നിയമം ഇല്ലാത്തതല്ല, അറിയാത്തതാണ് പ്രശ്നം; ഇവയാണ് ഭിന്നശേഷിക്കാരുടെ പുരോഗതിക്കും സംരക്ഷണത്തിനുമായുള്ള കേന്ദ്ര-സംസ്ഥാന നിയമങ്ങൾ
text_fieldsഏതൊരു മനുഷ്യനും ആത്മാഭിമാനത്തോടെയും തുല്യതയിലും ജീവിക്കാൻ അവകാശമുണ്ട്. അതുകൊണ്ട് തന്നെയാണ് ഭിന്നശേഷി സമൂഹത്തിന്‍റെ അവകാശങ്ങൾ സംരക്ഷിക്കാൻ ഈ രാജ്യത്ത് നിരവധി നിയമങ്ങളുള്ളത്. കേരളത്തിലേക്ക് വന്നാൽ ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ സംരക്ഷിക്കാനും അവർക്ക് പിന്തുണ നൽകാനുമായി സംസ്ഥാന സർക്കാർ നിരവധി നിയമങ്ങളും പദ്ധതികളും ആവിഷ്കരിച്ചിട്ടുണ്ട്.
എന്നാൽ, പലർക്കും അവയെക്കുറിച്ച് അറിവില്ല എന്നതാണ് വസ്തുത. ഭിന്നശേഷിക്കാരുടെ സമഗ്ര പുരോഗതിയും സംരക്ഷണവും ഉറപ്പാക്കുന്ന റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (RPwD) ആക്ട്, നാഷനൽ ട്രസ്റ്റ് ആക്ട് ഉൾപ്പെടെ പ്രധാനപ്പെട്ട നിരവധി നിയമങ്ങളാണുള്ളത്.
ഒരു വ്യക്തിയുടെ ജീവിതത്തിന്‍റെ വിവിധ കാലഘട്ടങ്ങളിൽ ആവശ്യമായ പിന്തുണ നൽകാൻ ലക്ഷ്യമിട്ടുള്ളതാണ് കേരളത്തിലെ പദ്ധതികളും നിയമങ്ങളും. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുള്ള ചട്ടങ്ങളും പദ്ധതികളും വ്യക്തികളുടെ പ്രായം അടിസ്ഥാനമാക്കിത്തന്നെ രൂപകൽപന ചെയ്തിട്ടുണ്ട്. അവയിൽ ചിലത് പരിശോധിക്കാം.
ശൈശവഘട്ടം (0-6 വയസ്സ്)
ഒരു വ്യക്തിയുടെ ശാരീരിക വികസനത്തിന് ഏറ്റവും നിർണായകമാണ് ശൈശവം. കൃത്യസമയത്ത് കുട്ടിക്ക് ഭിന്നശേഷിയുണ്ടോ എന്ന് കണ്ടെത്താനായാൽ, കൃത്യമായ ഇടപെടലുകൾ നടത്താനാകും. തെറപ്പി, രോഗനിർണയം, കുട്ടികൾക്കുള്ള ആദ്യകാല പിന്തുണ എന്നിവക്കായി എല്ലാ ജില്ലകളിലും ദിശ സെന്‍ററുകളുടെയും അംഗൻവാടികളുടെയും പിന്തുണ ലഭ്യമാണ്.
കേരള സോഷ്യൽ സെക്യൂരിറ്റി മിഷൻ, ദേശീയ ആരോഗ്യ മിഷൻ എന്നിവ വഴി കുട്ടികൾക്ക് സാമ്പത്തിക, ചികിത്സ സഹായവും സർക്കാർ ആശുപത്രികളിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഭിന്നശേഷി സർട്ടിഫിക്കേഷനും ലഭ‍്യമാക്കുന്നു.
സ്കൂൾ കാലഘട്ടം (6-18 വയസ്സ്)
എല്ലാവരെയും ഉൾക്കൊള്ളുന്നതും ഗുണമേന്മയുള്ളതുമായ വിദ്യാഭ്യാസത്തിന് ഭിന്നശേഷി കുട്ടികൾക്കും അവകാശമുണ്ട്. സമഗ്ര ശിക്ഷാ കേരള വഴി റിസോഴ്സ് ടീച്ചർമാർ, സ്പെഷൽ എജുക്കേറ്റർമാർ എന്നിവരിലൂടെ സമഗ്ര വിദ്യാഭ്യാസം കേരളം ഉറപ്പാക്കുന്നുണ്ട്.
സ്കൂളിൽ സ്ഥിരമായി ഹാജരാകാൻ കഴിയാത്ത കുട്ടികൾക്ക് സഹായക ഉപകരണങ്ങൾ, യാത്രാബത്ത, ഹോം-ബേസ്ഡ് വിദ്യാഭ്യാസം എന്നിവ ലഭ്യമാണ്. കൂടാതെ, കേരള സോഷ്യൽ സെക്യൂരിറ്റി മിഷനിൽനിന്നും സാമൂഹികനീതി വകുപ്പിൽനിന്നുമുള്ള സ്കോളർഷിപ്പുകളും സ്റ്റൈപ്പൻഡുകളും ലഭിക്കുന്നു. പരീക്ഷ എഴുതുന്നതിൽ സഹായിക്കാൻ സ്ക്രൈബുകൾ (എഴുത്തുകാർ), അധിക സമയം, പകരമുള്ള ചോദ്യപേപ്പറുകൾ എന്നിവയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക അവകാശങ്ങൾ
ഭിന്നശേഷിയുള്ള യുവതീയുവാക്കൾക്ക് വിദ്യാഭ്യാസം തുടരാനും തൊഴിൽ നേടാനും വിവിധ പദ്ധതികൾ വഴി പ്രോത്സാഹനം നൽകുന്ന സംസ്ഥാനമാണ് കേരളം. റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് നിയമപ്രകാരം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അഞ്ചു ശതമാനം സംവരണം ഉറപ്പാക്കുന്നുണ്ട്.
സാമൂഹികനീതി വകുപ്പിന്‍റെയും യു.ജി.സിയുടെയും സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ലഭ്യമാണ്. കൂടാതെ, കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസ് വഴിയുള്ള നൈപുണ്യ വികസന പരിപാടികൾ തൊഴിലവസരങ്ങൾ കണ്ടെത്താനും സഹായിക്കുന്നു.
സർക്കാർ ജോലികളിൽ ബെഞ്ച്മാർക്ക് ഭിന്നശേഷിയുള്ളവർക്ക് നാലു ശതമാനം സംവരണം ലഭ്യമാണ്. കെ.എസ്.എസ്.എം, എൻ.എച്ച്.എഫ്.ഡി.സി, ദേശീയ വികലാംഗ ധനകാര്യ വികസന കോർപറേഷൻ എന്നിവ വഴി സ്വയംതൊഴിൽ പദ്ധതികളും വായ്പകളും ലഭിക്കും. പൊതു കെട്ടിടങ്ങളിലും ഗതാഗത സംവിധാനങ്ങളിലുമുള്ള പ്രവേശനക്ഷമത ഉറപ്പാക്കാൻ ബാരിയർ-ഫ്രീ കേരള പദ്ധതിയും നിലവിലുണ്ട്. ഭിന്നശേഷിയുള്ളവർക്കുള്ള സാമൂഹിക സുരക്ഷാ പെൻഷനുകളും സംസ്ഥാനത്തുണ്ട്.
ഭിന്നശേഷിയുള്ള മുതിർന്ന പൗരന്മാർ
ഭിന്നശേഷിയുള്ള മുതിർന്നവർക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം സംരക്ഷിക്കുന്ന നിയമങ്ങൾ കേരളത്തിലുണ്ട്. മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും പരിപാലനവും ക്ഷേമവും സംബന്ധിച്ച നിയമത്തിന്‍റെ (2007) പരിരക്ഷ ഭിന്നശേഷി സമൂഹത്തിനും ലഭിക്കുന്നതാണ്. വയോമിത്രം, ആശ്വാസകിരണം പദ്ധതികൾ വഴിയുള്ള വീട്ടിലെ പരിചരണം, കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴിയുള്ള മെഡിക്കൽ സഹായം തുടങ്ങിയവയും ഭിന്നശേഷിയുള്ള മുതിർന്നവരെ സഹായിക്കുന്നു.
വിവിധ പദ്ധതികളുടെ വിശദാംശങ്ങൾക്ക് ജില്ല ഭിന്നശേഷി പുനരധിവാസ കേന്ദ്രങ്ങളെയോ സാമൂഹികനീതി വകുപ്പ് ഓഫിസുകളെയോ സമീപിക്കാം.
മറ്റു പ്രധാന നിയമങ്ങൾ
● റൈറ്റ്സ് ഓഫ് പേഴ്സൺസ് വിത്ത് ഡിസെബിലിറ്റീസ് (RPwD) ആക്ട്, 2016:
ഭിന്നശേഷിയുള്ളവരെ സംരക്ഷിക്കാനും ശാക്തീകരിക്കാനുമായുള്ള നിയമങ്ങളിൽ ഏറ്റവും സമഗ്രമായ ഒന്നാണിത്. ഈ നിയമം ഭിന്നശേഷിക്കാരുടെ അവകാശങ്ങളെ ബലപ്പെടുത്തുകയും വിവേചനം നിരോധിക്കുകയും പൊതുസ്ഥലങ്ങളിലും മറ്റ് ഇടങ്ങളിലേക്കുമുള്ള പ്രവേശനക്ഷമത ഉറപ്പാക്കുകയും ചെയ്യുന്നു.
● നാഷനൽ ട്രസ്റ്റ് ആക്ട്, 1999:
ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്നവരെയും ഒന്നിലധികം വെല്ലുവിളികൾ നേരിടുന്നവരെയും സംരക്ഷിക്കാനുള്ള ചട്ടം.
● റൈറ്റ് ടു എജുക്കേഷൻ (RTE) ആക്ട്, 2009:
ഭിന്നശേഷിയുള്ള കുട്ടികൾക്ക് എല്ലാവരെയും ഉൾക്കൊള്ളുന്നതും സൗജന്യവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിൽ ഈ നിയമം സുപ്രധാന പങ്കുവഹിക്കുന്നുണ്ട്.
● റിഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യ (RCI) ആക്ട്, 1992:
പുനരധിവാസ വിദഗ്ധരെയും സ്പെഷൽ എജുക്കേറ്റർമാരെയും നിയോഗിക്കുന്ന ഈ നിയമം ഭിന്നശേഷിയുള്ളവർക്ക് മികച്ച നിലവാരത്തിലുള്ള ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നു.
● മെന്‍റൽ ഹെൽത്ത് കെയർ ആക്ട്, 2017:
മാനസികാരോഗ്യവുമായി ബന്ധപ്പെട്ട വ്യക്തികളുടെ അവകാശങ്ങൾ, പരിചരണം, ചികിത്സ എന്നിവ ഉറപ്പുവരുത്തുന്നതിൽ ഈ നിയമം പ്രധാനമാണ്.
ഇത്തരം നിയമപരമായ ചട്ടക്കൂടുകൾ ഭിന്നശേഷിക്കാർക്ക് സുരക്ഷിതത്വവും അന്തസ്സും വിദ്യാഭ്യാസം, തൊഴിൽ, സാമൂഹിക പങ്കാളിത്തം എന്നിവക്കുള്ള അവസരങ്ങളും ഉറപ്പാക്കുന്നു.
ഒക്യുപ്പേഷനൽ തെറപ്പിയുടെ പ്രാധാന്യം
വിവിധ നിയമങ്ങൾ ഭിന്നശേഷിക്കാർക്ക് സംരക്ഷണം നൽകുമ്പോൾ തെറപ്പി ശരീരത്തിനും മനസ്സിനും കൂടുതൽ ശക്തി നൽകുന്ന ഒന്നാണ്. ഭിന്നശേഷിയുള്ള വ്യക്തികൾക്ക് സ്വാതന്ത്ര്യം, ആത്മവിശ്വാസം, സാമൂഹിക ഉൾക്കൊള്ളൽ എന്നിവ ഒരുക്കുന്നതിൽ തെറപ്പികൾക്ക് വലിയ പങ്കുണ്ട്.
ഇതിൽ ഒക്യുപ്പേഷനൽ തെറപ്പി ഏറെ നിർണായകമാണ്. ദൈനംദിന ജീവിതം, പഠനം, വിനോദം, തൊഴിൽ എന്നിവക്കുള്ള കഴിവുകൾ മെച്ചപ്പെടുത്താൻ ഇത് കുട്ടികളെയും മുതിർന്നവരെയും സഹായിക്കുന്നു.
ഭക്ഷണം കഴിക്കുക, വസ്ത്രം ധരിക്കുക, എഴുതുക, കമ്പ്യൂട്ടർ ഉപയോഗിക്കുക തുടങ്ങി നിത്യജീവിതത്തിലെ കാര്യങ്ങൾ കാര്യക്ഷമമായി ചെയ്യാൻ വ്യക്തിഗത ആവശ്യങ്ങൾക്കനുസരിച്ച് രൂപകൽപന ചെയ്യുന്ന തെറപ്പി വ്യക്തികളെ പ്രാപ്തരാക്കുന്നു. ഭിന്നശേഷി കാരണം ഈ സാധാരണ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാതെ വരുമ്പോൾ അവരുടെ ജീവിത നിലവാരം, ആത്മവിശ്വാസം, സമൂഹത്തിലുള്ള പങ്കാളിത്തം എന്നിവയെ സാരമായി ബാധിക്കുന്നു. ഈ വെല്ലുവിളികളെ മറികടക്കാൻ സഹായിക്കുന്ന ചികിത്സാ രീതിയാണ് ഒക്യുപ്പേഷനൽ തെറപ്പി.
മുതിർന്നവർക്ക് തൊഴിൽപരമായ പരിശീലനവും തൊഴിലിടം ക്രമീകരിക്കാനുള്ള സഹായവും നൽകുന്നു. ചുരുക്കത്തിൽ, വ്യക്തിയുടെ ശാരീരികവും മാനസികവുമായ ശേഷികൾ മെച്ചപ്പെടുത്തി, ആത്മവിശ്വാസം വർധിപ്പിച്ച്, സമൂഹത്തിൽ അർഥവത്തായ പങ്കാളിത്തം ഉറപ്പാക്കി, അവരുടെ ജീവിത നിലവാരം ഉയർത്താനാണ് ഒക്യുപ്പേഷനൽ തെറപ്പി ലക്ഷ്യമിടുന്നത്.
വേണം, സാമൂഹിക പിന്തുണ
ഭിന്നശേഷിയുള്ളവരുടെ അവകാശങ്ങൾ ഉറപ്പാക്കുന്ന നിയമങ്ങൾ എത്ര ശക്തമായാലും സമൂഹം അവരെ തുറന്ന മനസ്സോടെയും തുല്യതയോടെയും ഉൾക്കൊള്ളുമ്പോൾ മാത്രമേ അവരുടെ ശാക്തീകരണം പൂർണമാകൂ. അവരുടെ അന്തസ്സും ആത്മാഭിമാനവും സംരക്ഷിക്കേണ്ടത് സമൂഹത്തിന്‍റെ കൂടി ബാധ്യതയാണ്.
ഭിന്നശേഷിയുള്ളവർക്ക് ഭിന്നശേഷി സർട്ടിഫിക്കറ്റും യു.ഡി.ഐ.ഡി കാർഡും നേടാനുള്ള പ്രോത്സാഹനം നൽകേണ്ടത് അത്യാവശ്യമാണ്. സ്കൂളുകൾ, തൊഴിലിടങ്ങൾ, പൊതു ഇടങ്ങൾ എന്നിവിടങ്ങളിൽ പ്രവേശനക്ഷമത ഉറപ്പാക്കാൻ സമൂഹം ഒറ്റക്കെട്ടായി ശബ്ദമുയർത്തുകയും പിന്തുണ നൽകുകയും ചെയ്യണം.
ഭിന്നശേഷിയുള്ള ഓരോ വ്യക്തിയും സമൂഹത്തിന്‍റെ അവിഭാജ്യ ഘടകമാണ്. അവകാശങ്ങൾ നേടിയെടുക്കാൻ അവരെ സഹായിക്കുന്നതിലൂടെയും അവസരങ്ങൾ നൽകുന്നതിലൂടെയും സാമൂഹിക പങ്കാളിത്തം ഉറപ്പാക്കുന്നതിലൂടെയും മാത്രമേ നമ്മുടെ രാജ്യവും സംസ്ഥാനവും സമ്പൂർണ സമൂഹമായി മാറൂ.
(ലേഖകൻ ഓൾ ഇന്ത്യ ഒക്യുപേഷണൽ തെറപ്പിസ്റ്റ്സ് അസോസിയേഷൻ ഓണററി സെക്രട്ടറിയാണ്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

