Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിപ മരുന്നിൽ നിർമാണ തീയതിയില്ല; നൽകിയത് ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന്, അമേരിക്കൻ നിർമിതി വാങ്ങിയതിലും അന്വേഷണം

text_fields
bookmark_border
നിപ മരുന്നിൽ നിർമാണ തീയതിയില്ല; നൽകിയത് ക്ലിനിക്കൽ ട്രയലിനുള്ള മരുന്ന്, അമേരിക്കൻ നിർമിതി വാങ്ങിയതിലും അന്വേഷണം
cancel

കോഴിക്കോട്: ആരോഗ്യമന്ത്രി കെ. മുരളീധരൻ നിയമസഭയിൽ നടത്തിയ മറുപടിയോടെ കേരളത്തിൽ നിപ രോഗികൾക്ക് നൽകിയ മരുന്നുമായി ബന്ധപ്പെട്ട് വിവാദം പുകയുന്നു. 2023 മുതൽ നൽകിയ മരുന്ന് കാലാവധി കഴിഞ്ഞതാണ് എന്ന് മന്ത്രി വ്യക്തമാക്കിയതോടെയാണ് വിവാദം ഉടലെടുത്തത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗികൾക്കു നൽകിയത് അമേരിക്കൻ കമ്പനി നിർമിച്ച മരുന്നാണെന്നാണ് വിവരം. ക്ലിനിക്കൽ ട്രയലിന് ഉള്ളതാണെന്നു കുപ്പിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അമേരിക്കൻ കമ്പനിയായ ഗിലീഡ് ഉൽപ്പാദിപ്പിച്ച മരുന്നിൽ 'ഇൻവെസ്റ്റിഗേഷണൽ യൂസിന്' എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ ഉൽപ്പാദിപ്പിച്ച തീയതി രേഖപ്പെടുത്തിയിട്ടില്ല. എക്സ്പയറി തീയതി മാത്രമാണ് രേഖപ്പെടുത്തിയത്. അത് 2025 സെപ്റ്റംബർ ആണ്.

മരുന്ന് നൽകുമ്പോൾ അതിന്‍റെ പ്രൊഡക്ഷൻ, എക്സ്പയറി തീയതികൾ രേഖപ്പെടുത്തണം. ഇതിൽ പ്രൊഡക്ഷൻ രേഖപ്പെടുത്താത്തത് സംശയത്തിനിടയാക്കുന്നു. കെ.എം.എസ്.സി.എൽ വഴിയാണ് അമേരിക്കൻ മരുന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിയത്. എന്നാൽ ഇതു വാങ്ങിയതിന് ഒരുരേഖയും കെ.എം.എസ്.സി.എലിൽ ഇല്ലെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നുണ്ട്. ഏതെങ്കിലും സർക്കാർ ഏജൻസി സ്പോൺസർ ചെയ്തതാണോയെന്നു പരിശോധിക്കുന്നുണ്ട്. ഏതുവഴി ലഭിച്ച മരുന്നാണെങ്കിലും നിർമാണ തീയതി രേഖപ്പെടുത്തേണ്ടതാണ്. അതേസമയം, ‘ഇൻവെസ്റ്റിഗേഷണൽ യൂസി’ന് ഉള്ളതായതിനാൽ നിർമാണകാലാവധി രേഖപ്പെടുത്തുന്നതിൽ ഇളവുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്.2022 ജനുവരി ഒന്നിനാണ് 690 കുപ്പി അമേരിക്കൻ മരുന്ന് എത്തിയത്. 2023 സെപ്റ്റംബർ 13ന് ആദ്യമായി 10 ഡോസ് നിപ രോഗികളിൽ ഉപയോഗിച്ചു. പല തവണയായി 256 കുപ്പി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും 453 എണ്ണം ശേഷിക്കുന്നുണ്ടെന്നുമാണ് കെ.എം.എസ്.സി.എലിന്റെ രേഖയിലുള്ളത്.

കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ രോഗികൾക്ക് നൽകിയ റെംഡെസിവർ മരുന്ന് കാലാവധി കഴിഞ്ഞതാണെന്നും ഇക്കാലയളവിലെ മരണങ്ങൾ അന്വേഷിക്കാൻ മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ട് എന്നുമായിരുന്നു മന്ത്രി നിയമസഭയിൽ പറഞ്ഞത്. ഇന്നലെ മാത്യു കുഴൽനാടന്‍റെ സബ്മിഷനുള്ള മറുപടിയിലായിരുന്നു മന്ത്രി നിപ മരുന്ന് നൽകിയതിനെക്കുറിച്ച് സംശയം ഉന്നയിച്ചത്.

മരുന്ന് നൽകിയ മുഴുവൻ രോഗികളുടെയും വിവരങ്ങൾ എടുക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും കാലാവധി കഴിഞ്ഞ മരുന്ന് മൂലമാണോ മരണമെന്ന് അന്വേഷിക്കുമെന്നും ഇതിനായി മെഡിക്കൽ ബോർഡ് രൂപീകരിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളജ് ഇൻഫെക്ഷ്യസ് ഡിസീസ് മേധാവി ഡോ. അരവിന്ദിന്‍റെ നേതൃത്വത്തിലുള്ള മെഡിക്കൽ ബോർഡിനാണ് അന്വേഷണ ചുമതല.

നിപ, കോവിഡ് പോലെയുള്ള അസുഖങ്ങൾക്ക് നൽകി വരുന്ന ആന്റിവൈറൽ മരുന്നാണ് ‘റെംഡെസിവർ’. അവസാനമായി 2021 ജൂൺ മൂന്നിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ കാരുണ്യ വഴിയാണ് മരുന്ന് വാങ്ങിയത്. വിതരണം ചെയ്ത മരുന്നിന്റെ എക്സ്പയറി ഡേറ്റ് 2023 മേയ് 30 ആയിരുന്നു. അതിന് ശേഷവും അതേ വർഷം മരുന്ന് നൽകിയെന്നാണ് മന്ത്രി പറയുന്നത്. ഇപ്രാവശ്യം 2026 ജൂൺ 12ന് ബഹ്റൈനിൽ നിന്ന് വരുത്തിയാണ് നിപ രോഗിക്ക് മരുന്ന് നൽകിയത്. അങ്ങനെയാണെങ്കിൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് 2023, 2024, 2025 വർഷങ്ങളിൽ രോഗികൾക്ക് നൽകിയ ‘റെംഡെസിവർ’ മരുന്ന് കാലാവധി കഴിഞ്ഞിരുന്നതാണെന്നാണ് ആരോഗ്യ വകുപ്പിന്റെ സംശയം. എന്നാൽ 2023 മുതൽ കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആറ് നിപ മരണങ്ങളിലും റെംഡെസിവർ മരുന്ന് നൽകിയിട്ടില്ലെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.

-

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - There is no manufacturing date on Nipah medicine
Next Story