‘റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലയിൽ ഭാവിയിൽ സാധ‍്യത കൂടുതൽ’ -അറിയാം, റോബോട്ടിക്സിലെ കരിയർ അവസരങ്ങൾ
text_fieldsപ്രധാനമായും മൂന്ന് ശാഖകളുടെ സംയോജനമാണ് റോബോട്ടിക്സ് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ സോഫ്റ്റ്‌വെയർ എൻജിനീയറിങ് എന്നിവയുടെ കൂടിച്ചേരലുകളാണ് റോബോട്ടിക്സ്.
നിലവിൽ റോബോട്ടിക്സിന് ഐ.ടി, മാനുഫാക്ചറിങ് മേഖലകളിലാണ് കൂടുതൽ കരിയർ സാധ്യതകൾ ഉള്ളതെങ്കിലും ഭാവിയിൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാൻ കഴിയും. പ്രധാനമായും റോബോട്ടിക്സുമായി കൂടിച്ചേരുന്ന മൂന്ന് ശാഖകളാണ്, എ.ഐ റോബോട്ട്, ഓഗ്മെന്‍റഡ് റിയാലിറ്റി റോബോട്ട്, ഐ.ഒ.ടി റോബോട്ട് (internet of things) എന്നിവ.
സ്കൂൾതലം മുതൽതന്നെ കുട്ടികളിൽ റോബോട്ടിക്സുമായി ബന്ധപ്പെട്ട മേഖലയിൽ കഴിവുകൾ വളർത്തിയെടുക്കാനുള്ള മേഖലയാണ് സ്റ്റെം (STEM) എജുക്കേഷൻ. STEM എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സയൻസ്, ടെക്നോളജി, എൻജിനീയറിങ് ആൻഡ് മാത്തമാറ്റിക്സ് എന്നിവയുടെ കൂടിച്ചേരലാണ്.
റോബോട്ടിക്സ് ആൻഡ് ഐ.ഒ.ടി
റോബോട്ടിക്സ്, ഇന്‍റർനെറ്റ് ഓഫ് തിങ്സും (IoT) ഇവയിൽ ഓരോന്നിനും സ്വന്തമായി വലിയ സാധ്യതകളുണ്ട്. ഇവ സംയോജിപ്പിക്കുമ്പോൾ വ്യവസായങ്ങളിലും ദൈനംദിന ജീവിതത്തിലും വിപ്ലവം സൃഷ്ടിക്കാൻ കഴിയും.
റോബോട്ടിക്സ് ആൻഡ് ഐ.ഒ.ടി ഇന്‍റർനെറ്റ് കണക്ടഡായ റോബോട്ടുകളുടെ പ്രവർത്തനമാണ്. ഐ.ഒ.ടി (IoT) എന്നത് മനുഷ്യന്‍റെ ഇടപെടൽ ആവശ്യമില്ലാതെ ഇന്‍റർനെറ്റിലൂടെ ഡേറ്റ ശേഖരിക്കാനും പങ്കിടാനും കൈമാറ്റം ചെയ്യാനും കഴിയുന്ന പരസ്പരബന്ധിതമായ ഉപകരണങ്ങളുടെ ശൃംഖലയാണ്.
ബിസിനസുകളിലും വ്യവസായങ്ങളിലും വീടുകളിൽ പോലും ഉപയോഗിക്കുന്ന ഉപകരണങ്ങൾ, വസ്തുക്കൾ, ഉപകരണങ്ങൾ എന്നിവ ഡേറ്റാ കൈമാറ്റത്തിനായി ഇന്‍റർനെറ്റുമായി ബന്ധിപ്പിക്കുക എന്ന ആശയമാണ്. ഐ.ഒ.ടി ഉപയോഗിക്കുന്നതിലൂടെ, ഈ ഉപകരണങ്ങൾ നിരീക്ഷിക്കാനും വിദൂരമായി പ്രവർത്തിപ്പിക്കാനും കഴിയും.
സ്മാർട്ട് ഹോം ഉപകരണങ്ങൾ, വെയറബിൾ ഫിറ്റ്നസ് ട്രാക്കറുകൾ, വ്യാവസായിക സെൻസറുകൾ, സ്മാർട്ട് സിറ്റി ഇൻഫ്രാസ്ട്രക്ചർ എന്നീ മേഖലകളിൽ മാറ്റങ്ങൾ കൊണ്ടുവരാൻ സാധിച്ചവയാണ് റോബോട്ടിക്സ് ആൻഡ് ഐ.ഒ.ടി. സെൻസറുകളും ഉപകരണങ്ങളും പരിസ്ഥിതിയിൽനിന്ന് ഡേറ്റ ശേഖരിച്ചുനൽകുന്നു (ഉദാഹരണം താപനില, ചലനം അല്ലെങ്കിൽ ജി.പി.എസ് ലൊക്കേഷൻ).
ഇത്തരം ഉപകരണങ്ങളുടെ കണക്ടിവിറ്റി വൈ-ഫൈ, ബ്ലൂടൂത്ത്, സെല്ലുലാർ നെറ്റ്‌വർക്കുകൾ അല്ലെങ്കിൽ മറ്റു പ്രോട്ടോകോളുകൾ വഴി ക്ലൗഡിലേക്കോ പ്രാദേശിക സിസ്റ്റത്തിലേക്കോ ഡേറ്റ അയക്കുന്നു. ഇത്തരം ഡേറ്റ എ.ഐ, മെഷീൻ ലേണിങ് അല്ലെങ്കിൽ ക്ലൗഡ് കമ്പ്യൂട്ടിങ് ഉപയോഗിച്ച് വിശകലനം ചെയ്യുന്നു.
തുടർന്ന് ഉൾക്കാഴ്ചകളെ അടിസ്ഥാനമാക്കി, സിസ്റ്റം അനുയോജ്യമായ നടപടിയെടുക്കുന്നു (ഉദാഹരണം ലൈറ്റുകൾ ഓണാക്കുക, താപനില ക്രമീകരിക്കുക, അറിയിപ്പുകൾ അയക്കുക).
IoT ഉപയോഗത്തിലുള്ള ചില ഉപകരണങ്ങൾ: സ്മാർട്ട് ഹോംസ് -അലക്സ പോലുള്ള ഉപകരണങ്ങൾ, സ്മാർട്ട് തെർമോസ്റ്റാറ്റുകൾ, സുരക്ഷാ കാമറകൾ, വെയറബിളുകൾ - സ്മാർട്ട് വാച്ചുകളും ആരോഗ്യ ട്രാക്കറുകളും, സ്മാർട്ട് സിറ്റികൾ -ട്രാഫിക് മാനേജ്മെന്‍റ്, മാലിന്യ ശേഖരണം, തെരുവുവിളക്ക് ഓട്ടോമേഷൻ, ആരോഗ്യ സംരക്ഷണം -സ്മാർട്ട് മെഡിക്കൽ ഉപകരണങ്ങൾ വഴി രോഗികളുടെ വിദൂര നിരീക്ഷണം, ഇൻഡസ്ട്രിയൽ ഐ.ഒ.ടി -ഫാക്ടറികളിലെ സെൻസറുകൾ ഉൽപാദനം ഒപ്റ്റിമൈസ് ചെയ്യുകയും പ്രവർത്തനരഹിതമായ സമയം കുറക്കുകയും ചെയ്യുന്നു.
കരിയർ അവസരങ്ങൾ
റോബോട്ടിക്സിനെ സ്മാർട്ട് കണക്ടിവിറ്റിയുമായി സംയോജിപ്പിക്കുന്നതാണ് റോബോട്ടിക് ഐ.ഒ.ടി. നിർമാണം, ആരോഗ്യ സംരക്ഷണം, ലോജിസ്റ്റിക്സ്, സ്മാർട്ട് സിറ്റികൾ തുടങ്ങിയ വ്യവസായങ്ങളിൽ നിരവധി കരിയർ പാതകൾ ഈ മേഖല വാഗ്ദാനം ചെയ്യുന്നുണ്ട്.
ഇന്‍റർനെറ്റുമായി ബന്ധിപ്പിക്കുന്ന റോബോട്ടുകളെ രൂപകൽപന ചെയ്യുകയും വികസിപ്പിക്കുകയും ചെയ്യുന്നതിലൂടെ നിരവധി സാധ്യതകളാണ് ലോകത്ത് തുറന്നുകിടക്കുന്നത്. റോബോട്ടുകളെ ഡേറ്റ ആശയവിനിമയം നടത്താനും പ്രോസസ് ചെയ്യാനും അനുവദിക്കുന്ന സോഫ്റ്റ്‌വെയർ നിർമിക്കുക, റോബോട്ടുകൾക്കുള്ളിലെ ഹാർഡ്‌വെയറും ഫേംവെയറും വികസിപ്പിക്കുക, ഏതൊരു മേഖലയിലെയും പ്രകടനം മെച്ചപ്പെടുത്താൻ IoT ബന്ധിപ്പിച്ച റോബോട്ടുകളിൽനിന്നുള്ള ഡേറ്റ വിശകലനം ചെയ്യുക, സൈബർ ഭീഷണികളിൽനിന്ന് IoT ബന്ധിപ്പിച്ച റോബോട്ടുകളെ നിർമിക്കുക തുടങ്ങിയ നിരവധി കരിയർ സാധ്യതകളാണ് റോബോട്ടിക് ഐ.ഒ.ടിയിലുള്ളത്.
ജോലി സാധ്യതകൾ
1. ഐ.ഒ.ടി റോബോട്ടിക്സ് എൻജിനീയർ
2. ഐ.ഒ.ടി സോഫ്റ്റ്‌വെയർ ഡെവലപ്പർ
3. എംബഡഡ് സിസ്റ്റംസ് എൻജിനീയർ
4. റോബോട്ടിക്സ് ഡേറ്റ അനലിസ്റ്റ്
5. IoT സുരക്ഷാ സ്പെഷലിസ്റ്റ്
6. ഓട്ടോണമസ് സിസ്റ്റംസ് എൻജിനീയർ
എങ്ങനെ കരിയർ ആരംഭിക്കാം?
● എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് അല്ലെങ്കിൽ റോബോട്ടിക്സിൽ ബിരുദം നേടുക.
● പ്രോഗ്രാമിങ് പഠിക്കുക (പൈത്തൺ, സി++, റോബോട്ടിക്സിനുള്ള ആർ.ഒ.എസ്).
● ഐ.ഒ.ടി ഉപകരണങ്ങളിലും ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിലും പ്രായോഗിക അനുഭവം നേടുക.
● ആഡ്രിനോ, റാസ്‌ബെറി പൈ, ആൻഡ്രോയിഡ് അല്ലെങ്കിൽ റോബോട്ടിക് കിറ്റുകൾ എന്നിവ ഉപയോഗിച്ച് പ്രോജക്ടുകളിൽ പ്രവർത്തിക്കുക.
● ഐ.ഒ.ടിയിലും റോബോട്ടിക്സിലും ഇന്‍റേൺഷിപ് ചെയ്യുക. അല്ലെങ്കിൽ സർട്ടിഫിക്കേഷനുകൾ സ്വന്തമാക്കുക.
പ്രധാന കോഴ്സുകൾ
ഇന്ത്യയിലും വിദേശത്തുമായി നിരവധി യൂനിവേഴ്സിറ്റികളിൽ യു.ജി, പി.ജി, ഡിപ്ലോമ കോഴ്സുകൾ ലഭ്യമാണ്. ബി.എസ്‍സി ഐ.ഒ.ടി, ബി.എസ്‍സി റോബോട്ടിക്സ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അല്ലെങ്കിൽ ബി.ഇ മെക്കട്രോണിക്സ്, പി.ജിയിൽ ഇൻഡസ്ട്രിയൽ ഓട്ടോമേഷൻ ആൻഡ് റോബോട്ടിക്സ് എന്നിങ്ങനെ നിരവധി യു.ജി കോഴ്സുകൾ ലഭ്യമാണ്.
കെ.ഇ.എ.എം (കീം), ഗേറ്റ്, എ.എം.ഐ.ഇ എക്സാം പ്രോസസിലൂടെയാണ് കേരളത്തിലെ എൻജിനീയറിങ് കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നത്. 65,000 മുതൽ ഒരുലക്ഷം രൂപവരെയാണ് ആദ്യ വർഷം കോഴ്സ് ഫീസായി വാങ്ങുന്നത്.
കോളജുകൾ
1. സെന്‍റ് ഗിറ്റ്സ് കോളജ് ഓഫ് എൻജിനീയറിങ്, കോട്ടയം
2. അമൃത സ്കൂൾ ഓഫ് എൻജിനീയറിങ്
3. കോളജ് ഓഫ് എൻജിനീയറിങ്, തിരുവനന്തപുരം
4. ടോക് എച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, എറണാകുളം
5. എ.എസ്.ഐ.ഇ.ടി കാലടി, എറണാകുളം
6. മലബാർ കോളജ് ഓഫ് എൻജിനീയറിങ്, തൃശൂർ
7. കെ.എം.ഇ.എ കോളജ് ഓഫ് എൻജിനീയറിങ്, ആലുവ
8. രാജധാനി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി, തിരുവനന്തപുരം
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

