സൂംബ വിവാദം: ടി.കെ. അഷ്റഫിന്റെ സസ്പെൻഷൻ ഹൈകോടതി റദ്ദാക്കി
text_fieldsകൊച്ചി: സ്‌കൂളുകളില്‍ സൂംബ ഡാൻസ് പദ്ധതി നടപ്പാക്കുന്നതിനെതിരെ ഫേസ്ബുക്ക് പോസ്റ്റിട്ട അധ്യാപകനും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി.കെ. അഷ്‌റഫിനെ സസ്‌പെന്‍ഡ് ചെയ്ത നടപടി ഹൈകോടതി റദ്ദാക്കി.
മൂന്ന് ദിവസത്തിനകം മറുപടി ആവശ്യപ്പെട്ട് മെമോ നൽകിയതിന്‍റെ പിറ്റേ ദിവസംതന്നെ സസ്പെൻഡ് ചെയ്തത് നിയമവിരുദ്ധമാണെന്ന് കാട്ടി അഷ്റഫ് സമർപ്പിച്ച ഹരജി പരിഗണിച്ചാണ് ജസ്റ്റിസ് ഡി.കെ. സിങ്ങിന്‍റെ ഉത്തരവ്. വിദ്യാഭ്യാസ വകുപ്പിനെ അപകീര്‍ത്തിപ്പെടുത്തുന്ന വിധം ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതിന് ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാൻ ഹരജിക്കാരൻ അധ്യാപകനായ പാലക്കാട് എടത്തനാട്ടുകര ടി.എ.എം യു.പി സ്കൂൾ മാനേജ്മെന്റിനോട് വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്നാണ് നടപടിയെടുത്തത്. സസ്പെൻഷൻ മാനേജർ പുനഃപരിശോധിക്കണമെന്നും കാരണം കാണിക്കൽ നോട്ടീസിന് ഹരജിക്കാരന്‍റെ മറുപടി കൂടി പരിഗണിക്കണമെന്നും കോടതി നിർദേശിച്ചു.
അപകീർത്തികരമോ ദോഷകരമോ ആയ യാതൊന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നില്ലെന്ന് ഹരജിയിൽ പറയുന്നു. സൂംബ പദ്ധതി നടപ്പാക്കുന്നതിലെ അപാകത ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. എഫ്.ബി പോസ്റ്റിന്‍റെ പേരിൽ നടപടിയെടുക്കാതിരിക്കാൻ മൂന്ന് ദിവസത്തിനകം മറുപടി നൽകണമെന്നാവശ്യപ്പെട്ടാണ് ജൂലൈ രണ്ടിന് സ്കൂൾ മാനേജർ മെമോ തന്നത്. ഏതെങ്കിലും ചട്ടമോ നിയമമോ ലംഘിച്ചതായോ സ്വഭാവദൂഷ്യം കാട്ടിയതായോ അതിലുണ്ടായിരുന്നില്ല. മറുപടിക്ക് ജൂലൈ അഞ്ച് വരെ സമയമുണ്ടായിട്ടും മൂന്നിനുതന്നെ സസ്പെൻഡ് ചെയ്ത് ഉത്തരവിട്ടു. സ്വാഭാവിക നീതിയുടെ ലംഘനമാണിതെന്നും ഹരജിക്കാരൻ വാദിച്ചു.
തിടുക്കപ്പെട്ട് സസ്പെൻഡ് ചെയ്തതിന് വിശദീകരണം നൽകാൻ സർക്കാറിനടക്കം എതിർകക്ഷികൾക്ക് കഴിയാതെ വന്നതോടെ നടപടി കോടതി റദ്ദാക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

