Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightMy Storychevron_right'മുകളിലുള്ള ഓഫിസർക്ക്...

'മുകളിലുള്ള ഓഫിസർക്ക് പൈസ വാങ്ങാൻ മടിയില്ലല്ലോ. ഇവിടെ കിടന്നുറങ്ങുന്ന നിങ്ങൾക്കാണോ പ്രയാസം' - അന്ന് മത്സ്യത്തൊഴിലാളികളുടെ ഭീഷണിക്കുമുമ്പിൽ ഉദ്യോഗസ്ഥർ മുട്ടുമടക്കി

text_fields
bookmark_border
fisheries
cancel
camera_alt

representational image

സർവിസ് ജീവിതത്തിൽ എനിക്ക് ഏറ്റവും ആനന്ദം പകർന്നതാണ്​ ഫിഷറീസ് ഓഫിസർ എന്ന ജോലി. സെക്രട്ടേറിയറ്റിൽ ജോലിചെയ്യുമ്പോഴാണ് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ പൊന്നാനി ഫിഷറീസ് ഓഫിസറായി ചാർജെടുത്തത്. വളരെ താഴെത്തട്ടിലുള്ള കഷ്ടപ്പെടുന്ന ജനവിഭാഗത്തിന് അൽപമെങ്കിലും സഹായം എത്തിക്കാൻ കഴിയുന്നു എന്നതാണ് സർവിസ് ജീവിതത്തിലെ ഒരു മറക്കാനാകാത്ത ഏടായി മാറിയത്.

അതിനുവേണ്ടി എത്രസമയം വേണമെങ്കിലും ചെലവഴിക്കുന്നതും ഒരു വലിയ അനുഭൂതിയായിരുന്നു. ചില സീസണുകളിൽ രാവിലെ ഓഫിസിലേക്ക് എത്തുമ്പോൾ തന്നെ നൂറുകണക്കിന് മത്സ്യത്തൊഴിലാളികൾ കാത്തുനിൽപുണ്ടാവും. അവസാനത്തെ ആളുടെയും പ്രശ്നം പരിഹരിച്ചേ ഞാൻ സീറ്റിൽനിന്ന് എഴുന്നേറ്റിരുന്നുള്ളൂ. ഓഫിസിൽ വരുന്നവരോട് സൗഹാർദത്തിലും സ്നേഹത്തിലും പെരുമാറുന്നതുമൂലം ഈ തൊഴിലാളികൾ പുറത്ത് എവിടെവെച്ച് കണ്ടാലും അടുത്തേക്ക് ഓടിവരും. ഓഫിസിന് പുറത്തുനിന്ന് കിട്ടുന്ന ആ സ്നേഹപ്രകടനങ്ങൾ മനസ്സിന് എന്നും കുളിരുനൽകും.


മത്സ്യമാർക്കറ്റുകളിൽ പോയാൽ 'നമ്മുടെ ഓഫിസർ' വന്നിരിക്കുന്നു എന്നുപറഞ്ഞ് അവർ ചുറ്റും കൂടും. ഏറ്റവും നല്ല മീൻ എനിക്ക്​ നൽകാൻ അവർ എടുത്തുവെക്കും. ഞാൻ അതിന് പൈസ നൽകാൻ ഒരുങ്ങുമ്പോൾ അവർ തടയും. ഇത് ഞങ്ങളുടെ സന്തോഷത്തിന് തരുകയാണെന്നും പൈസ വേണ്ടെന്നും പറയും. 'ഞാൻ ചെയ്തുതരുന്ന സേവനങ്ങൾ കണക്കിലെടുത്താണല്ലോ ഈ മത്സ്യങ്ങൾ എനിക്ക് സൗജന്യമായി തരാൻ നിങ്ങൾ തയാറാകുന്നത്.

അപ്പോൾ അത് കൈക്കൂലി ആകില്ലേ? നമുക്ക് കൈക്കൂലി വാങ്ങിക്കാൻ പാടുണ്ടോ' എന്നൊക്കെ ചോദിച്ചാൽ അവർ കുറച്ചുനേരം മൗനികളാകും. അവസാനം ഒത്തുതീർപ്പിലെത്തും. ലാഭം ഒഴിവാക്കി വിലയെങ്കിലും വാങ്ങാൻ ഞാൻ അവരോട് ആവശ്യപ്പെടും. അങ്ങനെ മനമില്ലാമനസ്സോടെ എന്റെ കൈയിൽനിന്ന് പൈസ വാങ്ങും. ഇത് ഞാൻ സ്ഥിരമായി മത്സ്യം വാങ്ങുന്ന വെളിയങ്കോട്ടും പുതിയിരുത്തിയിലും പുതുപൊന്നാനിയിലും പതിവായി അരങ്ങേറുന്നതാണ്. വർഷങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും മാർക്കറ്റിൽ പോകുമ്പോൾ ആ സ്നേഹം അവർ നൽകുന്നുണ്ട്​.


ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മത്സ്യത്തൊഴിലാളികൾക്ക് 60 വയസ്സ് പൂർത്തിയായാൽ മാസംതോറും പെൻഷൻ കൊടുക്കുന്ന പദ്ധതിയുണ്ട്. മറ്റു സാമൂഹിക പെൻഷനുകളൊന്നും കിട്ടാത്ത ഒരു കാലഘട്ടമായിരുന്നു അത്. ഓരോരുത്തരുടെയും ക്ഷേമനിധി വിഹിതം അടച്ച കാലഘട്ടം കണക്കാക്കിയാണ് പെൻഷൻ നിശ്ചയിച്ചിരുന്നത്. നൂറു രൂപ മുതൽ തുടങ്ങും. അന്ന്​ നൂറു രൂപ എന്നാൽ ഇന്ന് രണ്ടായിരം രൂപയുടെ മൂല്യമുണ്ടാകും.

പെൻഷനുവേണ്ടിയുള്ള അപേക്ഷ പാസ്ബുക്കും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റും സഹിതം നിശ്ചിത ഫോറത്തിൽ പൂരിപ്പിച്ച് ഫിഷറീസ് ഓഫിസർക്കാണ് നൽകേണ്ടത്. അപേക്ഷ പരിശോധിച്ച് കോഴിക്കോട് റീജനൽ ഓഫിസിലേക്ക് അയച്ചാൽ വൈകാതെ തന്നെ പെൻഷൻ പാസായി വരും. ഓണം, പെരുന്നാൾ, ക്രിസ്മസ്, വിഷു തുടങ്ങിയവക്കാണ് പെൻഷൻ പ്രഖ്യാപിക്കുക. ചിലപ്പോൾ മൂന്നുമാസത്തെയോ നാലുമാസത്തെയോ ഒന്നിച്ചാണ്​ നൽകുക. പെൻഷൻ വിതരണത്തിന് സർക്കാർ സ്പെഷൽ ഫണ്ട് ക്ഷേമനിധി ബോർഡിന് നൽകും.


പെൻഷൻ സർക്കാർ പ്രഖ്യാപിച്ച് കഴിഞ്ഞാൽ ഓരോ ഫിഷറീസ് ഓഫിസർക്കും കീഴിലുള്ള പെൻഷൻകാർക്ക് വിതരണം ചെയ്യേണ്ട സംഖ്യ കോഴിക്കോട് റീജനൽ ഓഫിസിൽ പോയി പണമായി തന്നെ കൊണ്ടുവരണം. അതിനായി എല്ലാ ഫിഷറീസ് ഓഫിസർമാർക്കും ഒരു സൂട്ട്കേസ് ഫണ്ട് ബോർഡ്‌ നൽകും. ഓരോ ആഘോഷവേള അടുക്കുമ്പോഴും പെൻഷൻകാർ ദിവസവും ഓഫിസിൽ വന്ന് പെൻഷൻ എന്നാണ് വരുക എന്ന് അന്വേഷിക്കും. പെൻഷൻ വിതരണം ചെയ്യുന്ന തീയതി പത്രത്തിൽ ഉണ്ടാകും എന്നുപറഞ്ഞ് എല്ലാവരെയും പറഞ്ഞയക്കും.

ഞാൻ ചാർജ് എടുത്തതിനുശേഷം പാസായ പെൻഷൻ വാങ്ങാൻ കോഴിക്കോട്ടേക്ക് പോയി സൂട്ട്കേസിൽ നൂറിന്റെ നോട്ടുകളുമായി വരും. വലിയൊരു ഉത്തരവാദിത്തമായിരുന്നു അത്. വഴിയിൽ എന്തും സംഭവിക്കാം. ഇന്ന് അതെല്ലാം ബാങ്ക് വഴിയാണ്​.


പെൻഷൻ സംഖ്യ ലഭിച്ചാൽ അത് പൊന്നാനി ചന്തപ്പടിയിലുള്ള എസ്.ബി.ടിയിൽ നിക്ഷേപിക്കും. പെൻഷൻ വിതരണ തീയതിയിൽ രാവിലെ പത്തിന് പണം എടുക്കാൻ ബാങ്കിൽ പോകണം. ബാങ്കിൽനിന്ന് പണം കിട്ടുമ്പോഴേക്ക് പതിനൊന്നു മണിയാകും. അതുമായി ഓഫിസിലെത്തുമ്പോൾ വലിയൊരു ജനക്കൂട്ടം ഓഫിസിൽ നിറഞ്ഞിരിക്കും. പെൻഷൻ വിതരണദിവസം ഉറപ്പായാൽ പാലപ്പെട്ടി മുതൽ പൊന്നാനി മീൻതെരുവുവരെയുള്ള ആറു മത്സ്യഗ്രാമങ്ങളിലുള്ള മുഴുവൻ പെൻഷൻകാരും അവരുടെ കാർഡുമായി പുലർച്ച മുതൽ ഓഫിസിനു മുന്നിൽ വരിയായി നിൽക്കും.

ഒരാൾ കാർഡുകൾ വാങ്ങി ക്രമത്തിൽ അട്ടിവെച്ച് കാവൽ നിൽക്കും. മത്സ്യബന്ധന കാലത്ത് കണ്ട പഴയ കൂട്ടുകാരെ കാണാനും പരിചയം പുതുക്കാനുമുള്ള അവസരം കൂടിയായാണ് ഇവർക്ക്​ ഈ ദിവസം. പുലർച്ച മുതൽ എത്തിയ ഇവർ അൽപം അസ്വസ്ഥരായിട്ടുണ്ടാകും. ഓരോരുത്തരെക്കൊണ്ടും ഒപ്പുവെപ്പിച്ചും പണം എണ്ണിക്കൊടുത്തും വളരെ സാഹസപ്പെട്ടായിരുന്നു പെൻഷൻ വിതരണം ചെയ്തിരുന്നത്. അവരുടെ പാസ് ബുക്കിൽ രേഖപ്പെടുത്തുകയും വേണം. ആരും സഹായിക്കാനില്ല. കഷ്ടപ്പെട്ടാലും അവ കൊടുത്ത് പൂർത്തിയാകുമ്പോൾ പറയാൻ പറ്റാത്ത സന്തോഷം അനുഭവപ്പെടും.

കോഴിക്കോട്ടുനിന്ന് കിട്ടുന്ന പെൻഷൻ തുക ഒരു ദിവസത്തേക്ക് എന്തിന് ബാങ്കിലിടണം എന്ന ചിന്ത എന്നെ അലട്ടിയിരുന്നു. പണം വീട്ടിൽ തന്നെ സൂക്ഷിച്ച് പെൻഷൻ വിതരണം ചെയ്യുന്ന ദിവസം നേരത്തേ പോയി കൊടുത്തുകൂടേ എന്നായി ആലോചന. ഏതായാലും അടുത്ത പെൻഷൻ വിതരണത്തിന് അങ്ങനെ ചെയ്യാൻ തീരുമാനിച്ചു. പെൻഷൻ വിതരണ ദിവസം മത്സ്യത്തൊഴിലാളികൾ പ്രഭാത നമസ്കാരം കഴിഞ്ഞ ഉടനെ തന്നെ ഓഫിസിലെത്തും. പെൻഷൻ ബുക്ക് അട്ടിയായി വെച്ച് അവരിൽ ചിലർ ചായ കുടിക്കാൻ പോകും.


അങ്ങനെ അടുത്ത തവണ പെൻഷൻ തുക ബാങ്കിലിടാതെ വീട്ടിൽ സൂക്ഷിച്ചു. പെൻഷൻ വിതരണദിവസം ഞാനും പ്രഭാത നമസ്കാരത്തിനുശേഷം ഓഫിസിലെത്തി. അപ്പോൾ രാവിലെ ഏഴു മണിയായിക്കാണും. ഇതിനകം ക്യൂ അരക്കിലോമീറ്റർ നീണ്ടിട്ടുണ്ട്​. എന്നെ വളരെ നേരത്തേ കണ്ടപ്പോൾ അവർക്ക് അത്ഭുതമായി!

ഞാൻ ഏഴുമണിക്ക് തന്നെ പെൻഷൻ വിതരണം തുടങ്ങി. എല്ലാവരും നല്ലരീതിയിൽ സഹകരിച്ചു. പെൻഷൻ വിതരണം 10 മണിക്കു മുമ്പ് അവസാനിച്ചു. എല്ലാവർക്കും സന്തോഷമായി. എന്നെ കെട്ടിപ്പിടിച്ച് ഓരോരുത്തരും മാറിമാറി ഉമ്മവെക്കാൻ തുടങ്ങി. ഞാൻ ആകെ പരുങ്ങിപ്പോയി. സ്നേഹത്തിന്റെ ചുടുചുംബനങ്ങളായിരുന്നു അത്.

പത്തുമണിക്കുശേഷം വന്നാലും ഞാൻ തന്നെ ഈ ജോലി ചെയ്യണം. നേരത്തേ വന്ന് ചെയ്താലും ഞാൻ തന്നെ ചെയ്യണം. അപ്പോൾ നേരത്തേ വന്നു ചെയ്താൽ സൗകര്യത്തിന് പണിയെടുക്കാനും മത്സ്യത്തൊഴിലാളികൾക്ക് നേരത്തേ വീട്ടിലെത്താനും പറ്റുമല്ലോ എന്നാണ് കരുതിയത്. ഈ ശൈലി ഞാൻ അവിടെനിന്ന് പോരുന്നതുവരെ തുടർന്നു.


സുഖമില്ലാതെ വീട്ടിൽ കഴിയുന്ന പെൻഷൻകാർക്ക് പെൻഷൻ പോസ്റ്റലായി അയക്കണമെന്നാണ് നിയമം. എന്നാൽ, ഉച്ചക്കുശേഷം ഞാൻ എന്റെ വണ്ടിയിൽ ഓരോ പെൻഷൻകാരുടെയും വീട്ടിൽ നേരിട്ടുപോയി പെൻഷൻ കൊടുത്തിരുന്നത് അവർക്ക് അത്ഭുതമായി. നേരിട്ട് മത്സ്യത്തൊഴിലാളികളുടെ വീട്ടിൽ പോയി തുടങ്ങിയപ്പോഴാണ് അവരുടെ ദുരിതം കൂടുതൽ ബോധ്യമായത്. പലർക്കും ചെറ്റക്കുടിലാണ്​.

ചെറിയ കുടിലുകളിൽ കുടുംബങ്ങൾ തിങ്ങിഞെരുങ്ങി കഴിയുന്നു. അടുത്തടുത്തുള്ള കുടിലുകൾ. വൃത്തി തീരെയില്ലാത്ത, രോഗങ്ങൾ പരത്തുന്ന ചുറ്റുപാട്. ഇവ നേരിൽ കണ്ടപ്പോൾ വളരെ സങ്കടം തോന്നി. വോട്ടിനുവേണ്ടി ഉപയോഗപ്പെടുത്തുക എന്നല്ലാതെ ഇവരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ആരും ആത്മാർഥമായി ശ്രമിച്ചില്ല. ചില മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്.


നമ്മുടെ ഓഫിസുകളുടെ ജോലി വിഭജനം വളരെ അശാസ്ത്രീയമാണെന്നതും എടുത്തുപറയേണ്ട കാര്യമാണ്​. ഒരുകൂട്ടർ മരിച്ച് പണിയെടുക്കുമ്പോൾ മറ്റൊരു കൂട്ടർ വെറുതെയിരുന്ന് ശമ്പളം പറ്റുന്നു. ക്ഷേമനിധി ബോർഡിന്റെ കീഴിലുള്ള ഫിഷറീസ് ഓഫിസർമാരുടെ ഓഫിസിൽ ഒരാൾക്ക് ഒറ്റക്ക് ചെയ്തുതീർക്കാവുന്നതിൽ അപ്പുറമാണ്​ ജോലിഭാരം.

അയ്യായിരത്തോളം മത്സ്യത്തൊഴിലാളികളുടെ അംശദായ കലക്ഷൻ, അവരുടെ കുട്ടികളുടെ പഠനാവശ്യത്തിന് നൽകുന്ന സർട്ടിഫിക്കറ്റുകൾ, പെൻഷൻ വിതരണം, വിവിധ ആനുകൂല്യങ്ങളുടെ അപേക്ഷ സ്വീകരണവും വിതരണവും തുടങ്ങി ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുകയാണ്. ഇതിൽ പെൻഷൻ വിതരണവും സർട്ടിഫിക്കറ്റ് വിതരണവും ഫിഷറീസ് വകുപ്പിന് ഏറ്റെടുക്കാവുന്നതാണ്.

ഇതുമായി ബന്ധപ്പെട്ട്​ ഒരു സംഭവം മറക്കാൻ കഴിയില്ല. മത്സ്യത്തൊഴിലാളികളുടെ ക്ഷേമത്തിനായി ആവിഷ്കരിച്ചതാണ് സമ്പാദ്യ ആശ്വാസ പദ്ധതി. ഇതുപ്രകാരം നാലുമാസം ഒരു നിശ്ചിത സംഖ്യ അടച്ചാൽ പഞ്ഞമാസങ്ങളിൽ അടച്ചതിന്റെ ഇരട്ടി തുക നൽകും. മത്സ്യത്തൊഴിലാളികൾക്ക് കൂടുതൽ മത്സ്യം ലഭിക്കുന്ന മാസങ്ങളിലാണ് തുക അടക്കേണ്ടത്. ഓരോ മാസവും അവസാന ആഴ്ചയിൽ. ക്ഷേമനിധിയിൽ വർഷാന്ത അടവ് അടച്ചവർക്കാണ് ഇതിൽ ചേരാൻ പറ്റുക. മത്സ്യ ത്തൊഴിലാളികൾ നേരിട്ട് ഫിഷറീസ് വകുപ്പുമായി ബന്ധപ്പെടുന്ന ഏക പദ്ധതിയാണിത്.


പണം അടക്കാനുള്ള അവസാനദിവസം നല്ല തിരക്കാണ്. ക്ഷേമനിധി അടക്കുന്നവർ അതുകഴിഞ്ഞ് മൂന്നു കൗണ്ടറുകളിലായി ഇരിക്കുന്ന ഉദ്യോഗസ്ഥരുടെ മുന്നിലെത്തി സമ്പാദ്യ ആശ്വാസ പദ്ധതിയുടെ തുകയും അടച്ചിട്ട്​ പോകും. സംഖ്യ സ്വീകരിക്കുന്നതിന് മൂന്നു കൗണ്ടറുകളിൽ ആറുപേരാണ്​ ഉണ്ടാകുക. എന്നാൽ, ക്ഷേമനിധി തുക വാങ്ങി രസീത് കൊടുത്ത് ക്ഷേമനിധി കാർഡിൽ രേഖപ്പെടുത്താൻ ഫിഷറീസ് ഓഫിസറായ ഒരാൾ മാത്രവും.

അന്നൊരിക്കൽ വൈകുന്നേരം അഞ്ചുമണിയോടടുത്ത് ഒരു ബോട്ടിലെ തൊഴിലാളികൾ ഒന്നിച്ച് എന്റെ റൂമിൽ വന്ന് ക്ഷേമനിധി വിഹിതം അടച്ച് വേഗത്തിൽ സമ്പാദ്യ ആശ്വാസ പദ്ധതിയിലെ തുക അടക്കാൻ ഒന്നിച്ച് താഴെയിറങ്ങി. അപ്പോഴേക്കും സമയം 5.15 ആയി. പണം പിരിച്ചിരുന്ന ഓഫിസിലുള്ളവർ വാതിലടച്ച് ഉള്ളിലേക്ക് പോയി. തൊഴിലാളികൾ ചോദിച്ചപ്പോൾ അഞ്ചുമണിവരെയാണ് പ്രവർത്തനസമയം എന്നവർ ശഠിച്ചു.

ആ തുക അന്ന് അടച്ചില്ലെങ്കിൽ അവർക്ക് ആ വർഷത്തെ പദ്ധതി തന്നെ നഷ്ടപ്പെടും. തുക പിരിക്കുന്ന ഉദ്യോഗസ്ഥർ ഫിഷറീസ് ഓഫിസിൽ തന്നെയാണ് താമസിച്ചിരുന്നത്. പണം എടുക്കില്ലെന്ന ഉദ്യോഗസ്ഥരുടെ മറുപടി കേട്ട് മത്സ്യത്തൊഴിലാളികൾ ക്ഷുഭിതരായി.

അവർ വാതിൽ ബലംപ്രയോഗിച്ച് ചവിട്ടിത്തുറന്നു. തങ്ങളുടെ പക്കൽനിന്ന് തുക വാങ്ങിയില്ലെങ്കിൽ ഒരാളും ജീവനോടെ പോകില്ലെന്ന് ഭീഷണിപ്പെടുത്തി. 'മുകളിലുള്ള ഓഫിസർക്ക് പൈസ വാങ്ങാൻ ഒരു മടിയും ഇല്ലല്ലോ. ഇവിടെ കിടന്നുറങ്ങുന്ന നിങ്ങൾക്ക് തൊഴിലിന് പോയ ഞങ്ങളിൽനിന്ന് പൈസ വാങ്ങാൻ എന്തുകൊണ്ട് പറ്റുന്നില്ല?' എന്നൊക്കെ അവർ ചോദ്യം ഉയർത്തുന്നുണ്ട്.


ബഹളം കേട്ടപ്പോൾ ഞാൻ ഇറങ്ങിച്ചെന്നു. ജീവനക്കാർ ആകെ ഭയപ്പെട്ടിരിക്കുകയായിരുന്നു. ഞാൻ ഇടപെട്ടു. അവരുടെ പക്കൽനിന്ന് പൈസ ശേഖരിക്കാൻ തയാറായി. എന്തും ചെയ്യാൻ മടിക്കാത്ത തൊഴിലാളികളിൽനിന്ന് തൽക്കാലം ഉദ്യോഗസ്ഥർ രക്ഷപ്പെട്ടു. പിന്നെയും കുറെ തൊഴിലാളികൾ എന്റെ ഓഫിസിൽ വന്നുകൊണ്ടിരുന്നു. ഏകദേശം ഏഴുമണി വരെ ഇത് തുടർന്നു. തൊഴിലാളികൾ പോയതിനുശേഷം ഞാൻ ഉദ്യോഗസ്ഥരോട് കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്തി. നമ്മൾ ശമ്പളം വാങ്ങുന്നത് ഇവർ നൽകുന്ന നികുതിപ്പണത്തിൽനിന്നാണ്. അവർ നമ്മുടെ യജമാനന്മാരാണ്.

നിങ്ങൾ ഒന്നോ രണ്ടോ മാസം ഊഴമിട്ടാണ് ഓഫിസിൽ വരുന്നത്. വന്നാലെങ്കിലും എന്തെങ്കിലും ജോലിചെയ്യാൻ തയാറാകണമെന്ന് സൗഹൃദത്തിൽ തന്നെ അവരെ ഓർമിപ്പിച്ചു. നേരത്തേ സൂചിപ്പിച്ചപോലെ ജോലി വിഭജനത്തിന്റെ അശാസ്ത്രീയതയാണിത്. ചിലർ മരിച്ചു പണിയെടുക്കും. ചിലർ പണിചെയ്യാതെ ശമ്പളം പറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pensionfisheries menmystory
News Summary - fisheries men pension distribution experience , mystory
Next Story