Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightFamilychevron_rightകുടുംബത്തിൽ സന്തോഷം...

കുടുംബത്തിൽ സന്തോഷം കൊണ്ടുവരാം; അതിനുള്ള വഴികൾ

text_fields
bookmark_border
happy and sad
cancel

തമാശ പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും, അതിൽ പങ്കുചേരുന്ന അച്ഛനും അമ്മയും, മണലിൽ കളിവീടുണ്ടാക്കുന്ന കുട്ടികൾ... ഒരു ഞായറാഴ്ച ദിവസം ബീച്ചിൽ സായാഹ്നം ആസ്വദിക്കാനെത്തിയതാണ് ആ കുടുംബം. എല്ലാവരുടെയും മൊബൈൽ ഫോൺ പോക്കറ്റിലും ബാഗിലുമായി ഭദ്രമായി ഇരിക്കുന്നു.

കാണുന്ന ആർക്കും അൽപം അസൂയ തോന്നുന്ന കുടുംബം. ഹാപ്പി വൈബിൽ സായാഹ്നം ആസ്വദിക്കുന്ന ഈ കുടുംബത്തെ കാണുന്നവരുടെ ചുണ്ടിലും ചെറുപുഞ്ചിരി വിടരും. നാം ഹാപ്പി മൂഡിലാണെങ്കിൽ നമ്മുടെ കൂടെയുള്ളവരിലേക്കും ആ വൈബ് പ്രസരിക്കും. സന്തോഷം എന്ന വികാരത്തിന് അങ്ങനെ ഒരു മാന്ത്രികശക്തിയുണ്ട്.

ഒരു കുടുംബം ഹാപ്പിയാണെങ്കിൽ അതിലെ ഓരോ അംഗവും ഹാപ്പിയായിരിക്കും. ആ വൈബ് അയൽപക്കത്തേക്കു മാത്രമല്ല, ഓരോ അംഗവും ഇടപെടുന്ന മേഖലകളിലേക്കുകൂടി വ്യാപിക്കും. അങ്ങനെ സന്തുഷ്ടമായ കുടുംബം സന്തുഷ്ടമായ സമൂഹത്തെ കൂടി സൃഷ്ടിക്കുന്നു. നമ്മുടെ മനസ്സിൽ സന്തോഷം നിറക്കാനുള്ള വഴികൾ പരിചയപ്പെടാം...


സ്വയം പരിചരിക്കാം, ഹാപ്പിയാകാം

സ്വയം സന്തുഷ്ടരായിരിക്കണമെങ്കിൽ സ്വയം അംഗീകരിക്കൽ, സ്വയം പരിചരണം, നല്ല ബന്ധം വളർത്തിയെടുക്കൽ എന്നിവ പരിശീലിക്കണം. ശാരീരികവും വൈകാരികവും മാനസികവുമായ ആരോഗ്യം ഉൾപ്പെടെയുള്ള സ്വയം പരിചരണത്തിന് മുൻഗണന നൽകണം. ശ്രദ്ധ, വ്യായാമം, മതിയായ ഉറക്കം, സമ്മർദം നിയന്ത്രിക്കൽ തുടങ്ങിയവ സന്തോഷത്തിലേക്ക് നയിക്കും.

ഒന്ന് പുഞ്ചിരിക്കൂ

പുഞ്ചിരിയും പ്രസന്നമായ മുഖവും പ്രസരിപ്പുള്ള ഭാവങ്ങളും സന്തോഷത്തിന്‍റെ ദൃശ്യമായ അടയാളങ്ങളാണ്. പ്രസന്നമായ മുഖഭാവവും മനസ്സ് തുറന്ന പുഞ്ചിരിയും സ്വായത്തമാക്കുന്നവർ ചിരിക്കാനുള്ള കാരണങ്ങൾ എളുപ്പത്തിൽ കണ്ടെത്തുകയും ചെയ്യുന്നു.

നന്ദിയുള്ളവരായിരിക്കുക

ജീവിതത്തിൽ ലഭിച്ച നല്ല കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും നന്ദിയുള്ളവരായിരിക്കുകയും ചെയ്യുക. പോസിറ്റിവായിരിക്കുക. നന്ദിയുള്ള മാനസികാവസ്ഥ വളർത്തിയെടുക്കുകയും ചെയ്യുക. ഇല്ലാത്തതിനെ കുറിച്ച് ചിന്തിച്ച് വിഷമിക്കുന്നതിനുപകരം ഉള്ളതിനെ വിലമതിക്കുക.

അനുകമ്പയും മനഃസാന്നിധ്യവും

അനുകമ്പ, മനഃസാന്നിധ്യം എന്നിവ പരിശീലിക്കുക. ദയയോടെയും വിവേകത്തോടെയും പെരുമാറുക. വെല്ലുവിളികളും തിരിച്ചടികളും നേരിടുമ്പോൾ സൗമ്യത പുലർത്തുക. പിന്തുണക്കുന്ന ആളുകളെ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ഒപ്പം നിർത്തുകയും ചെയ്യുക.

സ്വയം തിരിച്ചറിവുണ്ടാകുക

ആരും പൂർണരല്ലെന്ന് മനസ്സിലാക്കി സ്വന്തം ശക്തികളും ബലഹീനതകളും ഒരുപോലെ ഉൾക്കൊള്ളുക. സ്വന്തം പ്രത്യേകതകൾ സ്വീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുക. മനസ്സിലാക്കിയ പോരായ്മകൾ പരിഹരിക്കുന്നതിലും ശക്തികളും നേട്ടങ്ങളും നിലനിർത്തുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കുക.


കാര്യങ്ങൾ മനസ്സിലാക്കുക

കാര്യങ്ങളെ നാം എങ്ങനെ കാണുകയും മനസ്സിലാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്യുന്നു എന്നത് നമ്മുടെ സന്തോഷത്തെ കാര്യമായി സ്വാധീനിക്കുന്നു. രണ്ട് ആളുകൾക്ക് ഒരേ സാഹചര്യം നേരിടേണ്ടിവന്നേക്കാം. എന്നാൽ, അവരുടെ വ്യാഖ്യാനവും ധാരണയും പരിശീലിച്ചുറപ്പിച്ച ചിന്താ രീതികളും ആത്മഗതങ്ങളും വ്യത്യസ്തമായിരിക്കും.

ശാന്തമായിരിക്കാം, സംതൃപ്തരാകാം

ഏതു സാഹചര്യത്തിലും ശാന്തതയും സൗമ്യതയും സംതൃപ്തിയും ഉള്ളവരായിരിക്കാൻ പഠിക്കുക. അഭ്യൂഹം, ദുരന്തം, അല്ലെങ്കിൽ അമിതമായ ഉത്കണ്ഠ പോലുള്ള അശുഭ ചിന്താരീതികൾ സന്തോഷം കുറക്കും. ആഹ്ലാദകരവും ഉന്മേഷവുമുള്ള മാനസികാവസ്ഥ നിലനിർത്താൻ ശുഭചിന്തകളും വീക്ഷണരീതികളും ശീലിക്കുക.

പരിശീലിക്കാം വൈകാരിക നിയന്ത്രണം

വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ മനസ്സ് നിർണായക പങ്ക് വഹിക്കുന്നു. വികാരങ്ങളെ തിരിച്ചറിയുന്നതും മനസ്സിലാക്കുന്നതും ഫലപ്രദമായി കൈകാര്യം ചെയ്യുന്നതും സന്തോഷത്തിന്‍റെ ഭാഗമാണ്. വികാരങ്ങളെ നിയന്ത്രിക്കാൻ പരിശീലിച്ചാൽ മാത്രമേ ആത്മാർഥമായ സന്തോഷം അനുഭവിച്ചറിയാൻ കഴിയൂ.

ഓരോ നിമിഷവും അറിഞ്ഞ് ജീവിക്കുക

ഓരോ നിമിഷവും അനുഭവിച്ച്, അറിഞ്ഞ് ജീവിക്കുക. ഈ നിമിഷത്തിൽ പൂർണമായി മുഴുകുന്നത് ജീവിതത്തിന്‍റെ പ്രത്യേക അനുഭവമാണ്. ഭൂതകാലത്തിനും ഭാവികാലത്തിനും അർഹിക്കുന്ന പ്രാധാന്യം മാത്രം കൊടുത്ത്, ഈ നിമിഷങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാനും അവയെ മുഴുവനായി ഉൾക്കൊള്ളാനും കഴിഞ്ഞാൽ, മനസ്സിൽ എപ്പോഴും സന്തോഷം നിറയും.

സംതൃപ്തിയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടാം

നിങ്ങൾ ആസ്വദിക്കുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുക. സന്തോഷവും സംതൃപ്തിയും നൽകുന്ന ഹോബികൾ, പ്രവർത്തനങ്ങൾ, പരിശ്രമങ്ങൾ എന്നിവക്കായി സമയം നീക്കിവെക്കുക. ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുന്നത് നിങ്ങളുടെ മൊത്തത്തിലുള്ള സംതൃപ്തി വർധിപ്പിക്കും.

നോ പറയാൻ പഠിക്കുക

നിങ്ങളുടെ ക്ഷേമത്തെ ബാധിക്കുന്ന ബന്ധങ്ങളിലും സാഹചര്യങ്ങളിലും ആരോഗ്യകരമായ അതിരുകൾ സ്ഥാപിക്കുക. ആവശ്യമുള്ളപ്പോൾ നോ പറയാനും നിങ്ങളുടെ ആവശ്യങ്ങൾക്ക് മുൻഗണന നൽകാനും പഠിക്കുക. എല്ലാവരും തെറ്റുകൾ ചെയ്യുന്നുണ്ടെന്ന് അംഗീകരിക്കുക. മുൻകാല അനുഭവങ്ങളിൽനിന്ന് പഠിക്കുക. സ്വയം കുറ്റപ്പെടുത്തുന്നതിനേക്കാൾ വളർച്ചക്കുള്ള അവസരങ്ങളായി ഉപയോഗിക്കുക.

അനുഭവങ്ങളും ഓർമകളും പലപ്പോഴും ഭൗതിക സമ്പത്തിനേക്കാൾ ശാശ്വത സന്തോഷം നൽകുന്നു. ആസ്വാദ്യകരമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും യാത്രചെയ്യുന്നതും പുതിയ കാര്യങ്ങൾ പഠിക്കുന്നതും സന്തോഷമുള്ള അനുഭവസമ്പത്തുകളാണ്.

കുടുംബം, സുഹൃത്തുക്കൾ എന്നിവരുമായുള്ള നല്ല ബന്ധങ്ങൾ സന്തോഷത്തിന്‍റെ സുഖവും ഊഷ്മളതയും നമുക്ക് മനസ്സിലാക്കിത്തരുന്നു. ഒപ്പം, സമാന മൂല്യങ്ങളും പാരമ്പര്യങ്ങളും അനുഭവങ്ങളും പങ്കിടുന്ന മറ്റുള്ളവരുമായി ബന്ധം സ്ഥാപിക്കുന്നത് ലക്ഷ്യബോധവും സന്തോഷവും വളർത്തുന്നു.

അതോടൊപ്പം സന്നദ്ധപ്രവർത്തനങ്ങളും ക്രിയാത്മകമായ സാമൂഹിക ബന്ധങ്ങളും ഒരാളുടെ ക്ഷേമത്തിനും സന്തോഷത്തിനും ഗണ്യമായ സംഭാവന നൽകുന്നു.

വെല്ലുവിളികളെ അതിജീവിക്കാം

വ്യക്തിഗത ലക്ഷ്യങ്ങൾ സ്ഥാപിക്കുകയും നേടുകയും ചെയ്യുക. വെല്ലുവിളികളെ അതിജീവിക്കുക. തുടർച്ചയായി പഠിക്കുകയും വളരുകയും പരിണമിക്കുകയും ചെയ്യുക. വ്യക്തിപരമായ വളർച്ച, കഴിവുകളുടെ പൂർത്തീകരണം എന്നിവ സന്തോഷവുമായി ബന്ധപ്പെട്ടിരിക്കുന്നു. സ്വന്തം മൂല്യങ്ങൾ, അഭിനിവേശങ്ങൾ എന്നിവയുമായി പൊരുത്തപ്പെടുന്ന പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് ആഴത്തിലുള്ള ലക്ഷ്യബോധവും ജീവിതസംതൃപ്തിയും നൽകും.

കുടുംബബന്ധങ്ങളും സന്തോഷവും

പരസ്പരം മനസ്സിലാക്കലും അനുകമ്പയും പ്രോത്സാഹനവും നിറഞ്ഞ സംവിധാനമാണ് കുടുംബം. ഒരു വ്യക്തി സന്തോഷമായിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ സ്വാർഥമായി കുടുംബസംവിധാനത്തിലും പ്രയോഗിക്കുന്നതാണ് ആധുനിക അണുകുടുംബങ്ങളിലെ ഏറ്റവും വലിയ വെല്ലുവിളി. വ്യക്തിഗതമായി നാം നേടിയെടുക്കുന്ന സന്തോഷം കുടുംബാംഗങ്ങളിലേക്ക് പകർന്നുകൊടുക്കാനുള്ള പരിശീലനം അത്യാവശ്യമാണ്.

സന്തോഷകരമായ ഒരു കുടുംബാന്തരീക്ഷം സൃഷ്ടിക്കുന്നതിന് അംഗങ്ങൾക്കിടയിൽ നല്ല ബന്ധങ്ങൾ വളർത്തിയെടുക്കാനുള്ള നിരന്തര പരിശ്രമവും ധാരണയും ആത്മാർഥതയും ആവശ്യമാണ്.

ക്വാളിറ്റി ടൈം

കുടുംബങ്ങൾ ഒരുമിച്ചുള്ള പ്രവർത്തനങ്ങളിലും സംഭാഷണങ്ങളിലും വൈകാരിക അനുഭവങ്ങളിലും ഏർപ്പെടാൻ ക്വാളിറ്റി ടൈം വളരെ പ്രധാനമാണ്. ചിരി, വിനോദം, സംതൃപ്തി, വിശ്രമം എന്നിവ ഉൾപ്പെടുന്ന പ്രവർത്തനങ്ങളിൽ കൂടുതൽ ഏർപ്പെടുന്നത് സന്തോഷം വളർത്തുന്നു. ഭക്ഷണം പങ്കിടൽ, വിനോദയാത്രകൾ, ഗെയിമുകൾ അല്ലെങ്കിൽ അർഥവത്തായ സംഭാഷണങ്ങൾ എന്നിവയിലൂടെ അനുഭവങ്ങളും ഓർമകളും ബാക്കിവെക്കുന്ന ഈ നിമിഷങ്ങൾ ഈടുറ്റ ബന്ധങ്ങൾ സൃഷ്ടിക്കുകയും സന്തോഷത്തിന് സംഭാവന നൽകുകയും ചെയ്യുന്നു.

മാറിച്ചിന്തിക്കാം

യാഥാസ്ഥിതിക കുടുംബസങ്കൽപങ്ങളിൽനിന്ന് മാറിച്ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വിദ്യാഭ്യാസത്തിലും വസ്ത്രധാരണത്തിലും ഉദ്യോഗത്തിലും മാത്രമല്ല, കുടുംബവ്യവസ്ഥിതികളിലും പഴയ ആൺ-പെൺ വേർതിരിവുകൾ മാറ്റിവെച്ചേ പറ്റൂ. ഭാര്യ-ഭർതൃ ബന്ധത്തിൽ പരസ്പര സൗഹൃദം ഉറപ്പാക്കാം.

ബന്ധങ്ങളിൽ പരസ്പര ധാരണ വളർത്താനും വൈരുധ‍്യങ്ങൾ പരിഹരിക്കാനും ഫലപ്രദമായ ആശയവിനിമയം നിർണായകമാണ്. ചിന്തകളും വികാരങ്ങളും ആശങ്കകളും പ്രകടിപ്പിക്കാൻ ഇതിലൂടെ അവസരമൊരുങ്ങും. ഇതിലൂടെ പരസ്പരം കേൾക്കുകയും വിലമതിക്കുകയും ചെയ്യുന്ന അന്തരീക്ഷം സൃഷ്ടിക്കപ്പെടുന്നു.

മാനിക്കാം, അഭിപ്രായ വ്യത്യാസങ്ങളെയും

വ്യത്യാസങ്ങൾ, അഭിപ്രായങ്ങൾ, അതിരുകൾ എന്നിവയെ പരസ്പരം ബഹുമാനിക്കുന്നത് കുടുംബത്തിൽ നല്ല അന്തരീക്ഷം വളർത്തുന്നു. ഓരോരുത്തരുടെയും വ്യക്തിഗതമായ പ്രത്യേകതകൾ മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്യുന്നത് ഐക്യത്തെ പ്രോത്സാഹിപ്പിക്കുകയും സംഘർഷങ്ങൾ കുറക്കുകയും ചെയ്യുന്നു.

ബന്ധങ്ങൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങളും കലഹങ്ങളും സ്വാഭാവികമാണ്. എന്നാൽ, അവ എങ്ങനെ കൈകാര്യംചെയ്യപ്പെടുന്നു എന്നത് കുടുംബസന്തോഷത്തെ സാരമായി ബാധിക്കുന്നു. അഭിപ്രായങ്ങൾ കേൾക്കൽ, വിട്ടുവീഴ്ച, എല്ലാ അംഗങ്ങളെയും തൃപ്തിപ്പെടുത്തുന്ന പരിഹാരങ്ങൾ കണ്ടെത്തൽ എന്നിവ വീടകങ്ങളിൽ സന്തോഷം നിലനിർത്തും.

മൂല്യങ്ങൾ പങ്കിടാം

മൂല്യങ്ങളും ധാർമിക തത്ത്വങ്ങളും പാരമ്പര്യങ്ങളും ആചാരങ്ങളും പങ്കിടുന്നത് ബന്ധങ്ങൾക്കുള്ളിൽ സന്തോഷം നിറക്കുന്നു. ചിട്ടയായ ദിനചര്യകൾ പാലിക്കുന്നതും ആചാരങ്ങൾ അനുസരിക്കുന്നതും പൊതുവായ പാരമ്പര്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതും ഐക്യവും സന്തോഷവും വർധിപ്പിക്കും. നേട്ടങ്ങളും വാർഷികങ്ങളും പ്രത്യേക അവസരങ്ങളും ഒരുമിച്ച് ആഘോഷിക്കാം.

ബന്ധങ്ങളിലെ യോജിപ്പുള്ള അന്തരീക്ഷം മാനസികവും വൈകാരികവുമായ ക്ഷേമത്തെ നല്ല രീതിയിൽ സ്വാധീനിക്കുന്നു. പങ്കാളികൾക്കും അംഗങ്ങൾക്കും പിന്തുണയും സ്നേഹവും കരുതലും അനുഭവപ്പെടുമ്പോൾ, അവരുടെ മൊത്തത്തിലുള്ള സന്തോഷവും ജീവിതസംതൃപ്തിയും വർധിക്കുന്നു.

പിന്തുണക്കാം, പ്രോത്സാഹിപ്പിക്കാം

വൈകാരിക പിന്തുണയും പ്രോത്സാഹനവും വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ പരസ്പരം ഒപ്പം നിൽക്കുന്നതും സുരക്ഷിതത്വവും അടുപ്പവും സൃഷ്ടിക്കുന്നു. ഇത് കുടുംബങ്ങളിൽ സന്തോഷം കൊണ്ടുവരുന്നു. വെല്ലുവിളികളെ ഒരുമിച്ച് നേരിടുന്നതും പരിഹരിക്കുന്നതും കുടുംബാംഗങ്ങൾക്കിടയിൽ പ്രശ്‌നപരിഹാരത്തിനുള്ള കഴിവും പ്രതിരോധശേഷിയും വികസിപ്പിക്കാൻ സഹായിക്കുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:familyLifestyle News
News Summary - Bring happiness to your family
Next Story