Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
വീണ്ടുമൊരു സ​ന്ദേശം ആലോചനയിൽ -സത്യൻ അന്തിക്കാട്
cancel

1970കളുടെ മധ്യത്തിലാണ് അന്തിക്കാട്ടെപ​ത്തൊമ്പതുകാരൻ കോടമ്പാക്ക​ം ലക്ഷ്യമാക്കി മദ്രാസിലേക്ക് വണ്ടി കയറിയത്. സെൻട്രൽ സ്റ്റേഷനിൽ ട്രെയിനിറങ്ങി പോകാനുള്ള ബസ് ഏതാണെന്നറിയാതെ നിന്ന കൗമാരക്കാരൻ പിന്നീട് മലയാള സിനിമയിലേക്ക് ഒരു ‘ബസ്’ തന്നെയിറക്കി. 1980കളിലെ വസന്തവും ’90കളിലെ ഗൃഹാതുരതയും 2010കളിലെ നവതരംഗവും കടന്ന് ആ ബസ് ഓടിക്കൊണ്ടേയിരിക്കുന്നു.

കൊട്ടകകളിൽനിന്നും ടെലിവിഷൻ സ്ക്രീനിലേക്ക് സിനിമ ഓടിക്കയറിയപ്പോഴും അതിൽനിന്നും മീമുകളി​ലേക്കും റീൽസുകളിലേക്കും വീണ്ടും ചുരുങ്ങിയപ്പോഴുമെല്ലാം അന്തിക്കാട് ചിത്രങ്ങൾ നിറഞ്ഞോടി.

സമൂഹമാധ്യമങ്ങളുടെ വരവോടെ, അന്തിക്കാടിന്റെ സിനിമകൾ ഒരേ റൂട്ടിലോടുന്ന ബസാണെന്ന വിമർശനമുയർന്നു. പക്ഷേ, മലയാളിയുടെ മനസ്സിൽ ആ ബസിന് ഇപ്പോഴും സ്റ്റോപ്പുണ്ടെന്ന് അദ്ദേഹം പലകുറി തെളിയിച്ചു. മമ്മൂട്ടിയും മോഹൻലാലും ജയറാമും ദിലീപും ഫഹദ് ഫാസിലുമടക്കമുള്ള നായകന്മാരും കാർത്തികയും ഉർവശിയും ​മീര ജാസ്മിനും അടക്കമുള്ള നായികമാരും സിനിമകളിൽ മാറിമാറിവന്നു.

പക്ഷേ, അന്തിക്കാട് ചിത്രങ്ങളിലെ മാറാത്ത ശീലങ്ങൾപോലെ ചില താരങ്ങൾമാത്രം തുടർന്നു. സുകുമാരി, ശങ്കരാടി, കരമന ജനാർദനൻ നായർ, പറവൂർ ഭരതൻ, ഇന്നസെന്റ്, കെ.പി.എ.സി ലളിത, മാമുക്കോയ... അങ്ങനെ നീളുന്നു. മലയാളി അവരിൽ സ്വന്തം അമ്മൂമ്മയെ, അയൽപക്കത്തെ ചേച്ചിയെ, അമ്മാവനെ, നാട്ടിലെ ചായക്കടക്കാരനെ കണ്ടു.

കാലത്തി​ന്റെ ഇടവേളകളിൽ ഓരോരുത്തരായി ഓർമയുടെ ഫ്രെയിമുകളിലേക്ക് ചേക്കേറി. ഏറ്റവും ഒടുവിൽ ആഴ്ചകളുടെ ഇടവേളയിൽ ഇന്നസെന്റും മാമുക്കോയയും മാഞ്ഞുപോയതോടെ മലയാളിയുടെ ഹൃദയത്തിൽ കുടികെട്ടിയ ആ ഗ്രാമം അനാഥമാകുന്നു.

മാമുക്കോയയുടെ മരണത്തോടെ തന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ പേജും കീറിയെന്നാണ് സത്യൻ അന്തിക്കാട് വേദനയോടെ പറയുന്നത്. സ്ക്രീൻവിട്ടിറങ്ങി കേരളത്തിന്റെ ഓരോ ഗ്രാമത്തിലും ഇന്നും ജീവിക്കുന്ന അനേകം കഥാപാത്രങ്ങ​ളെ നൽകിയ ആ കൂട്ടുകെട്ടിന്റെ രസതന്ത്രത്തെക്കുറിച്ചും ആളൊഴിയാത്ത തന്റെ സിനിമകളെക്കുറിച്ചും അന്തിക്കാട് വാചാലനാകുന്നു.


ഞങ്ങൾ ഒരേ ബസിലെ യാത്രക്കാർ

ഇവരെല്ലാം കഥാപാത്രങ്ങളായി വരുന്ന സിനിമകൾതന്നെയാണ് എന്റെ ചിന്തകളിലുണ്ടാകുക. കാരണം എന്റെ കഥകളിൽ തോക്കും ബോംബും ഒന്നും ഉണ്ടാകാറില്ലല്ലോ? ഒരു സിനിമ തുടങ്ങുമ്പോൾതന്നെ ഇവരൊക്കെ കൂടെ വേണ​മെന്ന് തീരുമാനിക്കും. എല്ലാവരുടെയും ഡേറ്റ് അഡ്വാൻസായി ബുക്ക് ചെയ്തുവെക്കും.​ ഒരു സ്ഥിരം നാടകവണ്ടിപോലെ ഞാൻ കൊണ്ടുനടക്കുമെങ്കിലും മലയാളത്തിലെ ഏറ്റവും പ്രതിഭാധനരായ, തിരക്കുള്ള അഭിനേതാക്കളായിരുന്നു ഇവരെല്ലാം. അവരെ ഏറ്റവും നന്നായി ഉപയോഗിക്കാൻ സാധിച്ചത് എന്റെ പുണ്യമാണ്.

ചില സമയങ്ങളിൽ ഇവർക്ക് കഥാപാത്രങ്ങൾ ഇല്ലാതെ വരുമ്പോൾ വിഷമിക്കും. പ​ക്ഷേ, ഒഴിവുവന്ന​ റോളുകൾ ഇവർക്ക് മാറ്റിവെക്കും. ഉദാഹരണമായി തലയണമന്ത്രത്തിൽ ഒടുവിൽ ഉണ്ണികൃഷ്ണന് വിചാരിച്ചപോലെയുള്ള റോൾ നൽകാനായില്ല. അവസാനം ശ്രീനിവാസനുമായി ആലോചിച്ച് ഡാൻസ് മാസ്റ്ററുടെ റോൾ നൽകി.

ആ റോളിൽ അദ്ദേഹം തകർത്തഭിനയിക്കുകയും ചെയ്തു. ഒടുവിൽ ചെയ്തതോടെ ആ കഥാപാത്രം വേറൊരു തലത്തിലേക്ക് ഉയർന്നു. എന്റെ സിനിമകളിൽ ഭാഗമായി​ല്ലെങ്കിൽ വിഷമമാകുന്നവരാണ് ഇവരിൽ പലരും. അത് അവർക്ക് സിനിമകൾ ഇല്ലാത്തതുകൊണ്ടല്ല, മറിച്ച് ഞങ്ങൾ തമ്മിലുള്ള വൈകാരിക അടുപ്പം കൊണ്ടാണ്.

ഇവർ എന്‍റെ അഹങ്കാരം

നായകന്മാരില്ലെങ്കിലും ഇവരൊക്കെയുണ്ടെങ്കിൽ സിനിമ ചെയ്യാമെന്ന ഒരു അഹങ്കാരം എനിക്കുണ്ടായിരുന്നു. എന്റെ സിനിമകളിൽ ജയറാം ഏറെയും അഭിനയിച്ചത് ഒരു കാരക്ടർ റോളിലായിരുന്നുവെന്ന് കാണാം. ഇവരൊക്കെ ഇല്ലാതായത് എന്റെ വ്യക്തിപരമായ നഷ്ടം കൂടിയാണ്. പുതുതലമുറയിൽ അതിഗംഭീര നടന്മാരുണ്ട്. പക്ഷേ, ഇ​വരോടുള്ള അത്രയും മാനസിക ഐക്യം അവരോടില്ല. ആ തലമുറയിലെ ഏറ്റവും അവസാനത്തെ ആളായിരുന്നു മാമുക്കോയ.

അതുകൊണ്ടാണ് മാമുക്കോയ പോയപ്പോൾ എന്റെ നോട്ടുപുസ്തകത്തിലെ അവസാനത്തെ താളും പോയി എന്നെഴുതിയത്. ആ രീതിയിലുള്ള ഒരുപാട് പോസ്റ്റുകൾ സമൂഹമാധ്യമങ്ങളിലും കണ്ടു. ശങ്കരാടി മുതലുള്ള ഒരു നഷ്ടവും നികത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. ഒരു നാട്ടിൻപുറത്തെ വയലിലൂടെ മുണ്ടും മടക്കിക്കുത്തി ഒരു കുടയും കുത്തി ശങ്കരാടി വരുന്നതുപോലെ ഇപ്പോഴും തോന്നും. പിന്നീട് ഒാരോരുത്തരായി പോയിത്തുടങ്ങി. മരണം അനിവാര്യമാണല്ലോ...​

എന്തുകൊണ്ട് ജഗതിയില്ലാതെ പോയി

ഇന്ന​സെന്റും മാമുക്കോയയും കെ.പി.എ.സി ലളിതയും എല്ലാം ഉള്ളിടത്ത് എന്തുകൊണ്ട് ജഗതി ഇല്ലാതെപോയെന്ന് പലപ്പോഴും നേരിട്ട ചോദ്യമാണ്. ജഗതി എന്റെ ഏതാനും സിനിമകളിലേ ഉള്ളൂ. പൊന്മുട്ടയിടുന്ന താറാവിലെ വെളിച്ചപ്പാടിനെപ്പോലെയുള്ള ഏതാനും റോളുകളിൽ. ജഗതി അക്കാലത്ത് എല്ലാവരേക്കാളും തിരക്കുള്ള താരമാണ്. ഇവരെപ്പേ​ാലെ ഡേറ്റ് ​േബ്ലാക്ക് ചെയ്യിക്കാൻ കഴിയില്ല. തിടുക്കപ്പെട്ട് അഭിനയിച്ച് പോകേണ്ടിവരും. എന്റെ സെറ്റുകളുടെ ഒരുരീതി അതല്ലല്ലോ..

ഗ്രാമങ്ങൾ മാറിത്തുടങ്ങി

സിനിമയുടെ കൾചറിൽ വരുന്ന മാറ്റങ്ങൾ സമൂഹത്തിൽ വരുന്ന മാറ്റങ്ങളുടെ സമാന്തരമായി സംഭവിക്കുന്നതാണ്. നമ്മുടെ ഗ്രാമങ്ങളും ജീവിത​ശൈലിയും വലിയ പരിണാമത്തിന് വിധേയമായിട്ടുണ്ട്. ഇതെല്ലാം സ്വാഭാവികമായും എന്റെ ചിന്തയിലും മാറ്റങ്ങൾ ഉണ്ടാക്കി. പുതുതലമുറയുടെ ശീലങ്ങൾ സ്വാഭാവികമായും എന്നിലും വന്നുചേർന്നു. ഞാൻ പ്രകാശനും ഇന്ത്യൻ പ്രണയകഥയും ഒരുക്കിയത് കുറുക്കന്റെ കല്യാണമോ അപ്പുണ്ണിയോ ചെയ്ത​ പോലെയല്ല.

അടിസ്ഥാനപരമായി മലയാള സിനിമ ഗ്രാമങ്ങളിൽനിന്നും വിട്ടുപോയിട്ടില്ല. നല്ല ഗ്രാമീണകഥകളുണ്ടായാൽ ഇപ്പോഴും കാണാൻ ആളുകളുണ്ട്. 80കളുടെ അവസാനങ്ങളിലും 90കളുടെ ആദ്യത്തിലും ഏറ്റവും സജീവമായി ഞാൻ പറഞ്ഞ വിഷയം തൊഴിലില്ലായ്മയായിരുന്നു. ഇന്നും തൊഴിലില്ലായ്മയുണ്ട്. പക്ഷേ, അന്നത്തെപ്പോലെയല്ല. ഇന്ന് ബംഗാളികളും മറ്റും ഇവിടെ വന്നല്ലേ തൊഴിൽ ചെയ്യുന്നത്. അഭ്യസ്തവിദ്യർക്ക് അതിനനുസരിച്ചുള്ള തൊഴിൽ ഇന്നില്ലെന്നതാണ് യാഥാർഥ്യം. അതുകൊണ്ടാണ് അവർ വിദേശത്തേക്ക് പോകുന്നത്.


സ്ഥിരം റൂട്ടിലല്ലാത്ത പിൻഗാമി

പിൻഗാമി സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചചെയ്യപ്പെടുന്നു എന്നതിൽ സന്തോഷമുണ്ട്. പക്ഷേ, റിലീസ് ചെയ്ത കാലത്ത് ഏറ്റവും പഴികേട്ട സിനിമയാണത്. എന്റെ പതിവ് റൂട്ടിൽനിന്നും വഴിമാറി സഞ്ചരിച്ച സിനിമ. എല്ലാവരുടെയും വാക്ക് കേട്ടുതന്നെയാണ് ഗിയർ മാറ്റിയത്. പക്ഷേ ചിത്രം ഇറങ്ങിയപ്പോൾ ഇത് ഒരു സത്യൻ അന്തിക്കാട് ടൈപ്പ് സിനിമയല്ലല്ലോ എന്നായി. 1994ൽ തേന്മാവിൻ കൊമ്പത്തിന് പിന്നാലെയാണ് പിൻഗാമി റിലീസായത്. അതും ബാധിച്ചു.

ആടിപ്പാടി നടക്കുന്ന തേന്മാവിൻ കൊമ്പത്തിലെ മോഹൻലാലിനെ കാണാനാണ് പ്രേക്ഷകർ തിയറ്ററുകളിൽ പോയത്. പ്രിയദർശന് പിൻഗാമി കണ്ട് ഏറെ ഇഷ്ടമായിരുന്നു. അദ്ദേഹം റിലീസ് മാറ്റിവെക്കാമോ എന്നും ചോദിച്ചിരുന്നു. പിൻഗാമി സാമ്പത്തികമായി വലിയ നഷ്ടം സൃഷ്ടിച്ചിട്ടില്ല. പക്ഷേ, ലാഭം ഉണ്ടാക്കാതെ പോയി. അതേസമയം, ​പതിവു പാറ്റേണിൽനിന്നും മാറിയ അർഥവും കളിക്കളവും വലിയ ഹിറ്റായിരുന്നു.

വീണ്ടുമൊരു സ​ന്ദേശം

കേരളത്തിന്റെ രാഷ്ട്രീയത്തിന് സ​ന്ദേശം പുറത്തിറങ്ങിയ പരിസരത്തിൽനിന്നും കാര്യമായ ഒരു മാറ്റവുമില്ല. അഴിമതിയും വർഗീയതയും കൂടി എന്നേയുള്ളൂ. സന്ദേശം അരാഷ്ട്രീയ സിനിമയാണെന്ന വാദത്തിൽ ഒരു കഴമ്പുമില്ല. അതിൽ കാണുന്ന പോലെയുള്ള രാഷ്​ട്രീയക്കാരെയല്ലല്ലോ നമുക്ക് വേണ്ടത്.

അന്യായ കാര്യത്തിന് സമരം ചെയ്യുന്നതുകൊണ്ടാണ് അനുജന്റെ കൈയിൽനിന്നും കൊടി വലിച്ചെറിയുന്നത്. ൈക്ലമാക്സിലെ ഈ രംഗം ഏറെ വിമർശനത്തിന് വിധേയമായി. ഇനിയൊരു ‘സന്ദേശ’ത്തിനുകൂടി ഇവിടെ സാധ്യതയുണ്ട്. പക്ഷേ, ശുദ്ധമായ ഹാസ്യം പോലും ഇപ്പോൾ തെറ്റിദ്ധരിക്ക​പ്പെടും. ഒരു പാർട്ടിയെയും വിമർശിക്കാനുള്ള സാഹചര്യമല്ല ഇപ്പോൾ കേരളത്തിലുള്ളത്. ഞാനും ശ്രീനിവാസനും സന്ദേശം പോലെയുള്ള ഒരു സിനിമക്കുള്ള സാധ്യത ആലോചിക്കുന്നുണ്ട്. ചിലപ്പോൾ പ്രാവർത്തികമായേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sathyan Anthikad
News Summary - 30 Years of Sathyan Anthikad's Satire on Family and Politics
Next Story