Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
കേരളത്തിൽ ഗാർഹിക പ്രസവം വർധിക്കുന്നു; ‘മാധ്യമം’ അന്വേഷണം
cancel

വീ​ട്ടി​ൽ ഗ​ർ​ഭി​ണി​യു​ണ്ടെ​ങ്കി​ൽ വീ​ട്ടു​കാ​ർ​ക്ക്​ ആ​ധി​യാ​യി​രു​ന്നു. അ​പ്ര​തീ​ക്ഷി​ത​വും അ​സാ​ധാ​ര​ണ​വു​മാ​യ എ​ന്തും സം​ഭ​വി​ക്കാം. ഒ​ടു​ക്കേ​ണ്ടി​വ​രു​ന്ന വി​ല ഒ​ന്നോ അ​തി​ല​ധി​​ക​മോ ജീ​വ​നാ​യി​രി​ക്കാം. പൂ​ർ​വി​ക​രു​ടെ ഓ​ർ​മ​യു​ടെ ഭാ​ണ്ഡ​ത്തി​ൽ ജ​ന​ന​ത്തി​ൽ മ​രി​ച്ച കു​ടും​ബ​ത്തി​ലെ കു​ഞ്ഞു​പൈ​ത​ലോ അ​വ​രു​ടെ മാ​താ​വോ ഉ​റ​പ്പാ​യും ഉ​ണ്ടാ​കും. പ​ക്ഷേ, ജ​ന​ത​തി​യു​ടെ തു​ട​ർ​ച്ച​യി​ൽ വ​യ​റ്റാ​ട്ടി​യു​ടെ സ​ഹാ​യ​ത്തോ​ടെ അ​തി​സാ​ഹ​സി​ക​മാ​യി ന​മ്മു​ടെ സ്​​ത്രീ​ക​ൾ വീ​ട​ക​ങ്ങ​ളു​ടെ അ​ര​ണ്ട വെ​ളി​ച്ച​ത്തി​ൽ മ​റ​ച്ചു​കെ​ട്ടി പ്ര​സ​വി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.
എ​ന്നാ​ൽ, കാ​ലം ഏ​റെ മു​ന്നോ​ട്ടു​പോ​യ​പ്പോ​ൾ വൈ​ദ്യ​ശാ​സ്ത്ര​വും ആ​തു​രാ​ല​യ​ങ്ങ​ളും വ​ള​ർ​ന്നു. ചി​ല​ർ ഇ​പ്പോ​ഴും അ​തി​ന്​ പു​റ​ത്തു​ത​ന്നെ​യാ​ണെ​ങ്കി​ലും മ​ഹാ​ഭൂ​രി​പ​ക്ഷ​ത്തി​നും വൈ​ദ്യ​സ​ഹാ​യം പ്രാ​പ്യ​മാ​യി. എ​ല്ലാ​വ​രും വൈ​ദ്യ​സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​സ​വി​ക്കു​ക എ​ന്ന​ത്​ ന​ട​പ്പു​ശീ​ല​ത്തി​ന്‍റെ ഭാ​ഗ​മാ​യി. അ​തി​നി​ട​യി​ൽ ചി​ല​ർ കാ​ല​ത്തെ പി​ന്നി​ലേ​ക്ക്​ നടത്താ​ൻ ച​ര​ടു​വ​ലി​ക്കു​ക​യാ​ണ്. ആ​ധു​നി​ക വൈ​ദ്യശാ​സ്ത്രം അ​പ്പാ​ടെ ചൂ​ഷ​ണ​മാ​ണെ​ന്നും മ​രു​ന്നു​ക​ൾ വി​ഷ​സ​മാ​ന​​മാ​ണെ​ന്നും അ​വ​ർ സം​ഘ​ടി​ത​രാ​യി പ്ര​ച​രി​പ്പി​ക്കു​ന്നു. ഗ​ർ​ഭം ഒ​ര​സു​ഖ​മ​ല്ലെ​ന്നും പ്ര​സ​വ​ത്തി​ന്​ ആ​ശു​പ​ത്രി​യോ ഡോ​ക്ട​റോ ആ​വ​ശ്യ​മി​ല്ലെ​ന്നും വീ​ട്ടി​ൽ​ത​ന്നെ ന​ട​ത്താം എ​ന്നു​മ​വ​ർ പ​റ​യു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​തി​നു​പി​ന്നി​ൽ ചി​ല ഗൂ​ഢ​സം​ഘ​ങ്ങ​ൾ നി​യ​മ​ത്തെ​യും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളെ​യും വെ​ല്ലു​വി​ളി​ച്ച്​ പ്ര​വ​ർ​ത്തി​ക്കു​ന്നു. ഈ ​സം​ഘ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ക്ക്​ ‘മാ​ധ്യ​മം’ ലേ​ഖ​ക​രായ റഷാദ്​ കൂരാട്​, ബീന അനിത, ടി. മുംതാസ്​ എന്നിവർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ല​ഭി​ച്ച​ത്​ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ...




2022 ആഗസ്റ്റ്​ മാസത്തിന്‍റെ തുടക്കത്തിൽ മലപ്പുറം തിരൂർ വെങ്ങല്ലൂരിൽ ഒരു കുഞ്ഞ്​ പ്രസവത്തെ തുടർന്ന്​ മരിച്ചു. യുവതി തന്‍റെ നാലാമത്തെ കുഞ്ഞിന്​ വീട്ടിൽ ജന്മം നൽകിയതായിരുന്നു​. ആദ്യ മൂന്നു​ പ്രസവം സിസേറിയനായിരുന്ന യുവതിയോടും ഭർത്താവിനോടും ​പ്രസവത്തിൽ സങ്കീർണതയുണ്ടെന്നും സിസേറിയൻ ആവശ്യമാണെന്നും ഡോക്ടർമാർ അറിയിച്ചിരുന്നു. എന്നാൽ, സിസേറിയൻ ഒഴിവാക്കാൻ ഭർത്താവ്​ വീട്ടിൽ പ്രസവിക്കാൻ നിർബന്ധിക്കുകയായിരുന്നു. ആരോഗ്യപ്രവർത്തകർ പലവട്ടം വീട്ടിലെത്തി ഗാർഹിക പ്രസവത്തിനെതിരെ ബോധവത്​കരണം നടത്തി. എന്നാൽ, സംഘത്തെ വെല്ലുവിളിച്ചായിരുന്നു വീട്ടിലെ പ്രസവം. ഇതറിഞ്ഞ ആരോഗ്യപ്രവർത്തകർ വീണ്ടുമെത്തി ഭാര്യയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, കുഞ്ഞ് മരിക്കുകയായിരുന്നു.

2023 മാർച്ച് എട്ടിന് കൊല്ലം പത്തനാപുരം സ്വദേശിയായ യുവതി ഭർതൃവീട്ടിൽ ഭർത്താവിന്‍റെ മാത്രം പരിചരണത്തിൽ ആദ്യ കുഞ്ഞിന് ജന്മം നൽകി. വീട്ടിലുണ്ടായിരുന്ന മറ്റുള്ളവർ പോലും അറിയാതെയായിരുന്നു പ്രസവം. ആശുപത്രിയിൽ പോകുന്നില്ല എന്ന തീരുമാനം ആരെയും അറിയിച്ചില്ല. ഒരാഴ്ച മുമ്പ്​ സ്വന്തം വീട്ടിൽനിന്ന് ഭർതൃവീട്ടിലെത്തിയ യുവതിക്ക് പുലർച്ചയാണ് പ്രസവവേദന തുടങ്ങിയത്. ഇക്കാര്യം വീട്ടിലെ മറ്റാരോടും പറയാതെ മുകൾനിലയിലെ മുറിയിൽ ഭാര്യയും ഭർത്താവും കയറി കതക് അടക്കുകയായിരുന്നു. ശബ്ദം ഒന്നും പുറത്തേക്കു കേൾക്കാതിരുന്നതിനാൽ പ്രസവം നടന്നത് ആരും അറിഞ്ഞില്ല. കുട്ടിയുടെ കരച്ചിൽ കേട്ടപ്പോഴാണ് വിവരം അറിഞ്ഞത്. വിവരമറിഞ്ഞെത്തിയ ആരോഗ്യ പ്രവർത്തകർ ആശുപത്രിയിൽ പോകാൻ പറഞ്ഞെങ്കിലും ഇവർ തയാറായില്ല. തുടർന്ന് വീട്ടിൽ തന്നെ മാതാവിനും നവജാത ശിശുവിനും പ്രാഥമിക ശുശ്രൂഷകൾ നൽകി അവർ മടങ്ങി.

രണ്ടു സംഭവങ്ങളും ചില സൂചനകളാണ്​. ആശുപത്രി സൗകര്യങ്ങൾ മനഃപൂർവം വേണ്ടെന്നുവെച്ച്​ വീടുകളിൽ പ്രസവിക്കുന്നവരുടെ എണ്ണം കേരളത്തിൽ വർധിക്കുകയാണ്​. സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കണക്കനുസരിച്ച്​ 2022-23 വർഷത്തിൽ 700ലേറെ പ്രസവങ്ങൾ നടന്നത്​ ആശുപത്രികളിലല്ല. ഇതിൽ ആദിവാസി-തോട്ടം മേഖലകളി​ൽ ആശുപത്രികളിലെത്താനുള്ള അസൗകര്യം മൂലമുണ്ടായ പ്രസവങ്ങളും ഉൾപ്പെടുമെങ്കിലും ഭൂരിപക്ഷവും മനഃപൂർവം വീട്​ തിരഞ്ഞെടുത്തവരാണ്​.

ഗാർഹിക പ്രസവം പ്രോത്സാഹിപ്പിക്കുന്ന ചില സംഘങ്ങൾതന്നെ കേരളത്തിൽ പ്രവർത്തിക്കുന്നതായാണ്​ അന്വേഷണത്തിൽ മനസ്സിലായത്​. രഹസ്യ സ്വഭാവത്തിൽ പ്രവർത്തിക്കുന്ന ഈ സംഘത്തിന്​ കേരളത്തി​ൽ എവിടെയുമെത്തി പ്രസവം എടുക്കുന്ന വയറ്റാട്ടിമാരും ഉണ്ട്​. വളരെ രഹസ്യ സ്വഭാവത്തിൽ ഗർഭിണികളുടെ വീടുകളിലോ ബന്ധുവീടുകളിലോ പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലോ നേരത്തേ എത്തി താമസിച്ച്​ പ്രസവശേഷം തിരിച്ചു പോകുന്നവരാണിവർ. ഭർത്താവ്​ സ്വയംതന്നെ പ്രസവമെടുത്ത സംഭവങ്ങളും നിരവധിയുണ്ട്​.

കണക്കുകൾ ആപത്​ സൂചനകൾ

കേരള സർക്കാറിന്‍റെ സാമ്പത്തിക സ്ഥിതിവിവരക്കണക്ക്​ വകുപ്പ്​ 2023 ​മേയിൽ പുറത്തുവിട്ട വാർഷിക വൈറ്റൽ സ്റ്റാറ്റിസ്റ്റിക്സ്​ റിപ്പോർട്ട്​ പ്രകാരം കേരളത്തിൽ ആശുപത്രികളിലല്ലാതെ നടക്കുന്ന പ്രസവങ്ങളുടെ എണ്ണം 2021-22ൽ 710 ആണ്. 2020-21ൽ ഇത് 560 ആയിരുന്നു​.

2019-20ലെ ഗാർഹിക പ്രസവങ്ങളുടെ ജില്ല തിരിച്ച കണക്ക്​

ജില്ല എണ്ണം

തിരുവനന്തപുരം 26

കൊല്ലം 33

പത്തനംതിട്ട 18

ആലപ്പുഴ 21

കോട്ടയം 05

ഇടുക്കി 60

എറണാകുളം 26

തൃശൂർ 09

പാലക്കാട് 66

മലപ്പുറം 215

കോഴിക്കോട് 12

വയനാട് 152

കണ്ണൂർ 75

കാസർകോട്​ 22

മൊത്തം 740

വയനാട്​, ഇടുക്കി ജില്ലകളിലെ ഭൂരിപക്ഷം ഗാർഹിക പ്രസവങ്ങളും അസൗകര്യം മൂലം സംഭവിക്കുന്നതെന്നാണ്​ ആരോഗ്യവകുപ്പിന്‍റെ വിലയിരുത്തൽ. അന്വേഷണത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞതും ഇതുതന്നെയാണ്​. പക്ഷേ, മറ്റു ജില്ലകളുടെ സ്ഥിതി അതല്ല. ഇടുക്കി, വയനാട്​ ജില്ലകളിൽ ഗാർഹിക പ്രസവനിരക്ക്​ വർഷന്തോറും കുറഞ്ഞുവരുന്നതായും കാണാം.

പിന്നി​ൽ പ്രവർത്തിക്കുന്നത്​

അക്യുപങ്​ചർ (Acupuncture), നാച്വറോപ്പതി ചികിത്സയുടെ പേരിലാണ്​ ഗാർഹിക പ്രസവങ്ങൾ കേരളത്തിൽ വേരുറപ്പിക്കുന്നത്​. കുടുംബത്തിലോ സുഹൃദ്​വലയത്തിലോ നടക്കുന്ന ഒരു ഗാർഹിക പ്രസവം അപകടം കൂടാതെ പൂർത്തിയായാൽ അത്​ മുഖേന കൂടുതൽ ആളുകളിലേക്ക്​ പ്രചരിപ്പിക്കുകയാണ്​ രീതി. ഇതിനൊപ്പം മതത്തെയും വിശ്വാസങ്ങളെയും മേമ്പൊടി ചാർത്തി അവതരിപ്പിക്കുന്നതും ആധുനിക വൈദ്യശാസ്ത്രത്തോട്​ കടുത്ത ശത്രുത വെച്ചുപുലർത്തുന്നതും പലരെയും ഇതിലേക്ക്​ ആകർഷിക്കുന്നു. വാക്സിനേഷൻ, അയൺ-ഫോളിക്​ ആസിഡ്​ ഗുളികകൾ, സ്കാനിങ്​ തുടങ്ങിയവക്കെതിരെ കടുത്ത പ്രചാരണമാണ്​ ഇക്കൂട്ടർ അഴിച്ചുവിടുന്നത്​. സോഷ്യൽ മീഡിയ വഴി പ്രചാരണം നടത്തുന്നുമുണ്ട്. എന്നാൽ, ഈ പ്രവണതയെ ശക്തമായി എതിർക്കുന്ന നാച്വറോപ്പതി വിദഗ്​ധരും അക്യുപങ്​ചർ പ്രാക്ടിഷനർമാരും കേരളത്തിലുണ്ട്​.




ആരോഗ്യ പ്രവർത്തകരുടെ പ്രതിസന്ധി

ഒരു സ്ത്രീ ഗർഭിണിയാവുന്നതു മുതൽ സംസ്ഥാന ആരോഗ്യവകുപ്പും കേന്ദ്ര സർക്കാറിനു കീഴിലുള്ള അങ്കണവാടി ജീവനക്കാരും കൃത്യമായി മാർഗനിർദേശങ്ങളും ബോധവത്കരണവും നൽകുന്നുണ്ട്​. പക്ഷേ, ആരോഗ്യ പ്രവർത്തകരിൽനിന്ന്​ വിവരങ്ങൾ മറച്ചുവെക്കുകയോ നിഷേധാത്മക സമീപനം സ്വീകരിക്കുകയോ ചെയ്യുകയാണ്​ ഇക്കൂട്ടരുടെ രീതി. നിയമത്തിന്‍റെ അഭാവവും ദൗർബല്യവും ഇവർക്ക്​ കൂടുതൽ ധൈര്യം നൽകുകയും ചെയ്യുന്നു. വെങ്ങല്ലൂരിൽ കുട്ടി മരിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാൽ പിൻവലിക്കേണ്ടിവന്ന സാഹചര്യം പോലുമുണ്ടായി. കേന്ദ്ര സർക്കാറിന്‍റെ ജനനി സുരക്ഷ യോജന (ജെ.എസ്​.വൈ) പദ്ധതി പ്രകാരം വീട്ടിൽ പ്രസവിക്കുന്ന ബി.പി.എൽ സ്ത്രീകൾക്ക്​ അവരുടെ പ്രായമോ കുട്ടികളുടെ എണ്ണമോ കണക്കിലെടുക്കാതെ 500 രൂപ അലവൻസ്​ നൽകുന്ന പദ്ധതി നിലവിലുണ്ട്. പക്ഷേ, സർക്കാർ ആശുപത്രികളിലെ പ്രസവ​ത്തോടനുബന്ധിച്ചുണ്ടാവുന്ന തുച്ഛമായ ചെലവുപോലും താങ്ങാൻ കഴിയാത്ത കുടുംബങ്ങളെ ഉദ്ദേശിച്ചാണ്​ ഈ പദ്ധതി. ഈ പഴുതുപയോഗിച്ച്​ കേരളത്തിലെ ഗാർഹിക പ്രസവങ്ങളെ നിയമപരമെന്ന്​ വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നുമുണ്ട്​. ഇതും ആരോഗ്യപ്രവർത്തകരെ പ്രതിസന്ധിയിലാക്കുന്നുണ്ട്​.

പ്രചരിപ്പിക്കുന്നത്​

ഗര്‍ഭധാരണവും പ്രസവവും ഒരു രോഗമല്ല, പ്രകൃതിദത്ത പ്രക്രിയയാണ്. ഗര്‍ഭകാലത്ത് ഭക്ഷണക്രമം ശ്രദ്ധിക്കുകയും ആവശ്യമായ വ്യായാമങ്ങൾ ചെയ്യുകയും ചെയ്താല്‍ സ്വാഭാവികമായി പ്രസവം നടക്കും. ഗര്‍ഭസ്ഥ ശിശുവിന് പൂര്‍ണ വളര്‍ച്ചയെത്തിയാല്‍ തീര്‍ച്ചയായും പ്രസവം നടക്കും. അതിന് ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല. സങ്കീർണ സാഹചര്യമുണ്ടായാൽ പ്രതിവിധി അക്യുപങ്ചര്‍ അടക്കമുള്ള സമാന്തര ചികിത്സ അഭ്യസിച്ചവർക്ക്​ ചെയ്യാനാവും.

ആശുപത്രിയില്‍നിന്നുണ്ടാകുന്ന സമ്മർദങ്ങള്‍ ഒഴിവാക്കാം, സ്വകാര്യത ലഭിക്കും, ആശുപത്രിയില്‍ വരുന്ന ഭാരിച്ച ചെലവ് ഒഴിവാക്കാം, ജനിച്ച ഉടൻ കുട്ടികള്‍ക്ക് നല്‍കുന്ന രാസവസ്തുക്കള്‍ അടങ്ങിയ മരുന്നുകള്‍ കൊടുക്കേണ്ടതില്ല തുടങ്ങിയ അവകാശവാദങ്ങളും ഇവർ ഉന്നയിക്കുന്നു. കുഞ്ഞിനെ അതിന്റെ പ്രകൃതിദത്തമായ പൂര്‍ണ ആരോഗ്യത്തോടെ ലഭിക്കുമെന്നും ഇവര്‍ പ്രചരിപ്പിക്കുന്നു​.

2022-23 സാമ്പത്തിക വർഷത്തിൽ വിവിധ ജില്ലകളിലെ ഗാർഹിക പ്രസവ നിരക്ക്​

കോട്ടയം 11

കോഴിക്കോട് 23**

ഇടുക്കി 38

വയനാട്​ 45

ആലപ്പുഴ 14

മലപ്പുറം 266

കൊല്ലം 23

പത്തനംതിട്ട 14**

** 2022 കലണ്ടർ ഇയർ

* മറ്റു ജില്ലകളുടെ കണക്കുകൾ ലഭ്യമല്ല

പതിയിരിക്കുന്ന അപകടം

മൊത്തം ഗർഭധാരണത്തിലും പ്രസവത്തിലും 14 ശതമാനം മാത്രമാണ്​ സങ്കീർണതകളുണ്ടാവുന്നതെന്നാണ്​ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്ക്. ഇത്തരം ഗർഭിണികളെ നേരത്തേ തിരിച്ചറിഞ്ഞ് വേണ്ട പരിചരണങ്ങളും മുൻകരുതലുകളും ചികിത്സയും നൽകിയില്ലെങ്കിൽ മാതാവിന്‍റെയും കുഞ്ഞിന്‍റെയും ജീവൻ അപകടത്തിലാവുന്ന സാഹചര്യമുണ്ടാവും. പക്ഷേ, വീടുകളിൽ നടക്കുന്ന പ്രസവങ്ങളിൽ അപകടമുണ്ടാവുന്നില്ലെന്ന അനുഭവം മുൻനിർത്തി അതാണുത്തമം എന്ന തീർപ്പിലേക്ക്​ കടക്കുന്നവർ ചെയ്യുന്നത്​ ആത്മഹത്യാപരമായ പ്രവൃത്തിയാണ്​. ഹൈ റിസ്ക്​ ​വിഭാഗത്തിൽപെടുന്ന ഗർഭധാരണങ്ങളെ നേരത്തേ തിരിച്ചറിയാനും മുൻകരുതലുകളെടുക്കാനും ഗർഭകാലത്തെ പരിശോധനകൾ സഹായിക്കുന്നു. പ്രസവം ഏത്​ നിമിഷവും സങ്കീർണ സാഹചര്യത്തിലേക്ക്​ മാറാവുന്ന ഒരു പ്രക്രിയ കൂടിയാണെന്ന്​ മനസ്സിലാക്കണം.

ലോക മാതൃക

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ഗാർഹിക പ്രസവ രീതി നിലനിൽക്കുന്നുണ്ട്​. വികസിത രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലുമടക്കം ഈ രീതി സ്വീകരിക്കുന്നുണ്ടെങ്കിലും സാഹചര്യം വ്യത്യസ്തമാണ്. ഇത്തരം സ്ഥലങ്ങളിൽ ഗർഭിണിയാവുന്നതു മുതലുള്ള മുഴുവൻ പരിശോധനകളും ചെയ്യുകയും ആവശ്യമായ നടപടികൾ സ്വീകരിക്കുകയും ചെയ്തശേഷം ഡോക്ടറുടെകൂടി സമ്മതപ്രകാരം പ്രഫഷനൽ യോഗ്യതയുള്ള മിഡ്​വൈഫിന്‍റെ സഹായത്തോടെ വീട്ടിലോ പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലോ പ്രസവിക്കുകയാണ്​ ചെയ്യുന്നത്​. സങ്കീർണ സാഹചര്യമുണ്ടായാൽ ആശുപത്രിയിലേക്ക്​ എളുപ്പം എത്തിക്കാൻ കഴിയും വിധമുള്ള സംവിധാനങ്ങളോടെയാവും ഇത്. പ്രസവാനന്തരവും ഡോക്ടറുടെ പൂർണ നിർദേശപ്രകാരം തന്നെയാവും മുന്നോട്ടുനീങ്ങുക. എന്നാൽ, നമ്മുടെ നാട്ടിൽ മിഡ്​വൈഫുമാർക്ക്​ പ്രഫഷനൽ യോഗ്യതയില്ല എന്നത്​ കടുത്ത പ്രതിസന്ധിയാണ്. പാരമ്പര്യമായി കിട്ടുന്ന അറിവു​ മാത്രമാണ്​ കൈമുതൽ. അസാധാരണമായ സാഹചര്യമുണ്ടായാൽ കൈകാര്യം ചെയ്യാനാവാതെ വരും.

മാത്രവുമല്ല, ആധുനിക വൈദ്യശാസ്ത്രത്തിനെതിരെയും ഡോക്ടർമാർക്കെതിരെയും കടുത്ത വിദ്വേഷ സമാനമായ പ്രചാരണമാണ്​ ഇതിനു പിന്നിൽ പ്രവർത്തിക്കുന്നവർ നടത്തുന്നത്​. വാക്സിനേഷൻ അടക്കമുള്ളവക്കെതിരെ ഇവർ പ്രചാരണം നടത്തുന്നു. മറ്റു രാജ്യങ്ങളിൽ അക്യുപങ്​ചർ ആധുനിക വൈദ്യശാസ്ത്രവുമായി സഹകരിച്ച്​ പ്രവർത്തിക്കുന്ന ശാഖയാണ്​. അർബുദ രോഗിയുടെ വേദന കുറക്കാനും പ്രസവ സമയത്ത്​ ​വേദന കുറക്കാനുമൊക്കെ ആശുപത്രികളിൽതന്നെ ഇതുപയോഗപ്പെടുത്തുന്നുണ്ട്. പക്ഷേ, നമ്മുടെ നാട്ടിൽ നിയമത്തിന്‍റെ പിൻബലത്തിൽ കൃത്യമായ കോഴ്​സോ സിലബ​സോ അംഗീകാരം നൽകാനുള്ള അതോറിറ്റിയോ ഇല്ലാത്തതിനാൽ വാളെടുത്തവരെല്ലാം വെളിച്ചപ്പാടാവുന്ന സ്ഥിതിവിശേഷമുണ്ട്​.

കൂടുതൽ മലപ്പുറത്ത്​, പക്ഷേ...

കേരളത്തിൽ വർഷങ്ങളായി കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടക്കുന്ന ജില്ല മലപ്പുറമാണ്​. പക്ഷേ, മലപ്പുറം ജില്ലയിൽ നടക്കുന്ന മുഴുവൻ ഗാർഹിക പ്രസവങ്ങളും മലപ്പുറം ജില്ലക്കാരുടേതു മാത്രമല്ല. മറ്റു ജില്ലകളിൽനിന്ന്​ മലപ്പുറത്തു വന്ന്​ പ്രസവം നടത്തി തിരിച്ചുപോകുന്ന സംഭവങ്ങളും റിപ്പോർട്ട്​ ചെയ്യപ്പെട്ടിട്ടുണ്ട്​.

2023 ജനുവരി മുതൽ ആഗസ്റ്റ് വരെ 172 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഏറെ സാഹസികത നിറഞ്ഞതായിട്ടും ജില്ലയിൽ ഗാർഹിക പ്രസവം വർധിക്കുകയാണെന്നാണ് ആരോഗ്യവകുപ്പിന്‍റെ കണ്ടെത്തൽ. ഇതിൽ ഭൂരിഭാഗം പേരും മനഃപൂർവം ആശുപത്രി പ്രസവം നിരാകരിച്ചവരാണ്​.

എടയൂർ പി.എച്ച്.സിക്ക് കീഴിൽ ഇരട്ടപ്രസവം വരെ വീട്ടിൽ നടത്തിയതായി ആരോഗ്യ വകുപ്പിന്‍റെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. തിരൂർ തലക്കാട് ഭാഗത്ത് 38 വയസ്സായ സ്ത്രീ അവരുടെ 14ാമത്തെ പ്രസവം വീട്ടിൽ നടത്തിയ സംഭവവും ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ വകുപ്പിന്‍റെ രേഖകൾ വ്യക്തമാക്കുന്നു. താനാളൂർ ഭാഗത്ത്​ ഗാർഹിക പ്രസവവുമായി ബന്ധപ്പെട്ട്​ ഒരു വാട്സ്​ആപ് ഗ്രൂപ് തന്നെ പ്രവർത്തിക്കുന്നുണ്ട്​. ഇതേ പ്രദേശത്ത്​ മുമ്പ്​ ഒരു വീട്​ വാടകക്കെടുത്ത്​ പ്രസവകേന്ദ്രമാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. പിന്നീട്​ പഞ്ചായത്ത്​ അധികൃതർ ഇട​െപട്ട്​ പൂട്ടിക്കുകയായിരുന്നു. കൽപകഞ്ചേരിയിൽ പ്രകൃതിചികിത്സ പ്രചാരകയുടെ വീട്ടിൽ നടന്ന പ്രസവം ആഘോഷമായിരുന്നു.

പൊൻമുണ്ടത്ത്​ ഗൾഫിൽനിന്ന്​ യുവതിയെ നാട്ടിലെത്തിച്ച്​ ഗാർഹിക പ്രസവം നടത്തി. മഞ്ചേരിയിൽ ഒരു ഫ്ലാറ്റ്​ കേന്ദ്രീകരിച്ച്​ പ്രസവം നടത്തുന്നുണ്ട്​. വണ്ടൂരിൽ ഒരു വീട്ടുപ്രസവത്തിന്​ മഞ്ചേരിയിലെ ഒരു ഗൈനക്കോളജി ഡോക്ടർ വിഡിയോ കാളിലൂടെ സഹായിച്ച്​ പ്രസവമെടുത്തിട്ടുണ്ട്​.

അഞ്ചു മാസം; വേങ്ങരയിൽ 19 കേസുകൾ

മലപ്പുറം ജില്ലയിൽ 2023 ഏപ്രിൽ മുതൽ ആഗസ്റ്റ് വരെ 113 കേസുകൾ റിപ്പോർട്ട് ചെയ്തതിൽ വേങ്ങര ആരോഗ്യ ബ്ലോക്കിന് കീഴിലാണ് കൂടുതൽ ഗാർഹിക പ്രസവങ്ങൾ നടന്നത് -19. കുറവുള്ളത് മേലാറ്റൂർ ആരോഗ്യ ബ്ലോക്കിലും -1. അതേസമയം, 2022-23 സാമ്പത്തിക വർഷത്തെ ജില്ലയിലെ കണക്കെടുത്താൽ 266 പ്രസവങ്ങളാണ് വീട്ടിൽ നടന്നതായി കണ്ടെത്തിയത്. അതിൽ വളവന്നൂർ ബ്ലോക്ക് പഞ്ചായത്തിലാണ് കൂടുതൽ -63 കേസുകൾ. വളവന്നൂർ ബ്ലോക്കിനു കീഴിൽ നടന്ന മുഴുവൻ ഗാർഹിക പ്രസവങ്ങളും ആ പ്രദേശത്തുകാർ മാത്രമല്ല, മറ്റു പ്രദേശങ്ങളിൽനിന്നുവന്ന്​ പ്രസവിച്ച്​ തിരിച്ചുപോകുന്നവരും ഉൾപ്പെടും. കുറവ് തവനൂരിലാണ് -അഞ്ച്.

2022-23 സാമ്പത്തിക വർഷത്തെ ബ്ലോക്ക് അടിസ്ഥാനത്തിലെ കണക്ക്: വേങ്ങര- 41, പൂക്കോട്ടൂർ -34, എടവണ്ണ- 22, കുറ്റിപ്പുറം- 21, നെടുവ -16, ചുങ്കത്തറ- 13, വണ്ടൂർ -9, മേലാറ്റൂർ -8, വെട്ടം -8, മങ്കട -7, കൊണ്ടോട്ടി -7, മാറഞ്ചേരി -6, ഒമാനൂർ -6, തവനൂർ -5.

മലപ്പുറത്തെ ഗാർഹിക പ്രസവനിരക്ക്​

വർഷം എണ്ണം

2019-20 199

2020-21 257

2021-22 273

2022-23 266

2023 ഏപ്രിൽ മുതൽ ആഗസ്റ്റ്​ വരെ മലപ്പുറം ജില്ലയിൽ ഓരോ മാസവും നടന്ന ഗാർഹിക പ്രസവങ്ങൾ

ഏപ്രിൽ 25

മേയ് 24

ജൂൺ 22

ജൂലൈ 22

ആഗസ്റ്റ് 20

ആകെ 113

2023 ഏപ്രിൽ മുതൽ ആഗസ്റ്റ്​ വരെയുള്ള കണക്ക് പ്രകാരം മലപ്പുറം ജില്ലയിൽ ആശുപത്രി വിരോധമുള്ളവരായ 94 പേരും (ആദ്യ പ്രസവക്കാരിൽ 23 പേർ) പെട്ടെന്നുള്ള പ്രസവം സംഭവിച്ചവരായി 16ഉം തികയാതെ പ്രസവിച്ച ഒരാളും മറ്റുള്ളവർ വിഭാഗത്തിൽ രണ്ടുപേരും ആശുപത്രികൾക്കു പുറത്താണ്​ പ്രസവിച്ചത്​. ഇതോടൊപ്പം ആദിവാസി വിഭാഗത്തിൽ മൂന്നു ഗാർഹിക പ്രസവവും നടന്നിട്ടുണ്ട്​.

കോഴിക്കോട്​ ജില്ലയിലെ കൊയിലാണ്ടിക്കടുത്ത്​ ദമ്പതികൾ ആദ്യ പ്രസവം വീട്ടിൽ മതി എന്ന്​ തീരുമാനമെടുത്തു. ഗർഭകാല പരിശോധനകൾക്കെല്ലാം അവർ എതിരായിരുന്നു. ബന്ധുക്കളുടെ സമ്മർദത്തിനു വഴങ്ങി ഒരു പ്രാവശ്യം ഡോക്ടറെ കണ്ടതൊഴിച്ചാൽ മറ്റൊന്നുമുണ്ടായില്ല. അക്യുപങ്​ചറിസ്റ്റായ ഭർത്താവ്​ പ്രസവമെടുക്കാനുള്ള പരിശീലനം നേടിയത്​ തന്‍റെ അക്യുപങ്​ചർ പ്രാക്ടിഷനറിൽനിന്നാണ്​. പ്രസവം നടക്കുന്നതിന്റെ തലേ ദിവസം അക്യുപങ്ചറിസ്റ്റ് വീട്ടിലെത്തി ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കി. പ്രസവസമയത്ത്​ ഗര്‍ഭിണിയുടെ മാതാവും ഭര്‍ത്താവും ബന്ധുവും മാത്രമായിരുന്നു ഉണ്ടായിരുന്നത്.




ഒന്നര വര്‍ഷം; കോഴിക്കോട്ട് 38 കേസുകള്‍

കോഴിക്കോട് ജില്ലയില്‍ ഒന്നര വര്‍ഷത്തിനിടെ 38 കുഞ്ഞുങ്ങളെയാണ് ആശുപത്രിക്കുപുറത്ത് വീടുകളിലും മറ്റുമായി പ്രസവിച്ചത്. 2022ല്‍ 23ഉം 2023 ആഗസ്റ്റ് വരെ 15ഉം. ആശുപത്രിലെത്തിക്കാന്‍ വാഹനം കിട്ടാന്‍ വൈകിയതും പെട്ടെന്ന് വേദന വന്ന് വീട്ടില്‍ പ്രസവം നടന്നതുമായി ഏതാനും കേസുകള്‍ മാറ്റിനിര്‍ത്തിയാല്‍ ഭൂരിഭാഗവും പ്രസവത്തിന് വീട് തിരഞ്ഞെടുത്തവരാണ്.

കോഴിക്കോട് നഗരസഭ പരിധിയില്‍ മാത്രം മൂന്നും ഓമശ്ശേരി പി.എച്ച്.സി പരിധിയില്‍ നാലും മറ്റ് എട്ട് പി.എച്ച്.സികളുടെ പരിധിയില്‍ ഓരോന്ന് വീതവുമാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അന്തർസംസ്ഥാന തൊഴിലാളിയായ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ പോകാന്‍ വാഹനം കിട്ടാന്‍ വൈകിയെന്ന് ആരോഗ്യവകുപ്പിൽ റിപ്പോർട്ട്​ ചെയ്തത്. മറ്റ് 14 കേസുകളും അവര്‍ സ്വയം തീരുമാനിച്ച പ്രകാരം പ്രസവത്തിന് വീട് തിരഞ്ഞെടുത്തു എന്നാണ് ആരോഗ്യവകുപ്പ്​ നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്​. പ്രത്യേക ചോദ്യാവലി തയാറാക്കി ഇവരില്‍നിന്ന് ആരോഗ്യവകുപ്പ്​ വിവരം ശേഖരിച്ചിരുന്നു. വാഹനം ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നോ, ആശുപത്രി ദൂരെയാണോ, ആശുപത്രിയിലെത്താന്‍ മറ്റേതെങ്കിലും തരത്തിലുള്ള പ്രയാസങ്ങള്‍ നേരിട്ടോ തുടങ്ങി നിരവധി ചോദ്യങ്ങള്‍ ഇവരോട് ചോദിച്ചിരുന്നു. എല്ലാറ്റിലും ഉത്തരം ഇല്ല എന്നായിരുന്നുവെന്ന്​ കോഴിക്കോട്​ ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. രാജാറാം പറഞ്ഞു. കാസർകോട് ജില്ലയിൽ 2023ൽ ഇതുവരെ 13 പ്രസവങ്ങളാണ് വീടുകളിൽ നടന്നത്.

തെ​ക്ക് കു​റ​വെ​ങ്കി​ലും ഉ​ണ്ട്

തെക്കൻ കേരളത്തിൽ ഗാർഹിക പ്രസവങ്ങളുടെ കണക്ക് താരതമ്യേന കുറവാണ്. ഭൂരിഭാഗവും ആശുപത്രിയിൽ എത്തിച്ചേരുന്നതിനുമുമ്പ്​ അടിയന്തര സാഹചര്യത്തിൽ നടക്കുന്ന പ്രസവങ്ങളാണ്. എന്നാലും ആശുപത്രിയിൽ പോകാൻ താൽപര്യമില്ലാത്തതുകാരണം വീട്ടിൽ പ്രസവിക്കുന്ന സംഭവങ്ങളുമുണ്ട്.

കൊല്ലം ജില്ലയിൽ 2022-23 സാമ്പത്തിക വർഷത്തിൽ 23 ഗാർഹിക പ്രസവങ്ങളുണ്ടായി. ഇതിൽ രണ്ടെണ്ണമാണ് ആശുപത്രിയിൽ മനഃപൂർവം പോകാൻ തായാറാകാതിരുന്നത്​. 2023 ഏപ്രിൽ മുതൽ സെപ്​റ്റംബർ വരെ 12 ഗാർഹിക പ്രസവങ്ങളും റിപ്പോർട്ട്​ ചെയ്തു. അതിൽ മൂന്നെണ്ണം ആശുപത്രിയിൽ പോകാൻ തയാറാവാത്തതാണ്​.

കൊല്ലം ജില്ലയിലെ അക്വുപങ്​ചർ പ്രാക്​റ്റീഷണറുടെ ഭാര്യ കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ രണ്ടു കുഞ്ഞുങ്ങൾക്ക് വീട്ടിൽവെച്ച് ജന്മം നൽകി. താനാണ് ഭാര്യയുടെ പ്രസവമെടുത്തതെന്ന്​ ഇദ്ദേഹം യൂട്യൂബ് വിഡിയോയിൽ വ്യക്തമാക്കിയിരുന്നു. ദമ്പതികളുടെ ആദ്യ കുഞ്ഞ്​ ജനിച്ച സമയത്ത് ആശുപത്രിയിൽവെച്ച്​ പി.വി പരിശോധന നടത്താൻ ശ്രമിച്ചത് യുവതിക്ക് അസഹ്യമായി അനുഭവപ്പെടുകയും ആരോഗ്യപ്രവർത്തകരിൽനിന്ന് മോശം പ്രതികരണം ഉണ്ടാകുകയും ചെയ്തത് കാരണം ഇനിയൊരു ഗർഭധാരണം പേടിക്കുന്ന സ്ഥിതി വന്നുവ​േത്ര. തുടർന്ന് ബദൽ രീതിയെ കുറിച്ച് അന്വേഷിക്കുകയായിരുന്നുവെന്നാണ്​ ഇദ്ദേഹം വ്യക്തമാക്കുന്നത്​. രണ്ടാമത്തെ ഗർഭകാലത്ത്​ പൂർണമായും അക്യുപങ്ചർ പ്രാക്ടിഷനറായ ഭർത്താവിന്‍റെ പരിചരണത്തിലാണ് മുന്നോട്ടുപോയത്. തനിക്ക് കംഫർട്ടബിളായ രീതി എന്ന നിലയിൽ യുവതി ആവശ്യപ്പെടുകയായിരുന്നു എന്ന് ഭർത്താവ് പറയുന്നു. സമാനരീതിയിലായിരുന്നു ആഴ്ചകൾക്കു മുമ്പ്​ നടന്ന മൂന്നാമത്തെ പ്രസവവും.

പ്രസവത്തിൽ വേണോ, അതിസാഹസം

പ്രസവിക്കുന്ന സമയത്ത് ആരോഗ്യമുള്ള കുഞ്ഞാവണേ എന്നായിരിക്കും ഏതൊരു ഗർഭിണിയുടെയും പ്രാർഥന. കാത്തിരിപ്പിനും സഹിച്ച വേദനക്കുമൊടുവിലൊരു കുഞ്ഞിക്കാൽ കാണുമ്പോൾ ആ മാതാവിന്‍റെ മനമൊന്നു തണുക്കും. മികച്ച ശുശ്രൂഷയുമായി കൂടെ നിൽക്കുന്ന ഡോക്ടറെയും നഴ്സുമാരെയും കൂടി കാണുമ്പോൾ അതുവരെ അലട്ടിയ എല്ലാ പിരിമുറുക്കങ്ങളും ഇല്ലാതാകും.

കൃത്യമായ മരുന്നും പരിശോധനകളും കഴിഞ്ഞ് പൂർണ ആരോഗ്യമുള്ള കുഞ്ഞിനെയും കൊണ്ട് ആശുപത്രി വിടുമ്പോൾ ആ മാതാവും കൂടെയുള്ളവരും പിറകിലേക്കൊന്ന് നോക്കും. അതുവരെ തങ്ങൾക്കൊപ്പം നിന്ന ആരോഗ്യ പ്രവർത്തകരെ നന്ദിവാക്കുകൊണ്ടൊന്ന് സ്മരിക്കാൻ.

എന്നാൽ, വേണ്ടത്ര പരിചരണമില്ലാതെ ഏറെ സങ്കീർണതകളോടെ വീടിനകത്തെ ഇരുട്ടുമുറിയിൽ പ്രസവിക്കുന്നത്​ എത്ര ഭയാനകമാകുമെന്ന് ചിന്താശേഷിയുള്ള ഏതൊരാൾക്കും മനസ്സിലാകും.

ഏറെ അപകടം പിടിച്ചതാണെന്ന് എത്ര ഉറക്കെ പറഞ്ഞിട്ടും കേരളത്തിൽ ഗാർഹിക പ്രസവനിരക്ക് വർധിക്കുകയാണ്. ആരോഗ്യ വകുപ്പ് നിരന്തര ബോധവത്കരണവുമായി പിന്നാലെ ഉണ്ടായിട്ടും പ്രസവിക്കാൻ ആശുപത്രിയോ ഡോക്ടറോ വേണ്ടതില്ല എന്നു വിശ്വസിച്ച് പ്രവർത്തിക്കുന്നവരുടെ എണ്ണം പതിന്മടങ്ങ് കൂടുകയാണ്.

ഗാർഹിക പ്രസവമോ ഉത്തമം?

വീട്ടിൽ സുഖകരമായി പ്രസവം സാധ്യമാകും എന്നാണ് ഇത്തരക്കാർ കരുതുന്നത്. ആശുപത്രിയിൽ അനാവശ്യ സിസേറിയൻ നടക്കുന്നുവെന്നും ചൂഷണവിധേയമാവുന്നുവെന്നുമാണ്​ ഇവർ പറയുന്നത്​. അവരുടെ വാദങ്ങളിൽ ചിലതിങ്ങനെയാണ്​: ‘സിസേറിയനെ തുടർന്ന്​ ഗർഭിണിക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകുന്നു, സിസേറിയൻ ചെയ്തിട്ടു പോലും അമ്മയോ കുഞ്ഞോ മരണപ്പെടുന്ന സംഭവങ്ങളും ഉണ്ടാകുന്നുണ്ട്, കുത്തക ആശുപത്രികൾ ഈടാക്കുന്ന ഭാരിച്ച ബില്ലുകളെ പേടിക്കാതെ വെറും 4000-5000 രൂപ കൊണ്ട് കാര്യം സാധിച്ചെടുക്കാം, നാട്ടിൽ തന്നെയുള്ളവരോ പരിചയത്തിലുള്ളതോ ആയ വയറ്റാട്ടികളാണെന്നതിനാൽ അവരെ പൂർണമായി വിശ്വസിക്കാം, ആശുപത്രിയിൽ പ്രസവസമയത്ത് പലപ്പോഴും താങ്ങാവുന്നതിലും അധികം വേദന സഹിക്കേണ്ടിവരുന്നു, ആശുപത്രി പ്രസവത്തിൽ പരപുരുഷന്മാരുടെ സാന്നിധ്യം ഉണ്ടായേക്കാം.’ കൂടാതെ മതപരമായ കാരണങ്ങളും വിശ്വാസ പ്രമാണങ്ങളെ ചൂണ്ടിക്കാട്ടിയും ഇതിനെ പ്രോത്സാഹിപ്പിക്കുന്നവർ ഏറെയാണ്.

സർക്കാർ ആശുപത്രികളെ ആശ്രയിച്ചാൽ ഉന്നയിക്കുന്നതിൽ പല ആശങ്കകളും പരിഹരിക്കപ്പെടുമെന്നിരിക്കെയാണ്​ ഇത്തരം വാദങ്ങൾ. കേരളത്തിൽ നടക്കുന്ന പ്രസവത്തിന്‍റെ 67.06 ശതമാനം (2020-21) സ്വകാര്യ ആശുപത്രികളിലും 31.75 ശതമാനം സർക്കാർ ആശുപത്രികളിലുമാണ്​.

ഗാർഹിക പ്രസവം അപകടകരമാകുന്നത്

ഗാർഹിക പ്രസവത്തിൽ ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പ്രതിരോധ കുത്തിവെപ്പോ അത്യാവശ്യം വേണ്ട ചികിത്സകളോ ലഭ്യമാകുന്നില്ല. അതുകൊണ്ട് തന്നെ പ്രസവശേഷം മാതാവിനോ കുഞ്ഞിനോ ആരോഗ്യപ്രശ്നങ്ങളുണ്ടാവാനുള്ള സാധ്യത കൂടുതലാണ്​. അത്​ മരണത്തിനുവരെ കാരണമായേക്കാം. പരിശീലനം ലഭിക്കാത്ത വയറ്റാട്ടികളാണ്​ പ്രസവം എടുക്കുന്നവരിൽ അധികവും. വേണ്ടത്ര സൗകര്യങ്ങളില്ലാതെയാണ് പലപ്പോഴും ഇവർ പ്രസവം എടുക്കാറ്. യൂട്യൂബിൽ നോക്കി പ്രസവം എടുക്കേണ്ട സാഹചര്യവും ഉണ്ടായതായി ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു.

വിശ്വാസങ്ങളെയും ശാസ്ത്ര അവബോധമില്ലായ്മയെയും മുതലെടുപ്പ് നടത്തി ആധുനിക വൈദ്യശാസ്ത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണ് ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന വലിയ വിഭാഗം ആളുകൾ.

സിസേറിയൻ ഒഴിവാക്കാനാണ്​ പലരും ആശുപത്രിയെ ഒഴിവാക്കുന്നത്. സിസേറിയൻ നടത്തുമ്പോൾ എന്തു കാരണത്താലാണെന്നത് ഡോക്ടർമാർ കൃത്യമായി ബോധ്യപ്പെടുത്തേണ്ടതുണ്ട്. ഇത്​ ജനങ്ങളിലെ തെറ്റിദ്ധാരണ അകറ്റാൻ ഏറെ സഹായകരമാകും. അനാവശ്യ സിസേറിയനുകൾ ചെയ്യുന്ന സ്വകാര്യ ആശുപത്രികൾക്കെതിരെ നടപടിയെടുക്കാൻ ആരോഗ്യവകുപ്പിന് സാധ്യമാണ്.

ഗാർഹിക പ്രസവം ഒഴിവാക്കണമെന്ന് ആരോഗ്യവകുപ്പ്

ഗാർഹിക പ്രസവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ശക്തമായ ബോധവത്കരണ പരിപാടികളുമായി മുന്നേറുകയാണ് ആരോഗ്യവകുപ്പ്. മലപ്പുറം ജില്ലയിലാണ് എണ്ണം കൂടുതൽ എന്നതിനാൽ തന്നെ ജില്ല മെഡിക്കൽ ഓഫിസറുടെ നേതൃത്വത്തിൽ ആരോഗ്യ ബ്ലോക്കുകൾ കേന്ദ്രീകരിച്ച് ക്ലാസുകളും കാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്.

ഗർഭിണിക്ക് കൂടുതൽ ശ്രദ്ധയും ശുശ്രൂഷയും ലഭിക്കാൻ ഡോക്ടർമാരുടെ സേവനം തേടൽ അത്യാവശ്യമാണ്. പ്രസവമടുക്കുന്നതു വരെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽനിന്ന് ഗുളികകളും മറ്റും വാങ്ങിക്കഴിക്കുന്ന ചില ഗർഭിണികൾ പ്രസവത്തിനു മാത്രം ആശുപത്രികളെ മാറ്റിനിർത്തുന്ന സ്ഥിതിയുമുണ്ട്. ഇത്തരം പ്രസവമെടുക്കാൻ മലപ്പുറം ജില്ലയിൽ നാലു സ്ത്രീകൾ പ്രവർത്തിക്കുന്നതായി വിവരമുണ്ട്. അവരെ കണ്ടെത്തി ബോധവത്കരിക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്​.

പ്രസവമടുക്കാറാകുമ്പോൾ ഇവർ വീടുകളിലെത്തി ഒപ്പം താമസിക്കുകയാണ് ചെയ്യുന്നത്. ഒരിക്കൽ പ്രസവ ശസ്ത്രക്രിയ കഴിഞ്ഞവരെ പോലും ഇവർ വീട്ടിൽ പ്രസവിപ്പിക്കുന്നതായും വിവരമുണ്ട്. പ്രസവ സമയത്ത് ഏതെങ്കിലും തരത്തിലുള്ള പ്രയാസം ഉണ്ടായാൽ വലിയ അപകടമുണ്ടായേക്കുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പ് നൽകുന്നു. സമൂഹമാധ്യമങ്ങളിലടക്കം വ്യാപക പ്രചാരണമാണ് ഇതിനെ പ്രോത്സാഹിപ്പിച്ച് ഇവർ നടത്തുന്നത്. ആരോഗ്യ പ്രവർത്തകർ വീടുകളിൽ പോയി ബോധവത്കരണം നടത്തുമ്പോൾ സഹകരിക്കാതെ മാറിപ്പോകുന്നവരും വാതിൽ കൊട്ടിയടച്ച് പുറത്താക്കുന്നവരുമുണ്ട്. കൃത്യമായ മരുന്നോ നല്ല ചികിത്സയോ നൽകാതെ ഗർഭിണിയെ മനഃപൂർവം ഗാർഹിക പ്രസവത്തിന് പ്രേരിപ്പിക്കുന്നവരുമുണ്ട്.

50 വയസ്സിനിടെ അവർക്ക് ജനിച്ചത് ഏഴു കുഞ്ഞുങ്ങൾ, എല്ലാം രണ്ടോ മൂന്നോ വർഷങ്ങളുടെ ഇടവേളകളിൽ. വീടിന്‍റെ അകത്തളത്തെ ഇരുട്ടുമുറിയിൽ നടന്ന ആറു പ്രസവങ്ങളിലും കൂട്ടിനുണ്ടായിരുന്നത് അയൽവാസിയും നാട്ടിലെ വയറ്റാട്ടിയായി ജോലിചെയ്യുന്ന വൃദ്ധയായ സ്ത്രീയും മാത്രമായിരുന്നു. ഉള്ളിൽ നിലവിളിക്കാൻ മനസ്സ് വെമ്പിയിരുന്നെങ്കിലും ആ സ്ത്രീ എല്ലാം ഉള്ളിലൊതുക്കി തേങ്ങി. ഓരോ കുഞ്ഞിനെയും എടുത്ത് ചുംബിച്ച് മാറോടു ചേർത്ത് അവർ പാലു കൊടുത്ത് ദീർഘനിശ്വാസത്തോടെ വീണ്ടും ജീവിതത്തിലേക്ക് തിരിയും. ഇങ്ങനെ ആറു പ്രസവങ്ങൾ കഴിഞ്ഞപ്പോൾ തന്നെ അവർ ശാരീരികമായി തളർന്നിരുന്നു. ദാരിദ്ര്യവും കഷ്ടപ്പാടും പോഷകാഹാരക്കുറവും അവരെ വല്ലാതെ തളർത്തി. എന്നിട്ടും അവർ ഏഴാമതും ഗർഭം ധരിച്ചു. ഗർഭിണിയായി ഏഴുമാസങ്ങൾ എല്ലാം സഹിച്ച് അവർ മക്കളെയും കൊണ്ട് ആ കൂരക്കരികിൽ മനസ്സിലെ ഭാരങ്ങളെ മക്കളെയോ ഭർത്താവിനെയോ അറിയിക്കാതെ കഴിഞ്ഞു. എട്ടാം മാസം തുടക്കം തൊട്ടേ അവരെ കടുത്ത വേദന പിടികൂടിത്തുടങ്ങി. ഒടുവിൽ കാലിലൂടെ രക്തക്കട്ട ഉതിർന്നു വീണപ്പോൾ അതുവരെ പ്രസവിക്കാൻ ആശുപത്രിയിൽ പോകേണ്ടിവരാത്ത അവർക്ക് ഒരു ആതുരാലയത്തെ തേടേണ്ടിവന്നു. ഒടുവിൽ എട്ടാം മാസം തികയാതെ പ്രസവം നടന്നു. മണിക്കൂറുകൾക്കകം ആ കുരുന്നു ജീവൻ ദൈവത്തിലേക്ക്​ യാത്രയായി. ആശുപത്രിയിൽ സമയത്തിന് എത്തിയതിനാൽ മാതാവ് രക്ഷപ്പെട്ടു എന്നായിരുന്നു ഡോക്ടർമാരും ബന്ധുക്കളും നെടുവീർപ്പോടെ അന്ന് പറഞ്ഞത്.

40നടുത്തു പ്രായമുള്ള ഒരു സ്ത്രീ വീണ്ടും ഗർഭിണിയായി. ആറു കുട്ടികളുടെ മാതാവാണവർ. ആറു പ്രസവങ്ങൾ നടന്നതും ആശുപത്രിയിൽ. ഏഴാമത് ഗർഭിണിയായപ്പോൾ ആരോഗ്യപ്രവർത്തകർ ഗർഭിണിയെ സന്ദർശിച്ച് ഡോക്ടറെ കാണിക്കാനും രക്തപരിശോധന നടത്താനും ആവശ്യപ്പെട്ടു. ചെയ്യാമെന്ന് പറഞ്ഞെങ്കിലും ഒന്നുമുണ്ടായില്ല.

ഗര്‍ഭിണിയായിരിക്കുമ്പോൾ ടി.ഡി വാക്സിൻ എടുക്കാന്‍ നിർദേശിച്ചിട്ടും നിര്‍ബന്ധിച്ചിട്ടും തയാറായില്ല.

വീണ്ടും അവരെ കണ്ട് ഇതൊക്കെ ചെയ്യേണ്ടതിന്‍റെ ആവശ്യകതയെ കുറിച്ച് പറഞ്ഞ് ബോധ്യപ്പെടുത്തി. അങ്ങനെയൊടുവിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ഒരു തവണ പരിശോധനക്ക് വിധേയയായി. സ്കാൻ റിപ്പോർട്ട് ഡോക്ടറെ കാണിച്ചപ്പോൾ ഇരട്ട കുഞ്ഞുങ്ങളാണെന്ന് ബോധ്യപ്പെട്ടു. ഞങ്ങൾക്ക് ലഭിക്കാൻ പോകുന്നത് ഇരട്ട സന്തോഷങ്ങളാണെന്നറിഞ്ഞ ദമ്പതിമാർ സന്തോഷ നിർവൃതിയിലായി.

പ്രസവത്തിന് ആശുപത്രിയെ സമീപിക്കണമെന്ന് ആരോഗ്യപ്രവർത്തകർ അവരെ ഉപദേശിച്ചു. ഇരട്ട കുഞ്ഞുങ്ങളുടെ പ്രസവത്തിലുണ്ടാകുന്ന അപകടങ്ങളെക്കുറിച്ചും ബോധ്യപ്പെടുത്തി.

ഒടുവിൽ വീട്ടിൽ തന്നെ പ്രസവം എടുക്കുകയായിരുന്നു. ഇതിനായി മറ്റൊരു സ്ഥലത്തുനിന്ന് ഒരു സ്ത്രീയെയും വരുത്തിയിരുന്നു. മറുപിള്ള എടുത്തതും പൊക്കിൾക്കൊടി മുറിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്തതും ഈ സ്ത്രീയായിരുന്നു.

തുടർന്നുള്ള ദിവസങ്ങളിൽ ആരോഗ്യപ്രവർത്തകർ ഇവരെ സന്ദർശിച്ചു. കുഞ്ഞുങ്ങളെ പരിശോധിച്ച് കുത്തിവെപ്പ് നൽകാനടക്കമുള്ള നിർദേശങ്ങളും നൽകി.

വീടിന്‍റെ ഇരുട്ടുമുറിയിൽ ആ സ്ത്രീ എത്ര സാഹസത്തോടെയായിരിക്കും പരീക്ഷണം കണക്കെ ഉദരത്തിൽനിന്ന് ആ രണ്ട് പിഞ്ചു പൈതങ്ങളെ പെറ്റിട്ടുണ്ടാവുക. ഒരു ഡോക്ടറുടെ അരികിൽ സമാധാനത്തോടെയും ആയാസരഹിതമായും പ്രസവിക്കാൻ സാധിക്കാമായിരുന്നിട്ടും ആരുടെയൊക്കെയോ നിർബന്ധത്തിനു വഴങ്ങി ഈ ആധുനിക കാലത്തും വീട്ടിൽ പ്രസവിക്കേണ്ട ഗതികേട് എത്ര ഭീകരമാണ്.

ഈ സംഭവം ആരോഗ്യപ്രവർത്തകർക്കും നാടിനും ഒരത്ഭുതം തന്നെയായിരുന്നു. എന്നാൽ, ആരോഗ്യപ്രവർത്തകരുടെ അന്വേഷണത്തിൽ ഇത് എത്രമാത്രം അപകടകരമാണെന്ന് മനസ്സിലായി. ഈ സ്ത്രീയുടെ മുമ്പത്തെ പ്രസവങ്ങളിൽ ചിലത് ശസ്ത്രക്രിയ വഴി ആയിരുന്നു. ഇങ്ങനെയുള്ള ഗര്‍ഭിണികളിൽ പിന്നീടുള്ള പ്രസവം സിസേറിയൻ അല്ലാത്ത സാധാരണ പ്രസവം ആയാല്‍ ഗർഭപാത്രം റപ്ചർ (rupture) ആകാനുള്ള സാധ്യതയുണ്ട്. കുട്ടികളുടെ ഭാരം മൂന്നോ അതിൽ കൂടുതൽ ഉണ്ടായിരുന്നു എങ്കിൽ ഒരുപക്ഷേ വലിയ അപകടം വരെ സംഭവിച്ചെന്നു വരാം. പ്രസവത്തിനു തൊട്ടുമുമ്പുള്ള മാസം സ്കാൻ ചെയ്തിട്ടില്ല. അതിനാല്‍ കുട്ടികളുടെ ഭാരം നിർണയിക്കാൻ സാധിച്ചിട്ടുമില്ല എന്നത് വലിയൊരു റിസ്ക് തന്നെയാണ്.

ഈ കേസില്‍ രണ്ടു കുട്ടികളുടെയും ഭാരം 2.5ന് അടുത്ത് മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതുകൊണ്ടാണ് വലിയൊരു ആപത്തിൽനിന്ന് രക്ഷപ്പെട്ടതെന്ന് ആരോഗ്യവകുപ്പ് സാക്ഷ്യപ്പെടുത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala NewsLatest Malayalam News
News Summary - Increasing home delivery in kerala
Next Story