Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_right‘പഠന കാലയളവിൽ തന്നെ...

‘പഠന കാലയളവിൽ തന്നെ തൊഴിൽ സംരംഭം തുടങ്ങാം. സഹായത്തിന് കേന്ദ്ര-സംസ്ഥാന സർക്കാർ പദ്ധതികളും​. അവസരങ്ങളുടെ ലോകമാണ്​ ഇന്ന്​ വിദ്യാർഥികളുടെ മുന്നിൽ...’

text_fields
bookmark_border
student entrepreneurship
cancel

പത്തൊമ്പതാം വയസ്സിലാണ്​ റിതേഷ് അഗർവാളിന്റെ മനസ്സിൽ ഒരു ലഡുപൊട്ടിയത്​. സ്വന്തമായി ഒരു ബിൽഡിങ് പോലുമില്ലാതെ ലോഡ്ജുകൾ നടത്താമെന്നും വലിയ സമ്പാദ്യം ഉണ്ടാക്കാമെന്നും കത്തിയ ആശയം. പിന്നീട് ആ ചിന്തയിൽനിന്ന്​ ഉയർന്ന ഓയോ റൂം എന്ന ഹോട്ടൽ ശൃംഖല ഇന്ത്യയിൽ ആകമാനം ചുരുങ്ങിയ കാലംകൊണ്ട് വ്യാപിപ്പിക്കാൻ റിതേഷിന് കഴിഞ്ഞു.

വയനാട്ടുകാരനായ പി.സി. മുസ്തഫ 2005ൽ തുടങ്ങിയ ഐഡി ഫ്രഷ് ഇന്ന് ലോക പ്രശസ്തമായ ഭക്ഷ്യ ഉൽപന്നങ്ങൾ വിതരണംചെയ്ത്​ വിപണി കീഴടക്കുന്നു. മുസ്തഫയും തന്‍റെ സംരംഭം തുടങ്ങിയത് പഠനകാലത്ത് തന്നെ.

ഇ-ഡിസൈൻ സർവിസസ്​ എന്ന സ്ഥാപനം തുടങ്ങുമ്പോൾ കോഴിക്കോട്ടുകാരിയായ ശ്രീലക്ഷ്മിക്ക് പ്രായം 16 മാത്രം. തന്‍റെ വെബ് ഡിസൈനിങ്​ പാടവം ആ കുട്ടി സീരിയസാക്കിയപ്പോൾ മുന്നിൽ തുറന്നത് വലിയ വിപണന സാധ്യതകൾ. 2011ൽ ശ്രീലക്ഷ്മി ആരംഭിച്ച സംരംഭത്തിന്​ ഇന്ന് ആയിരക്കണക്കിനാണ്​ ഉപഭോക്താക്കൾ.


വിദ്യാർഥികൾ തന്നെ സമ്പത്ത്​

ഇങ്ങനെ കേരളത്തിന്​ അകത്തും പുറത്തും ചെറിയ രീതിയിൽ പഠനത്തോടൊപ്പം സംരംഭം ആരംഭിച്ച ഒരുപാട്​ വിദ്യാർഥികൾ ഇന്ന് വലിയ സംരംഭകരായി മാറി. ‘സീറോ ടു മേക്കർ, മേക്കർ ടു എന്റർപ്രണർ, എന്റർപ്രണർ ടു ഇൻവെസ്റ്റർ’ എന്ന സങ്കൽപമാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെ സംരംഭകരായി മാറാൻ വേണ്ടതെന്ന്​ ഈ മേഖലയിൽ ശിൽപശാലകൾ നടത്തുന്ന രാജേഷ് നായർ എന്ന എം.ഐ.ടി പ്രഫസർ പറയുന്നു. ഓരോ കുട്ടിയും വ്യത്യസ്തരാണ്. അവരുടെ നൈപുണ്യവും കഠിനാധ്വാനവും പഠനത്തോടൊപ്പം സംരംഭകത്വത്തിലേക്കുകൂടി നയിക്കാനായാൽ നമ്മുടെ കലാലയ പ്രക്രിയയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാനാകും.

ഒരു സ്റ്റാർട്ടപ് സംസ്കാരം ഇന്ന് കലാലയങ്ങളിൽ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളോടൊപ്പം മുഖ്യസ്ഥാനത്ത് വരുകയാണ്. ആദ്യകാലങ്ങളിൽ ഇത് നഗരങ്ങളിലും പട്ടണങ്ങളിലുമുള്ള സ്ഥാപനങ്ങളിൽ മാത്രമാണെങ്കിൽ ഇന്ന് ഗ്രാമങ്ങളിലും ഏറെ പ്രാധാന്യത്തോടു കൂടി ആരംഭിച്ചു.

വിദ്യാർഥി സംരംഭകത്വത്തിന് ലഭിക്കുന്ന പിന്തുണ തന്നെയാണ് ഇതിന്​ കാരണം. കേന്ദ്രസർക്കാറിന്‍റെ വിവിധ പദ്ധതികളിലൂടെയും സ്വകാര്യ നിക്ഷേപകരിലൂടെയും വിദ്യാർഥി സംരംഭകത്വത്തിന് സാമ്പത്തികവും സാങ്കേതികവുമായ സഹായങ്ങൾ ലഭിക്കുന്നു.

അടൽ ഇന്നവേഷൻ മിഷന്റെ ആഭിമുഖ്യത്തിൽ സാമ്പത്തിക സഹായം, മെന്ററിങ്, സാങ്കേതിക സഹായം തുടങ്ങിയവ വേഗത്തിൽ വിദ്യാർഥികൾക്ക് എത്തിക്കാൻ കഴിയുന്നു. ബിസിനസ് ഇൻക്യുബേഷൻ, മെന്ററിങ്​ തുടങ്ങിയ മൂന്ന് അടിസ്ഥാന മേഖലകളിൽ അടൽ ഇന്നവേഷൻ മിഷൻ പ്രവർത്തിക്കുന്നുണ്ട്​.

കൂടാതെ സ്റ്റാർട്ടപ് ഇന്ത്യ മിഷൻ നികുതി ഇളവുകൾ, നിയമ നൂലാമാലകളിൽ നിന്നുള്ള സംരക്ഷണം, സാമ്പത്തിക സഹായങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവ ഒരുക്കും. സ്വകാര്യമേഖലയിൽ ധാരാളം സ്ഥാപനങ്ങളും സംഘടനകളും വിദ്യാർഥി സംരംഭകത്വത്തിന് നേതൃപരമായ പങ്ക് വഹിക്കുന്നുണ്ട്.


സാധ്യതകൾ

ലോകത്തിലെ ഏറ്റവും വലിയ വിപണികളിലൊന്നാണ്​ ഇന്ത്യ. ഏത് ഉൽപന്നവും നവീനവും ഗുണമേന്മയും പുലർത്തിയാൽ വിപണി കണ്ടെത്താൻ പ്രയാസമില്ല. ഇത് നവ സംരംഭകർക്ക്, പ്രത്യേകിച്ച് വിദ്യാർഥികൾക്ക് ഏറെ ഉന്മേഷം നൽകുന്നു. ആരോഗ്യം, കാർഷികം, ചെറുകിട വ്യവസായം, സേവനം, സാമ്പത്തിക-സാമൂഹിക മേഖല, മത്സ്യബന്ധന മേഖല, ഇ-കോമേഴ്സ് തുടങ്ങിയ മേഖലകളിലാണ്​ സംരംഭകത്വ സാധ്യതകൾ. നിലവിൽ ഈ മേഖലയിലെ പോരായ്മകൾ മനസ്സിലാക്കി അതിന്​ പരിഹാരമാകാൻ കഴിഞ്ഞാൽ വിദ്യാർഥി സംരംഭകത്വത്തിൽ പുതിയ വഴിത്തിരിവ് ഉണ്ടാക​ും.

സാങ്കേതിക വിദ്യകളെ എളുപ്പം സ്വായത്തമാക്കുന്നതിൽ​ വിദ്യാർഥികൾക്കുള്ള മികവ്​ സംരംഭകത്വത്തിന്റെ സാധ്യത വർധിപ്പിക്കുന്നു. നിർമിത ബുദ്ധി, ക്ലൗഡ് കമ്പ്യൂട്ടിങ്​ ടെക്നോളജി, ഇൻറർനെറ്റ് ഓഫ് തിങ്സ്, റിപ്പോർട്ടിങ്​, റോബോട്ടിക്സ് തുടങ്ങിയ എല്ലാ സാങ്കേതിക വിദ്യകളും വിദ്യാർഥികൾക്ക്​ എളുപ്പം സ്വായത്തമാക്കാൻ കഴിയുന്നു. ഇത്​ ഉൽപാദന, വിതരണ മേഖലയിൽ ആധിപത്യം സ്ഥാപിക്കാൻ അവരെ സഹായിക്കുകയും ചെയ്യുന്നു.


വളരാൻ ഏറെയുണ്ട്​

നമ്മുടെ ജനസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ ഇനിയും ഏറെ പ്രചാരം വിദ്യാർഥി സംരംഭകത്വത്തിന് ലഭിക്കേണ്ടതുണ്ട്. വിദ്യാർഥി സംരംഭകത്വം, പരിശീലനം എന്നിവയിൽ 54 വികസിത വികസ്വര രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ 49ാം സ്ഥാനത്താണെന്ന് ഗ്ലോബൽ സംരംഭകത്വ മോണിറ്റർ സൂചിക അടയാളപ്പെടുത്തുന്നു.

ബ്രിട്ടനും കാനഡയും അമേരിക്കയും ഇസ്രായേലും വിദ്യാർഥി സംരംഭകത്വത്തിൽ ഏറെ മുന്നിലാണ്​. ഇവിടെയൊക്കെ മുഖ്യധാരാ വിദ്യാഭ്യാസത്തേക്കാൾ പ്രചാരവും പ്രാധാന്യവും സംരംഭകത്വ വിദ്യാഭ്യാസത്തിന് നൽകുന്നു.

നേരിടുന്ന പ്രശ്നങ്ങൾ

ഇന്ത്യയിലെ വിദ്യാർഥി സംരംഭകത്വം ഇപ്പോഴും നേരിടുന്ന പ്രധാനപ്പെട്ട പ്രശ്നങ്ങളിൽ ഒന്ന് സാമ്പത്തികമാണ്. ഏതൊരു സ്ഥാപനത്തിനും മൂലധനം അത്യന്താപേക്ഷിതമാണ്. വിദ്യാർഥികൾക്ക് മൂലധന സമാഹരണത്തിന് ഇന്നും സാധ്യതകൾ പരിമിതമാണ്. മുഖ്യധാരാ ബാങ്കുകളുടെ പഴഞ്ചൻ നിയന്ത്രണങ്ങൾ, നിയമങ്ങൾ എന്നിവ മാറ്റാതെ മുന്നോട്ടു പോകാൻ പറ്റില്ല. ഇന്നവേഷൻ മിഷൻ, കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ വിവിധ പദ്ധതികൾ, പ്രത്യേകിച്ച് കേരള സ്റ്റാർട്ടപ് മിഷൻ, കെ ഡിസ്ക്, ഇന്നവേഷൻ പ്രോഗ്രാം തുടങ്ങിയ സ്ഥാപനങ്ങളിലൂടെയും വിദ്യാർഥി സംരംഭകത്വത്തിന് സാമ്പത്തിക സഹായം നൽകാൻ സർക്കാർ ശ്രമിക്കുന്നു.

മെന്റർഷിപ് പ്രശ്നം

മിക്ക കലാലയങ്ങളിലും ഇന്നും ശാസ്ത്രം, ഭാഷ, മാനവിക വിഷയങ്ങൾ, ഗണിതം തുടങ്ങിയവ പഠിപ്പിക്കുന്ന അധ്യാപകരും ലാബുകളും മാത്രമാണുള്ളത്. സംരംഭകത്വ വിദ്യാഭ്യാസത്തിനും പരിശീലനത്തിനും ഒരു വിദ്യാർഥിക്ക് സംരംഭം തുടങ്ങാനുള്ള സഹായം നൽകാനും ഒരു സംവിധാനവും മിക്ക സംസ്ഥാനങ്ങളിലും പൂർണാർഥത്തിൽ ഇല്ല. ഒരു സംരംഭം തുടങ്ങാനും ആദ്യത്തെ രണ്ടു വർഷവും അതിന്റെ പ്രാരംഭ ദശയിലും നേരിടുന്ന പല പ്രശ്നങ്ങളെയും ലഘൂകരിക്കാനും സഹായിക്കാനും മെന്റർമാരുടെ സേവനം ആവശ്യമാണ്.

നിയന്ത്രണ ഏജൻസികളുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങളും വെല്ലുവിളിയാണ്​. നികുതി ഈടാക്കൽ, വിവിധ നിയമങ്ങൾ എന്നിവ വിദ്യാർഥികൾക്ക്​ അറിയണമെന്നില്ല. സ്വാഭാവികമായും ഇത്​ പ്രായോഗികതലത്തിൽ വളരെ ബുദ്ധിമുട്ടുണ്ടാക്കുന്നു. നടപടിക്രമങ്ങളിലെ സങ്കീർണതയും നിയമ നൂലാമാലകളും നിയന്ത്രിത ഏജൻസികളുടെ സുതാര്യമല്ലാത്ത പ്രവർത്തനങ്ങളും വിദ്യാർഥി സംരംഭകത്വത്തിന് വലിയ വെല്ലുവിളിയാണ്​. സുതാര്യവും ലളിതവുമായ നടപടിക്രമങ്ങൾ വേണം. പഠനത്തോടൊപ്പം നടത്തുന്ന സംരംഭകത്വത്തിന് നിയന്ത്രണങ്ങൾ ഒന്നുംതന്നെ ഉണ്ടാവില്ല എന്ന വിശ്വാസം വരണം.


ഏതൊക്കെയാകാം സംരംഭങ്ങൾ

ഭക്ഷ്യവിഭവങ്ങൾ ഒഴികെ മറ്റേത്​ സംരംഭം തുടങ്ങാനും വിദ്യാർഥികൾക്ക് ലൈസൻസ്​ വേണ്ട എന്നതാണ് സർക്കാർ തീരുമാനം. ഭക്ഷ്യ ഉൽപന്നങ്ങൾ തുടങ്ങാൻ ഫുഡ് സേഫ്റ്റി വകുപ്പിന്‍റെ അനുമതി വേണം. ഒരു സംരംഭം വീട്ടിൽ തന്നെ തുടങ്ങാമെന്ന്​ ചുരുക്കം. അതിനുള്ള എല്ലാ സഹായവും നൽകാൻ ജില്ല വ്യവസായ കേന്ദ്രങ്ങൾ, കെ ഡിസ്ക്, കേരള സ്റ്റാർട്ടപ് മിഷൻ, താലൂക്ക് വ്യവസായ കേന്ദ്രങ്ങൾ എന്നിവ സജ്ജമാണ്​. ഓരോ സ്കൂളുകളിലും ഹയർ സെക്കൻഡറി തലം മുതൽ സംരംഭകത്വ വികസന ക്ലബുകൾ തുടങ്ങി. വൈ.ഐ.പി പദ്ധതിയുടെ ആഭിമുഖ്യത്തിൽ നിർബന്ധമായും കുട്ടികളുടെ ആശയങ്ങൾ രജിസ്റ്റർ ചെയ്യാനുള്ള നിർദേശങ്ങൾ കെ ഡിസ്ക് വഴി സ്കൂളുകൾക്ക് നൽകിയിട്ടുണ്ട്.

നെറ്റ്​വർക്കുകളുടെ അഭാവം

മികച്ച നെറ്റ്‌വർക്കുകളുടെ അഭാവവും പ്രതിസന്ധിയാണ്​. ഫണ്ടിങ് ഏജൻസികൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയുടെ ലഭ്യതയെക്കുറിച്ചും സാങ്കേതിക സഹായങ്ങളെക്കുറിച്ചുമുള്ള അറിവില്ലായ്മ വിദ്യാർഥി സംരംഭകരെ ഏറെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്. ഒരു ഏകോപന ഏജൻസിയുടെ അഭാവം നേരിടുന്നുണ്ട്​. ഇത് പരിഹരിക്കാൻ എല്ലാ വ്യവസായ കേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ ഏകോപന ഏജൻസി പ്രവർത്തിക്കണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student entrepreneurship
News Summary - student entrepreneurship
Next Story