സുബൈർ വധം: പിന്നിൽ ആർ.എസ്.എസ് ക്വട്ടേഷൻ സംഘം, അന്വേഷണം അഞ്ചുപേരിലേക്ക്
text_fieldsപാലക്കാട്: പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ചില നിർണായക വിവരങ്ങൾ പൊലീസിനു ലഭിച്ചു. സംഭവത്തിനു പിന്നിൽ സ്ഥിരം ആർ.എസ്.എസ് ക്വട്ടേഷൻ സംഘമാണെന്ന് പറയുന്നു. അന്വേഷണം പഴയ വെട്ടുകേസിലേക്കാണ് ചെന്നെത്തുന്നത്. നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകൻ സർക്കീർ ഹുസൈനെ മാരകമായി വെട്ടിപരിക്കേൽപിച്ച കേസിലെ പ്രതികൾ തന്നെയാണ് ഈ കൊലപാതകത്തിനു പിന്നിലെന്നാണ് പൊലീസ് നിഗമനം. ആസംഘത്തിൽ അഞ്ചുപേരാണ് ഉണ്ടായിരുന്നത്. ഈ പ്രതികളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇവർ ഒരുമാസം മുൻപാണ് ജാമ്യത്തിലിറങ്ങിയത്. സുദർശൻ, ശ്രീജിത്ത്, ഷൈജു എന്നിവരടങ്ങിയ അഞ്ചുപേരാണ് സംഘത്തിലെന്ന് പറയുന്നു. കൊലപാതകികൾ തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന. ഇതനുസരിച്ച് തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. സുബൈർ കൊലപാതകത്തിനുപയോഗിച്ച കാർ കഞ്ചിക്കോട്ട് ഉപേക്ഷിച്ച സാഹചര്യത്തിൽ പ്രതികൾ പാലക്കാടിന്റെ പലഭാഗത്തായി ഒളിവിൽ കഴിയുന്നുണ്ടാവുമെന്നും സംശയിക്കുന്നു. ഇതിനിടെ, പ്രതികളെ പിടികൂടാൻ പൊലീസ് ജാഗ്രതകാണിക്കുന്നില്ലെന്ന് ആരോപണവുമായി പോപ്പുലർ ഫ്രണ്ട് രംഗത്തെത്തി.