സൂംബ ഡാൻസ് മതപരമായ പ്രതിസന്ധിയുണ്ടാക്കുന്നില്ല -സ്വാമി സച്ചിദാനന്ദ
text_fieldsവർക്കല: സൂംബ ഡാൻസ് മതപരമായ പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്ന് ശ്രീനാരായണ ധർമസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ. പുതിയ തലമുറയുടെ ഉത്കൃഷ്ടത്തിന് അഭികാമ്യമായ നടപടികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുന്ന പാരമ്പര്യമാണ് നമുക്കുള്ളത്. അതും മതവുമായി ബന്ധപ്പെടുത്താന്‍ പാടുള്ളതല്ല.
ഗുരുവിന്‍റെ കല്‍പന പ്രകാരം മതം വ്യക്തികാര്യമായ ഒരനുഷ്ഠാനമാണ്. അതും രാജ്യകാര്യങ്ങളുമായി കൂട്ടിക്കുഴക്കരുത്. വിദ്യാഭ്യാസമന്ത്രി പ്രഖ്യാപനം ചെയ്ത സൂംബ ഡാന്‍സിനെപ്പറ്റി പഠിച്ചപ്പോള്‍ അതില്‍ മതപരമായ പ്രതിസന്ധി സൃഷ്ടിക്കുന്നതൊന്നും കാണാനില്ല. അതുകൊണ്ട് രാജ്യത്തെയും മതത്തെയും ഓര്‍ത്ത് സഹകരണപരമായ ഒരു നിലപാട് എല്ലാ മത സംഘടനകളും പുലര്‍ത്തണം.
ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ള വിവാദങ്ങള്‍ വിദ്വാന്മാരായ മതപണ്ഡിതന്മാര്‍ മതവിശ്വാസികളെ പറഞ്ഞ് മനസ്സിലാക്കി പൊതുനിലപാടിനോട് ചേര്‍ന്നുനിൽക്കണം. മാത്രമല്ല, നമ്മുടെ നാടിന് ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ഒരു പാരമ്പര്യമാണുള്ളത്. ഏതെങ്കിലും ഒരു പ്രത്യേക മതത്തിന്‍റെ ആചാരാനുഷ്ഠാന പദ്ധതികളെ രാജ്യത്തിന്‍റെ പൊതുതാല്‍പര്യങ്ങളുമായി കൂട്ടിക്കുഴക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും സമാധാനവും ശാന്തിയും ഐക്യവും നിലനിര്‍ത്താന്‍ അത് അനിവാര്യമാണെന്നും വാര്‍ത്തക്കുറുപ്പിൽ സ്വാമി സച്ചിദാനന്ദ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

