പൊടിപടലങ്ങളെ സ്‌പോഞ്ചുപോലെ വലിച്ചെടുക്കും. ഓരോ തവണയും കാര്‍പ്പെറ്റില്‍ കാല്‍ വെക്കുമ്പോള്‍ പൊടി ഉയരും. പുറമെനിന്നും അകത്തുനിന്നും പൊടി ഇവയിൽ പറ്റിപ്പിടിക്കും. അതുമൂലം അലര്‍ജിയുണ്ടാക്കുന്ന തരത്തിലുള്ള ചെറുജീവികളും സൂക്ഷ്മാണുക്കളും വളരും. അലര്‍ജിയുള്ളവര്‍ വീട്ടില്‍ കാര്‍പ്പെറ്റുകള്‍ ഒഴിവാക്കുക. അല്ലെങ്കില്‍ ആഴ്ചയിലൊരിക്കല്‍ പൊടി തട്ടുക. വീടിന് പുറത്തു കൊണ്ടുപോയി പൊടി തട്ടുന്നതാണ് നല്ലത്. സ്വയം വൃത്തിയാക്കാൻ കഴിയില്ലെങ്കിൽ ഡ്രൈവാഷിനു നൽകാം. കർട്ടന് അലക്കാവുന്ന മെറ്റീരിയലുകള്‍ ഉപയോഗിക്കുന്നതാണ് നല്ലത്.
  • ചെയർ, സോഫ സെറ്റിന്റെ കുഷനുകൾ മാസത്തിലൊരിക്കലെങ്കിലും ക്ലീൻ ചെയ്യണം. വശങ്ങളും വൃത്തിയാക്കാൻ മറക്കരുത്.

കിടക്ക, വിരി

  • കിടക്കകളും വിരികളും പൊടിയടിയുന്ന പ്രധാന സ്ഥലങ്ങളാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ കിടക്കയിലെ പൊടി മാത്രം മതി ഒരാള്‍ക്ക് ശ്വാസകോശ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍. എന്നും ജനാലകള്‍ തുറന്നിട്ട് മുറികളില്‍ സൂര്യപ്രകാശമെത്തിക്കുക. തലയിണ ഉറകള്‍, കിടക്കവിരികള്‍, കമ്പിളിപ്പുതപ്പ്, കര്‍ട്ടന്‍, ചവുട്ടികള്‍ തുടങ്ങിയവ ആഴ്ചയിലൊരിക്കലെങ്കിലും കഴുകി ഉണക്കുക. ഇസ്തിരിയിടുന്നതും ഡെസ്റ്റ് മൈറ്റിനെ നശിപ്പിക്കാന്‍ സഹായിക്കും. കിടക്കകളും തലയണകളും മാസത്തിലൊരിക്കൽ വെയിലത്തിട്ട് ഉണക്കുന്നതും നല്ലതാണ്.
  • തുണികള്‍ വെക്കുന്ന ഷെല്‍ഫുകളില്‍ പൊടി സ്വാഭാവികമായും നിറയും. ഓരോ പ്രാവശ്യവും ഷെല്‍ഫ് തുറന്നടക്കുമ്പോള്‍ പൊടിയുടെ പുറത്തേക്ക്​ ഒഴുകും. കഴിയുന്നതും തുണികള്‍ ഹാങ്ങറുകളില്‍ തൂക്കിയിടുക.
  • കിടക്ക വിരികളും തലയണക്കവറുകളും ആഴ്ചയിൽ ഒരിക്കൽ മാറ്റി പുതിയത് വിരിക്കാം.

പുക

അടുപ്പിൽനിന്ന് മാത്രമല്ല, കൊതുകുതിരി മുതല്‍ സിഗരറ്റില്‍നിന്നുവരെയുള്ള പുകയുണ്ടാവും. വിറകാണെങ്കിൽ കത്തുമ്പോള്‍ പൊടിയും മറ്റും ചേര്‍ന്നാണ് കത്തുക. ഈ പൊടി പല സ്വഭാവമുള്ളതാവാം. അതിനു പുറമെയാണ് കത്തിത്തീരാത്ത വിറകുകഷണങ്ങളില്‍നിന്നുള്ള പുക. പുറത്തുവരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ്, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് എന്നിവ വേറെയും. അടുക്കളയിൽ മതിയായ വെന്‍റിലേഷൻ ഉറപ്പാക്കുകയാണ് പ്രധാനമായും ചെയ്യേണ്ടത്.

പാറ്റ/ചെറുപ്രാണികൾ

പാറ്റയുള്ള വീട്ടില്‍ അലര്‍ജി രോഗങ്ങള്‍ക്ക് സാധ്യത കൂടുതലാണ്. കൂറകളുടെ വിസർജ്യമാണ് ഇവിടെ ആന്റിജനായി പ്രവര്‍ത്തിക്കുന്നത്. കടന്നൽ, തേനീച്ച, ചിലതരം ഉറുമ്പുകൾ എന്നിവയുടെ വിഷം ചിലരിൽ ഗുരുതരമായ അലർജി ഉണ്ടാക്കാറുണ്ട്.


കീടനാശിനി

  • വീടിനുള്ളില്‍ ഉറുമ്പ്, പാറ്റ എന്നിവക്കുള്ള മരുന്നടിക്കുന്ന ദിവസം തുമ്മലും ശ്വാസംമുട്ടലും പതിവുള്ള ചിലരുണ്ട്. ശ്രദ്ധിച്ച് ഉപയോഗിച്ചില്ലെങ്കില്‍ അസുഖങ്ങളുണ്ടാക്കാന്‍ ഇവ ധാരാളമാണ്.
  • കൊതുകുതിരിയും മൊസ്കിറ്റോ മാറ്റും ഉപയോഗിക്കുന്ന സമയം മുറിക്കുള്ളിൽ നിൽക്കരുത്. ജനലും വാതിലും തുറന്നിടുക. കിടക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് ഇവ ഓഫ് ചെയ്യുക. കൊതുകുതിരിയിലുള്ള രാസവസ്തുക്കള്‍ ഉണ്ടാക്കുന്ന അലര്‍ജിരോഗങ്ങളും ധാരാളമുണ്ട്.
  • മുട്ടിലിഴയുന്ന പ്രായമുള്ള കുട്ടികളുള്ളപ്പോൾ തറ രാസക്ലീനറുകൾകൊ‍ണ്ട് കഴുകരുത്. തറയിൽ കൈകുത്തി ഇഴയുന്ന കുട്ടികളിൽ കൈയിലൂടെ വായിലേക്ക് രാസവസ്തുക്കളുടെ അവശിഷ്ടങ്ങളെത്താം. രാസപദാർഥങ്ങൾ വായുവിലൂടെ ശ്വാസകോശങ്ങളിലെത്തുകയോ കണ്ണ്, ചർമം എന്നിവയ‍ിൽ പുരളുകയോ ചെയ്താൽ തലകറക്കവും ശ്വാസതടസ്സവും അലർജിയും എക്സിമയും ഉൾപ്പെടെയുള്ള അസ്വാസ്ഥ്യങ്ങൾ ഉണ്ടാകാം. അതുകൊണ്ട് തറ തുടക്കുന്ന സമയത്ത് കുട്ടികളെ അടുത്തുനിർത്തരുത്.

ഫംഗസ് ഇന്‍ഫക്ഷന്‍

നനവ് കനത്തുനില്‍ക്കുന്ന ചുമരുകള്‍, ഈര്‍പ്പമുള്ള തറ, ഈറന്‍ മണമുള്ള കുളിമുറി... അസുഖങ്ങളുണ്ടാക്കുന്ന ഫംഗസുകള്‍ ധാരാളം ഇവിടെയുണ്ടാകും. ശ്വാസംമുട്ടലോ പനിയോ വരുത്തിവെക്കാന്‍ അതു ധാരാളമാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അതിനെ പ്രതിരോധിക്കുന്ന വാട്ടർ പ്രൂഫിങ് സംവിധാനങ്ങൾ ചെയ്യുക.


പൂമ്പൊടി

  • അലങ്കാരത്തിനായി വീട്ടിൽ പലതരത്തിലുള്ള ചെടി വളർത്തുന്നവരുണ്ട്. ചെടികളിലെ പൂമ്പൊടി ചിലപ്പോൾ വില്ലനാവാറുണ്ട്. കലാഡിയം, അഗ്ലോനിമ, ഡംബ്കേൻ, ആന്തൂറിയം പോലുള്ളവ ചിലരിൽ, പ്രത്യേകിച്ച് കുട്ടികളിൽ അലർജി ഉണ്ടാക്കുന്നവയാണ്. ഗാര്‍ഡനിങ്ങില്‍ താല്‍പര്യമുള്ളവരാണെങ്കില്‍ അതും അലര്‍ജിക്ക് ഇടയാക്കാം.
  • കൃത്രിമ അലങ്കാരച്ചെടികളും മറ്റും വേനൽക്കാലത്ത് സ്വീകരണമുറിയിൽനിന്ന് ഒഴിവാക്കുന്നതാകും നല്ലത്. മാസത്തിലൊരിക്കലെങ്കിലും സോപ്പുവെള്ളത്തിൽ മുക്കിയ തുണികൊണ്ട് തുടച്ചു വൃത്തിയാക്കണം.

വാതിലുകളും ജനലുകളും

  • തടിക്കുപകരം പി.വി.സി, സ്റ്റീൽ എന്നിവ കൊണ്ടുള്ള വാതിലുകളും ജനലുകളും അലമാരകളുമാണ് ഇപ്പോൾ താരം. ഇത്തരം അലമാരകളിൽ വായുസഞ്ചാരം ഉണ്ടാകില്ല. വിയർത്ത്, ഈർപ്പമുള്ള തുണിവെച്ചാൽ അവയിൽ പൂപ്പൽ പിടിക്കാനുള്ള സാധ്യത കൂടുതലാണ്. ഇത് പൊടിച്ചെള്ളിന്റെ വളർച്ചക്കും കാരണമാകും. അത് പല തരം അലർജിക്ക് ഇടയാക്കും. അലമാരയുടെ മുകൾഭാഗം ഇടക്കിടെ വൃത്തിയാക്കാം.
  • കിച്ചൻ ക്യാബിനറ്റിന്‍റെ മുകൾഭാഗത്ത് പൊടി അടിയും. അവക്കു മുകളിൽ ഒരു ന്യൂസ് പേപ്പർ വിരിച്ചാൽ എടുത്തുമാറ്റി ക്ലീൻ ചെയ്യാം.
  • ഷെൽഫുകളിൽ പൊടി പിടിക്കാതിരിക്കാൻ മാറ്റുകൾ നൽകുന്നത് കൂടുതൽ നല്ലതാണ്.
  • തടിക്കുപകരം ഷെൽഫ്, കബോർഡ്, വാർഡ്രോബ് പോലുള്ളവ നിർമിക്കാൻ ഉപയോഗിക്കുന്ന പാർട്ടീഷൻ ബോർഡ്, പ്ലൈവുഡ് എന്നിവയിൽ കെമിക്കലുകളും അനാരോഗ്യകരമായ വാതകങ്ങളും മറ്റുമുണ്ട്. ഇവ നിർമാണം കഴിഞ്ഞ ഉടൻ റൂമിലേക്ക് മാറ്റാതിരിക്കുക. കുറച്ചു ദിവസം തുറന്ന സ്ഥലത്തേക്ക് മാറ്റിവെക്കണം. റൂമിനകത്താണ് പ്ലൈവുഡ് വർക്കുകൾ ചെയ്തതെങ്കിൽ നന്നായി തുടച്ച ശേഷം ജനലും വാതിലും കുറച്ച് ദിവസം തുറന്നിടാം.
  • മരംകൊണ്ടുള്ള ഗൃഹോപകരണങ്ങള്‍ നിത്യവും തുടക്കാം. ചിതല്‍ പിടിക്കാതിരിക്കാന്‍ വര്‍ഷത്തില്‍ ഒരു തവണയെങ്കിലും വാര്‍ണിഷ് അടിക്കാം.
  • സ്ലൈഡിങ് ഡോറുകൾ/ജനലുകൾ എന്നിവക്കിടയിൽ അടിയുന്ന പൊടിയും വൃത്തിയാക്കാൻ ശ്രദ്ധിക്കണം.
  • കട്ടിലുകളുടെയും വാർഡ്രോബുകളുടെയും പിൻഭാഗം രണ്ടാഴ്ച കൂടുമ്പോൾ നിർബന്ധമായും വൃത്തിയാക്കണം. കുട്ടികളുടെ ബെ‍ഡ്റൂമിലെ സോഫ്റ്റ് ടോയ്സിൽ പൊടി കൂടുതലടിയാൻ സാധ്യതയുണ്ട്. മാസത്തിലൊരിക്കൽ അവയും വൃത്തിയാക്കാം.

എയര്‍ ഫ്രെഷ്നർ ഉപയോഗം

എയര്‍ ഫ്രെഷ്നറുകള്‍ താല്‍ക്കാലിക സുഗന്ധം മാത്രമേ നൽകൂ. ഇവയും മെഴുകുതിരികളും വീടിനകത്ത് ശുദ്ധവായു ഇല്ലാതാക്കുകയാണ് ചെയ്യുന്നത്. എയര്‍ ഫ്രെഷ്നറുകളുടെ ഉപയോഗം കുറക്കുന്നതാണ് ഉത്തമം.


സോപ്പ്/ഡിറ്റർജന്‍റ്

പാത്രം, തുണി എന്നിവ കഴുകുമ്പോള്‍ ഡിഷ് വാഷും വാഷിങ് പൗഡറും കൈയിലെ തൊലിക്ക് പണി തരാറുണ്ട്. നന്നായി കഴുകിയ ശേഷം പാത്രം വെള്ളത്തിൽ മുക്കിവെക്കാം. സോപ്പ്/ഡിറ്റർജന്‍റ് കൈയിലാവാതിരിക്കാന്‍ കൈയുറ ധരിക്കുന്നതും സഹായിക്കും. റബര്‍ ഗ്ലൗസിനുള്ളില്‍ ഒരു കോട്ടണ്‍ ഗ്ലൗസ് ഉപയോഗിക്കാം.

വെന്റിലേഷൻ കുറഞ്ഞാൽ

ഇടുങ്ങിയ, വായുസഞ്ചാരമില്ലാത്ത മുറികളിൽ കഴിയേണ്ടിവരുമ്പോൾ വായുവിലൂടെ പകരുന്ന രോഗങ്ങൾ പിടിപെടാൻ സാധ്യത കൂടുതലാണ്. കുട്ടികളിൽ ചുമയും ശ്വാസംമുട്ടലും അലർജിരോഗങ്ങളും വിട്ടുമാറാത്തതിന്റെ കാരണങ്ങളിലൊന്ന് വെന്റിലേഷന്റെ പോരായ്മയാണ്.

വീട് നിർമിക്കുമ്പോൾ മതിയായ വെന്റിലേഷൻ ഉറപ്പാക്കുക. മുറികൾക്ക് ക്രോസ് വെന്റിലേഷൻ സാധ്യമാകുന്ന ജനാലകളുണ്ടെന്ന് ഉറപ്പുവരുത്തുക. അതായത്, ഒരു ജനലിൽകൂടി കയറുന്ന വായു അതേ മുറിയിലെ മറ്റൊരു ജനലിൽകൂടി പുറത്തേക്കു പോകണം. ഇങ്ങനെ ക്രോസ് വെന്റിലേഷൻ നൽകുന്നത് മുറിക്കുള്ളിൽ പാറ്റ, മറ്റു ചെറുകീടങ്ങൾ എന്നിവ വളരുന്നത് തടയും.


വെളിച്ചക്കുറവ്

വെളിച്ചക്കുറവ് പ്രായമായവർക്കാണ് ഏറ്റവും അപകടം. വീട്ടിലെ കോണിപ്പടികളിലും ബാത്ത്റൂമിലും മറ്റും തെന്നിവീഴാനുള്ള സാധ്യത ഏറെയാണ്. മങ്ങിയ വെളിച്ചത്തിൽ വായിക്കുന്നതും ജോലി ചെയ്യുന്നതും കണ്ണിൽ സമ്മർദമേകും.

വിട്ടുമാറാത്ത തലവേദനയായും കണ്ണിനു ചുറ്റുമുള്ള വേദനയായും ഇതു പ്രകടമായെന്നു വരും. കണ്ണിനു കഴപ്പ്, കണ്ണിൽനിന്നു വെള്ളം വരുക, കണ്ണിനു ചുവപ്പ് തുടങ്ങിയ ലക്ഷണങ്ങളും തുടർച്ചയായി മങ്ങിയ വെളിച്ചത്തിൽ പ്രവൃത്തിയിലേർപ്പെടുന്നതു വഴി ഉണ്ടാകാം. വെളിച്ചക്കുറവുള്ളയിടങ്ങളിൽ സ്ഥിരമായി ജോലി ചെയ്യുന്നവരിൽ വിഷാദംപോലുള്ള ലഘു മനോരോഗങ്ങൾക്കു സാധ്യത കൂടുതലാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

തറയുടെ തിളക്കം

മിക്കവരും വെൺമയുള്ള, മിനുസമേറിയ ടൈലുകളാണ് തറയിൽ പാകുന്നത്. കുറഞ്ഞ ചെലവും പെട്ടെന്ന് പണി തീർക്കാനാവുന്നതുമാണ് കാരണം. ടൈലുകൾ പാകിയ തറയിൽകൂടി നടക്കുമ്പോൾ വീണ് അപകടം പറ്റാനുള്ള സാധ്യത കൂടുതലാണ്. വാതരോഗമുള്ളവരുടെ ആരോഗ്യത്തിന് അത്ര നല്ലതുമല്ല.

ബാത്ത്റൂമിൽ നിർബന്ധമായും പരുപരുത്ത പ്രതലത്തോടുകൂടിയ ടൈലുകള്‍ ഇടാൻ ശ്രദ്ധിക്കുക. ടൈലിൽ തെന്നാതിരിക്കാൻ നല്ല ഗ്രിപ്പുള്ള ചെരിപ്പ് ഉപയോഗിക്കാം. അതുമല്ലെങ്കിൽ പ്രായമായവർക്ക് നടക്കാൻ സൗകര്യത്തിന് മാറ്റുകൾ വിരിക്കുന്നതും നന്നാവും.

പെയിന്റ്

  • ചില പെയിന്‍റുകൾ അലർജിക്ക് ഇടയാക്കും. സുഗന്ധം പരത്തുന്നതും അല്ലാത്തതുമായ പെയിന്‍റുകളും ഇക്കൂട്ടത്തിലുണ്ട്. നിരോധിത ഘടകങ്ങൾ അടങ്ങിയ പെയിന്റുകളാണ് ഇതിൽ വില്ലൻ.
  • മുറിക്കുള്ളിലെ പെയിന്റിങ്ങും മറ്റും സ്വാഭാവിക പ്രകാശത്തെ ഏറ്റവും കൂടുതലായി പ്രയോജനപ്പെടുത്തുന്ന തരത്തിലാകണം. സീലിങ്ങുകളിൽ വെള്ള പെയിന്റ് അടിക്കുന്നതാണ് സ്വാഭാവിക പ്രകാശത്തെ ഏറ്റവുമധികം പ്രയോജനപ്പെടുത്തുന്നത്. ചുമരുകളുടെ മുകൾഭാഗം നേരിയ നിറമുള്ള പെയിന്റും കീഴ്ഭാഗം അൽപം കടുപ്പമുള്ള നിറവുമാക്കുന്നതാണ് കണ്ണിനു സുഖകരം.

വീട് വൃത്തിയായി സൂക്ഷിക്കാൻ

  • 1. പൊടിയുള്ള ചെരിപ്പുകൾ വരാന്തയിലേക്ക് കയറ്റാതെ കാർ പോർച്ചിലോ മറ്റോ സൂക്ഷിക്കാം.
  • 2. പുറത്ത്​ പോയപ്പോൾ ധരിച്ചിരുന്ന വസ്​ത്രങ്ങൾ അഴിച്ചുവെക്കാതെ ഒരിക്കലും ഉറങ്ങരുത്​.
  • 3. വീട്ടിലേക്കുള്ള വാതിലുകളുടെ മുന്നിൽ ചവിട്ടികളിടുന്നത് പൊടി അകത്തേക്ക് കയറുന്നത് തടയും. മഴക്കാലത്ത് തുണികൊണ്ടുള്ള ചവിട്ടികളാണ് ചളി ഉള്ളിലേക്ക് കയറ്റാതിരിക്കാൻ നല്ലത്. എന്നാൽ, വേനലിൽ ഇതു മാറ്റി കയർ മാറ്റോ പ്ലാസ്റ്റിക് മാറ്റോ റബർ മാറ്റോ മുൻവാതിലിൽ വിരിക്കാം.
  • 4. വീട്ടിലാണെങ്കിലും നനവുള്ള വസ്ത്രങ്ങള്‍ ധരിക്കരുത്. പ്രത്യേകിച്ച് അടിവസ്ത്രങ്ങള്‍. ഫംഗല്‍ അലര്‍ജിക്ക് കാരണമായേക്കാം.
  • 5. അലർജിയുള്ള കുട്ടികൾക്ക്​ കഴുകി വൃത്തിയാക്കാൻ സാധിക്കുന്ന കളിപ്പാട്ടങ്ങൾ വാങ്ങി നൽകുക.
  • 6. കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. പൊടിപടലങ്ങൾ ഇല്ലാതെയിരിക്കണം.
  • 7. വിരികള്‍ കുടയുമ്പോള്‍ പൊടി മൂക്കില്‍ കയറാതിരിക്കാനുള്ള മുന്‍കരുതലെടുക്കണം.
  • 8. തലയിണകള്‍ക്ക് ഡസ്റ്റ് മൈറ്റ് റെസിസ്റ്റന്റ് കവറുകള്‍ ഉപയോഗിക്കാം.
  • 9. പൊടി തട്ടിയൊഴിവാക്കുന്നത് കഴിയുന്നതും ഒഴിവാക്കുക. ചുമരുകളും സീലിങ്ങും വാക്വം ക്ലീനർ ഉപയോഗിച്ച് വൃത്തിയാക്കുന്നതാണ് നല്ലത്. നിലം നനച്ചു തുടക്കുക.
  • 10. മുറിയുണങ്ങി വായുസഞ്ചാരമുള്ളതാകാൻ ഒരു മണിക്കൂർ വീതം രണ്ടു തവണ ജനൽ തുറന്നിടുക.
  • 11. ഫെതര്‍ ഡെസ്റ്ററിനെക്കാൾ വാക്വം ക്ലീനർ ഉപയോഗിക്കുന്നതാണ് ഉത്തമം. ഫെതര്‍ ഡെസ്റ്റര്‍ ഉപയോഗിക്കുമ്പോള്‍ പൊടികള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരും
  • 12. രാത്രികാലങ്ങളിൽ കിടപ്പുമുറിയിൽ സി.എഫ്.എൽ ലാമ്പുകൾ ഉറക്കത്തിനു തടസ്സമാകും. പ്രത്യേകിച്ച് വയോജനങ്ങൾക്ക്. ഫിലമെന്റ് ലാമ്പുകളാണ് നല്ലത്.
  • 13. രാത്രി ഉറക്കത്തിന് ഒരു തരത്തിലുള്ള പ്രകാശവും ഇല്ലാതിരിക്കുന്നതാണു നല്ലത്. പ്രകാശം ഉറക്ക ഹോർമോണായ മെലറ്റോസിന്റെ ഉൽപാദനത്തെ കുറക്കും. സുരക്ഷിതത്വത്തിനായി മങ്ങിയ നിറമുള്ള ലാമ്പുകൾ ഉപയോഗിക്കുക.
  • 14. വീട്ടുമതിലിൽ ഇടതൂർന്ന ഇലകളുള്ള വള്ളിച്ചെടികൾ നടാം. കർട്ടൻ പ്ലാന്റ്സ് ഒരു പരിധിവരെ റോഡിൽനിന്നുള്ള പൊടിയെ തടയാൻ സഹായിക്കും.
  • 15. ദിവസവും മുറ്റമടിക്കും മുമ്പ് അൽപം വെള്ളം തളിക്കാൻ മറക്കരുത്. പൊടിപാറുന്നത് ഒഴിവാക്കാനാണിത്.
  • 16. എല്ലാ ദിവസവും രാത്രി അടുക്കള കഴുകി തുടച്ച് വൃത്തിയാക്കിയ ശേഷം വേണം കിടക്കാൻ. അടുക്കളയിലെ ശുചിത്വം ആരോഗ്യത്തിലേക്കുള്ള വഴിയാണ്.
  • 17. അടുക്കളയിലെ ചിമ്മിനിയിലെ (റേഞ്ച് ഹുഡ്) ഫില്‍റ്റര്‍ ഇടക്ക് ശുചിയാക്കുന്നത് ഫില്‍റ്ററിന്റെ ശേഷി കൂട്ടും. എണ്ണയുടെ അംശവും മറ്റും ഹുഡില്‍ പറ്റിപ്പിടിക്കുന്നതും ഒഴിവാക്കാം.
  • 18. ആഴ്ചയിലൊരിക്കലെങ്കിലും വീട്ടിലെ എല്ലാ സാധനങ്ങളും മാറ്റി എല്ലായിടവും നന്നായി തുടച്ചിടുക.
  • 19. രോമപ്പാവകൾ ഫ്രീസറിൽവെച്ച് തണുപ്പിച്ച് പൊടിച്ചെള്ളിനെ നശിപ്പിക്കണം.
  • 20. ഫ്രിഡ്ജിന്റെ പിറകുവശത്താണ് കൂടുതലായും പൊടി അടിയാനുള്ള സാധ്യത. ഭിത്തിയിൽ നിന്ന്​ ചൂലു കടന്നെത്തുന്ന അകലത്തിൽ വേണം ഫ്രിഡ്ജ് വെക്കാൻ


ഭക്ഷണത്തിലും കരുതൽ വേണം

ചിലരില്‍ അലര്‍ജിയുണ്ടാക്കാന്‍ ഭക്ഷണസാധനങ്ങളിലുള്ള ആന്റിജന്‍ ധാരാളമാണ്. ഭക്ഷണ അലര്‍ജി വരുന്നതായി സംശയമുണ്ടെങ്കില്‍ ആദ്യം വന്ന ദിവസം കഴിച്ച എല്ലാ ഭക്ഷണപദാർഥങ്ങളുടെ പേരും എഴുതിവെക്കൂ. രണ്ടാമതും ബുദ്ധിമുട്ട് വരുന്ന ദിവസം വീണ്ടും എഴുതണം.

അങ്ങനെ അലര്‍ജി വരുന്ന ദിവസങ്ങളിലെല്ലാം പൊതുവായി നിങ്ങള്‍ എന്തു കഴിച്ചു എന്ന് കണ്ടുപിടിക്കുക. അതാണ് നിങ്ങള്‍ ഒഴിവാക്കേണ്ട ഭക്ഷണം. കുട്ടികൾക്കാണ് പ്രശ്നമെങ്കിൽ അവർ കഴിക്കുന്ന ഭക്ഷണം മനസ്സിലാക്കാൻ ഫുഡ് ഡയറി സൂക്ഷിക്കാം.

എല്ലാ പച്ചക്കറികളും കഴുകേണ്ടതുണ്ടോ?

എല്ലാ തരം പഴങ്ങളും പച്ചക്കറികളും കഴുകേണ്ട ആവശ്യമില്ല. കാരറ്റ്, കോളിഫ്ലവർ തുടങ്ങിയ പച്ചക്കറികളും പേരക്ക, ഓറഞ്ച് തുടങ്ങിയ പഴങ്ങളും സൂക്ഷിക്കുന്നതിന് മുമ്പ് കഴുകുന്നത് അധിക ഈർപ്പം അവശേഷിപ്പിച്ച് ബാക്ടീരിയകളുടെ വളർച്ചക്ക് കാരണമാകും.

ഭക്ഷണം കൃത്യമായി മൂടിവെക്കാത്തത്

  • ബാക്കി വന്ന ഭക്ഷണങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. ഭക്ഷണത്തിൽ ഏതെങ്കിലും ബാക്ടീരിയകൾ ഉണ്ടാകാതിരിക്കാൻ പാകം ചെയ്ത ഭക്ഷണം കൃത്യമായി പാക്ക് ചെയ്യണം. മൂടിവെക്കാതെ വെച്ചാൽ, പാകം ചെയ്ത ഭക്ഷണം മലിനമാകുമെന്ന് മാത്രമല്ല, ഒപ്പം സൂക്ഷിക്കുന്ന മറ്റു ഭക്ഷണങ്ങൾ കേടാകാനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി ആരോഗ്യപ്രശ്നവും ഉണ്ടാകാൻ സാധ്യതയുണ്ട്.
  • കൈയില്‍ കിട്ടുന്നതെല്ലാം ഫ്രിഡ്ജില്‍ വെക്കുന്നത് ഫ്രിഡ്ജില്‍ സൂക്ഷിക്കേണ്ട മറ്റു ഭക്ഷണസാധനങ്ങളെ നാശമാക്കും.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dustcleanhomemadhyamamkudumbam
News Summary - Are Dust Particles in Your Home Making You Sick?
Next Story