സൂംബ നൃത്തം: സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത
text_fieldsതേഞ്ഞിപ്പലം: സൂംബ നൃത്തം സംബന്ധിച്ച് ജൂണ്‍ 20ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലര്‍ പിന്‍വലിക്കണമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് നിർവാഹക സമിതി യോഗം ആവശ്യപ്പെട്ടു. ശാസ്ത്രീയ പഠനങ്ങളോ ചര്‍ച്ചയോ ഇല്ലാതെയാണ് ലഹരിവിരുദ്ധ കാമ്പയിന്റെ മറപിടിച്ച് ഈ നൃത്തം വിദ്യാർഥികളുടെ മേല്‍ അടിച്ചേല്പിച്ചത്. നിഷേധാത്മക സമീപനം സ്വീകരിച്ച മന്ത്രി ആര്. ബിന്ദുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്നും യോഗം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
സ്കൂള്‍ പഠന സമയത്തില്‍ വരുത്തിയ മാറ്റം മദ്റസ വിദ്യാർഥികള്‍ക്കും മറ്റും ഏറെ പ്രയാസമുണ്ടാക്കുന്നതിനാല്‍ സമയമാറ്റം പുനഃപരിശോധിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സ്കൂള്‍ സമയമാറ്റത്തിനെതിരെ സമസ്ത കേരള മദ്റസ മാനേജ്മെന്റ് അസോസിയേഷന് നടത്താന്‍ തീരുമാനിച്ച സമരപരിപാടികള്‍ക്ക് യോഗം അംഗീകാരം നല്കി.
പുതുതായി രണ്ട് മദ്റസകള്‍ക്കു കൂടി അംഗീകാരം നല്കി. ഇതോടെ അംഗീകൃത മദ്റസകളുടെ എണ്ണം 11,000 ആയി. ഡോണ്‍ പബ്ലിക് സ്കൂള്‍ മദ്റസ നമ്പ്രത്ത്കര, നടുവത്തൂര്‍ (കോഴിക്കോട്), ലേണ്വെല് അല്‍ബിര്‍റ് സ്കൂള്‍ മദ്റസ നിലയിലാട്ട്, കോട്ടയംപൊയില്‍ (കണ്ണൂര്‍) എന്നീ മദ്റസകള്‍ക്കാണ് പുതുതായി അംഗീകാരം നല്‍കിയത്.
പ്രസിഡന്റ് പി.കെ. മൂസക്കുട്ടി ഹസ്രത്ത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി എം.ടി. അബ്ദുല്ല മുസ്ലിയാര് സ്വാഗതം പറഞ്ഞു. മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, കെ.ടി. ഹംസ മുസ്ലിയാര്, കെ. ഉമര്‍ ഫൈസി മുക്കം, എ.വി. അബ്ദുറഹിമാന് മുസ്ലിയാര്, വാക്കോട് മൊയ്തീന് കുട്ടി ഫൈസി, എം.സി. മായിന്‍ ഹാജി, ഡോ. എന്‍.എ.എം. അബ്ദുല്‍ഖാദിര്‍, ഒ. അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ. മൊയ്തീന് ഫൈസി പുത്തനഴി, എസ്. സഈദ് മുസ്ലിയാര് വിഴിഞ്ഞം, എം. അബ്ദുറഹിമാന് മുസ്ലിയാര് കൊടക് എന്നിവർ സംസാരിച്ചു. ജനറല്‍ മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

