Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightHealthchevron_right‘ലൈറ്റടിക്കുമ്പോ...

‘ലൈറ്റടിക്കുമ്പോ കൃഷ്ണമണിക്ക് ചെറിയ ഇളക്കം... ജീവന്‍റെ ഒരേയൊരു തുടിപ്പ്; പൊക്കിയെടുക്കാൻ ഞങ്ങളങ്ങ് തീരുമാനിച്ചു, പിന്നെ ഒരുപാട് യുദ്ധങ്ങൾ....’; നിപ അതിജീവനത്തിന്‍റെ കഥ പറഞ്ഞ് ഡോ. വി.കെ ഷമീർ

text_fields
bookmark_border
‘ലൈറ്റടിക്കുമ്പോ കൃഷ്ണമണിക്ക് ചെറിയ ഇളക്കം... ജീവന്‍റെ ഒരേയൊരു തുടിപ്പ്; പൊക്കിയെടുക്കാൻ ഞങ്ങളങ്ങ് തീരുമാനിച്ചു, പിന്നെ ഒരുപാട് യുദ്ധങ്ങൾ....’; നിപ അതിജീവനത്തിന്‍റെ കഥ പറഞ്ഞ് ഡോ. വി.കെ ഷമീർ
cancel

കോഴിക്കോട്: 'നേരിയ തോതിൽ പൾസും ബി.പിയും ഉണ്ട്, ലൈറ്റ് അടിക്കുമ്പോൾ കൃഷ്ണമണി ഇളകുന്നുണ്ടോ എന്നൊരു സംശയം, ബാക്കിയെല്ലാം വെന്‍റിലേറ്റർ സപ്പോർട്ടിലാണ്... കഴിഞ്ഞവർഷം പെരിന്തൽമണ്ണയിൽ നിന്ന് നിപ രോഗിയെ മെഡിക്കൽ കോളേജിലെത്തിച്ചപ്പോൾ ആദ്യം പരിശോധിച്ച ഡോ. ഗായത്രി ഞങ്ങളുടെ ടീമിനു മുന്നിൽ രോഗിയുടെ ആരോഗ്യസ്ഥിതി വിവരിച്ചു. ഉടനെ വന്നു ജയേഷ് സാറി (അന്നത്തെ മെഡിസിൻ വിഭാം മേധാവി)ന്‍റെ പ്രതികരണം. "ഈ പേഷ്യന്‍റിനെ നമുക്ക് പൊക്കി എടുക്കണം". ഈ അവസ്ഥയിലുള്ള രോഗിയെ ജീവിതത്തിലേക്ക് എത്തിക്കാൻ കഴിയുമെന്ന ശുഭാപ്തി വിശ്വാസം നിലനിർത്താൻ കഴിയുന്ന ഒരു ഡോക്ടറെയേ ഞാൻ കണ്ടിട്ടുള്ളൂ. അതാണ് ജയേഷ് സാർ'. കഴിഞ്ഞ വർഷം നിപ ബാധിച്ച്, മരണത്തിൽ നിന്ന് അത്ഭുതകരമായി ജീവിത്തിലേക്ക് തിരുച്ചുവന്ന പാലക്കാട് സ്വദേശിനിയെ ചികിത്സിച്ച അനുഭവം പങ്കുവെക്കുയാണ് കോഴിക്കോട് മെഡിക്കൽ കോളജിലെ മെഡിസിൻ വിഭാഗം അസോസിയേറ്റ് പ്രൊഫസർ ഡോ. വി.കെ ഷമീർ.

പൊക്കിയെടുക്കണമെന്ന ജയേഷ് സാറിന്‍റെ വാക്ക് ഒരു വെറും വാക്കായിരുന്നില്ല. പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. ചികിത്സക്കാവശ്യമായ സന്നാഹം ഞൊടിയിടയിൽ സജ്ജമാക്കി. ഐസോലേഷനിൽ ഏറ്റവും സ്ട്രോങ്ങ് ആയ ഒരു നിര റസിഡന്‍റ് ഡോക്ടർമാരെ വ്യന്യസിച്ചു. നിപ്പ രോഗികൾക്ക് മോണോ ക്ലോണൽ ആൻ്റിബോഡി കൊടുക്കൽ ശ്രമകരമായ ജോലിയാണ്. മരുന്നുകൾ കൊടുക്കുന്നതിനു മുൻപും പിൻപുമായി നിരവധി ടെസ്റ്റുകൾ വേണം. പുറത്തേക്ക് സാമ്പിൾ കൊണ്ടുപോവൽ പ്രായോഗികമല്ല. പത്തോളജി, ബയോകെമിസ്ട്രി ടീമിന്‍റെ സഹായത്തോടെ ഐസോലേഷൻ വാര്‍ഡിൽ തന്നെ ലാബ് സജ്ജമാക്കി. കണ്ണിൽ എണ്ണയൊഴിച്ചെന്നപോലെ നിതാന്ത ജാഗ്രതയോടെ ദിവസങ്ങളോളം ചികിത്സ തുടർന്നു. രോഗിയിൽ കാര്യമായി മാറ്റങ്ങൾ ഒന്നും കാണാനായില്ലെന്നത് ചെറിയ തോതിൽ നിരാശ പടര്‍ത്തി. എങ്കിലും പ്രതീക്ഷ കൈവിട്ടില്ല. ജയേഷ് സാറിന്‍റെ നിർദേശ പ്രകാരം രോഗിക്ക് ട്രാകോസ്റ്റമി (ശ്വാസനനാളത്തിൽ കുഴൽ ഘടിപ്പിക്കൽ) ചെയ്തു. ഒരു പ്രതീക്ഷയും ഇല്ലാതെ പോരാടാൻ തന്നെ ഉറപ്പിച്ച് ടീം എടുത്ത തീരുമാനമായിരുന്നു അത്.

ഇടക്ക് ഒരു ദിവസം പെട്ടെന്ന് രക്തസമ്മർദ്ദം കുറഞ്ഞു പോകുന്നു. വായിൽ നിന്ന് രക്തം കലർന്ന സ്രവം പുറത്തുവരുന്നുണ്ട്. തൊണ്ടയിൽ ട്യൂബിട്ട ഭാഗത്തെ മുറിവിൽ നിന്ന് ധാര ധാരയായി രക്തം വന്നുകൊണ്ടിരിക്കുന്നു. മെഡിസിൻ ഡോക്ടർമാർ ഏറെ ശ്രമപ്പെട്ടിട്ടും രക്തസ്രാവം നിൽക്കുന്നില്ല. പിന്നീട് ഇ.എൻ. വിഭാഗത്തിന്‍റെ സഹായവും തേടി. ഒരു ഭാഗത്തുകൂടെ രക്തം കയറ്റി, മറ്റൊരു ഭാഗത്തു കൂടി എഫ്.എഫ്.പി ചെയ്തു. എല്ലാ സൗകര്യങ്ങളും നിമിഷങ്ങൾക്കടം ഐസൊലേഷനിൽ എത്തിച്ചു. പി.പി.ഇ കിറ്റിട്ട് മണിക്കൂറൂകളോളം നീണ്ട ഒരു യുദ്ധമായിരുന്നു അത്. ആ രക്തസ്രാവം നിർത്തിയതിന്‍റെ ക്രഡിറ്റ് ഇ.എൻ.ടി റെസിഡന്‍റുമാരായ ഹസ്നത്തിനും ദിവ്യക്കും കൂടിയാണ്. സമയാസമയം മരുന്ന് കൊടുക്കൽ, വൃത്തിയാക്കൽ, പൊസിഷൻ മാറ്റൽ, ട്യൂബിലൂടെ ഭക്ഷണം കൊടുക്കൽ ഒരു രോഗിക്കുവേണ്ടി മാത്രം പ്രത്യേക ഡ്യൂട്ടി ഷിഫ്റ്റുകൾ. ഷിബി സിസ്റ്ററുടെ നേതൃത്വത്തിൽ ഉള്ള നഴ്സുമാർ, അസിസ്റ്റന്‍റുമാർ, ക്ലീനിങ് സ്റ്റാഫും അത് ഭംഗിയായി ചെയ്തുകൊണ്ടിരുന്നു. പക്ഷേ രോഗിയിൽ കാര്യമായ പുരോഗതി ഒന്നും കാണാനായില്ല. പ്രതീക്ഷ കൈവിടാതെ സദാസമയം പ്രാർഥനകളുമായി രോഗിയുടെ ഭർത്താവും മകനും ഐസൊലേഷൻ വാർഡിന്‍റെ മറ്റൊരുവശത്തെ റൂമിലുണ്ട്. ഓരോ ദിവസവും റൗണ്ട്സ് കഴിഞ്ഞു അവരെ കാണുമ്പോൾ സങ്കടമാണ്. അവരോട് എന്ത് പറയും, ഇന്നും ശ്വാസം ഇല്ലെന്നോ. ബോധം തെളിയുന്നില്ലെന്നോ? സ്ഥിതി എത്ര ഗൗരവം ആക്കി പറഞ്ഞാലും" എല്ലാം ശരിയാവും സാറേ " എന്നു പറഞ്ഞ് നമ്മളെ ആശ്വസിപ്പിക്കുന്ന ഭർത്താവിന്‍റെ വാക്ക് കേൾക്കുമ്പോ വീണ്ടും ആധികൂടും.

ക്രമേണ രോഗിയിൽ വിരലിലും, കണ്ണിലും ചെറിയ അനക്കം. ആഞ്ഞു വിളിച്ചാൽ കണ്ണുകൾ നീങ്ങുന്ന പോലെ... ആഞ്ഞമർത്തിയാൽ കയ്യും കാലും ചെറുതായി അനങ്ങുന്ന പോലെ... ഇതിനിടക്ക് ആവർത്തിച്ചുള്ള നിപ ടെസ്റ്റുകൾ എല്ലാം നെഗറ്റീവ് ആയി. രോഗിക്ക് ഐസോലേഷനിൽ ട്രാൻസിറ്റ് ഐസിയുലേക്ക് മാറ്റി. ബന്ധുക്കൾക്ക് കാണാം, ശുശ്രൂഷിക്കാം.

രോഗിയുടെ തിരിച്ചുവരവിൽ കുടംബത്തിന്‍റെ പിന്തുണ എടുത്ത് പറയണം. രോഗിയുടെ ഭർത്താവിനെക്കിറിച്ചും മകനെക്കുറിച്ചും പറയുകയാണെങ്കിൽ ഒരുരക്ഷയുമില്ല. രോഗിയെ തിരിച്ചു ജീവീത്തിലേക്ക് കൊണ്ടുവരും എന്ന വാശിയുള്ളപോലെയായിരുന്നു അവർ. പരിചരത്തിൽ ഞങ്ങളുടെ നിർദ്ദേശം നൂറ് ശതമാനമല്ല അതിലും 10 ശതമാനം കൂടതൽ മികവോടെ പാലിക്കും. പിന്നീട് ദിനം തോറും പുരോഗതി. ജീവൻ രക്ഷാ ഉപകരണങ്ങൾ ഓരോന്ന് ശരീത്തിൽ നിന്ന് നീക്കിത്തുടങ്ങി. വിലയിരുത്തിയ മെഡിക്കൽ ബോർഡിന് ഒരു യുദ്ധം ജയിച്ച സന്തോഷം. രോഗിയെ ഐ.സി.യു വിൽ നിന്നു പുറത്തിറക്കി. മോണിറ്ററുകളുടെ അരോചക ശബ്ദം ഇല്ലാത്ത പി.എം.ആർ വാർഡിലേക്ക് മാറ്റി. കൃത്യമായി വ്യായാമങ്ങളും പരിചരണങ്ങളും. പതിയെ സംസാരിക്കാൻ തുടങ്ങി. ആളുകളെ തിരിച്ചറിയും. ‍ ചികിത്സിച്ച ഞങ്ങളെയൊക്കെ പന്നീട് പരിചയപ്പെടുത്തിക്കൊടുത്തു. ഏഴ് മാസത്തിലധികം നീണ്ട ചികിത്സക്കൊടുവിൽ ഏറെ സന്തോഷത്തോടയാണ് ആകുടംബം മെഡിക്കൽ കോളജിൽ നിന്ന് പാലക്കാട് മണ്ണാർക്കാട്ടെ വീട്ടിലേക്ക് മടങ്ങിയത്.

ചുറ്റുമുള്ളവരുമായി സംവദിച്ചു ഏതാണ്ട് ഒരു മനുഷ്യയായി അവർ ജീവിക്കുന്നു. ഭാര്യയുടെ ആരോഗ്യത്തിൽ കാണുന്ന ഓരോ പുരോഗതിയും ഭർത്താവ് ഇന്നും അറിയിക്കാറുണ്ട്. വീഡിയോ അയച്ചുതരും. പ്രിൻസിപ്പൽ ഡോ. കെ.ജി സജീത് കുമാർ, സൂപ്രണ്ട് ഡോ. ശ്രീജയൻ... അങ്ങനെ മുകളിൽ നിന്ന് തുടങ്ങിയ ക്ലീനിങ്ങ് സ്റ്റാഫ് വരെ, എല്ലാരുടെയും കൂട്ടായ യുദ്ധം തന്നെയായിരുന്നു അത്. നിപ പിടിപെട്ട് മൂർച്ഛിച്ച് കൃഷ്ണമണി ചലനം മാത്രം ജീവന്‍റെ തുടിപ്പായ് അവശേഷിച്ച് എത്തിയ ഒരാൾ എണീറ്റ് നടക്കുന്ന അവസ്ഥയിൽ ആശുപത്രിയുടെ പടിയിറങ്ങുക. ഞങ്ങൾക്ക് ഒരു പാട് സന്തോഷമായിരുന്നു.

ലോകത്തിലെ തന്നെ ഒരു അത്ഭുതമാണ് അത്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നു പോലും ഇത്തരം അനുഭവം ആദ്യമായിരുന്നു. നിപ ചികിത്സയിൽ നാം ഇന്ന് ഏറെ മുന്നോട്ട് പോയിട്ടുണ്ട്. മരുന്ന് മാത്രമല്ല ചികിത്സിക്കുന്ന ടീമിൽ ക്ലീനിങ് തൊഴിലാളികൾ അടക്കമുള്ളവരുടെ നിര്‍ഭയത്വവും ആത്മവിശ്വാസവും വളരെ പ്രധാനമാണ്. ഡോക്ടർ മാത്രം ധൈര്യ പൂർവം മുന്നിട്ടിറങ്ങിയിട്ട് കാര്യമില്ല. പരിചരിക്കുന്ന നഴ്സുമാരിൽ ഒരാൾ പേടിച്ചുനിന്നാൽ സംഭവം കൈവിട്ടു പോവും. രോഗിയുടെ പരിചരണത്തിൽ ഓരോ സെക്കന്‍റും നിർണായകമാണ്. ഒരു രോഗിക്ക് വേണ്ടി മെഡിക്കൽ കോളജ് സംവിധാനങ്ങൾമൊത്തം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുകയായിരുന്നു. വീണ്ടും ഒരു നിപ കാലം വരുമ്പോൾ ഏറെ സന്തോഷത്തോടെയാണ് ആ അനുഭവം ഓർമിക്കുന്നത്. ഡോ. ഷമീർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ കൊവിഡ്, നിപ, അമീബിക് മെനിഞ്ചൈറ്റിസ്, ചികിത്സക്ക് ചുക്കാൻ പിടിക്കുന്നവരിൽ പ്രധാനിയാണ് ഡോ. ഷമീർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical CollegeKeralal NewsNipahhealthnews
News Summary - Dr. VK Shamir tells the story of a Nipah survivor
Next Story