Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightColumnschevron_rightCareerchevron_rightകൃത്യമായ പ്ലാനും...

കൃത്യമായ പ്ലാനും തയാറെടുപ്പുകളുമായി നേരത്തേ ഒരുക്കം തുടങ്ങിയാൽ പരീക്ഷയെ കൂളായി നേരിടാം...

text_fields
bookmark_border
nest application invited
cancel

2023 മാർച്ചിൽ നടക്കേണ്ട ബോർഡ് എക്സാമുകളായ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷ തീയതികൾ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇനി അഞ്ചുമാസം മാത്രം. അതിനുമുമ്പ് ഡിസംബറിൽ പാദവാർഷിക പരീക്ഷയും ഫെബ്രുവരിയിൽ മോഡൽ പരീക്ഷയും നടക്കും. അതിനാൽ വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം ഇനിമുതൽ പരീക്ഷക്കാലമാണ്. കൃത്യമായ പ്ലാനും തയാറെടുപ്പുകളുമായി നേരത്തേ ഒരുക്കം തുടങ്ങിയാൽ കൂളായി പരീക്ഷയെ നേരിടാം.
വിദ്യാർഥികളുടെ പഠനപ്രക്രിയയിൽ പരീക്ഷകൾ നിർണായക പങ്കുവഹിക്കുന്നു. വിഷയത്തെക്കുറിച്ചുള്ള അറിവും ധാരണയും പരീക്ഷിക്കുക മാത്രമല്ല, അവരുടെ ശക്തിയും ബലഹീനതയും തിരിച്ചറിയാനും വിദ്യാർഥികളെ സഹായിക്കുന്നു. ബോർഡ് പരീക്ഷ വന്നാൽ പിന്നെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ആശങ്കയാണ്. എന്നാൽ, പരീക്ഷകളെ മനശ്ശാസ്ത്ര സമീപനത്തോടെ സമീപിക്കാൻ രക്ഷിതാക്കളും അധ്യാപകരും തയാറായാൽ മികച്ച രീതിയിൽ വിദ്യാർഥികളെ മുന്നോട്ടുനയിക്കാൻ കഴിയും.

പരീക്ഷയിലെ തോൽവി ജീവിതത്തിലെ തോൽവിയായും പരീക്ഷയിലെ വിജയം ജീവിതത്തിലെ വിജയമായും കരുതേണ്ടതില്ല. എല്ലാവരുടെയും പഠനശൈലി വ്യത്യസ്തമാണെന്ന കാര്യം ഓർക്കുക. ബോർഡ് പരീക്ഷകളിൽ ഉയർന്ന ഗ്രേഡുകൾ നേടുന്നതിന് സ്ഥിരത, അർപ്പണബോധം, നന്നായി ആസൂത്രണം ചെയ്യുക, പഠനത്തോടുള്ള നല്ല സമീപനം എന്നിവ പ്രധാനമാണ്.

തയാറെടുപ്പ് നേരത്തേ തുടങ്ങാം

തയാറെടുപ്പ് വിദ്യാർഥികളെ പഠിക്കാൻ തയാറാക്കുന്നു. കൃത്യസമയത്ത് സിലബസ് കവർ ചെയ്യാനും കാര്യക്ഷമമായി പരിശീലിക്കാനും വിദ്യാർഥികളെ പ്രാപ്തരാക്കുന്നു. സമ്മർദവും പരീക്ഷഭയവും പിരിമുറുക്കവും കുറക്കാനും പഠനത്തിൽ ആത്മവിശ്വാസം വർധിപ്പിക്കാനും നേരത്തേയുള്ള തയാറെടുപ്പ് സഹായിക്കുന്നു. എല്ലാറ്റിലും വിദഗ്ധൻ ഒരു കാലത്ത് തുടക്കക്കാരനായിരുന്നു എന്ന് ഓർക്കുക. നാളത്തേക്കുള്ള ഏറ്റവും നല്ല തയാറെടുപ്പ് ഇന്ന് നിങ്ങൾ പരമാവധി ചെയ്യുക എന്നതാണ്.

മികച്ച ഒരു പഠനപദ്ധതി തയാറാക്കുക

പഠനത്തിനുള്ള നിശ്ചിത ഷെഡ്യൂളും സ്ഥിരമായ സ്ഥലവും അതുപോലെ തന്നെ ഓരോ വിഷയവും പഠിക്കാൻ മതിയായ സമയവും നിശ്ചയിക്കുക. പഠനങ്ങൾക്കിടയിൽ ചെറിയ ഇടവേള കണ്ടെത്തുക. പ്രയാസമുള്ള വിഷയങ്ങൾക്ക് കൂടുതൽ സമയം കരുതുക. ഇത് പഠനം ട്രാക്കിൽ തുടരാനും ഫോക്കസ് വർധിപ്പിക്കാനും കഴിയും. ഒരു ദിനചര്യ വിദ്യാർഥികളെ അവരുടെ പഠനത്തിന് മുൻഗണന നൽകാനും ഓരോ വിഷയത്തിലും മതിയായ സമയം ചെലവഴിക്കുന്നുവെന്ന് ഉറപ്പാക്കാനും സഹായിക്കുന്നു.

പരമാവധി കുറിപ്പുകൾ തയാറാക്കുക

നോട്ടുകൾ എടുക്കുന്നത് പരീക്ഷയുടെ ഒരു പ്രധാന പ്രക്രിയയാണ്. പഠിക്കുമ്പോൾ വ്യക്തവും സംക്ഷിപ്തവുമായ കുറിപ്പുകൾ എടുക്കുക. ഇത് മികച്ച പ്രകടനത്തിനും പെട്ടെന്നുള്ള പുനരവലോകനത്തിനും സഹായിക്കും. ക്ലാസിലെ ഒരു പ്രധാന പ്രവർത്തനമാണ് കുറിപ്പുകൾ തയാറാക്കൽ. നല്ല കുറിപ്പ് എഴുതിവെക്കൽ നിങ്ങളുടെ സജീവമായ ശ്രവണശേഷി, കണ്ടൻറ് എന്നിവ മനസ്സിലാക്കാനും അവ മെമ്മറിയിൽ നിലനിർത്താനും സാധിക്കുന്നു.


മൈൻഡ് മാപ്പിങ്

ഒരു മൈൻഡ് മാപ്പ് എന്നത് ടാസ്കുകൾ, ആശയങ്ങൾ, വാക്കുകൾ അല്ലെങ്കിൽ ഇനങ്ങളെ പ്രതിനിധീകരിക്കുന്നതിനുള്ള ഒരു ഡയഗ്രം ആണ്. ഒരു മൈൻഡ് മാപ്പിൽ ഒരു കേന്ദ്ര തീം എഴുതുകയും കേന്ദ്രത്തിൽനിന്ന് പ്രസരിക്കുന്ന പുതിയതും ബന്ധപ്പെട്ടതുമായ ആശയങ്ങളെ കുറിച്ച് ചിന്തിക്കുന്നതും ഉൾപ്പെടുന്നു. വളരെ വേഗത്തിൽ നിങ്ങളുടെ തലച്ചോറിന് ഒരു മൈൻഡ് മാപ്പിലെ വിവരങ്ങൾ പ്രോസസ്സ് ചെയ്യാൻ കഴിയും. മൈൻഡ് മാപ്പിങ് വിദ്യാർഥികളെ പുതിയ വിവരങ്ങൾ നന്നായി ഓർമിക്കാനും മനസ്സിലാക്കാനും സഹായിക്കുന്നു.

മൈൻഡ് മാപ്പ് കൊണ്ടുള്ള ഗുണങ്ങൾ

● റിവ്യൂ ചെയ്യാൻ എളുപ്പം

● ഓർമശക്തി വർധിപ്പിക്കുന്നു.

● വിവരങ്ങൾ ഓർഗനൈസ് ചെയ്യുന്നു

● സമയം ലാഭിക്കാം

ഒരു കേന്ദ്രആശയത്തോടെ ആരംഭിക്കുക

● ഒരു വെള്ള പേപ്പറിന്റെ മധ്യഭാഗത്ത് നിങ്ങൾ പഠിക്കാൻ ആഗ്രഹിക്കുന്ന പ്രധാന വിഷയമോ ആശയമോ എഴുതുക

● പ്രധാന പോയന്റുകൾ ഉപയോഗിച്ച് ബ്രാഞ്ച് ഔട്ട്. കേന്ദ്ര ആശയത്തിൽനിന്ന് പ്രസരിക്കുന്ന ശാഖകൾ വരക്കുക.

● ഓരോ ബ്രാഞ്ചിലും പ്രധാന വിഷയവുമായി ബന്ധപ്പെട്ട ഒരു പ്രധാന പോയന്റോ ഉപവിഷയമോ എഴുതുക

● കീ വേഡുകളും ചിത്രങ്ങളും ഉപയോഗിക്കുക.

● ആശയങ്ങൾ ബന്ധിപ്പിക്കുക.ഇതിനായി വരകൾ വരക്കുക.

● കളർ കോഡ്. മൈൻഡ് മാപ്പ് കൂടുതൽ ആകർഷകമാക്കാൻ വ്യത്യസ്ത നിറങ്ങൾ ഉപയോഗിക്കുക.പ്രധാന ആശയങ്ങൾക്ക് ഒരു നിറം.ഉപവിഷയങ്ങൾക്കായി മറ്റൊന്ന് മുതലായവ.

● വിശദാംശങ്ങൾ ചേർക്കുക.ഓരോ ഉപവിഷയത്തിനും കീഴിലും കൂടുതൽ വിശദാംശങ്ങളോ ഉദാഹരണങ്ങളോ ചേർക്കാൻ കഴിയും

● മൈൻഡ് മാപ്പ് ലളിതമായിരിക്കണം.

പരിശീലനം പതിവാക്കുക

പ്രാക്ടിസ് ടെസ്റ്റുകൾ നടത്തി പ്രകടനം സ്വയം വിലയിരുത്തുക. മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയുകയും അതിനുവേണ്ടി കൂടുതൽ സമയം കണ്ടെത്തുകയും ചെയ്യുക. സാമ്പ്ൾ പേപ്പറുകൾ, മുൻവർഷങ്ങളിലെ ചോദ്യപേപ്പറുകൾ, മോക് ടെസ്റ്റുകൾ എന്നിവ ചെയ്ത് പരിശീലിക്കുക. ഉത്കണ്ഠ കുറക്കാനും പരീക്ഷ പാറ്റേൺ മനസ്സിലാക്കാനും സമയ മാനേജ്മെൻറ് കഴിവുകൾ മെച്ചപ്പെടുത്താനും ഇത് സഹായിക്കും.

പരീക്ഷ സിലബസ്, വിഷയങ്ങളുടെ വെയിറ്റേജ്, ചോദ്യപേപ്പർ പാറ്റേൺ എന്നിവയെ കുറിച്ച് ഇതിലൂടെ പരിചയപ്പെടാൻ സാധിക്കും. പബ്ലിക് പരീക്ഷക്കുമുമ്പ് നിരവധി പരീക്ഷകൾ ചെയ്ത് പരിശീലിക്കുക. നിങ്ങളുടെ പ്രകടനം വിലയിരുത്തുക. തെറ്റ് വരുത്തിയ മേഖലകൾ തിരിച്ചറിയുകയും തെറ്റുകളിൽനിന്ന് പഠിക്കുകയും അവ മെച്ചപ്പെടുത്താൻ പ്രവർത്തിക്കുകയും ചെയ്യുക. ഭംഗിയായി പരീക്ഷ എഴുതാൻ പഠിക്കുക. തലക്കെട്ടുകളും ഉപതലക്കെട്ടുകളും ഉപയോഗിക്കുക. പ്രധാന പോയന്‍റുകൾ അടിവരയിടുക. ഉത്തരക്കടലാസ് നന്നായി ചിട്ടപ്പെടുത്തുക.

സ്ക്രീൻ സമയം

മൊബൈൽ ഉപയോഗത്തിനും ടി.വി കാണാനും സമയം പരിമിതപ്പെടുത്തുക. പഠനസമയത്ത് ഇത്തരം ഡിവൈസുകൾ ഉപയോഗിക്കാതിരിക്കുക. സോഷ്യൽ മീഡിയയിൽ ജീവിച്ച് സമയം വെറുതെ നഷ്ടപ്പെടുന്നത് ശ്രദ്ധിക്കുക.

റിവിഷൻ

ഏതെങ്കിലും ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് നിങ്ങൾ പഠിച്ചതെല്ലാം ഏകീകരിക്കാനുള്ള മികച്ച മാർഗമാണ് പരീക്ഷ റിവിഷൻ. കാലക്രമേണ വർധിച്ചുവരുന്ന ഇടവേളകളിൽ വിവരങ്ങൾ അവലോകനം ചെയ്യുന്ന ഒരു രീതിയാണ് സ്പേസ്ഡ് ആവർത്തനം. ദീർഘകാലത്തേക്ക് വിവരങ്ങൾ നിലനിർത്തുന്നതിന് ഇത് സഹായിക്കുന്നു.

● റിവിഷൻ നേരത്തേ ആരംഭിക്കുക

● പഠന ഇടം ക്രമീകരിക്കുക.

● എല്ലാ തടസ്സങ്ങളും സ്വിച്ച് ഓഫ് ചെയ്യുക

● പഠനസമയത്ത് വേണ്ട സ്റ്റേഷനറികളും മറ്റ് ഉപകരണങ്ങളും തയാറാക്കിവെക്കുക.

● ഫ്ലാഷ് കാർഡുകളോ സ്റ്റിക്കി നോട്ടുകളോ ഉണ്ടാക്കുക.

പോസിറ്റിവായി തുടരുക

പോസിറ്റിവ് മനോഭാവം വിദ്യാർഥികൾ അവരുടെ ബലഹീനതകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനു പകരം അവരുടെ ശക്തികളിൽ ഫോക്കസ് ചെയ്യാൻ സഹായിക്കുന്നു. എപ്പോഴും പോസിറ്റിവ് മനോഭാവം നിലനിർത്തുക. ബുദ്ധിയോ ശക്തിയോ അല്ല വേണ്ടത്. നമ്മുടെ സാധ്യതകളെ അൺലോക്ക് ചെയ്യുന്നതിനുള്ള താക്കോലാണ് നിരന്തര പ്രയത്നം. നിങ്ങൾ ആഗ്രഹിക്കുന്നത് നേടുന്നതിന് കഠിനാധ്വാനം ചെയ്യുക.

ആരോഗ്യകരമായ ജീവിതശൈലി

ആരോഗ്യവും അക്കാദമിക് നേട്ടവും തമ്മിൽ വലിയ ബന്ധമുണ്ട്. നിങ്ങളുടെ ശാരീരിക മാനസിക ആരോഗ്യം മെച്ചപ്പെടുത്തുക. സമീകൃതാഹാരം കഴിക്കുക. പതിവായി വ്യായാമം ചെയ്യുക. സമ്മർദം നിയന്ത്രിക്കുക. മതിയായ ഉറക്കം ഉറപ്പുവരുത്തുക. ആവശ്യമായ അളവിൽ വെള്ളം കുടിക്കുക. മനസ്സും ശരീരവും നല്ലനിലയിൽ നിലനിർത്തുന്നതിന് ക്രമമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുക.


പരീക്ഷിക്കാം SQ3RT

● S= survey: വേഗത്തിൽ സർവേ ചെയ്യുക

● Q= questions: പഠിച്ച ഭാഗത്തുനിന്ന് പ്രധാനപ്പെട്ട ചോദ്യങ്ങൾ എഴുതിവെക്കുക.

● R1= read: ഉദ്ദേശ്യത്തോടെയുള്ള വായന എല്ലായ്പോഴും വലിയ അളവിൽ സഹായിക്കുന്നു.

● R2= review /repeat: ബുദ്ധിയെ സൂപ്പർ ഇന്റലിജൻസാക്കി മാറ്റുന്ന നല്ല ഓർമയുടെ ആത്മാവിൽ വായിച്ചതോ പഠിച്ചതോ ആയ പ്രധാന ആശയങ്ങൾ ഹ്രസ്വമായി അവലോകനം ചെയ്യുകയോ ആവർത്തിക്കുകയോ ചെയ്യണമെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞനും ഗവേഷകനുമായ എബ്ബിങ് ഹോസ് പറയുന്നു.

അങ്ങനെ പഠിച്ച കാര്യം ഇനിപ്പറയുന്ന ക്രമത്തിൽ ആവർത്തിക്കുക.

ഒരു മണിക്കൂറിനുശേഷം ആദ്യ അവലോകനം അല്ലെങ്കിൽ ആവർത്തനം. 24 മണിക്കൂറിനുശേഷം രണ്ടാമത്തെ അവലോകനം അല്ലെങ്കിൽ ആവർത്തനം. ഏഴു ദിവസത്തിനുശേഷം മൂന്നാമത്തെ അവലോകനം അല്ലെങ്കിൽ ആവർത്തനം. 30 ദിവസത്തിനുശേഷം നാലാമത്തെ അവലോകനം അല്ലെങ്കിൽ ആവർത്തനം. ആറു മാസത്തിനുശേഷം അഞ്ചാമത്തെ അവലോകനം അല്ലെങ്കിൽ ആവർത്തനം. ആവർത്തനമോ അവലോകനമോ വിഷയത്തെ ദീർഘകാല മെമ്മറിയിൽ മുദ്രകുത്തുന്നു. അതിനാൽ അത് ആവർത്തിക്കുക.

● R3 = recite: പഠിച്ചതിനുശേഷം പ്രധാന ആശയങ്ങൾ സംഗ്രഹിക്കാൻ ശ്രമിക്കുക. പഠിച്ച കാര്യങ്ങൾ മറ്റുള്ളവർക്ക് വിശദീകരിച്ച​ു കൊടുക്കുക.

● T= test yourself: നിങ്ങളുടെ അറിവുകൾ പരിശോധിക്കാൻ സ്വയം പരീക്ഷ നടത്തുക.

തയാറെടുപ്പ് വേണം മാതാപിതാക്കൾക്കും

● കുട്ടികളെ നിരുപാധികം സ്നേഹിക്കുക

● കുട്ടികൾക്ക് അനുയോജ്യവും ശാന്തവുമായ പഠനാന്തരീക്ഷം വീട്ടിൽ സൃഷ്ടിക്കുക. സ്ക്രീനുകളും ഫോണുകളും ഓഫാക്കുകയോ സ്ക്രീൻ രഹിത കാലയളവുകൾ സൃഷ്ടിക്കുകയോ ചെയ്ത് പഠനാന്തരീക്ഷം മെച്ചപ്പെടുത്താം.

● കുട്ടികളുടെ പഠനത്തിലും മറ്റു കാര്യങ്ങളിലും ഇടപെടുകയും അവരുമായി ചങ്ങാത്തം സ്ഥാപിക്കുകയും ചെയ്യുക.

● വൈകാരിക പിന്തുണ നൽകുക. പ്രത്യേകിച്ച് വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ കേവലം ഫലങ്ങളെക്കാൾ പ്രയത്നത്തെയും സ്ഥിരോത്സാഹത്തെയും പ്രശംസിക്കുക.

● പഠന ഷെഡ്യൂൾ സൃഷ്ടിക്കുന്നതിനും മുൻഗണനകൾ ക്രമീകരിക്കുന്നതിനും കുട്ടികളെ സഹായിക്കുക.

● ആരോഗ്യകരമായ ശീലങ്ങൾ സ്വയം ചെയ്ത് മാതൃകകളാവുക.

● സ്കൂളുകളിൽ നടക്കുന്ന ക്ലാസ് മീറ്റിങ്ങിൽ പങ്കെടുത്ത് കുട്ടികളുടെ പഠന നിലവാരവും സ്വഭാവ സവിശേഷതകളും മനസ്സിലാക്കാൻ ശ്രമിക്കുക.


വേണം അധ്യാപകരുടെ ‘കട്ട’ സപ്പോർട്ട്

● വിദ്യാർഥികളുടെ ശക്തി, ബലഹീനതകൾ, താൽപര്യങ്ങൾ വ്യക്തിഗതമായി അറിയുക

● വിദ്യാർഥികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ ഉൾക്കൊള്ളാൻ നിങ്ങളുടെ അധ്യാപന രീതികൾ ക്രമീകരിക്കുക.

● വ്യക്തിഗത ശ്രദ്ധക്കും ആശയവിനിമയത്തിനും സമയം കാണുക. പഠനത്തിൽ പ്രയാസം അനുഭവിക്കുന്ന വിദ്യാർഥികളെ നേരത്തേ തിരിച്ചറിയുകയും അവർക്കാവശ്യമായ കൂടുതൽ സപ്പോർട്ട് വാഗ്ദാനം ചെയ്യുകയും ചെയ്യുക.

● വിമർശനാത്മകമായ ചിന്ത വളർത്തുക: വിമർശനാത്മകമായി ചിന്തിക്കാനും ചോദ്യങ്ങൾ ചോദിക്കാനും വിവരങ്ങൾ വിശകലനം ചെയ്യാനും വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുക. പ്രശ്നപരിഹാര കഴിവുകളും വിഷയത്തെക്കുറിച്ച് ആഴത്തിലുള്ള ധാരണയും വികസിപ്പിക്കാൻ ഇത് അവരെ സഹായിക്കുന്നു.

● ഒരു പോസിറ്റിവ് ക്ലാസ് റൂം അന്തരീക്ഷം സൃഷ്ടിക്കുക.

● സമയ മാനേജ്മെന്റും പഠന വൈദഗ്ധ്യവും പ്രോത്സാഹിപ്പിക്കുക

● സമപ്രായക്കാരുടെ പഠനവും ടീം വർക്കുകളും വർധിപ്പിക്കുന്നതിന് ഗ്രൂപ് ചർച്ചകൾ, പിയർ ടീച്ചിങ് എന്നിവ പ്രോത്സാഹിപ്പിക്കുക.

● കുട്ടികളുടെ പഠനശൈലികൾ ഏതെന്ന് മനസ്സിലാക്കാൻ ശ്രമിക്കുക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sslcPlus TwoCareer and Education NewsExaminations
News Summary - sslc, Plus Two Exam preparation tips
Next Story