Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightExclusivechevron_rightപ്രളയജലത്തിൽ പലവട്ടം...

പ്രളയജലത്തിൽ പലവട്ടം ബിസിനസ് സ്വപ്നങ്ങൾ തകർന്നിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയ സംരംഭകന്റെ കഥയറിയാം

text_fields
bookmark_border
പ്രളയജലത്തിൽ പലവട്ടം ബിസിനസ് സ്വപ്നങ്ങൾ തകർന്നിട്ടും നിശ്ചയദാർഢ്യത്തോടെ പൊരുതിയ സംരംഭകന്റെ കഥയറിയാം
cancel
camera_alt

ഉസ്മാൻ മദാരി ഹണി മ്യൂസിയത്തിൽ

നിങ്ങൾ കൊയ്തെടുത്ത വിളകൊണ്ടല്ല ഓരോ ദിവസത്തെയും വിലയിരുത്തേണ്ടത്​, വിതച്ച വിത്തുകൾകൊണ്ടാണ് –റോബർട്ട് ലൂയിസ് സ്റ്റീവൻസൺ

തേനീച്ച ഒരു ശ്രമജീവിയാണ്. അത് വീണപൂവ് തേടാറില്ല. യുവസംരംഭകൻ ഉസ്മാൻ മദാരിയുടെ ജീവിതവും ഇങ്ങനെയാണ്. പരാജയങ്ങളിലും തിരിച്ചടികളിലും തളരാതെ അദ്ദേഹം പരിശ്രമിച്ചുകൊണ്ടേയിരിക്കുന്നു. വിജയത്തിലേക്കുള്ള ആ കഠിനാധ്വാനത്തിന് ഇന്ന് തേൻമധുരമുണ്ട്.

കുത്തിയൊലിച്ചെത്തിയ പ്രളയജലത്തിൽ പലവട്ടം ബിസിനസ് സ്വപ്നങ്ങൾ തകർന്നിട്ടും നിശ്ചയദാർഢ്യത്തോടെ പുതിയ വഴികൾ വെട്ടിയ ഉസ്മാൻ ഇപ്പോൾ തേൻതുള്ളികൾകൊണ്ട് പുതുജീവിതം നെയ്യുകയാണ്. തേൻവിപണിയിലെ തിളക്കമുള്ള ബ്രാൻഡ് നാമമായ ബീ ക്രാഫ്റ്റ് ഹണി ആൻഡ് സ്പൈസസ് എന്റർപ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയും തേൻകടയുമാണതിന്‍റെ സാക്ഷ്യപത്രം. വയനാട്, കോഴിക്കോട്, കണ്ണൂർ, എറണാകുളം ഉൾപ്പെടെ ഏഴ് ഔട്ട്ലറ്റുകളുണ്ടിന്ന് ബീ ക്രാഫ്റ്റിന്. കൂടാതെ പ്രധാനപ്പെട്ട സൂപ്പർ മാർക്കറ്റുകൾ, ഹൈപ്പർ മാർക്കറ്റുകൾ, ബേക്കറികൾ എന്നിവിടങ്ങളിൽ ബീ ക്രാഫ്റ്റ് റാക്കുകളുമായി വലിയ വിപണന ശൃംഖല ശതകോടി വിറ്റുവരവിലേക്ക് കുതിക്കുന്ന കമ്പനിക്കുണ്ട്. ഗൾഫ് രാജ്യങ്ങൾ, യൂറോപ് ഉൾപ്പെടെ ലോകത്തിെൻറ വിവിധ ഭാഗങ്ങളിലേക്ക് തേൻ കയറ്റുമതി ചെയ്യാനുള്ള ഒരുക്കത്തിലുമാണ് ബീ ക്രാഫ്റ്റ്.

ദുരിതപർവങ്ങൾ താണ്ടി...

ദുരിതത്തിന്‍റെ വൻതിരകൾ താണ്ടി നേടിയെടുത്തതാണ് ഉസ്മാൻ മദാരിയുടെ സംരംഭകലോകം. വയനാട് പഴയ വൈത്തിരി മദാരി വീട്ടിൽ തോട്ടം തൊഴിലാളിയായ ഉമ്മ സൈനബയും ചില്ലറ മരക്കച്ചവടം നടത്തിയിരുന്ന ഉപ്പ കോയയും എത്ര വിയർത്ത് ജീവിതം തുഴഞ്ഞിട്ടും ബാക്കിയായത് ദാരിദ്ര്യം മാത്രമായിരുന്നു. നാനൂറു രൂപ പരീക്ഷ ഫീസ് അടക്കാനില്ലാത്തതുകൊണ്ട് മോഹിച്ച പ്രീഡിഗ്രി പഠനത്തിന് കത്രികവെച്ച് തയ്യൽ സഹായിയായി. പിന്നീട് സ്വന്തമായി കട തുടങ്ങി. ഒപ്പം ബംഗളൂരുവിൽനിന്ന് തുണി കൊണ്ടുവന്ന് ഇൻസ്റ്റാൾമെന്‍റ് കച്ചവടവും ആരംഭിച്ചു. വീടുകളിലും ടാക്സി സ്റ്റാൻഡിലുമായിരുന്നു കച്ചവടം. അപ്പോഴും ജീവിതക്കുപ്പായത്തിന് ഉയർച്ചയുടെ സ്വപ്നക്കുടുക്കുകൾ തുന്നിവെക്കാൻ മറന്നില്ല. വൈത്തിരിയിലെ തയ്യൽക്കടയോട് ചേർന്നായിരുന്നു തുണിക്കട ഒരുക്കിയത്. പക്ഷേ, അത് അഞ്ചു ലക്ഷത്തിന്റെ കടക്കാരനാക്കുകയാണ് ചെയ്തത്. തുണിക്കടക്കായി വാങ്ങിയതും ഇൻസ്റ്റാൾമെന്റ് കുടിശ്ശികയും ഒക്കെയായാണ് ഇൗ വലിയ കടഭാരം ചുമലിൽ വന്നുവീണത്. മനസ്സു പതറിയ കാലം. ആ അഞ്ചുലക്ഷം തനിക്ക് കൂട്ടിയാൽ കൂടുന്നതായിരുന്നില്ലെന്ന് ഉസ്മാൻ പറയുന്നു.

പ്രവാസിയായി ഖത്തറിലേക്ക്

നാട്ടിൽ നിൽക്കാൻ പറ്റാതായപ്പോൾ ബന്ധുവിന്റെ സഹായത്താൽ 2007ൽ ഖത്തറിൽ ഡ്രൈവർക്കുപ്പായത്തിൽ അഭയംതേടി. ഒരുതരം നാടുവിടൽതന്നെയായിരുന്നു അത്. ഖത്തറിൽനിന്ന് പിന്നീട് ഡ്രൈവിങ് ലൈസൻസ് എടുത്തു. ഡ്രൈവർ ജോലിയിൽനിന്ന് കിട്ടിയ ആദ്യ ശമ്പളംകൊണ്ട് തയ്യൽമെഷീൻ വാങ്ങുകയും ഇവിടെനിന്ന് പരിചയപ്പെട്ട പാലക്കാട്ടുകാരൻ തയ്യൽക്കാരനിൽനിന്ന് കട്ട്പീസുകൾ വാങ്ങി തയ്ച്ചുകൊടുക്കുകയും ചെയ്ത് ഒഴിവുസമയങ്ങളും ധനസമ്പാദനവേളകളാക്കി. ഡ്രൈവർജോലിക്കിടെ എത്തിച്ചേരുന്ന മസ്റകളിലെ (കൃഷിസ്ഥലം) മറുനാട്ടുകാർക്ക് മൊബൈൽ ഫോൺ റീചാർജ് ചെയ്തുകൊടുത്തും ടൗണിൽനിന്ന് മൊബൈൽ വാങ്ങിവിറ്റും വരുമാനം കൂട്ടി.

ബിസിനസെന്ന സ്വപ്നം

കടബാധ്യത മരുഭൂമിയിൽ പിടിച്ചുനിർത്തിയപ്പോഴും നാട്ടിലൊരു ബിസിനസ് എന്ന മോഹം കള്ളിച്ചെടിപോലെ പച്ചപിടിച്ചുനിന്നു. ഒരു വർഷംകൊണ്ട് കടം വീട്ടിത്തീർത്തപ്പോൾ രണ്ടും കൽപിച്ച് നാടണഞ്ഞു. പഴയ തയ്യൽക്കട പുനരാരംഭിക്കുകയും അവിടെ തനത് വയനാടൻ ഉൽപന്നങ്ങൾകൂടി വിൽപനക്കു വെക്കുകയും ചെയ്തു. ഒരുവിധം നല്ലനിലയിൽ ജീവിതം മുന്നോട്ടുപോവുേമ്പാഴാണ് 2009ൽ നിനച്ചിരിക്കാതെ ആദ്യ പ്രളയം എത്തിയത്. അത് കിടപ്പാടം തകർത്തു. കുത്തൊഴുക്കിൽ മണ്ണിടിഞ്ഞ് വീട് തകരുകയായിരുന്നു. ഇ.എം.എസ് ഭവന പദ്ധതി പ്രകാരം വീടിന് അപേക്ഷിച്ചെങ്കിലും അതിനു കാത്തിരിക്കാതെ വീട് തിരിച്ചുപിടിക്കാൻ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്കിറങ്ങി. വീണ്ടും വീടുവെക്കാൻ ഇതു താങ്ങായെങ്കിലും ഏറെ വൈകാതെ റിയൽ എസ്റ്റേറ്റ് ബിസിനസിന് തിളക്കമറ്റപ്പോൾ പഴയ കച്ചവടത്തിലേക്ക് തിരിഞ്ഞുനടന്നു.

ഹണി മ്യൂസിയം

തേനാണ് ജീവൻ

വയനാട്ടിൽ എത്തുന്നവർ തേൻ വാങ്ങുക പതിവാണ്. പക്ഷേ, ശുദ്ധവും ശരിയായി സംസ്കരിച്ചതുമായ തേൻ കിട്ടാക്കനിയായിരുന്നു. ശുദ്ധ തേൻ തേടി ആളുകൾ നിരന്തരം സമീപിച്ചപ്പോൾ അതിന്റെ വ്യാപാരസാധ്യത ഉസ്മാനിലെ സംരംഭകൻ തിരിച്ചറിഞ്ഞു. ബിസിനസ് സ്ട്രാറ്റജിസ്റ്റും സക്സസ് ട്രെയിനറുമായ പി.പി. വിജയന്‍റെ ക്ലാസ് ഇൗ ദിശയിലേക്ക് തിരിയാൻ ഉൾക്കരുത്തായെന്ന് ഉസ്മാൻ. വിപണിയിൽ ഡിമാൻഡ് കുറവായിരുന്ന ഈത്തപ്പഴം മനോഹരമായി പാക്ക് ചെയ്ത് വിപണിയിൽ എത്തിച്ച് വലിയ ബ്രാൻഡായി വളർന്ന കഥ കേട്ട ഉസ്മാൻ തേൻ ഇത്തരം ഒരു ബ്രാൻഡാക്കി മാറ്റാനുള്ള പദ്ധതി മനസ്സിൽ കോറിയിട്ടാണ് ക്ലാസ് വിട്ടത്.

www.beecrafthoney.com എന്ന വെബ്സൈറ്റിലൂടെയും ആമേസാൺ, ഫ്ലിപ്കാർട്ട് വഴിയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂെടയായിരുന്നു തുടക്കം. നാട്ടിലെ തേൻകൃഷിക്കാരിൽനിന്ന് അസംസ്കൃത തേൻ വാങ്ങി സംസ്കരിച്ച് വിപണിയിൽ എത്തിച്ചു. ആവശ്യത്തിന് മതിയാവാതെ വന്നപ്പോൾ സ്വന്തമായി തേനീച്ച വളർത്തിയും തേനീച്ച വളർത്തലിൽ പരിശീലനം നൽകി അവരിൽനിന്ന് തേൻ ശേഖരിച്ചും വിപണിയിൽ എത്തിച്ചു. ആവശ്യക്കാർക്ക് കൊടുക്കാൻ അതും തികയാതെ വന്നപ്പോൾ മറ്റു സംസ്ഥാനങ്ങളിലേക്ക് തേൻ തേടി പോയി. ഉത്തർപ്രദേശ്, പഞ്ചാബ്, പശ്ചിമ ബംഗാൾ, അസം, ഝാർഖണ്ഡ്, ബിഹാർ, കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലെ സർക്കാർ അംഗീകൃത കർഷകരുമായി കരാറുണ്ടാക്കി. ഇവിടങ്ങളിൽ ഒരേതരം കൃഷി ചെയ്യുന്ന പാടങ്ങളിൽ തേൻപെട്ടി വെച്ചാണ് വിവിധതരം തേൻ സംഭരിക്കുന്നത്. അത് അവർക്ക് അധിക വരുമാനമാവുകയും ചെയ്യുന്നു.

ബീ ക്രാഫ്റ്റ് എന്ന ബ്രാൻഡ്

ഡിമാൻഡ് വർധിച്ചപ്പോൾ തേൻ ബ്രാൻഡ് ചെയ്യണമെന്ന ആഗ്രഹമാണ് 'ബീക്രാഫ്റ്റ് തേൻ കട'യിലേക്ക് നയിച്ചത്. 2018 ഏപ്രിലിൽ വൈത്തിരിയിൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ ആദ്യ ബ്രാൻഡഡ് ഷോറൂം തുറന്നു. സിനിമാതാരം മനോജ് കെ. ജയനായിരുന്നു ഉദ്ഘാടനം ചെയ്തത്. അഭിലാഷപൂർത്തിയുടെ ആനന്ദം. വിവിധതരം തേൻകൊണ്ട് സമൃദ്ധമായിരുന്നു തേൻകട. കൊമ്പ്തേൻ, സിദർതേൻ, പുറ്റ്തേൻ, ബീപോളൻ, കരഞ്ച് തേൻ, കടുക് പൂന്തേൻ, തുളസിപ്പൂന്തേൻ തുടങ്ങി 20ലധികം തേൻതരങ്ങളും തേൻ ഉൽപന്നങ്ങളും കൂടാതെ പൂെമ്പാടി, റോയൽ ജെല്ലി, ബീവാക്സ്, ബീവെനം എന്നിവയും ഷോറൂമിനെ ആകർഷകമാക്കി.

വെള്ളം തീർത്ത ചക്രവ്യൂഹങ്ങൾ

എറണാകുളത്ത് കലൂരിൽ മറ്റൊരു കട തുറക്കാൻ ഒരുക്കം നടക്കുന്ന സമയം. ഒരിക്കൽ വീട് തകർത്ത പ്രളയജലം വൈത്തിരിയിലെ തേൻകടയെയും തേടിയെത്തി. 2018 ആഗസ്റ്റ് 10ന് പെയ്ത പേമാരിയിൽ തേൻകട സ്ഥിതിചെയ്യുന്ന ഗ്രാമപഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സിനു മുകളിൽ മണ്ണിടിഞ്ഞുവീണ് കെട്ടിടം നിലംപൊത്തുകയായിരുന്നു. തുടങ്ങിയതിെൻറ 86ാം ദിവസം തന്റെ അധ്വാനവും സമ്പാദ്യവും മണ്ണാവുന്നത് നോക്കിനിൽക്കാനേ ഉസ്മാന് കഴിഞ്ഞുള്ളൂ. എറണാകുളത്തേക്കുള്ള തേനും സൂക്ഷിച്ചത് ഇവിടെയായിരുന്നു. അമ്പതുലക്ഷം രൂപയുടെ കനത്ത നഷ്ടം. ദൈവം തന്നത് തിരിച്ചെടുത്തു എന്ന് ആശ്വസിച്ച് ജൂനിയർ ചേംബർ ഓഫ് കോമേഴ്സ് അംഗംകൂടിയായ അദ്ദേഹം പ്രളയക്കെടുതി അനുഭവിക്കുന്ന മറ്റുള്ളവരുടെ വേദന തന്റേതിനെക്കാൾ വലുതാണെന്ന് തിരിച്ചറിഞ്ഞ് ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഹൃദയഭാരം ഇറക്കിവെച്ചു.

നിശ്ചയദാർഢ്യത്തിന്‍റെ കരുത്ത്

തുടങ്ങാനുദ്ദേശിച്ച തേൻകടയുടെ ഉദ്ഘാടനത്തിന് ആഴ്ചകൾമാത്രം ശേഷിക്കെ വെള്ളം എറണാകുളത്തും ഉസ്മാനെ പരീക്ഷിച്ചു. കാലടിയിലെ ഫ്ലാറ്റിൽ സൂക്ഷിച്ച തേൻ പ്രളയം കവർന്നു. 20 വർഷത്തെ സ്വപ്നവും അധ്വാനവുമാണ് ചിറകറ്റുവീണത്. കാറിൽ പെട്ടുപോയ 15 പെട്ടി തേനും ബീക്രാഫ്റ്റ് തേൻകട എന്ന ബ്രാൻഡും അചഞ്ചലമായ അത്മവിശ്വാസവും മാത്രമേ ബാക്കിയായുള്ളൂ. നിശ്ചയിച്ച ദിവസംതന്നെ എറണാകുളത്തെ കട തുറന്നു. പിന്നാലെ നഷ്ടപ്പെട്ടതിെൻറ നൂറാം ദിവസം വൈത്തിരിയിലെ ഷോറൂമും തിരിച്ചുപിടിച്ചു.

ഹണി മ്യൂസിയം

വയനാടിനെ ലോക വിനോദസഞ്ചാര ഭൂപടത്തിൽ രേഖപ്പെടുത്തിയ ബീക്രാഫ്റ്റ് ഹണി മ്യൂസിയം ഉസ്മാൻ മദാരിയുടെ സംരംഭക പ്രതിഭയുടെ മറ്റൊരു കൈയൊപ്പാണ്. 2021ൽ വൈത്തിരിയിലായിരുന്നു ഈ സ്വപ്ന സാക്ഷാത്കാരം. നെതർലൻഡ്സ് യാത്രയിൽ കണ്ട കാറ്റാടി മ്യൂസിയമാണ് പ്രചോദനമായത്. തേനീച്ചകളുടെ വിസ്മയലോകം തുറന്നിടുന്ന ഇവിടെ കുട്ടികൾക്ക് ഉല്ലസിക്കാൻ പാർക്കുമുണ്ട്. വിനോദവും വിജ്ഞാനവും കൈകോർക്കുന്ന ഹണി മ്യൂസിയത്തിൽ തേനീച്ചകൾ, അവയുടെ ജീവിതം, തേൻ ഉൽപാദനം, സംസ്കരണം എന്നിവയെക്കുറിച്ച് ആധികാരിക വിജ്ഞാനം പകരുന്നു. വയനാടിെൻറ തനത് കരകൗശല ഉൽപന്നങ്ങളും ഇവിടെ പരിചയപ്പെടാം. ഹോർട്ടികൾചർ ബോർഡുമായി സഹകരിച്ച് തേനീച്ച വളർത്തലിൽ വിദഗ്ധ പരിശീലനവും സാങ്കേതിക സഹായവും നൽകുന്നു. കേരള ടൂറിസം വകുപ്പിന്റെയും ഖാദി ബോർഡിന്റെയും പിന്തുണയിൽ നൂതനവും വ്യത്യസ്തവുമായ അനുഭവക്കൂട്ടുകൾ ഇവിടെ ഒരുക്കിവെച്ചിട്ടുണ്ട്. ഉത്തരവാദിത്ത ടൂറിസത്തിന്റെ ഒരു യൂനിറ്റുകൂടിയാണ് ഹണി മ്യൂസിയം.

ഏറെ ദേശീയ, അന്തർദേശീയ പുരസ്കാരങ്ങൾ നേടിയ ഉസ്മാൻ മദാരി സമർപ്പിത ജീവിതത്തിന്റെ സജീവ മാതൃകയാണ്. ഉസ്മാന് താങ്ങുംതണലുമായി പ്രിയതമ നജ്മയും ഒപ്പമുണ്ട്. നിശ്ചയദാർഢ്യവും ലക്ഷ്യബോധവും സഫലമാക്കാൻ വലിയ സ്വപ്നങ്ങളുമുണ്ടെങ്കിൽ ജീവിതത്തിന് തേനോളം മധുരമേറുമെന്ന് ഉസ്മാൻ സാക്ഷ്യം പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Business Newsbeecrafts honey
News Summary - beecrafts honey story
Next Story