Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
mystory madhyamam kusumbam june 2023
cancel

വീടിനരികിലെ തെങ്ങിൻതോപ്പിൽ കുട്ടിക്കൂട്ടങ്ങളുടെ വലിയ ബഹളങ്ങൾ, അവർ ക്രിക്കറ്റ് കളിക്കുന്ന പിച്ചിൽ പള്ളിക്കാര് പെരുന്നാളിന് അറുക്കാൻ കൊണ്ടുവെച്ച പോത്ത് ചാണകംകൊണ്ട് നിറച്ചിരിക്കുന്നു. കൂട്ടത്തിൽ അൽപം വലുപ്പമുള്ളൊരുത്തൻ ഭയം പുറത്തുകാട്ടാതെ ആ പോത്തിനെ കയറൂരി മാറ്റിക്കെട്ടാനുള്ള ശ്രമത്തിലാണ്. മുന്നിൽ കുഞ്ഞൊരുത്തൻ ഇലയാട്ടി വഴികാട്ടുന്നു.

മറ്റുള്ളവർ ഒരേ താളത്തിനൊത്ത് പോത്തിനെ ആനയിക്കുന്നു. ഇനി കുറച്ചുദിവസം കഴിഞ്ഞാൽ ഒട്ടും കളിക്കാനാകില്ല. ആ തെങ്ങിൻ തോപ്പുകളിൽ പോത്തുകൾ നിറയും. പള്ളിയുടേത്, അറവുകാരന്റേത്, നാട്ടിലെ പ്രമാണി ഒറ്റക്കു വാങ്ങിയത്... ബലിപെരുന്നാൾ ആവുകയാണ്. പൊതുവേ ചെറിയ പെരുന്നാളിന്റെ രസം വലിയ പെരുന്നാളിന് (ബലിപെരുന്നാൾ) കിട്ടാറില്ല. പല കാരണങ്ങളുണ്ട്. ചെറിയ പെരുന്നാൾ കഴിഞ്ഞ് രണ്ടുമൂന്നു മാസത്തിനിടക്ക് മറ്റൊരു പെരുന്നാളിന​ുകൂടി പുതിയ വസ്ത്രം ഞങ്ങൾക്ക് വാങ്ങിത്തരാൻ ബാപ്പക്ക് കഴിയാറില്ല. എന്റെ രസക്കുറവിനു മറ്റൊരു കാരണമില്ല.

കോലായിൽ നരച്ചുതുടങ്ങിയ കസേരയിൽ ചാഞ്ഞിരുന്നു. ...യ്യി കളിക്കാൻ പോകാണേൽ വാതിൽ ചാര്യാണ്ടി. ഞാൻ ഇതൊന്നു മില്ലിൽ കൊണ്ടുവെക്കട്ടെ. ഉമ്മ വീടിന്റെ അധികാരം കൈമാറി പൊടിമില്ലിലേക്ക് പോയി. എനിക്ക് കളിക്കണം എന്നുണ്ടായിരുന്നു. പക്ഷേ, പെരുന്നാൾ കുപ്പായം മനസ്സിൽ ഒരു വലിയ സമാധാനക്കേട് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നു. ബാപ്പ കോഴിക്കോട് പോയതാണ്.

കിട്ടിയാലും ഇല്ലേലും വരുമ്പോൾ ഒന്ന് പറഞ്ഞുനോക്കണമെന്നുണ്ട്. അങ്ങാടികളിൽ പെരുന്നാൾരാവിന്റെ തിരക്കുകളാണ്. വേലായുധന്റെ ആപ്പിൾബലൂണുകൾ പൂത്തുനിൽക്കുന്നു. ഊഴം കാത്തുകിടക്കുന്ന കോഴികളുടെ വിഫലമെന്നുറപ്പുള്ള കരച്ചിലുകൾ. കൈകടഞ്ഞിട്ടും വിശ്രമിക്കാനാകാത്ത ഒസ്സാൻ ആല്യാക്ക. അങ്ങാടിയിലേക്ക് വന്നുചേരുന്ന ഓരോ ബസിലും ബാപ്പയെ കാത്തു. മനസ്സിൽ പുതുകുപ്പായത്തിന്റെ പൂതികൾ പൊട്ടിത്തെറിച്ചുകൊണ്ടുനിന്നു.

നേരം രാത്രികളിലേക്ക് ചേക്കേറുന്നു. അവശതയോടെ ബാപ്പ കടന്നുവരുന്നു. ഒപ്പമിരുന്നാണ് എല്ലാവരും ഭക്ഷണം കഴിക്കുന്നത്.

‘ബാപ്പ. എനിക്കൊരു കുപ്പായം വാങ്ങിത്തരോ?’

‘കുപ്പായോ? പുതിയൊരു കുപ്പായം മെനിയാന്നല്ലേ വാങ്ങിയത്? അതുമതി’ -പ്രതീക്ഷിച്ച ഉത്തരമായിരുന്നു. ഞാൻ പിന്നെയൊന്നും ചോദിച്ചില്ല. ഉമ്മ എന്നെ മാത്രം നോക്കിക്കൊണ്ടിരുന്നു.

കിടക്കുംമുമ്പ് ഉമ്മക്കരികിലെത്തി.

‘ഉമ്മാ...ഞാൻ എന്റെ കുടുക്ക പൊട്ടിക്കെട്ടേ’.

‘ന്തിനാ അനക്ക് കുപ്പായം വാങ്ങാനാണോ?’

‘ഉം...’

‘വലിയ പെരുന്നാൾക്കൊന്നും ആരും പുതിയത് വാങ്ങേല്ല. പിന്നെന്തിനാ’

‘ഉണ്ട്. എല്ലാരും വാങ്ങീണ്. ഞാൻ അത് പൊട്ടിക്കാ’.

‘അതില് ഒരു കുപ്പായത്തിനു മാത്രം ഉള്ള പൈസ ഉണ്ടോ?’

‘അറീല്ല, നോക്കണം’.

‘പൊട്ടിച്ചോ ന്ന’-ഉമ്മയുടെ സമ്മതങ്ങൾ. ബാപ്പ ഒഴിവാക്കിയ പഴയ പോണ്ട്സ് പൗഡറിന്റെ ഒഴിഞ്ഞ കുപ്പി അരി വെക്കുന്ന തപ്പിൽനിന്ന് ഓടി എടുത്തുകൊണ്ടുവന്നു. ഏട്ടനും പെങ്ങന്മാരും ബാപ്പയടക്കം എല്ലാവരും ആ തുറക്കൽ കാത്തു ചുറ്റുമിരുന്നു. എനിക്ക് എവിടുന്നോ ഒരു നാണം വന്നു. എങ്കിലും രാജകീയമായിത്തന്നെ അൽപം അഹങ്കാരത്തോടെ ഞാൻ അത് പൊട്ടിച്ചു. മണമുള്ള നാണയങ്ങൾ ഞെരുങ്ങിവീണുകൊണ്ടിരുന്നു.

കൂടുതലും രണ്ടുരൂപയും ഒന്നും. ഇടക്ക് അമ്മാവൻ കഴിഞ്ഞ പെരുന്നാളിനുതന്ന 20 രൂപയുടെ പുത്തൻ ചുകന്ന നോട്ട്. ഒരറ്റം പിടിച്ചുവലിച്ചു. ബാപ്പ അത് കൈയിൽ പിടിക്കാം എന്നും പറഞ്ഞു തമാശയിൽ എടുക്കാൻ ഒരു ശ്രമം നടത്തി. ഒരുവിധം ഇട്ട പൈസ എല്ലാം എടുത്തു. എങ്കിലും നേരിയ പ്രതീക്ഷയോടെ പിന്നെയും ആ കുപ്പി ഇളക്കിക്കൊണ്ടിരുന്നു. ബാപ്പയിൽ എത്താതെപോയ കുറച്ച് പൗഡറിന്റെ ബാക്കി മാത്രം പരന്നുവീണു. ഞാനും ഉമ്മയും തിട്ടപ്പെടുത്തിക്കൊണ്ടിരുന്നു.

ഒടുവിൽ 320 രൂപയുടെ സമ്പാദ്യം. ഞാൻ ഒരു രാജ്യം കീഴടക്കിയവനെപ്പോലെ ചുറ്റും നോക്കി. ഇതിൽ കൂടുതലും ഞാൻ അറിയാതെ ഉമ്മതന്നെ ഇട്ട പൈസകളാണ്. എനിക്കത് മനസ്സിലായെങ്കിലും അറിയാത്തപോലെ നിന്നു. ഞാൻ ഉള്ള പണം ബാപ്പക്ക് വെച്ചുനീട്ടി.

‘യ്യി അത് ആടെത്തന്നെ വെച്ചോ. അടുത്ത ചെറിയപെരുന്നാൾക്ക് എടുക്കാം. അന്ന് കുറെ പൈസ ആയിക്കോളും’.

‘ഈ പെരുന്നാൾ കഴിഞ്ഞിട്ടല്ലേ അടുത്തത്. വാങ്ങിത്തരേൽ വാങ്ങിത്തരി’- ഖൽബിൽ ഒരു കലഹമഴ പെയ്യുന്നു. ഞാൻ കൂടുതലൊന്നും പറയാതെ റൂമിലേക്കുപോയി.

പെരുന്നാൾത്തലേന്ന്. വീടുകളൊക്കെ ആ രസത്തിലും സജീവതയിലുമാണ്.

കിട്ടാത്ത കുപ്പായത്തിന്റെ പ്രയാസങ്ങളിൽ ഞാൻ ശ്വാസം മുട്ടിക്കൊണ്ടുനിന്നു. ഇനി വാങ്ങാൻ പോകലൊന്നും നടക്കില്ല. ഏട്ടനൊക്കെ കഴിഞ്ഞ പെരുന്നാൾക്കുപ്പായം ഒരുക്കിവെക്കുന്നു.

കോലായിൽനിന്ന് ബാപ്പയുടെ ശബ്ദം അറകളിലേക്കെത്തി.എന്നെ ചോദിച്ചുകൊണ്ട് വരുകയാണ്.

‘ഒനിടെ...’

‘റൂമിലുണ്ട്’- ഉമ്മയാണ് മറുപടി പറഞ്ഞത്.

‘ങ്ങക്ക് ന്തോര് കുപ്പായം വാങ്ങേനി ഒന്’ -ഉമ്മ വൈകിയ നേരത്ത് എന്നെ പിന്തുണച്ചുകൊണ്ടിരുന്നു.

‘കുപ്പായല്ലാഞ്ഞിട്ടാ ഞ്ഞി. ജി നല്ല ബിരിയാണി വെക്കില്ല അത് മതി’.

അവസാന വരവിലെങ്കിലും ബാപ്പ വാങ്ങുമെന്ന് കരുതിയ നൂൽപ്രതീക്ഷകൾകൂടി അവസാനിക്കുകയാണ്. ശബ്ദമില്ലെങ്കിലും ഞാൻ കരഞ്ഞുതുടങ്ങി.

ബാപ്പ അരികിലെത്തി.

‘നോക്ക് എണീറ്റാ’.

ഞാൻ അനങ്ങിയില്ല, കൂടുതൽ ബലത്തോടെ ഞാൻ ബെഡിനെ മുറുക്കിപ്പിടിച്ചുകൊണ്ടിരുന്നു.

‘എനീട്ടൂട്. വേം. ഇത് പാകണോ നോക്ക്’.

ഞാൻ ഞെട്ടി എണീറ്റു. ബാപ്പയുടെ ​കൈയിൽ കടുംകാപ്പി നിറത്തിൽ നേർത്ത പിയോണി പൂക്കളുള്ള ഒരു ഷർട്ട്.

മനസ്സിൽ ഒരു പൂർണചന്ദ്രന്റെ മാസം പിറന്നു.

‘ഉമ്മാ... വരി...’- ഞാൻ അടുക്കളയിലേക്ക് നീട്ടിവിളിച്ചു.

‘ഷർട്ട് ഇട്ടു, കറക്ട് ആണ്’- ബാപ്പയോട് കനംകുറച്ചു പറഞ്ഞു.

‘അയിന് എത്ര വില ന്നു അറിയോ? ഇപ്പഴത്തെ ഫാഷൻ ആണ്. ഞ്ഞി നാല് പെരുന്നാൾക്ക് ഞാൻ കുപ്പായം വാങ്ങൂല’-

ബാപ്പ ഷർട്ട് കൊണ്ടുവന്ന കവർ മടക്കി ബെഡിന് അടിയിലേക്കുവെച്ചു.

എന്റെ സന്തോഷങ്ങൾ ആകാശങ്ങളിലേക്ക് പടർന്നു.ഉമ്മ വന്നു.

‘ആ ഇത്ര നല്ലൊരു കുപ്പായം അനക്ക് വേറെ ഇല്ല. സൂപ്പറായിട്ടുണ്ട്’.

ഞാൻ തൊണ്ടു പൊളിച്ചുകിട്ടിയ പൈസ ബാപ്പക്ക് നീട്ടി.

‘ആടെ വെച്ചോ. ഞ്ഞി ഞാൻ വാങ്ങിത്തരൂല’.

ബാപ്പ അലമാരയിൽവെച്ച കഴിഞ്ഞ പെരുന്നാളിനും മുമ്പുള്ള ഒരു ഷർട്ട് എടുത്തു. ചൂട് പോകാത്ത ഇസ്തിരിപ്പെട്ടിക്കടിയിൽ അത് പിടഞ്ഞുകൊണ്ട് നിന്നു.

‘ങ്ങൾ വാങ്ങീല്ലേ കുപ്പായം?’

‘ജി ഇത് നോക്ക്യാ അന്റെനേക്കാളും പുതിയതാ ന്നെ തോന്നൂ’.

ഞാൻ ഒന്ന് ചിരിച്ചു. ബാപ്പയും. എന്റെ കുപ്പായത്തിലേക്ക് പിന്നെയും പിയോണി പൂക്കൾ പടർന്നുകൊണ്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mystory
News Summary - mystory madhyamam kudumbam june 2023
Next Story