Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
നീറുന്ന ബീഡിപ്പുക
cancel

നേർക്കാഴ്ചകൾക്ക് മനോഹാരിത ചാർത്തിയ ഭൂപ്രദേശം. മൂന്ന് വശവും പുഴയാൽ ചുറ്റപ്പെട്ട കര. കരുവന്നൂർ പുഴയുടെ ജല നിരപ്പിനേക്കാൾ താഴ്ന്ന പ്രദേശവും കരാഞ്ചിറ പള്ളിയുടെ കീഴേയുള്ള സ്ഥലവുമായതിനാൽ കീഴ്പ്പള്ളിക്കര എന്ന കൊച്ചുഗ്രാമം.

പുഴയുടെ പടിഞ്ഞാറെ കരയിലാണ് ഞങ്ങളുടെ വീട്. വീട്ടിൽനിന്നും ചരലിട്ട വഴിയിലൂടെ കുറച്ച് നടന്നാൽ മെയിൻ റോഡിൽ എത്താം. റോഡിൽ സന്ധ്യയായാൽ നല്ല തിരക്കാണ്​. വലതുവശത്ത് വേലായുധേട്ടന്‍റെ സൈക്കിൾ കട, കൃഷ്ണേട്ടന്‍റെ ചായക്കട, ഗോവിന്ദേട്ടന്‍റെ തുണിക്കട, കുഞ്ഞുമുഹമ്മദിക്കാടെ പലചരക്കുകട അങ്ങനെ നീളുന്നു. ഈ കടകളൊന്നും ഇന്നുകാണുന്ന തരത്തിലുള്ള കോൺക്രീറ്റ് കെട്ടിടമായിരുന്നില്ല. ഓലമേഞ്ഞ്​, മൺചുമരുകളിൽ പണിത നിരപ്പലകകളിട്ട കെട്ടിടങ്ങൾ.

സൈക്കിൾ കടയുടെ സൈഡിലാണ്​ പഞ്ചായത്ത് റേഡിയോ സ്ഥിതിചെയ്യുന്നത്. വൈകീട്ടുള്ള വാർത്ത കേൾക്കാൻ റോഡിന്‍റെ ഇരുവശത്തും പണി കഴിഞ്ഞ് വരുന്ന ആളുകൾ തിങ്ങിനിറയും. വൈകീട്ടുള്ള ചലച്ചിത്ര ഗാനം, വയലും വീടും, നാടകങ്ങൾ എല്ലാം കേൾക്കാൻ റേഡിയോയാണ് ഏകമാർഗം.

റേഡിയോയിൽ വാർത്ത കേൾക്കാൻ വരുന്നവർ വട്ടമിരുന്ന് ചർച്ചകൾ തുടങ്ങും. ഇതിൽ അധികപേരും വർത്തമാനത്തിനിടക്ക് പുകവലിച്ച് ചർച്ചകൾക്ക് മാറ്റ് കൂട്ടുന്നത് കാണാം. ചിലർ ബീഡി വലിച്ച് പുകച്ചുരുളുകൾ വിടുന്നത് കണ്ടാസ്വദിച്ചിട്ടുണ്ട്. ബീഡിക്കുറ്റിയുടെ തലക്കൽ ചുംബിച്ച് വലിക്കുന്നവർ, ചുണ്ടിന്റെ സൈഡിൽ വെച്ച് വലിക്കുന്നവർ, ബീഡി പല്ലുകൊണ്ട് കടിച്ചുപിടിച്ച് സംസാരിക്കുന്നവർ, കൈവിരലിൽ ഒതുക്കി കൈകൂപ്പി വലിക്കുന്നവർ...

പുകച്ചുരുളുകൾക്ക് ചിറകുകൾ മുളക്കുന്നതും പറന്നുയരുന്നതും കാറ്റ് തട്ടിപ്പറക്കുന്നതും ഒരുപാട് കണ്ടിട്ടുണ്ട്. കവലയിൽ ഇരിക്കുന്നവർ പുകച്ചുരുളുകൾ ആകാശത്തേക്ക് കൊടുത്ത് പകരം വാക്കുകൾ ആഴത്തിൽനിന്ന് തപ്പിയെടുത്ത് പറയുന്നതായി തോന്നിപ്പോകും!

രാത്രി ഏറെ വൈകിയാണ് ബസാർ കാലിയാവുക. തൃശൂരിൽനിന്ന് കരാഞ്ചിറതോപ്പ് ബസ്​ വന്നുകഴിഞ്ഞാൽ ബസാർ കാലിയാകും.

ഞങ്ങളുടെ ചെറുപ്പകാലങ്ങളിൽ പുകവലിക്കുന്നതും മുറുക്കുന്നതും അന്തസ്സാണ്. കല്യാണം, വിരുന്ന് എന്നിങ്ങനെ വീടുകളിൽ നടക്കുമ്പോൾ ഒരു കിണ്ണത്തിൽ നിറക്കുന്ന ബീഡിയും സിഗരറ്റും മുറുക്കാനും റോജ പാക്കും ഒരു അലങ്കാരമാണ്. അങ്ങനെയങ്ങനെയാണ്​ ബീഡി ഒന്ന് വലിച്ച് നോക്കണം എന്ന ആഗ്രഹം മനസ്സിൽ കുടിയേറിയത്.

പുകച്ചുരുളുകൾ ആകാശത്തിലേക്ക് തള്ളിവിട്ട് കടിച്ചാൽ പൊട്ടാത്ത വാക്കുകളും മറ്റുള്ളവർ പറയുന്നതുപോലെ ഫിലോസഫിയും പറയാൻ മോഹം ഉള്ളിൽ പെരുകി. നീണ്ട കാത്തിരിപ്പിനൊടുവിൽ ആ ദിനം എന്നെ തേടിയെത്തി.

മൂത്ത സഹോദരിയും അളിയനും മക്കളും വീട്ടിൽ വന്ന ദിവസം റൂമിൽ കയറി അളിയന്‍റെ ഷർട്ടിന്‍റെ പോക്കറ്റിൽ ബീഡിയുണ്ടെന്ന് ഞാൻ ഉറപ്പ് വരുത്തി. എല്ലാവരും ഭക്ഷണം കഴിക്കാൻ പോയ തക്കം നോക്കി ഒരു ബീഡി ഞാൻ കട്ടെടുത്തു. അടുക്കളയിൽനിന്ന് തക്കംനോക്കി തീപ്പെട്ടിയും...

റൂമിൽ ഓടിന്റെ ഇടയിൽ ഒളിപ്പിച്ചുവെച്ച് വൈകുന്നേരം പഠനവും പ്രാർഥനയും കഴിഞ്ഞ് 8.30നുള്ള റേഡിയോ നാടകം കൂടി കേട്ടിട്ടാണ് ഭക്ഷണം. എല്ലാവരും നേരത്തേ കിടക്കും, വെളുപ്പിനുമുമ്പ്​ ഉപ്പക്കും ഇക്കാമാർക്കും പത്രവിതരണത്തിന് പോകണം.

ഭക്ഷണശേഷം എല്ലാവരും അവരവരുടെ റൂമിൽ പോയ ശേഷം ഞാനും രണ്ട് കതകുള്ള വാതിൽ ലോക്ക് ചെയ്ത് കിടന്നു. വീട്ടിലെ എല്ലാ ലൈറ്റുകളും അണഞ്ഞു. തൊട്ടടുത്ത റൂമിൽ ഇത്തയും അളിയനും. തട്ടടിക്കാത്ത പാത്തിപ്പുരയായതുകൊണ്ട് ബീഡിയുടെ മണം പലപ്പോഴും അവരുടെ മുറിയിൽനിന്ന് ഞാനും ആസ്വദിച്ചിട്ടുണ്ട്.

ഞാൻ വലിക്കുന്ന മണം അവർ അറിയുമോ ആവോ...!

ബീഡിയുടെ മണം വേഗത്തിൽ അറിയാൻ കഴിവുള്ളവർ സ്ത്രീകളാണെന്ന് കേട്ടിട്ടുണ്ട്. ആകെക്കൂടി ഒരു പരിഭ്രമം. രണ്ടും കൽപിച്ച് ഞാനും ബീഡിക്ക് തീകൊളുത്തി. പെട്ടെന്നുള്ള പ്രകാശം അവർ അറിയാതിരിക്കാൻ സാധാരണ ബീഡി വലിക്കുന്നവർ കാണിക്കുന്ന പോലെ ഞാനും തീയെ ഉള്ളം കൈയിലൊതുക്കി.

ഞാൻ ആദ്യപുക വലിച്ച് സ്വയം ആശ്വസിച്ചു. പിന്നെ കവലയിൽ ആളുകൾ വലിക്കുംപോലെ പുക മുകളിലേക്ക് വട്ടമിട്ട് പറത്തി. പുകവലിയുടെ ആവേശത്തിൽ തൊണ്ടയിൽ തങ്ങിയ പുക ശ്വാസതടസ്സം സൃഷ്ടിച്ചു. ചുമ അടക്കാൻ കഴിഞ്ഞില്ല. കാര്യം മനസ്സിലാക്കിയ അളിയൻ ഇത്തയോട് പറഞ്ഞ് കൊടുത്തുകാണും...

ഞാൻ കിടന്ന റൂമിന്‍റെ കതകിൽ ഒരു തട്ട്. ഞാൻ അറിയാത്തപോലെ കിടന്നു. വാതിലിൽ തട്ടുന്നതിന്‍റെ എണ്ണം കൂടി. ഉറക്കത്തിൽ എന്നപോലെ ചോദിച്ചു:

ആരാ...? എന്താ...?

‘തുറക്കടാ വാതിൽ’ -ആ ശബ്ദം ഉറക്കെയായി. ഈ സമയം റൂമിലെ പുക കളയാൻ ഞാൻ പല വഴികളും ചിന്തിച്ചു. വിശറികൊണ്ട് പുക വീശിക്കളയാൻ.

നടപ്പുരയുടെ പടിഞ്ഞാറെ റൂമിൽനിന്ന്​ ഉപ്പയും ഉമ്മയും ശബ്ദം കേട്ട് ഇറങ്ങി വന്നു. അപ്പോഴേക്കും ഹാളിലെ ലൈറ്റ് ആരോ കത്തിച്ചു.

ഈ നേരത്ത് ദേഷ്യം വരുമ്പോൾ ഉമ്മ തൊണ്ടയിടറികൊണ്ട് ശബ്ദമുണ്ടാക്കുന്നത് കേൾക്കാം. കാര്യം കൈവിട്ട് പോയെന്ന് മനസ്സിലാക്കിയ ഞാൻ മുറിയുടെ കതക്​ തള്ളിത്തുറന്ന് പുറത്തുവന്നപ്പോൾ ഇത്തയും ഉമ്മയും...

നോക്കിനിന്നവരുടെ മൂക്കിലേക്കും കണ്ണിലേക്കും ബീഡിപ്പുകയും ദുർഗന്ധവും തള്ളി​ക്കയറി. പിന്നെ കാര്യങ്ങൾ എല്ലാം കൈവിട്ടുപോയി!

ദേഹമാസകലം വിറക്കുന്നുണ്ടായിരുന്നു. പിന്നെ ചോദ്യങ്ങളുടെ കൂമ്പാരം. ‘ഭൂമീന്ന് മുളച്ച് പൊങ്ങീട്ടില്ല! അല്ലെങ്കിലും ഇവന് എവിടെനിന്ന് കിട്ടി. കള്ളത്തരം പഠിച്ച് തുടങ്ങി, ഇപ്പോൾ ഇങ്ങനെ ആയാൽ കുറച്ചുംകൂടി കഴിഞ്ഞാൽ എന്താകും...?

വലിയ കുറ്റം ചെയ്തപോലെ എല്ലാവരുടെയും വിസ്താരം. പേടിപ്പെടുത്തുന്ന ചോദ്യങ്ങളും തൊണ്ടയിൽ ഉമിനീർ വറ്റിവരണ്ടു വായ തുറക്കാൻ പറ്റാത്ത അവസ്ഥ. ഈ നേരത്താണ് ഉമ്മയുടെ ദൃഷ്ടി എന്റെ കണ്ണിൽ പതിഞ്ഞത്. ഒന്നും പറഞ്ഞില്ല. പക്ഷെ ആ ഒരു നോട്ടത്തിൽ എല്ലാ ചോദ്യങ്ങളും ഉണ്ടായിരുന്നു. ഉമിത്തീയിൽ എരിയുന്ന വേദന..... !

‘മതി എല്ലാവരും പോയി ഉറങ്ങ്’ -ഉമ്മ പറഞ്ഞു.

വീണ്ടും ലൈറ്റുകൾ അണഞ്ഞു. ഉറക്കം വരാതെ കിടന്നു. ജീവിതത്തിൽ ആദ്യത്തെ സംഭവമാണ്. പുകവലിക്കുന്നത് ഇത്രയും വലിയ പാപമാണോ? വീട്ടിലും നാട്ടിലും എത്രയെത്ര ആളുകളാണ്​ പുകവലിക്കുന്നത്.

എല്ലാവരും വളരെ പ്രൗഢിയോടെ കണ്ടിരുന്ന ബീഡിയും മുറുക്കാനും ഇനിമുതൽ ഉപയോഗിക്കില്ല എന്ന് സ്വയം പ്രതിജ്ഞ എടുത്തു.

രാവിലെ മ​ദ്റസയിൽ പോയി വന്ന് ഭക്ഷണം കഴിക്കും നേരം ഉമ്മ മാറോട് ചേർത്ത് തലോടിക്കൊണ്ട് പറഞ്ഞു:

‘‘മറ്റുള്ളവരുടെ ശരികൾ നിനക്ക് ശരിയാകണമെന്നില്ല. തെറ്റുകൾ സംഭവിക്കാം. അത് മനസ്സിലാക്കുമ്പോഴാണ് വിവേകശാലിയാകുന്നത്. മോന് അതിനു കഴിയണം’’.

കെട്ടിപ്പിടിച്ച് നെറുകയിൽ മുത്തംതന്ന് ഉമ്മ പറഞ്ഞുനിർത്തി. ഉമ്മാടെ വാക്കുകൾ ഇടറി. കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.

അന്നത്തെ ഉമ്മയുടെ ചുംബനം എനിക്ക് ഭയങ്കര ഊർജമായിമാറി. അന്ന് മനസ്സിൽ ഉറപ്പിച്ചു. നീണ്ട 40 വർഷം കഴിഞ്ഞു. ആ പുകയുടെ മണം എന്നെ ഇപ്പോഴും അലോസരപ്പെടുത്താറുണ്ട്.

എൻ.കെ. ഷാജഹാൻShow Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kudumbammystory
News Summary - First time smoking experience in childhood
Next Story