സൂംബാ ഡാന്‍സ് വിമർശനം: അധ്യാപകനെ സസ്പെൻഡ് ചെയ്യാൻ നിർദേശം
text_fieldsപാലക്കാട്: സൂംബാ ഡാന്‍സ് നടപ്പാക്കുന്നതിനെ സമൂഹ മാധ്യമത്തിലൂടെ വിമർശിച്ച സ്കൂൾ അധ്യാപകൻ ടി.കെ. അഷ്റഫിനെ സസ്പെൻഡ് ചെയ്യാൻ പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടറുടെ നിർദേശം. വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം. ബുധനാഴ്ച വൈകീട്ട് നാലിനുമുമ്പ് സസ്പെൻഷൻ നടപടി സ്വീകരിക്കാനാണ് എടത്തനാട്ടുകര ടി.എ.എം യു.പി. സ്കൂൾ മാനേജറോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, വിശദീകരണം തേടാതെയുള്ള സസ്പെൻഷൻ നടപടി നിരസിച്ച മാനേജർ, അധ്യാപകനോട് മൂന്നു ദിവസത്തിനകം വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് വിദ്യാഭ്യാസ വകുപ്പിന് മറുപടി നൽകി.
വിദ്യാഭ്യാസ വകുപ്പിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് ഡി.ഡി.ഇ മാനേജറോട് നടപടിക്ക് നിർദേശിച്ചത്. സസ്പെന്‍ഷനടക്കമുള്ള അച്ചടക്ക നടപടി 24 മണിക്കൂറിനകം സ്വീകരിക്കണമെന്നായിരുന്നു ആവശ്യം. അധ്യാപകനോട് വിശദീകരണം ചോദിച്ച കാര്യം വിദ്യാഭ്യാസ വകുപ്പിനെ അറിയിച്ചതായി സ്കൂൾ മാനേജർ അബൂബക്കർ പാറോക്കോട് പറഞ്ഞു.
നിർദേശം അനുസരിക്കാതിരുന്ന മാനേജ്മെന്റ് നടപടിയിൽ വിദ്യഭ്യാസ വകുപ്പ് അധികൃതർക്ക് അതൃപ്തിയുണ്ട്. സ്കൂൾ മാനേജർക്കെതിരെ നടപടിയെടുക്കാൻ ഡി.ഡി.ഇക്ക് അധികാരമുണ്ടെങ്കിലും അത്തരം നടപടിയിലേക്ക് കടക്കേണ്ടെന്നാണ് ഡയറക്ടറേറ്റിൽ നിന്നുള്ള നിർദേശമെന്ന് അറിയുന്നു. ടി.കെ. അഷ്റഫിനെതിരായ നടപടിയിൽനിന്ന് പിന്തിരിയണമെന്ന് അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ ആവശ്യപ്പെട്ടു. വകുപ്പുതല നടപടി സ്വീകരിക്കാനുള്ള സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ നീക്കം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.
അധ്യാപകരെ നിശ്ശബ്ദരാക്കാനുള്ള ശ്രമമാണ് വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫിനെതിരായ നീക്കമെന്ന് വിസ്ഡം സംസ്ഥാന പ്രസിഡന്റ് പി.എന്‍. അബ്ദുല്‍ ലത്തീഫ് മദനി പറഞ്ഞു. ആശയ പോരാട്ടത്തിൽ വിജയംവരിക്കുന്നതുവരെ വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ മുന്നോട്ടുപോകുമെന്നും അദ്ദേഹം വ്യക്തമാക്കി.
അധ്യാപകനെതിരെ നടപടിക്ക് നിർദേശം നൽകിയിട്ടില്ല -മന്ത്രി
തിരുവനന്തപുരം: സ്കൂളുകളിലെ സൂംബ ഡാന്‍സിനെ വിമർശിച്ച വിസ്ഡം ജനറല്‍ സെക്രട്ടറിയും അധ്യാപകനുമായ ടി.കെ. അഷ്റഫിനെതിരെ നടപടിയെടുക്കാൻ സർക്കാർ നിർദേശം നൽകിയിട്ടില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി. സർക്കാർ ശമ്പളം വാങ്ങുന്ന അധ്യാപകൻ സർക്കാറിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നയങ്ങൾക്കെതിരെ പരസ്യമായ പ്രസ്താവന നടത്തുന്നതടക്കമുള്ള നിയമലംഘനങ്ങളുണ്ടായാൽ നടപടിയെടുക്കേണ്ടത് എയ്ഡഡ് സ്കൂൾ എന്ന നിലയിൽ അവിടത്തെ മാനേജ്മെന്റാണ്. മാനേജ്മെന്റ് നടപടിയെടുക്കുന്നില്ലെന്ന് ഒരു പൗരന് തോന്നിയാൽ സർക്കാറിനെ സമീപിക്കാം.
എന്നാൽ, മന്ത്രിയോ പൊതുവിദ്യാഭ്യാസ ഡയറക്ടറോ ഇക്കാര്യത്തിൽ നടപടിക്ക് നിർദേശം കൊടുത്തിട്ടില്ല. അതിന്റെ ആവശ്യവുമില്ല. സർക്കാർവിരുദ്ധ പരാമർശമുണ്ടായപ്പോൾ സ്വാഭാവികമായും സ്കൂളിൽ വിളിച്ച് അന്വേഷിച്ചിരിക്കാം. ഇത്തരം ലംഘനങ്ങളിൽ ശരിയായ നടപടിയെടുത്തില്ലെങ്കിൽ മാനേജ്മെന്റിന്റെ നിലനിൽപ് തന്നെ ബുദ്ധിമുട്ടിലാകും. ഇത്രയും ഭയമുള്ളവർ എന്തിനാണ് സർക്കാറിനെയും സർക്കാർ നയങ്ങളെയും സമൂഹത്തെയും വെല്ലുവിളിക്കാൻ പോയതെന്നും മന്ത്രി ചോദിച്ചു. എയ്ഡഡ് സ്കൂൾ അധ്യാപക നിയമനം പി.എസ്.സിക്ക് വിടണമെന്ന കാര്യത്തിൽ സർക്കാർ ഒന്നും തീരുമാനിച്ചിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

