Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightcelebtalkchevron_rightകവിതയെയും അമ്മയെയും...

കവിതയെയും അമ്മയെയും ആളുകൾ അതിരറ്റ്​ സ്​നേഹിക്കുന്നു -കെ.എൽ ബ്രോ ബിജു

text_fields
bookmark_border
kl bro biju rithvik
cancel
camera_alt

അനുലക്ഷ്മി, കവിത, റിത്​വിക്, കാർത്യായനി അമ്മ, ബിജു


KL BRO Biju Rithvik എന്ന യൂട്യൂബ്​ പേജ്​ എത്തിയത്​ മലയാളക്കരയിൽ ഇതുവരെ ആർക്കും എത്തിപ്പിടിക്കാനാവാത്ത​ ഉയരത്തിലാണ്​. നാലു കോടിയിലേറെ സബ്​സ്​ക്രൈബർമാരുമായി കേരളത്തിലെ ഏറ്റവും കൂടുതൽ ആളുകൾ പിന്തുടരുന്ന യൂട്യൂബ്​ പേജിനുടമയാണ്​ കണ്ണൂരിലെ ബിജു ബ്രോയും കുടുംബവും.

സ്വകാര്യബസിൽ ഡ്രൈവറായിരുന്ന ബിജു ടിക്​ ടോക്കിലൂടെയാണ്​ ആദ്യം മലയാളികൾക്ക്​ മുന്നിൽ എത്തുന്നത്​. അവിടുന്നിങ്ങോട്ടുള്ള വളർച്ചയുടെ പ്രധാന കാരണം കുടുംബത്തി​ന്‍റെ കലവറയില്ലാത്ത പിന്തുണയാണ്​. കണ്ണൂർ കുറ്റിയാട്ടൂർ ഗ്രാമപഞ്ചായത്തിലെ പാവന്നൂർമൊട്ട ഗ്രാമത്തിലെ സുഹൃത്തുക്കളെയും ഒരിക്കലും മറക്കാനാവില്ലെന്ന്​ ബിജു സാക്ഷ്യപ്പെടുത്തുന്നു.

സന്തോഷം നിറയുന്ന വീടകം

പുഞ്ചിരിക്കുന്ന മുഖങ്ങളുമായാണ്​ ഓരോ ദിവസവും ബിജുവും കുടുംബവും പ്രേക്ഷകർക്കു​ മുന്നിലെത്തുക. ചായംപൂശാതെയാണ്​ വിഡിയോക്ക്​ മുന്നിൽ വരുക. അതുപോലെതന്നെ ചായമില്ലാത്തതാണ് ഓരോ ചിരിയും. ചിരിക്കു​ പിറകിൽ ഒരഭിനയവും ആർക്കും കാഴ്​ചവെക്കേണ്ടിവരാറില്ല.

വിഡിയോ ഷൂട്ടിങ്​ സമയം, അതില്ലാത്ത സമയം എന്നൊന്നും ഞങ്ങൾക്കില്ലെന്ന്​ ബിജു പറയുന്നു. ഷൂട്ടിങ്​ സമയത്താണ്​ ഏറ്റവും കൂടുതൽ ആസ്വാദ്യകരമായ നിമിഷങ്ങളെന്ന്​ ഭർത്താവിനെ സപ്പോർട്ട്​ ചെയ്​തുകൊണ്ടുള്ള കവിതയുടെ കമന്‍റ്​. ‘‘ആസ്വദിച്ചാണ്​ വിഡിയോ ചെയ്യുന്നത്​. ചിത്രീകരണത്തിനിടെ തെറ്റു​മ്പോഴും കുഞ്ഞു കുഞ്ഞു അബദ്ധങ്ങൾ പറ്റു​​​മ്പോഴും ചിരിയും കളിതമാശകളും നിറയുന്നതിനാൽ ഓരോരുത്തരും നന്നായി എൻജോയ്​ ചെയ്യുന്നുണ്ട്​’’ -കവിത കൂട്ടിച്ചേർത്തു.

വീടിന്​ പുറത്തുപോകുന്നതിനോട്​ വലിയ താൽപര്യം ഞങ്ങൾക്കില്ല. അതിനർഥം ആരും പുറത്തുപോകുകയോ ആ ലൈഫ്​ ആസ്വദിക്കുകയോ ചെയ്യുന്നില്ല എന്നല്ല. എല്ലാവരുംകൂടി ഒരുമിച്ച്​ ഭക്ഷണം കഴിക്കാനിരിക്കു​മ്പോഴാണ്​ കൂടുതൽ സന്തോഷം.

അതിൽതന്നെ ചായ കുടിക്കാനായി വൈകീട്ട്​ ഞങ്ങളും അടുത്തുള്ള ചേച്ചിയും അവരുടെ മക്കളും സുഹൃത്തുക്കളുമൊക്കെ കൂടിച്ചേർന്ന്​ വീടിന്​ മുന്നിൽ തമാശയും വീട്ടുകാര്യങ്ങളും നാട്ടുകാര്യങ്ങളും പറഞ്ഞിരിക്കു​മ്പോൾ കിട്ടുന്ന സുഖം ഒരു മാളിലും പോയാൽ ലഭിക്കില്ലെന്ന് ബിജു പറയുന്നു.


തണലായി താങ്ങായി കുടുംബം

കേരളത്തിൽ ആദ്യമായി യൂട്യൂബിൽ ഒരു കോടി സബ്​സ്​ക്രൈബർമാർ എന്ന അപൂർവ നേട്ടം സ്വന്തമാക്കിയതിനു​ പിന്നിൽ ബിജുവി​ന്‍റെ അനുഭവത്തി​ന്‍റെ ചൂരും ചൂടുമുണ്ട്​. അമ്മാവൻ വാങ്ങി നൽകിയ ലാവയുടെ ബേസിക്​ ഫോണിലായിരുന്നു വിഡിയോ പിടിത്തം തുടങ്ങിയത്​.

ഒരു വർഷംകൊണ്ട്​ 380 വിഡിയോ അപ്​ലോഡ്​ ചെയ്​തിട്ട്​ ഒന്നുപോലും ഗതിപിടിച്ചില്ല. ലാവ ഫോൺ തകരാറിലായി. കോവിഡിനെ തുടർന്ന്​ ഡ്രൈവർപണി ​പോയി... എന്നിട്ടും തളരാതെ നിൽക്കാനായത്​ കുടുംബത്തി​ന്‍റെ അകമഴിഞ്ഞ പിന്തുണയാലാണ്​, പ്രത്യേകിച്ച്​ കവിതയുടെ.

മു​മ്പൊരിക്കൽ അവൾ പറഞ്ഞതനുസരിച്ചാണ്​ ബസിൽനിന്നുള്ള വിഡിയോ ഷൂട്ട്​ ചെയ്യുന്നതും അത്​ വൈറലാകുന്നതും. അതോടെയാണ്​ ഞങ്ങളുടെ യൂട്യൂബ്​ കുടുംബത്തിലേക്ക്​ ആളുകൾ എത്തിത്തുടങ്ങിയതെന്ന് ബിജു ഓർത്തെടുത്തു.

വൺമാൻ ഷോ

കാമറക്കു​ പിന്നിലുള്ള എല്ലാ കാര്യങ്ങളിലും ബിജുവി​​ന്‍റെ കൈയൊപ്പാണ്​ കാണാനാകുക. സ്​ക്രിപ്​റ്റ്​, വിഡിയോ ഷൂട്ടിങ്​, ലൈറ്റിങ്​, സംവിധാനം, എഡിറ്റിങ്​ ഇതിനെല്ലാം പുറമെയാണ്​ ഒന്നിച്ചുള്ള അഭിനയവും. അൽപസ്വൽപം ടെൻഷനൊക്കെയുള്ള ഏർപ്പാടാണെങ്കിലും ആ ‘ഭാരം’ മറ്റാർക്കും നൽകാറില്ല. എല്ലാവരോടും അഭിപ്രായം ചോദിക്കുകയും അവരുടെ നിർദേശങ്ങൾ പരിഗണിക്കുകയും ചെയ്യും. കവിത അപൂർവമായേ ചില സ്​ക്രിപ്​റ്റ്​ ​ഐഡിയ പങ്കുവെക്കാറുള്ളൂവെങ്കിലും അത്​ സൂപ്പർ ആയിരിക്കുമെന്ന ബിജുവി​ന്‍റെ കമന്‍റിന്​ പതിവുപോലെ നിറഞ്ഞ പുഞ്ചിരിയായിരുന്നു കവിതയുടെ മറുപടി.

കാമറക്കു​ മുന്നിലും പിന്നിലുമെന്ന പോലെ വീട്ടുകാര്യങ്ങളിലും ബിജുവിന്​ ആ കരുതലുണ്ട്​. 12 വർഷംമുമ്പാണ്​ അച്ഛൻ മരിച്ചത്​. മൂന്നു​ സഹോദരിമാർ വിവാഹംകഴിഞ്ഞ് പോയി. അതിനുശേഷം അമ്മയും മകനും മാത്രമായിരിക്കു​മ്പോൾ പാത്രം കഴുകൽ, മുറ്റമടിക്കൽ, വെള്ളം കൊണ്ടുവരൽ തുടങ്ങി ഒരു കൈ സഹായം അന്നുമുണ്ടായിരുന്നു. ഇന്ന്​ എല്ലാവരുംകൂടി വീട്ടുജോലികൾ എല്ലാംതീർത്ത്​ ഷൂട്ടിങ്ങും അതിനിടയിലെ കളിതമാശകളും ആസ്വദിക്കുന്നു.

ഇണക്കിച്ചേർത്ത ഇഴയടുപ്പം

തങ്ങളുടെ വിഡിയോ വഴി പല ബന്ധങ്ങളുടെയും ഇഴയടുപ്പം കൂടുന്നുവെന്നത്​ ലൈക്കിനേക്കാളും ഷെയറിനേക്കാളും ആത്മനിർവൃതി നൽകുന്നുണ്ട്​ ഈ കുടുംബത്തിന്​. പല വിഡിയോകൾക്കു താഴെയും അത്തരം കമന്‍റുകൾ കാണാനാകും. വിഡിയോ കാണു​മ്പോൾ സമാധാനവും സന്തോഷവും തോന്നാറുണ്ട്​.

ഞങ്ങളുടെ കൊച്ചുമോ​ന്‍റെ കുസൃതിപോലെയാണ്​ റിത്​വിയുടെ കളികൾ, കവിതയും അമ്മയും തമ്മിലുള്ള സ്​നേഹബന്ധം എല്ലാവർക്കും മാതൃകയാണ്, ഞങ്ങളും ഇപ്പോൾ ഇവരുടെ പാതയിലാണ്...​ തുടങ്ങിയ കമന്‍റുകളും ഫോൺവിളികളും നൽകുന്ന സന്തോഷം ഒന്നുവേറെ തന്നെയാണ്​.

വിവാഹമോചന വാർത്തകൾ പത്രമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന കാലത്ത്​ ഞങ്ങളുടെ വിഡിയോ കണ്ട്​ ഒന്നിച്ച ഭാര്യാഭർത്താക്കന്മാരുടെ സ്നേഹവായ്പ് അനുഭവിക്കാനും ഭാഗ്യമുണ്ടായി. ഭാര്യ-ഭർതൃബന്ധം എങ്ങനെയായിരിക്കണമെന്ന്​ കാണിക്കുന്ന വിഡിയോ രണ്ടു​ ഭാഗങ്ങളായി തുടക്കകാലത്ത്​ ഇറക്കിയിരുന്നു. വേർപിരിഞ്ഞ്​ കഴിയുന്ന ഭർത്താവിന്​ ഭാര്യ ആദ്യ വിഡിയോ അയച്ചുകൊടുത്തു. രണ്ടാമത്​ വിഡിയോ ഒരുമാസം കഴിഞ്ഞാണ്​ ഇറക്കിയത്​.

അതും അവർ ഭർത്താവിന്​ അയച്ചുകൊടുത്തു. അവർ തമ്മിലുള്ള പ്രശ്​നങ്ങൾ പരിഹരിച്ച്​ ഇരുവരുംകൂടി കിലോമീറ്ററുകൾ താണ്ടി ഞങ്ങളുടെ വീട്ടിലെത്തി കെട്ടിപ്പിടിച്ച്​ പങ്കുവെച്ച ആ സ്​നേഹബന്ധം ഇന്നും മായാതെ കൺമുന്നിലുണ്ട്​. പുറത്തൊക്കെ​ പോകുമ്പോഴും ആ ബന്ധത്തി​ന്‍റെ ആഴം ഞങ്ങൾ തിരിച്ചറിയുന്നുണ്ട്​. അടുത്ത ബന്ധുക്കളെ നാളുകൾക്കുശേഷം കാണു​​മ്പോൾ കെട്ടിപ്പിടിച്ചും ഉമ്മവെച്ചും നമ്മൾ അടുപ്പം കാണിക്കില്ലേ. അതുപോലെയാണ്​ ഓരോരുത്തരും പെരുമാറുക. ​പ്രത്യേകിച്ച്​ കവിതയെയും അമ്മയെയും ആളുകൾ അതിരറ്റ്​ സ്​നേഹിക്കുന്നു.

വലിയ വലിയ സ്വപ്​നങ്ങൾ ഒന്നും കാണാത്ത ഞങ്ങൾക്ക്​ ഈ സ്നേഹബന്ധം എന്നും നിലനിൽക്കണമെന്ന ആഗ്രഹം മാത്രമേയുള്ളൂ എന്നു പറഞ്ഞുതീരുംമു​മ്പേ കവിതയുടെ വിളി വന്നു. “ബിജുവേട്ടാ, ഞങ്ങള്​ റെഡി ആയി​ട്ടോ.” കാമറയും തൂക്കി ബിജു കുടുംബത്തി​ന്‍റെ സ്​നേഹത്തണലിലേക്ക്​ നടന്നുനീങ്ങി...

‘ജീവിതം തുറന്ന പുസ്​തകമാകണം’

● ഏതു​ വിഷയവും പരസ്​പരം തുറന്നു സംസാരിക്കാനാകണം.

● കുട്ടികളുടെ നിർദേശങ്ങളും അഭിപ്രായങ്ങളും പരിഗണിക്കണം.

● പരസ്​പരമുള്ള ബഹുമാനം കാത്തുസൂക്ഷിക്കണം.

● എന്തു​ തരത്തിലുള്ള അഭിപ്രായത്തിനും വിലകൊടുക്കണം. അത്​ തെറ്റാണെങ്കിൽ കൃത്യമായി പറഞ്ഞ്​ ബോധ്യ​പ്പെടുത്തണം.

● ഒന്നും ഒളിച്ചുവെക്കാത്ത തുറന്ന പുസ്​തകമാകണം ജീവിതം.

● പരിമിതികൾ അറിഞ്ഞ് ജീവിക്കണം.

● ഭാര്യാഭർത്താക്കന്മാർ നല്ല സുഹൃത്തുക്കൾകൂടിയാകണം. ഇന്നത്​ ഇന്നയാൾക്ക്​ ചെയ്യാം, ചെയ്യരുത്​ എന്നു പാടില്ല.

● മരുമകൾ, അമ്മായിയമ്മ എന്നത്​ മാറ്റിവെച്ച്​ മകളും അമ്മയുമാകാൻ കഴിയണം.

● ഭാര്യവീട്ടുകാരെ ഒരു കുടുംബം പോലെ കാണാൻ ഭർത്താവിന് കഴിയണം.





Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Vloggerfamily vibeKL BRO Biju Rithvik
News Summary - KL BRO Biju Rithvik family speaks
Next Story