Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightKudumbamchevron_rightbusiness innovationschevron_rightതേങ്ങ ചതിച്ചില്ല;...

തേങ്ങ ചതിച്ചില്ല; നാളികേരത്തിലൂടെ ‘ഗ്രീൻ ഓറ’ വിപണിയിലെത്തിക്കുന്നത് നിരവധി ഉൽപന്നങ്ങൾ

text_fields
bookmark_border
തേങ്ങ ചതിച്ചില്ല; നാളികേരത്തിലൂടെ ‘ഗ്രീൻ ഓറ’ വിപണിയിലെത്തിക്കുന്നത് നിരവധി ഉൽപന്നങ്ങൾ
cancel
camera_alt

സുമില ജീവനക്കാർക്കൊപ്പം. ചി​​​ത്ര​​​ങ്ങൾ: ടി.എച്ച്. ജദീർ



പകൽസമയത്ത് വീട്ടിൽ തനിച്ചായപ്പോൾ ബോറടി മാറ്റാനാണ് സുമില താല്‍ക്കാലിക ജോലിയെക്കുറിച്ച് ചിന്തിച്ചത്. വീടിനടുത്തുള്ള നാളികേര ഉൽപന്ന കമ്പനിയില്‍ ജോലിക്കു കയറുമ്പോൾ അവർക്ക് അറിയില്ലായിരുന്നു അത് തന്‍റെ ജീവിതം മാറ്റിമറിക്കുമെന്ന്.

സാധാരണ കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനി സുമിലയുടെ വിദ്യാഭ‍്യാസയോഗ്യത ഇംഗ്ലീഷ് സാഹിത്യത്തിലെ ബിരുദാനന്തര ബിരുദമാണ്. വിദേശത്ത് ജോലിയുള്ള ഭർത്താവ് ജയരാജന്‍റെ അടുത്തേക്ക് പോകുന്നതുവരെയുള്ള എട്ടു മാസത്തേക്കാണ് അവർ താൽക്കാലിക ജോലിക്കു കയറിയത്.

അവിടെവെച്ചാണ് വെര്‍ജിന്‍ കോക്കനട്ട് ഓയിലിനെക്കുറിച്ച് മനസ്സിലാക്കിയത്. ഒരു കൗതുകത്തിന് കൂടുതൽ പഠിച്ചപ്പോഴാണ് വെര്‍ജിന്‍ വെളിച്ചെണ്ണയുടെ അനന്തസാധ്യതകളും ഔഷധഗുണങ്ങളും തിരിച്ചറിഞ്ഞത്. ജോലിയില്‍ തുടരുമ്പോള്‍തന്നെ ഇതിന്‍റെ ഗുണങ്ങള്‍, രോഗപ്രതിരോധശക്തി എന്നിവയെക്കുറിച്ച് പഠിക്കുകയും ഉപയോഗിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്തു.

പച്ചനാളികേരത്തില്‍നിന്ന് എടുക്കുന്ന പാല്‍ രണ്ടുതവണ പാസ്ചുറൈസേഷന്‍ നടത്തിയാണ് വെര്‍ജിന്‍ ഓയില്‍ വേർതിരിച്ചെടുക്കുന്നത്. ഇതിനൊപ്പം ലഭിക്കുന്ന ക്രീമിനും പിണ്ണാക്കിനും നിരവധി ഔഷധഗുണങ്ങളുണ്ട്. ഈ മൂല്യവർധിത ഉൽപന്നങ്ങള്‍ക്ക് വിപണിയില്‍ ആവശ‍്യക്കാരേറെയാണ്.

ജോലിയിൽ ഏർപ്പെട്ട ഗ്രീൻ ഓറയിലെ ജീവനക്കാർ

സ്വന്തം സംരംഭത്തിലേക്ക്

ഒരുപാട് രാത്രികൾ ഉറക്കമൊഴിഞ്ഞ് ആലോചിച്ചശേഷമാണ് 2011ൽ താൽക്കാലിക ജോലി ഉപേക്ഷിച്ച് സ്വന്തമായി സംരംഭം തുടങ്ങാൻ സുമില തീരുമാനിച്ചത്. പിന്തുണയുമായി ഭർത്താവും സുഹൃത്തുക്കളും കൂടെനിന്നു.

തുടക്കത്തിൽ കൂടുതല്‍ സാമ്പത്തികബാധ്യത വരുത്തിവെക്കേണ്ട എന്ന ചിന്തയിലാണ് വീടിനോടുചേര്‍ന്ന് ലളിതമായ രീതിയില്‍ ‘ഗ്രീൻ ഓറ’ എന്ന പേരിൽ സംരംഭത്തിന് തുടക്കംകുറിച്ചത്. ചെറിയ ഷെഡില്‍ മൂന്നു ജീവനക്കാരുമായിട്ടായിരുന്നു ആ പരീക്ഷണം.

ആദ്യം കൈവെച്ചത് വെളിച്ചെണ്ണ ഉൽപാദനത്തിലാണ്. കടകളിലേക്ക് വെളിച്ചെണ്ണ നല്‍കിക്കൊണ്ടായിരുന്നു തുടക്കം. പിന്നീടാണ് വെര്‍ജിന്‍ ഓയില്‍ തയാറാക്കാന്‍ തുടങ്ങിയത്. ഡ്രൈവര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സുമില തന്നെ വാഹനത്തിന്‍റെ വളയം പിടിച്ചു. അതോടെ ആത്മവിശ്വാസം വർധിച്ചു.

തുടക്കത്തില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍നിന്നും ബാങ്കുകളില്‍നിന്നും അനുകൂല പ്രതികരണങ്ങളല്ല ലഭിച്ചത്. ലൈസന്‍സ് ഉൾപ്പെടെയുള്ള രേഖകൾ തയാറാക്കാന്‍ ഏറെ ബുദ്ധിമുട്ടി. ബാങ്ക് വായ്പ ലഭിക്കാനും മാസങ്ങൾ അലഞ്ഞു. പലപ്പോഴും സംരംഭം അവസാനിപ്പിക്കുന്നതിനെക്കുറിച്ചുപോലും ചിന്തിച്ചു. അപ്പോഴും ഭർത്താവും സുഹൃത്തുക്കളും പകർന്നുനൽകിയ ധൈര്യത്തിലാണ് പിടിച്ചുനിന്നത്.

ഗ്രീൻ ഓറ ഫാക്ടറി

പ്രതീക്ഷയുടെ പച്ചപ്പുകൾ

തുടക്കത്തിലെ ബുദ്ധിമുട്ടുകള്‍ മറികടന്ന് ‘ഗ്രീൻ നട്ട്‌സ്’ എന്ന പേരില്‍ ഉൽപന്നങ്ങള്‍ വിപണിയില്‍ ഇറക്കുകയും സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെയാണ് ആത്മവിശ്വാസം ഇരട്ടിച്ചത്. ഇതിനിടെ സ്വന്തം കെട്ടിടം യാഥാർഥ‍്യമാവുകയും ചെയ്തതോടെ കൂടുതല്‍ മൂല്യവർധിത ഉൽപന്നങ്ങള്‍ വിപണിയിലിറക്കാൻ തീരുമാനിച്ചു. വീട്ടമ്മകൂടിയായ സുമില സമപ്രായക്കാരായ വീട്ടമ്മമാരുടെ ജീവിതഭാരം, അത് ലഘൂകരിക്കാനുള്ള ഉൽപന്നങ്ങളുടെ സാധ്യത എന്നിവയെക്കുറിച്ച് പഠിക്കാന്‍ തുടങ്ങി.

സുഹൃത്ത് സുചിതയാണ് തേങ്ങാപ്പാല്‍ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. അങ്ങനെയാണ് 2021ല്‍ തേങ്ങാപ്പാല്‍ വിപണിയില്‍ എത്തിച്ചത്. ഇന്ന് ഏറ്റവും കൂടുതല്‍ ആവശ്യക്കാരും അതിനാണ്. വീട്ടമ്മമാര്‍ക്കു പുറമെ കേറ്ററിങ്ങുകാർക്കും ആയുര്‍വേദ മരുന്ന് ഉൽപാദകർക്കും വിതരണം ചെയ്യുന്നുണ്ട്.

ഗ്രീൻ ഓറയിലെ ജീവനക്കാർ

വിപണിയിലെ മത്സരം

തൃശൂരിന്‍റെ ചെറിയ ചുറ്റളവില്‍നിന്ന് ലോകത്തിന്‍റെ വിവിധ കോണുകളിലെ കാര്‍ഷികവും വ്യവസായികവുമായ വിപണി സാധ‍്യതയെക്കുറിച്ചും മത്സരത്തെക്കുറിച്ചും സുമില ചിന്തിക്കാന്‍ തുടങ്ങി. ഫിലിപ്പീന്‍സ്, ശ്രീലങ്ക, ഇന്തോനേഷ‍്യ എന്നിവിടങ്ങളില്‍നിന്ന് വിപണിയിലെത്തുന്ന നാളികേര മൂല്യവർധിത ഉൽപന്നങ്ങളുമായി മത്സരിക്കേണ്ട ആവശ്യകതകൂടി സുമില പഠിക്കാന്‍ തുടങ്ങി.

തൊഴിലാളികൾക്ക് കുറഞ്ഞ വേതനം മാത്രം കൊടുക്കുന്ന രാജ്യങ്ങളില്‍നിന്ന് വരുന്ന ഉൽപന്നങ്ങളുമായി മത്സരിക്കണമെങ്കില്‍ വിലക്കുറവും പാക്കിങ്ങും ഗുണമേന്മയും സമാന്തരമായി കൊണ്ടുപോകണം. എന്നാല്‍, കേരളത്തിൽ തൊഴിലാളികൾക്ക് നൽകുന്ന മാന്യമായ വേതനം വിലവർധനക്ക് ഇടയാക്കുമ്പോള്‍ ഇതിനെ മറികടക്കാന്‍ പാക്കിങ്ങിലും ഗുണമേന്മയിലും വിട്ടുവീഴ്ച ചെയ്യാതിരിക്കുക മാത്രമാണ് മാർഗം.

വെര്‍ജിന്‍ ഓയിലിലും തേങ്ങാപ്പാലിലും അനുബന്ധ ഉൽപന്നങ്ങളിലും ഗുണമേന്മയില്‍ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയില്ല. നാളികേരവെള്ളം ഉപയോഗിച്ച് ഇവർ നിർമിക്കുന്ന പ്രകൃതിദത്ത വിനാഗിരിക്കും വിപണിയില്‍ നല്ല ഡിമാൻഡുണ്ട്.

വിദേശ വിപണിയുടെ സാധ്യതകള്‍

അമേരിക്കന്‍ ഐക്യനാടുകളില്‍ നാളികേരത്തിന്‍റെ മൂല്യവർധിത ഉൽപന്നങ്ങൾക്ക് നല്ല വിപണിയാണുള്ളത്. ഇന്ത്യന്‍ ഉൽപന്നങ്ങള്‍ തേടി മാര്‍ക്കറ്റുകളില്‍ എത്തുന്നവരുണ്ട്. കേരളത്തിലെ നാളികേരത്തിന്‍റെ ഗുണമേന്മയും ഉൽപാദിപ്പിക്കുന്ന ഇടങ്ങളിലെ ശുചിത്വവും പ്രധാന ഘടകമാണ്. ആകര്‍ഷകമായ പാക്കിങ്ങും വിപണിയില്‍ ചലനം സൃഷ്ടിക്കുന്നു.

മലേഷ്യയിലേക്കും ഇവര്‍ തുടക്കത്തില്‍തന്നെ ഉൽപന്നങ്ങൾ കയറ്റുമതി ചെയ്യാൻ തുടങ്ങിയിരുന്നു. ഇപ്പോഴും വിദേശരാജ്യങ്ങളില്‍നിന്ന് അന്വേഷണങ്ങള്‍ വരുന്നുണ്ട്.

വളര്‍ച്ചയുടെ പടവുകളില്‍

18 ജീവനക്കാരുമായി 3000 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിടത്തില്‍ നിരവധി ഉൽപന്നങ്ങളാണ് ഗ്രീൻ ഓറ വിപണിയിലെത്തിക്കുന്നത്. ആറു മാസം കൂടുമ്പോള്‍ ഗുണമേന്മ പരിശോധിച്ച് കോഷര്‍ സര്‍ട്ടിഫിക്കറ്റില്‍ ഉൽപന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കാന്‍ കഴിഞ്ഞതില്‍ ഏറെ അഭിമാനമുണ്ടെന്ന് സുമില പറയുന്നു.

സൗന്ദര്യവർധക വസ്തുക്കളുടെ ഉൽപാദനമാണ് അടുത്ത ലക്ഷ്യം. കൂടെ ജോലി ചെയ്യുന്ന തൊഴിലാളികളും യു.എ.ഇയില്‍ ജോലിചെയ്യുന്ന ഭർത്താവ് ജയരാജനും മക്കളായ സ്വാതിയും രോഹിതും ഫുൾ സപ്പോർട്ടുമായി കൂടെയുള്ളതുകൊണ്ട് ഏതു ലക്ഷ‍്യവും എത്തിപ്പിടിക്കാനാവുമെന്ന് സുമില പറഞ്ഞുനിർത്തി.




Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:coconut oilcoconutEntrepreneur
News Summary - Green Aura's success through coconut
Next Story