Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
btech is not a bad choice
cancel

എൻജിനീയറിങ് പഠനത്തിനുള്ള സ്ഥാപനങ്ങൾ തിരഞ്ഞെടുക്കുന്നതിലും തികഞ്ഞ ജാഗ്രത പുലർത്തേണ്ടതുണ്ട്. സ്ഥാപനങ്ങളുടെ റാങ്കിങ്, വിജയശതമാനം, അധ്യാപകരുടെ യോഗ്യത, ലാബ് സൗകര്യങ്ങൾ, പ്ലേസ്മെന്റ് അവസരങ്ങൾ, ഇന്റേൺഷിപ് സൗകര്യങ്ങൾ മുതലായവ പരിശോധിക്കേണ്ടതാണ്.

കൂടാതെ സ്‌റ്റാർട്ടപ്പുകൾക്കുള്ള പ്രോത്സാഹനം, സോഫ്റ്റ് സ്കില്ലുകൾ വർധിപ്പിക്കുന്നതിനുള്ള അവസരങ്ങൾ, മികച്ച പൂർവവിദ്യാർഥി കൂട്ടായ്മകൾ തുടങ്ങിയവയും കോളജ് തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. സ്ഥാപനങ്ങളുടെ രാജ്യാന്തരതലത്തിലുള്ള റാങ്കിങ് അറിയുന്നതിന് NIRF (നാഷനൽ ഇൻസ്റ്റിറ്റ്യൂഷനൽ റാങ്കിങ് ഫ്രെയിംവർക്ക്) റാങ്കിങ് പരിശോധിക്കുന്നത് നന്നായിരിക്കും.


കോഴ്സിനാണോ കോളജിനാണോ പ്രാധാന്യം നൽകേണ്ടത് എന്നചോദ്യം ഏറെ പ്രസക്തമാണ്. രണ്ടും തുല്യ പ്രാധാന്യമുള്ളതാണെങ്കിലും മികച്ച റേറ്റിങ് ഉള്ള കോളജുകൾ അക്കാദമിക അന്തരീക്ഷത്തിലും തദനുസൃതമായി പ്ലേസ്മെന്റിലും ഉയർന്നുനിൽക്കും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ടുതന്നെ ഉന്നതനിലവാരത്തിലുള്ള കോളജുകൾക്ക് മുൻഗണന നൽകുന്നതാണ് അഭികാമ്യം.

കേവലമൊരു ബിരുദയോഗ്യത കൊണ്ടുതന്നെ അന്താരാഷ്ട്രതലത്തിൽ വിവിധ മേഖലകളിൽ ഉന്നതനിലവാരത്തിലുള്ള കരിയറുകളിലെത്തിച്ചേരാൻ സഹായിക്കുന്ന ജോബ് പോർട്ടബിലിറ്റിയും ഫ്ലെക്സിബിലിറ്റിയും വിദ്യാർഥികൾക്ക് ലഭ്യമാവുന്നു എന്നതാണ് എൻജിനീയറിങ് കോഴ്സുകളുടെ പ്രധാന സവിശേഷത. ഗവേഷണം, അധ്യാപനം, ടെക്നിക്കൽ കൺസൽട്ടൻസി തുടങ്ങി സ്വയംതൊഴിലിനുവരെ എൻജിനീയറിങ് ബിരുദത്തിന് വ്യാപ്തിയുണ്ട്.


ഏത് ബ്രാഞ്ച് തിരഞ്ഞെടുക്കാം?

എൻജിനീയറിങ്ങാണ് തങ്ങളുടെ പഠനവഴി എന്നു തീരുമാനിച്ച കുട്ടികളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് ഏതു ബ്രാഞ്ച് തിരഞ്ഞെടുക്കണമെന്നത്. നമ്മുടെ രാജ്യത്തുതന്നെ ഏകദേശം നൂറിലധികം ബ്രാഞ്ചുകൾ ലഭ്യമാണ്. എളുപ്പം പഠിക്കാവുന്ന ബ്രാഞ്ച് ഏതാണ്? പഠിച്ചുകഴിഞ്ഞാൽ ഏറ്റവും കൂടുതൽ ശമ്പളം കിട്ടുന്ന ബ്രാഞ്ച് ഏതാണ്? തുടങ്ങിയ ചോദ്യങ്ങൾ സാധാരണ കുട്ടികളിൽനിന്ന് ഉയർന്നുകേൾക്കാറുണ്ട്. സത്യത്തിൽ ഇത്തരം ചോദ്യങ്ങൾതന്നെ അപ്രസക്തമാണ്.

ഓരോ വിദ്യാർഥിയും തങ്ങളുടെ അഭിരുചിക്കും പഠനശേഷിക്കും യോജിച്ച ബ്രാഞ്ചുകൾ തന്നെയാണ് തിരഞ്ഞെടുക്കേണ്ടത്. പുതുതലമുറ ബ്രാഞ്ചുകളിൽ ഏറെയും സ്പെഷലൈസേഷൻ ബ്രാഞ്ചുകളാണ്. അവയുടെ ആവിർഭാവം പരമ്പരാഗത ബ്രാഞ്ചുകളിൽനിന്നാണെന്നത് ശ്രദ്ധേയമാണ്.

ഉദാഹരണത്തിന് മെക്കാനിക്കൽ ബ്രാഞ്ചിന്റെ ഉപശാഖകളായിവരുന്നതാണ് ഓട്ടോമൊബൈൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാട്രോണിക്സ്, ബയോമെഡിക്കൽ തുടങ്ങി നിരവധി ബ്രാഞ്ചുകൾ. അതുപോലെ ഏറോസ്പേസ്, നേവൽ ആർക്കിടെക്ചർ, മറൈൻ എൻജിനീയറിങ് തുടങ്ങിയവയും മെക്കാനിക്കൽ മേഖലയുമായി ഒത്തുപോവുന്നതാണ്. അതുപോലെ സിവിൽ എൻജിനീയറിങ് മേഖലയുമായി ബന്ധപ്പെട്ട മേഖലകളാണ് എൻവയൺമെന്റൽ എൻജിനീയറിങ്, സ്ട്രക്ചറൽ എൻജിനീയറിങ്, ഹൈവേ എൻജിനീയറിങ്, ഓഷ്യൻ എൻജിനീയറിങ് മുതലായവ.

ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, കമ്പ്യൂട്ടർ സയൻസ് തുടങ്ങി എല്ലാ മേഖലകളിലും ധാരാളം സ്പെഷലൈസേഷൻ ബ്രാഞ്ചുകൾ ഇപ്പോൾ നിലവിലുണ്ട്. പക്ഷേ, തൊഴിൽ മേഖലയിലെ സാധ്യതകൾ വെച്ചുനോക്കുമ്പോൾ ബിരുദതലത്തിൽ ജനറൽ ബ്രാഞ്ചുകൾ പഠിച്ച്, പി.ജി തലത്തിൽ സ്പെഷലൈസ് ചെയ്യുന്നതായിരിക്കും കൂടുതൽ അനുയോജ്യം.


അപ്ഡേറ്റുകൾക്ക് തയാറാകാം

നാലാം വ്യവസായിക വിപ്ലവത്തിന്റെ കാലത്താണ് നാമിപ്പോൾ. പല തൊഴിലുകൾ ഇല്ലാതാകുകയും ഓട്ടോമേഷൻ വ്യാപകമാവുകയും ചെയ്തുകൊണ്ടിരിക്കുന്നു. സർട്ടിഫിക്കറ്റിലെ മാർക്കുകൾക്കപ്പുറം തൊഴിൽനിപുണതക്ക് ഏറെ പ്രാധാന്യം കൈവന്നിരിക്കുന്നു. എൻജിനീയറിങ് പഠനമേഖലയിലും തൊഴിൽ രംഗത്തും തുടർച്ചയായ അപ്ഡേറ്റുകൾക്ക് നാം തയാറാകണം.

ഒരു വ്യക്തിക്ക് എന്തറിയാം എന്നതിന്റെ അടിസ്ഥാനത്തിലാണ് ജോലി ലഭ്യമാവുന്നത്. മെറ്റാ വേഴ്സിന്റെ കാലമാണിന്ന്. വെർച്വൽ റിയാലിറ്റിയും ഓഗ്മെന്റഡ് റിയാലിറ്റിയും വളരെ വ്യാപകമായിക്കൊണ്ടിരിക്കുന്നു. ഡ്രൈവർ, ലിഫ്റ്റ് ഓപറേറ്റർ, മാനുഫാക്ചറിങ് ഇൻഡസ്ട്രി തുടങ്ങിയ മേഖലകളിലെല്ലാം ഓട്ടോമേഷൻ പൂർണമായും നടപ്പാവും. അതിനനുയോജ്യമായ സംവിധാനങ്ങൾ ഒരുക്കാൻവേണ്ട സാങ്കേതിക വിദഗ്ധരെയാണ് ഇനി ആവശ്യം.


വൈദഗ്ധ്യമുണ്ടോ, ജോലി തേടി വരും

ആർട്ടിഫിഷൽ ഇന്റലിജൻസ്, മെഷീൻ ലേണിങ്, ഡേറ്റ അനാലിസിസ്, ക്ലൗഡ് കമ്പ്യൂട്ടിങ് തുടങ്ങിയ മേഖലകൾ വിപ്ലവകരമായ തൊഴിൽ സാധ്യതകളാണ് തുറന്നുവെക്കുന്നത്. മെഷീൻ ലേണിങ്ങിനോടൊപ്പം ഡീപ് ലേണിങ്, കൊഗ്നിറ്റിവ് ലേണിങ് തുടങ്ങിയ മേഖലകൾ വൻ വഴിത്തിരിവാകും. വാഹനവിപണിയിൽ സോളാർ വെഹിക്ൾ, ഇലക്ട്രിക് വെഹിക്ൾ മുതലായവ വ്യാപകമാവുന്നതോടെ അവയുടെ ഡിസൈനിങ്, ഡ്യൂറബിലിറ്റി, മെയിന്റനൻസ് തുടങ്ങിയ മേഖലകളിൽ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും. ക്ലൗഡ് കമ്പ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിങ്, ഡേറ്റ അനലിറ്റിക്സ് തുടങ്ങിയ മേഖലകളിൽ ധാരാളം വിദഗ്ധരെ ആവശ്യമായിവരും.


പഠനശേഷം നൈപുണി വികസനം

പഠനത്തിനുശേഷം നൈപുണി വികസനത്തിനായി Skill lndia, ASAP, KELTRON, NIELT, ICT Academy, CDIT, CDAT എന്നിവക്കു പുറമെ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ നടത്തുന്ന വ്യത്യസ്ത കോഴ്സുകൾ തുടങ്ങിയവയെ ആശ്രയിക്കാവുന്നതാണ്. അപ്രന്റിസ്ഷിപ്, ഇന്റേൺഷിപ് എന്നിവയെക്കുറിച്ച് കൂടുതലറിയാൻ portal. mhrdnats.gov.in, internship.aictenidia.org എന്നീ വെബ്സൈറ്റുകൾ യഥാക്രമം സന്ദർശിക്കുന്നത് ഉപകരിക്കും.


സോഫ്റ്റ് സ്കില്ലുകൾ മെച്ചപ്പെടുത്താം

ലിങ്ക്ഡ് ഇൻ, ഉദ്യോ മിത്ര, മീറ്റ് അപ് പോലുള്ള പ്രഫഷനൽ നെറ്റ്‌വർക്കിങ് വെബ്സൈറ്റുകളിലെ സജീവമായ ഇടപെടൽ, വിവിധ തൊഴിൽ മേഖലയിലുള്ളവരുമായുള്ള നിരന്തര സമ്പർക്കം തുടങ്ങിയവയും തീർച്ചയായും പ്രയോജനപ്പെടും. സ്കിൽ വർധിപ്പിക്കാനുതകുന്ന ഓൺലൈൻ പ്ലാറ്റ്ഫോമുകൾ പഠനകാലത്തുതന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. Edex, Course era, Udemy, AICTE യുടെ തന്നെ SWAYAM തുടങ്ങിയ പോർട്ടലുകൾ ഉദാഹരണങ്ങളാണ്. കൂടാതെ ഭാഷാനൈപുണ്യം, ആശയവിനിമയശേഷി തുടങ്ങിയ സോഫ്റ്റ് സ്കില്ലുകൾ മെച്ചപ്പെടുത്താനും ശ്രദ്ധിക്കേണ്ടതുണ്ട്.


തിളങ്ങാം അധ്യാപന-ഗവേഷണ മേഖലകളിൽ

എൻജിനീയറിങ് പഠനത്തിനുശേഷം അധ്യാപനം, ഗവേഷണം തുടങ്ങിയ മേഖലകളിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർക്ക് GATE / JEST തുടങ്ങിയ പരീക്ഷകളെ അഭിമുഖീകരിക്കാം. GATE സ്കോറിന്റെ അടിസ്ഥാനത്തിൽ മികച്ച കമ്പനികളിലും പൊതുമേഖല സ്ഥാപനങ്ങളിലും ജോലികളും ലഭ്യമാണ്.

മികവ് തെളിയിക്കാം മാനേജ്മെൻറിൽ

എൻജിനീയറിങ് ബിരുദധാരികൾ മികവ് തെളിയിക്കുന്ന മറ്റൊരു മേഖലയാണ് മാനേജ്മെൻറ്. വിവിധ മാനേജ്മെന്റ് പ്രവേശന പരീക്ഷകളായ CAT, XAT, CMAT, MAT തുടങ്ങിയവ വഴി വിവിധ മാനേജ്മെന്റ് സ്ഥാപനങ്ങളിൽനിന്ന് MBA പൂർത്തിയാക്കി മികച്ച കരിയറുകളിൽ പ്രവേശിക്കാം. GRE, GMAT, IELTS, TOEFL തുടങ്ങിയ പരീക്ഷകളിൽ ഉയർന്ന സ്കോറുകൾ നേടി, വിദേശ യൂനിവേഴ്സിറ്റികളിൽ ഉന്നതപഠനം നടത്താനും അതുവഴി മികച്ച ജോലികൾ നേടാനും അവസരങ്ങളുണ്ട്.


ഉപരിപഠനം നടത്താം, സംരംഭകനുമാവാം

കൂടാതെ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇക്കണോമിക്സ്, എൻവയൺമെന്റൽ സയൻസ് തുടങ്ങിയ മേഖലകളിലും തുടർപഠനത്തിന് അവസരങ്ങളുണ്ട്. മറ്റു ബിരുദവിദ്യാർഥികളെപ്പോലെതന്നെ നിയമം, സോഷ്യോളജി, ജേണലിസം, പൊളിറ്റിക്കൽ സയൻസ്, വിമൻ സ്റ്റഡീസ് തുടങ്ങിയ മേഖലകളിലും ഉപരിപഠനം നടത്താം.

സ്വന്തമായി തൊഴിൽമേഖല തിരഞ്ഞെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മികവുറ്റ സംരംഭങ്ങൾ തുടങ്ങാനുള്ള അവസരങ്ങളും ഈ മേഖലയിൽ ലഭ്യമാണ്. കോളജും കോഴ്സും തിരഞ്ഞെടുക്കുന്നത് മുതൽ പഠനം പൂർത്തിയാക്കുന്നതുവരെ നിതാന്ത ജാഗ്രതയും ശ്രദ്ധയും വെച്ചുപുലർത്തി, വ്യക്തമായ പ്ലാനിങ്ങോടെ പഠനകാലം ചിട്ടപ്പെടുത്തുന്ന എൻജിനീയറിങ് വിദ്യാർഥികൾക്ക് ഉയർന്ന കരിയറുകളിലെത്തിച്ചേരാൻ സാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ●

(ചിത്രങ്ങൾക്ക് കടപ്പാട്)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:degreehigher educationbtechjobchoicebetter choice
News Summary - btech is not a bad choice
Next Story