കേരളം മൊത്തം എഴുത്തുകാരുടെ സമൂഹമായി -ഗ്രേസി
text_fieldsഗ്രേസി (എഴുത്തുകാരി)
കഴിഞ്ഞ ഒരു ദശകംകൊണ്ട് കേരളം പാടേ മാറിപ്പോയി. കേരളീയരുടെ ജീവിതത്തിൽനിന്ന് ലാളിത്യം തീർത്തും അപ്രതക്ഷ‍്യമായി എന്നതാണ് ഒരപകടം. മലയാളിയുടെ വീട്, ആരാധനാലയങ്ങൾ, രാജാക്കന്മാരുടെ കൊട്ടാരങ്ങൾ, വിവാഹം എന്നിവയൊക്കെ ലാളിത്യത്തിന്‍റെ ഉദാഹരണങ്ങളായിരുന്ന ഒരു കാലമുണ്ടായിരുന്നു. ഇപ്പോൾ മലയാളിയാണ് ആഡംബരത്തിന്‍റെ അംബാസഡർമാർ.
സ്ത്രീസുരക്ഷയെക്കുറിച്ച് നാം വലിയ ഒച്ചപ്പാടുകളൊക്കെ ഉണ്ടാക്കുന്നുണ്ട്. എന്നാൽ, ഏത് കാലത്തായാലും ‘തനിക്ക് താനും പുരക്ക് തൂണും’ എന്ന പഴഞ്ചൊല്ല് മുറുകെപ്പിടിക്കുകയേ ഗതിയുള്ളൂ എന്നതാണ് യാഥാർഥ‍്യം. മതമോ രാഷ്ട്രീയമോ ഈ വ്യവസ്ഥിതിയോ ഒന്നും സ്ത്രീയെ പിന്തുണക്കുകയില്ല. ആണായാലും പെണ്ണായാലും പണമുള്ളവന് നീതി എന്ന നിലയിലേക്ക് നമ്മുടെ നിയമവാഴ്ചയും അധഃപതിച്ചു.
കലയെയും സാഹിത്യത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകൾ പാടേ മാറിമറിഞ്ഞിട്ടുണ്ട്. യൗവനത്തിന്‍റെ കലയാണ് നൃത്തം. കേരളത്തിലെ സ്ത്രീകൾ യൗവനം ചോർന്നുകഴിയുമ്പോൾ നൃത്തം അഭ‍്യസിക്കാനിറങ്ങുന്ന പ്രവണത വർധിച്ചുവരുകയാണ്. മെയ്‍വഴക്കം നഷ്ടമായതുകൊണ്ട് അവരുടെ നൃത്തത്തിന് ഭംഗിയുണ്ടാവില്ല.
ജീവിതത്തിൽ ഒരിക്കലും ഒരു മൂളിപ്പാട്ട് പോലും പാടാത്തവർ പാട്ടുപഠിക്കാനും ഇറങ്ങിത്തിരിക്കുന്നത് കാണാം. കലക്ക് നൽകേണ്ട ആദരവോ അർപ്പണ മനോഭാവമോ ഒന്നും കണികാണാനില്ലാത്ത അവസ്ഥയാണ്.
കേൾവിജ്ഞാനുവും ദൃശ‍്യജ്ഞാനവുമൊക്കെ സംസ്കാരത്തെ സമ്പന്നമാക്കുമെന്ന കാര്യം വിസ്മരിക്കാൻ പാടില്ലാത്തതാണ്. സിനിമക്ക് ആസ്വാദകർ വർധിച്ചതായി കാണാം. എന്നാൽ, അത് യഥാർഥത്തിൽ കലയേക്കാൾ കച്ചവടമാണ് എന്ന കാര്യം കണക്കിലെടുക്കേണ്ടതുണ്ട്.
കേരളത്തിൽ സവിശേഷമായ ഒരു സാഹിത്യാന്തരീക്ഷമാണുള്ളത്. പുസ്തകങ്ങളുടെ വിറ്റുവരവ് കണക്ക് നിരത്തുന്നതുകൊണ്ട് ഗൗരവമേറിയ വായന വർധിച്ചു എന്ന് കരുതുന്നത് വിഡ്ഢിത്തമായിരിക്കും. ധാരാളം വായിക്കുകയും കുറച്ച് എഴുതുകയും ചെയ്യുന്ന രീതിയിൽനിന്ന് ധാരാളം എഴുതുകയും കുറച്ച് വായിക്കുകയും ചെയ്യുന്ന ഒരവസ്ഥയിലേക്ക് നാം എത്തിച്ചേർന്നിട്ടുണ്ട്.
കേരളം മൊത്തം എഴുത്തുകാരുടെ സമൂഹമായി പരിണമിക്കുകയും ചെയ്തു. അത് നല്ലതാണെന്നും ഓരോരുത്തർക്കും അവരവരുടെ അഭിരുചിക്ക് അനുസരിച്ചുള്ള പുസ്തകങ്ങൾ തിരഞ്ഞെടുക്കാൻ അവസരം ലഭിക്കും എന്നുമുള്ള വാദഗതികൾ ഉയർന്നുകേൾക്കാറുണ്ട്. പക്ഷേ വായനയെ ഗൗരവമായി സമീപിക്കുന്ന പലരും പുസ്തകച്ചന്തയിൽ കുഴഞ്ഞുനിൽക്കുകയാണ് എന്നതാണ് യാഥാർഥ‍്യം.
വിദ്യാഭ‍്യാസത്തിന്‍റെ യഥാർഥ ലക്ഷ‍്യം നേടുന്നതിൽ നാം പരാജയപ്പെട്ടു. സ്വാഭാവ രൂപവത്കരണം സാധ‍്യമാകുന്നില്ല. അതുവഴി സംസ്കാരം ആർജിക്കാനും കഴിയുന്നില്ല. വിദ്യാർഥികളുടെ വിജയശതമാനം ഉയർത്താൻ കഴിഞ്ഞു എന്നല്ലാതെ നിലവാരം ഉയർത്താൻ കഴിഞ്ഞിട്ടില്ല. ശരിയായ രാഷ്ട്രീയ ബോധം യുവതലമുറക്ക് ആർജിക്കാനും കഴിഞ്ഞില്ല.
മതവും രാഷ്ട്രീയവും കൂടിക്കുഴഞ്ഞു കിടക്കുന്നിടത്തോളം കാലം നമ്മുടെ വ്യവസ്ഥിതിക്ക് ഒരു മാറ്റവും സംഭവിക്കില്ല. രാഷ്ട്രീയ അതിപ്രസരംകൊണ്ട് ജീവിതം ദുസ്സഹമായിത്തീർന്ന അവസ്ഥയിലാണ് നാം എത്തിപ്പെട്ടുനിൽക്കുന്നത്. സമൂഹ മാധ‍്യമങ്ങളുടെ ദുരുപയോഗമാണ് ഏറ്റവും വലിയ അപകടം. വിവേചനബുദ്ധിയോടെയും വിവേകത്തോടെയും സമൂഹ മാധ്യമങ്ങൾ കൈകാര്യം ചെയ്യാത്തിടത്തോളം കാലം ഒരു നന്മയും പ്രതീക്ഷിക്കേണ്ടതില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

