Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ചരിത്രഭൂമിയായ അർമീനിയയിലൂടെ
cancel



ഏഷ്യയിലെ ഏറ്റവും മികച്ച വിനോദസഞ്ചാരയിടങ്ങളിലൊന്നാണ് അർമീനിയ. മനോഹരമായ ഭൂപ്രകൃതിയാലും ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും പ്രത്യേകതയാലും സഞ്ചാരികളുടെ മനസ്സിൽ ഇടംപിടിച്ച ഈ രാജ്യം ഏഷ്യയുടെ യൂറോപ്യൻ അറ്റത്താണ്​ സ്ഥിതിചെയ്യുന്നത്. ജോർജിയ, അസർബൈജാൻ, തുർക്കിയ, ഇറാൻ എന്നീ രാജ്യങ്ങൾ അതിർത്തിപങ്കിടുന്നു. കുറഞ്ഞ ചെലവിൽ യാത്രചെയ്യാവുന്ന യൂറേഷ്യൻ രാജ്യംകൂടിയാണിത്.





ഖത്തർ പ്രവാസിയായ എനിക്ക് പെരുന്നാൾ അവധിക്ക് നാട്ടിൽ പോവാൻ സാധിക്കാതെ വന്നതോടെയാണ് അർമീനിയ വീണ്ടും മനസ്സിൽ തടഞ്ഞത്. നേരത്തേ കുടുംബത്തോടൊപ്പം സന്ദർശിക്കാനായിരുന്നു പദ്ധതിയെങ്കിലും സാധിച്ചിരുന്നില്ല. ജി.സി.സി റെസിഡന്റ്‌സുള്ളവർക്ക് ഓൺ അറൈവൽ വിസയാണ് അർമീനിയയിലേക്ക്. സാധാരണ എന്‍റെ യാത്രകൾക്കൊന്നും പ്രത്യേകിച്ച് തയാറെടുപ്പുകൾ ഉണ്ടാവാറില്ല. ലഗേജ് ഇല്ലാത്തതുകൊണ്ട് ഒരു ബാക്ക്പാക്കും തൂക്കി നേരെ ഖത്തറിലെ അസീസിയ മെട്രോ സ്റ്റേഷനിലേക്ക്. അവിടെനിന്ന്​ മിഷൈരിബ്, പിന്നെ എയർപോർട്ടിലേക്ക്. അർമീനിയയുടെ തലസ്ഥാനമായ യെരവാൻ എയർപോർട്ടിൽ ഇറങ്ങിയ എന്നെ സ്വീകരിക്കാൻ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ടൂറിസ്റ്റ് ഗൈഡുകൂടിയായ ക്രിസ് എന്ന സുഹൃത്ത് കാത്തിരിക്കുന്നുണ്ടായിരുന്നു. ഫിലിപ്പിനോ ആയ ക്രിസ് കുടുംബത്തോടൊപ്പം ആറുവർഷമായി അർമീനിയയിലാണ്. എയർപോർട്ടിൽനിന്ന്​ ഏകദേശം 10 കിലോമീറ്റർ ദൂരമുണ്ട് ബുക്ക് ചെയ്ത ഹോസ്റ്റലിലേക്ക്. തനിച്ചുള്ള എന്‍റെ യാത്രകളിൽ ഹോസ്റ്റലാണ് താമസത്തിന് തിരഞ്ഞെടുക്കുന്നത്. ചെലവും ഫോർമാലിറ്റീസും കുറവാണ്.

വിടർന്ന പൂവിതളുകൾപോലെ ‘ടെമ്പ്ൾ ഓഫ് എറ്റേണിറ്റി’

രാവിലെ കൃത്യം ഒമ്പത്​ ആയപ്പോഴേക്കും ക്രിസ് വന്നു. അവനൊപ്പം യാത്രക്ക് ഖത്തറിൽനിന്നു​വന്ന ഫിലിപ്പീനോ കപ്പിൾസുമുണ്ടായിരുന്നു. ആദ്യ യാത്ര അർമീനിയൻ ജനോസൈഡ് മ്യൂസിയത്തിലേക്കാണ്​ (Tsitsernakaberd Armenian Genocide Memorial Complex). ശനിയാഴ്ചയായതുകൊണ്ട് റോഡിൽ അത്ര തിരക്കില്ല. ഏതാണ്ട് 20-25 മിനിറ്റ് യാത്രയുണ്ട്. യാത്രക്കിടെ മ്യൂസിയത്തെക്കുറിച്ച് ചെറുവിവരണം ക്രിസ് നൽകിക്കൊണ്ടിരുന്നു. 1967ൽ സിറ്റ്സെർനകാബെർഡ് (Tsitsernakaberd) കുന്നിൽ പൂർത്തിയാക്കിയ ഈ വിശാല സമുച്ചയം ഇരുപതാം നൂറ്റാണ്ടിൽ കൊല്ലപ്പെട്ട അർമീനിയക്കാർക്കുള്ള ആദരവാണ്. ഹ്രസ്ദാൻ നദിക്കരയിലുള്ള മൂന്ന് കുന്നുകളിൽ ഒന്നിലാണ് സ്ഥിതിചെയ്യുന്നത്. 144 അടി ഉയരമുള്ള ഈ സ്മാരകം പുനർജന്മത്തിന്റെ പ്രതീകമായാണ് അവർ കാണുന്നത്. 12 സ്ലാബുകൾ ഒരു വൃത്തത്തിൽ ക്രമീകരിച്ച രീതിയിലാണ് ഇതിന്‍റെ നിർമിതി. ഇപ്പോൾ തുർക്കിയയുടെ ഭാഗമായ പ്രവിശ്യകളെ പ്രതിനിധാനംചെയ്യുന്നു. ഈ പ്രവിശ്യകൾ അർമീനിയയുടേതാണെന്നാണ്​ അവർ വിശ്വസിക്കുന്നത്​. കൊല്ലപ്പെട്ടവർക്കായി സമർപ്പിച്ചിരിക്കുന്ന ഒരു നിത്യജ്വാല വൃത്തത്തിന്റെ മധ്യഭാഗത്തുണ്ട്.

ഇവിടേക്ക് പ്രവേശിക്കുമ്പോൾ അർമീനിയയിലുടനീളമുള്ള നഗരങ്ങളുടെ പേരുകളും ഓരോന്നിലും കൊല്ലപ്പെട്ട ആളുകളുടെ എണ്ണവും കൊത്തിവെച്ച കൂറ്റൻ കല്ലുകൾ കാണാം. ചെറുകുന്നുകൾ താണ്ടി ഞങ്ങൾ അവിടെയെത്തി. പാർക്ക് ചെയ്ത സ്ഥലത്തുനിന്ന് ചെറിയ ഉദ്യാനംപോലെയുള്ള വഴിയിലൂടെ ‘ടെമ്പ്ൾ ഓഫ് എറ്റേണിറ്റി’ ലക്ഷ്യമാക്കി നടന്നു. ദൂരെ സ്തൂപം (റീ ബോൺ അർമീനിയ) കാണാം. ശനിയാഴ്ച മ്യൂസിയം അവധിയായതിനാൽ അകത്തുകയറാൻ സാധിച്ചില്ല. ‘ടെമ്പ്ൾ ഓഫ് എറ്റേണിറ്റി’ വിടർന്ന പൂവിതളുകൾപോലെയാണ്. ആ ഇതളുകൾക്കിടയിലൂടെ താഴേക്ക് ഇറങ്ങാം. ആദരാഞ്ജലികൾ അർപ്പിക്കാനും പ്രാർഥിക്കാനും ആളുകൾ എത്തിക്കൊണ്ടേയിരുന്നു.


1. അർമീനിയൻ ജനോസൈഡ് മെമ്മോറിയൽ കോംപ്ലക്സിനു മുന്നിൽ ലേഖകൻ 2. ജഗാർഡ് ഗട്ട (അർമീനിയൻ സ്വീറ്റ്) വിൽക്കുന്ന സ്ത്രീ



മൗണ്ട് അരഗാറ്റ്സും കാരി തടാകവും

അടുത്ത ലക്ഷ്യം ഒറ്റപ്പെട്ട നാലു കൊടുമുടികളുള്ള അഗ്നിപർവതനിരയായ മൗണ്ട് അരഗാറ്റ്സ് (Mount Aragats) ആണ്. സമുദ്രനിരപ്പിൽനിന്ന് 4090 മീറ്റർ (13,420 അടി) ഉയരമുള്ള അതിന്റെ വടക്കൻ കൊടുമുടി, ലെസ്സർ കോക്കസസിന്റെയും അർമീനിയയുടെയും ഏറ്റവും ഉയർന്ന പോയന്റാണ്. അർമീനിയൻ ജനതയുടെ ഗോത്രപിതാവായ ഹേക്കിന്റെ മകനായ അരമനാക്കിന്റെ പേരാണ് ഈ പർവതത്തിന്.

അർമീനിയൻ തലസ്ഥാനമായ യെരവാനിൽനിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന അരഗാറ്റ്സ്, നിരവധി വിള്ളലുകളും സാഹസിക കോണുകളുമുള്ള ഒരു വലിയ അഗ്നിപർവതമാണ്. റോഡിനിരുവശത്തും മനോഹരമായ മലകളും ആകാശവും കാഴ്ചക്ക് കുളിരേകുന്നുണ്ട്. പോകുന്ന വഴിയിലെല്ലാം നിറയെ ആടുകളാണ്. ഈ സമ്മറിൽ ആളുകൾ ആടുകളെ മേയ്ക്കാനായി ഈ കുന്നിൻചരിവുകളിൽ തമ്പടിച്ചു താമസിക്കും. അല്ലാത്ത സമയത്ത് മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശമാണ്.

പർവതത്തിന്‍റെ മുകളിൽ എത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം. വാഹനം മല കയറുന്നതിനനുസരിച്ച് തണുപ്പും കൂടിവരുകയാണ്. യാത്ര അവസാനിക്കുന്നത് പർവതത്തിന്റെ ചരിവുകളിൽ സ്ഥിതിചെയ്യുന്ന കാരി തടാക ത്തിലാണ് (Lake Qari). അതിലെ വെള്ളത്തിന്റെ ഭൂരിഭാഗവും ഐസ്, മഞ്ഞ് എന്നിവയിൽനിന്നാണ്. സമുദ്രനിരപ്പിൽനിന്ന് 3185 മീറ്റർ ഉയരത്തിലാണിത് സ്ഥിതിചെയ്യുന്നത്.

തടാകത്തിന്റെ അടുത്തായി ഒരു കാലാവസ്ഥ നിരീക്ഷണകേന്ദ്രമുണ്ട്. അവിടെ അൽപനേരം ചെലവഴിച്ച് കുറച്ചു ഫോട്ടോകൾ എടുത്തശേഷം ഞങ്ങൾ ആംബെർഡ് ഫോട്രെസി (Amberd fortress) ലേക്ക് തിരിച്ചു.


അംബേർഡ് ഫോർട്രെസ് (കോട്ട)

ആംബെർഡ് കോട്ടയും വഹ്‌റാമഷെൻ പള്ളിയും

എൻട്രി ഫീയും നൽകി ആംബെർഡ് കോട്ടയുടെ ഭാഗത്തേക്ക് ഇറങ്ങി. അവിടെയുള്ള വ്യൂ പോയന്റിൽനിന്നും കുറച്ചു ഫോട്ടോ എടുത്തു. താഴേക്ക് ഇറങ്ങി വേണം കോട്ടയുടെ ഭാഗത്തേക്കും പള്ളിയുടെ ഭാഗത്തേക്കും പോകാൻ. കോട്ടയുടെ പൊളിഞ്ഞ ഭാഗങ്ങളിലേക്കുള്ള യാത്ര റിസ്കുള്ളതാണ്. കുത്തനെയുള്ള ചിലയിടങ്ങളിൽ മാത്രമാണ് പടികളുള്ളത്.

ആദ്യം പോയത് പള്ളിയുടെ ഭാഗത്തേക്കാണ്. നേരെ ഇറങ്ങി കുറച്ചു നടന്നാൽ എത്തുന്നത് ഈ പള്ളിയിലേക്കാണ്. വഹ്‌റാമഷെൻ പള്ളി (Vahramashen Church) സാധാരണയായി വഹ്‌റാമഷെൻ സർപ്പ് അസ്ത്വാത്‌സാറ്റ്‌സിൻ (Vahramashen Surp Astvatsatsin) അല്ലെങ്കിൽ ചർച്ച് ഓഫ് ആംബെർഡ് എന്നും അറിയപ്പെടുന്നു. 1026ലാണ് പണി പൂർത്തീകരിച്ചത്. കോണുകളിൽ നാല് ഇരുനില അറകളുള്ള ക്രൂസിഫോം തരത്തിലുള്ള പള്ളിയാണിത്. വലിയ വൃത്താകൃതിയിലുള്ള പന്ത്രണ്ട് മുഖങ്ങളുള്ള ഡ്രം പള്ളിയുടെ മുകളിൽ തൂക്കി‍യിട്ടുണ്ട്. പള്ളിയുടെ പുറംഭാഗം കവാടത്തിന് ചുറ്റും അരികുകളും ചില ചെറിയ ജനാലകളുടെ സാഡിലുകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഡ്രമ്മിലെയും താഴികക്കുടത്തിലെയും നേർത്ത നിരകൾക്കു മുകളിൽ കോർണിസ് പാളികളും മുൻഭാഗങ്ങളിൽ കൊത്തിയെടുത്ത ചില ക്രോസ് റിലീഫ് ഡിസൈനുകളും അതിനെ മനോഹരമാക്കുന്നു. ആംബെർഡ് കോട്ടക്കിടയിലും പ്രൊമോണ്ടറിയോട് ചേർന്നുള്ള മതിലിനടുത്തുമാണ് പള്ളി സ്ഥിതിചെയ്യുന്നത്. ഇതിന്‍റെ താഴെ മലയിടുക്കിലാണ് അർകാഷ്യൻ നദി. ആളുകൾ മെഴുകുതിരി കത്തിച്ച് പ്രാർഥിക്കുന്നുണ്ട്. ദുർഘടംപിടിച്ച ചരിഞ്ഞ പ്രതലത്തിലൂടെ നടന്ന് കാഴ്ചകളൊക്കെ ആസ്വദിച്ചു.

വശത്തേക്കു നടന്നാൽ കോട്ടയും കാണാം. പത്താം നൂറ്റാണ്ടിലെ ഒരു കോട്ടയാണിത്. സമുദ്രനിരപ്പിൽനിന്ന് 2300 മീറ്റർ (7500 അടി) ഉയരത്തിൽ, അരാഗറ്റ്‌സോട്ട് പ്രവിശ്യയിലെ (Aragatsotn Province) അർകാഷെൻ, ആംബെർഡ് നദികളുടെ സംഗമസ്ഥാനത്ത് അരാഗാട്ട് പർവതത്തിന്റെ ചരിവുകളിലാണ് ശിലായുഗ വാസസ്ഥലമായിരുന്ന പ്രദേശം സ്ഥിതിചെയ്യുന്നത്. രാജാക്കന്മാരുടെ വേനൽക്കാല വസതിയായിരുന്നു ആംബെർഡ് എന്നും ചില സ്രോതസ്സുകൾ പറയുന്നു. കോട്ടയുടെയും മുറികളുടെയും ഉൾവശം അലങ്കാരങ്ങൾ, എണ്ണവിളക്കുകൾ എന്നിവയാൽ മനോഹരമാണ്.



ചാരെന്റ്സ് ആർച്ച്

ചാരെന്‍റ്സ് ആർച്ച്

അർമീനിയയിൽ എന്‍റെ രണ്ടാം ദിവസമാണ്. സഹയാത്രികരായ കപ്പിൾസ് ഖത്തറിലേക്ക് തിരിച്ചതിനാൽ ഞാനും ക്രിസും മാത്രമാണുള്ളത്. ഇറങ്ങാൻ വൈകിയതിനാൽ 10.30ഓടെയാണ് ചാരെന്‍റ്സ് ആർച്ചിലേക്ക് തിരിച്ചത്. 1957ൽ അർമീനിയൻ കവി ഇഗിഷെ ചാരെന്‍റ്സിന്റെ (Egishe Charents) ഓർമക്കായി നിർമിച്ച മനോഹരമായ ആർക്കാണിത്. വാസ്തുശിൽപിയായ റാഫേൽ ഇസ്രായേലാണ് ശിൽപി. ദൂരെയായി മഞ്ഞുപുതഞ്ഞുകിടക്കുന്ന മൗണ്ട് ആരറ്റ്സ് (Mount Ararat) മനോഹര കാഴ്ചയാണ്. ആർച്ചിലേക്കുള്ള വഴികളിലെല്ലാം കച്ചവടക്കാരുടെ തിരക്കാണ്. സന്ദർശകരുടെ തിരക്കുകാരണം ഫോട്ടോയെടുക്കാൻ കുറച്ചുനേരം കാത്തിരിക്കേണ്ടിവന്നു. വഴികളിൽ പലയിടത്തും ആപ്രിക്കോട്ടും പ്ലംസും കായ്ച്ചുനിൽക്കുന്ന മനോഹരമായ ചെറുതോട്ടങ്ങൾ ഭംഗിയേറും കാഴ്ചയാണ്. അവിടെനിന്ന് പറിച്ച ഫ്രഷായ പഴങ്ങളും വഴിയരികിൽ ലഭ്യമാണ്.


റിപ്പബ്ലിക് സ്‌ക്വയർ


ഗാർണി ക്ഷേത്രം

സൂര്യദേവനുവേണ്ടി എ.ഡി ഒന്നാം നൂറ്റാണ്ടിൽ നിർമിച്ചു എന്ന് പറയപ്പെടുന്ന ക്ഷേത്രമാണ് ഗാർണി. മൂന്നാം നൂറ്റാണ്ടിൽ അർമീനിയ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യപ്പെട്ടപ്പോൾ അവശേഷിച്ച അപൂർവം ചില നിർമിതികളിൽ ഒന്നുകൂടിയാണിത്.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുവന്ന നിരവധി വിനോദസഞ്ചാരികളെ കാണാം. നീണ്ട വരിയിൽനിന്ന് ടിക്കറ്റ് എടുത്തശേഷം അകത്തേക്കുകയറി. അകത്തേക്കുള്ള വഴികളിൽ ക്ഷേത്രത്തിന്‍റെ ചരിത്രങ്ങൾ അടങ്ങിയ ചെറിയ ബോർഡുകളുണ്ട്. പൊളിഞ്ഞുവീണുതുടങ്ങിയ ഗേറ്റിനും മതിലിനും ഇടയിലൂടെയുള്ള എൻട്രൻസ് മനോഹരമായിരുന്നു. വശങ്ങളിലായി ആപ്രിക്കോട്ടും ചെറിപ്പഴങ്ങളും മൾബെറിയുമൊക്കെ നിറഞ്ഞുനിൽക്കുന്ന മരങ്ങളുള്ള നടവഴി. തിരിച്ചുപോരുമ്പോൾ പറിക്കാം എന്ന ക്രിസിന്റെ ഉറപ്പിൽ നേരെ ക്ഷേത്രത്തിലേക്കു നീങ്ങി.

അത്ഭുതക്കാഴ്ചകളായിരുന്നു അകത്ത് കാത്തിരുന്നത്. ഒറ്റക്കല്ലുകളും ലെഡുകളും ചേർത്ത് റോമൻ മാതൃകയിലാണ് നിർമിതി. ഇതിന്റെ പല പ്രധാന ഭാഗങ്ങൾ 1600ലുണ്ടായ ഭൂകമ്പത്തിൽ തകർന്നെങ്കിലും ശേഷിപ്പുകൾ ഇപ്പോഴുമുണ്ട്. മലഞ്ചരിവിലായി സ്ഥിതിചെയ്യുന്ന ക്ഷേത്രത്തിന്‍റെ പുറംകാഴ്ചകളും അതിമനോഹരമാണ്. കാഴ്ചകൾ കണ്ട് മതിയായില്ലെങ്കിലും സമയക്കുറവ് കാരണം മനസ്സില്ലാമനസ്സോടെ തിരിച്ചിറങ്ങേണ്ടിവന്നു.

ഇനി സിംഫണി ഓഫ് ദ സ്റ്റോൺസ് (The Symphony of the Stones) ആണ് ലക്ഷ്യം. ഗാർണി ഗ്രാമത്തിൽ ആസാദ് നദീതടത്തിൽ സ്ഥിതിചെയ്യുന്ന പ്രകൃതിദത്ത സ്മാരകമാണിത്. അവയുടെ അസാധാരണമായ നിർമിതി കാരണം കരകൗശലമായാണ് കാണപ്പെടുന്നത്. അഗ്നിപർവത ലാവയുടെ തണുപ്പും ക്രിസ്റ്റലൈസേഷനും കാരണം ഉയർന്ന മർദത്തിലാണ് ഈ അത്ഭുതകരമായ പാറകൾ രൂപപ്പെട്ടത്.

ഗെഗ്ഹാർഡ് മൊണാസ്ട്രി

യുനെസ്കോയുടെ ലോക പൈതൃക സൈറ്റിൽപ്പെട്ട ഗെഗ്ഹാർഡ് മൊണാസ്ട്രി ലക്ഷ്യമാക്കിയാണ് ഞങ്ങൾ പോകുന്നത്. അർമീനിയയിൽ കുന്തം എന്നാണ് ഗെഗ്ഹാർഡിന്‍റെ അർഥം. ക്രിസ്തുമതം പ്രചരിപ്പിക്കാനായി യേശുവിന്‍റെ ശിഷ്യനായ തദ്ദേവൂസ് അർമീനിയയിൽ എത്തിയപ്പോൾ അവിടത്തെ ജനത അദ്ദേഹത്തെ വിശ്വസിച്ചില്ല. അവരെ ബോധ്യപ്പെടുത്താനായി, യേശുവിനെ കുരിശിൽ തറച്ചപ്പോൾ സൈനികർ കുത്തിയ കുന്തമെടുത്ത് ഒരു പാറയിൽ ആഞ്ഞുകുത്തി. ആസമയം അവിടെനിന്ന് പ്രവഹിച്ച ജലം ഇപ്പോഴും തുടരുന്നു എന്നാണ് വിശ്വാസം.

അർമീനിയയിലും ചൂടുകാലമാണ്. പക്ഷേ, മലമുകളിലേക്ക് എത്തുംതോറും തണുത്ത കാറ്റ് ഞങ്ങളെ പൊതിഞ്ഞുവീശിക്കൊണ്ടിരുന്നു. ചിലയിടങ്ങളിൽ തണുപ്പ് 10 ഡിഗ്രിയിലും താഴെയായിരുന്നു. ദൂരെ മലനിരകൾ മഞ്ഞിൽ പൊതിഞ്ഞുകിടക്കുന്നു. അടുത്തുള്ള പർവതത്തിൽനിന്ന് ഭാഗികമായി കൊത്തിയെടുത്തതാണ് മൊണാസ്ട്രിയുടെ നിർമിതിക്ക് ഉപയോഗിച്ച കല്ലുകൾ. വിശുദ്ധ നീരുറവയുടെ സ്ഥലത്താണ് ആശ്രമ സമുച്ചയം സ്ഥാപിച്ചത്. ആശ്രമ സമുച്ചയത്തിനുള്ളിലെ ചില പള്ളികൾ പൂർണമായും പാറക്കെട്ടുകളിൽനിന്ന് കുഴിച്ചതാണ്. പള്ളിയുടെ ഉള്ളിലെ കാഴ്ചകളും അതിമനോഹരമാണ്. പലയിടങ്ങളിലും വെളിച്ചം കുറവാണെങ്കിലും പുറത്തുനിന്നുള്ള വെളിച്ചം അകത്തേക്ക് എത്താൻപാകത്തിൽ പള്ളിയുടെ പല ഭാഗങ്ങളിലും ഗ്ലാസിട്ട മേൽക്കൂരകൾ കാണാം. അകത്ത് പ്രാർഥന നടക്കുന്നുണ്ടായിരുന്നു. വിശ്വാസികൾ അതിനകത്ത് തിങ്ങിനിറഞ്ഞിരിക്കുന്നു. ഇറങ്ങിവരുന്ന വഴിയിൽ ഒരു ചെറിയ പാറയിടുക്കുണ്ട്. പലരും ചെറിയ കല്ലുകൾ അതിലേക്ക് എറിയുന്നുണ്ട്. മനസ്സിൽ വിചാരിക്കുന്ന കാര്യം നടക്കും എന്നതാണ് വിശ്വാസം.

കാഴ്ചകൾ മതിയാക്കി തിരികെ ഇറങ്ങുമ്പോൾ ജഗാർഡ് ഗാട്ട എന്ന അപ്പം വിൽക്കുന്ന അമ്മച്ചിയെ കണ്ടു. മനോഹരമായ ഡിസൈനിലുള്ള രുചിയുള്ള ബ്രഡിന് സമാനമായ അപ്പമാണിത്. നട്സ്ചേർത്തതും അല്ലാത്തതും ലഭിക്കും. മൂന്ന് ആഴ്ച വരെ ഇത് കേടുകൂടാതെ സൂക്ഷിക്കാം എന്ന ഉറപ്പിൽ ഒരെണ്ണം വാങ്ങി.

മദർ അർമീനിയ

ഇന്നത്തെ അവസാന സന്ദർശനകേന്ദ്രം മദർ ഓഫ് അർമീനിയ ആണ്. യെരവാനെ അഭിമുഖീകരിക്കുന്ന വിക്ടറി പാർക്കിലാണ് ഈ സ്മാരകപ്രതിമ സ്ഥിതിചെയ്യുന്നത്. രണ്ടാം ലോകയുദ്ധത്തിന്റെ വിജയസ്മാരകമായി നിർമിച്ച ജോസഫ് സ്റ്റാലിന്റെ സ്മാരക പ്രതിമക്കു പകരമുള്ള നിർമിതിയാണ്. അവിടെനിന്ന് ഇറങ്ങിയശേഷം സമയം ഏറെ വൈകിയിരുന്നു.

വൈകുന്നേരം തലസ്ഥാന നഗരമായ യെരവാൻ സിറ്റി കാണാനിറങ്ങി. ഇവിടത്തെ പ്രധാന ആകർഷണം റിപ്പബ്ലിക് സ്‌ക്വയറാണ്. നിയോക്ലാസിക്കൽ ശൈലിയിൽ നിർമിച്ച അഞ്ചു പ്രധാന കെട്ടിടങ്ങളാൽ ഇത് ചുറ്റപ്പെട്ടിരിക്കുന്നു. ഇതിൽ ഗവൺമെന്റ് ഹൗസ്, ഹിസ്റ്ററി മ്യൂസിയം, നാഷനൽ ഗാലറി, അർമീനിയ മാരിയറ്റ് ഹോട്ടൽ എന്നിവയും മുമ്പ് വിദേശകാര്യ, ഗതാഗത, ആശയവിനിമയ മന്ത്രാലയങ്ങൾ പ്രവർത്തിച്ചിരുന്ന രണ്ടു കെട്ടിടങ്ങളും ഉൾപ്പെടുന്നു. വ്ലാദിമിർ ലെനിന്റെ ഒരു പ്രതിമ സ്ക്വയറിൽ നിർമിച്ചതിനാൽ സോവിയറ്റ് കാലഘട്ടത്തിൽ ഇതിനെ ലെനിൻ സ്ക്വയർ എന്ന് വിളിച്ചിരുന്നു. അർമീനിയയുടെ സ്വാതന്ത്ര്യത്തിനുശേഷം, ലെനിന്റെ പ്രതിമ നീക്കംചെയ്ത് സ്ക്വയർ പുനർനാമകരണം ചെയ്തു.

തൊട്ടടുത്തായി നമ്മുടെ നാട്ടിലെ ചന്തപോലെയുള്ള കച്ചവടങ്ങളുമുണ്ട്.


ബ്ലൂ മോസ്‌ക് കവാടം

ബ്ലൂ മോസ്‌ക്

ഇന്ന് അർമീനിയയിലെ അവസാന ദിവസമാണ്. കൂട്ടിന് ക്രിസുമില്ല. അടുത്തുള്ള ചില സ്ഥലങ്ങൾ തലേദിവസം തന്നെ ഗൂഗ്ളിൽ തിരഞ്ഞ് കണ്ടെത്തി പ്ലാൻ ചെയ്തിരുന്നു. അർമീനിയ ടൂർ ടാക്സിക്കുപുറമെ കുറഞ്ഞ നിരക്കിൽ യാത്രചെയ്യാവുന്ന ടാക്സി സർവിസായ യാണ്ടെക്സ് ഗോ (yandex GO) ആണ് യാത്രക്ക്​ ആശ്രയിച്ചത്. ഹോസ്റ്റലിന് അടുത്തുതന്നെയുള്ള മെട്രോ സ്റ്റേഷനും പോകുംവഴി കണ്ടു. ഇന്നത്തെ ആദ്യ ടാർഗറ്റ് പതിനെട്ടാം നൂറ്റാണ്ടിൽ നിർമിച്ച പേർഷ്യൻ ശിയാ ബ്ലൂ മോസ്‌ക് ആണ്. സെൻട്രൽ യെരവാനിലെ ഏറ്റവും പഴയതും അർമീനിയയിലെ സജീവമായ ഒരേയൊരു ശിയാ മുസ്‍ലിം പള്ളിയാണിത്. 1920കളിൽ മതേതരവത്കരിക്കപ്പെട്ട ഈ പള്ളി സോവിയറ്റ് യൂനിയന്റെ തകർച്ചവരെ, മ്യൂസിയം ഓഫ് നാച്വറൽ സയൻസസ് ആയിരുന്നു. അതിൽ പ്രധാന പ്രാർഥന ഹാളിനുള്ളിൽ ഒരു പ്ലാനറ്റേറിയവും യെരവാൻ ഹിസ്റ്ററി മ്യൂസിയവും ഉൾപ്പെട്ടിരുന്നു. അർമീനിയയുടെ സ്വാതന്ത്ര്യത്തെത്തുടർന്ന്, ഇറാനിയൻ ഗവൺമെന്റിന്റെ പിന്തുണയോടെ മസ്ജിദ് പുതുക്കിപ്പണിയുകയും വിശ്വാസികൾക്കായി നൽകുകയും ചെയ്തു. ടാക്സി വിളിച്ചുപോയതിനാൽ എല്ലാം പെട്ടെന്ന് കണ്ട് മടങ്ങേണ്ടിവന്നു. പുറത്ത് വണ്ടി പാർക്ക് ചെയ്യാൻ സ്ഥലംകിട്ടിയില്ല, ഫൈൻ വരും എന്നൊക്കെ ഡ്രൈവർ ആംഗ്യഭാഷയിൽ പറയുന്നുണ്ടായിരുന്നു. ഇംഗ്ലീഷ് പൊടിക്കുപോലും അറിയാത്തവരാണ് അവിടത്തെ സാധാരണ ജനങ്ങൾ.

കൊമിറ്റാസ് മ്യൂസിയം-ഇൻസ്റ്റിറ്റ്യൂട്ട്

ജീവചരിത്ര മ്യൂസിയമായ കൊമിറ്റാസ് മ്യൂസിയം-ഇൻസ്റ്റിറ്റ്യൂട്ടും (Komitas Museum-Institute) സന്ദർശിച്ച ശേഷം തിരികെ റൂമിലേക്ക് തിരിച്ചു. വൈകീട്ടാണ് ഫ്ലൈറ്റ്. ഹോസ്റ്റൽ മാനേജറോട് യാത്ര പറഞ്ഞ് റൂമിലെത്തി സാധനങ്ങൾ പാക്ക് ചെയ്തു. ഏഴുമണിയോടെ ക്രിസിനൊപ്പം എയർപോർട്ടിലേക്കു തിരിച്ചു. റോഡിൽ തിരക്കുകാരണം, 25 മിനിറ്റുകൊണ്ട് എത്തേണ്ടത് ഒരു മണിക്കൂറോളം എടുത്തു. യെരവാൻ ചെറിയ എയർപോർട്ടായതിനാൽ കൗണ്ടറിൽ വലിയ തിരക്കില്ല. കൂട്ടുകാരനെപ്പോലെ കൂടെയുണ്ടായിരുന്ന ക്രിസിനോട് നന്ദിയും യാത്രയും പറഞ്ഞ് എയർപോർട്ടിനകത്തേക്കു കയറി. സദാ ചിരിച്ച മുഖത്തോടെയല്ലാതെ അവനെ കണ്ടിട്ടേയില്ലായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Travel NewsarmenianWorld Travel Destination
News Summary - A Journey through historical Armenia
Next Story