റോഡിൽ കാൽനടക്കാർക്ക് ഇനി കൂടുതൽ സുരക്ഷ; സീബ്രാ ലൈനുകൾ വീതി കൂട്ടും
text_fieldsതിരുവനന്തപുരം: റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ കർമ പദ്ധതി തയാറാക്കുമെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. റോഡ് സുരക്ഷ അതോറിറ്റി, പൊതുമരാമത്ത് ഫണ്ട് ബോർഡ്, ട്രാഫിക്, നാറ്റ്പാക് തുടങ്ങിയ വിഭാഗങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാഹന ബാഹുല്യത്താൽ കാൽനടക്കാർക്ക് റോഡ് മുറിച്ചുകടക്കുന്നതിന് ഏറെ പ്രയാസം അനുഭവിക്കുന്ന സാഹചര്യത്തിൽ സീബ്രാ ലൈനുകളുടെ വീതി അടിയന്തരമായി വർധിപ്പിക്കും. മൾട്ടിലൈൻ ട്രാഫിക് വരുന്ന പാതകളിൽ ‘പെഡസ്ട്രിയൻ ക്രോസിങ് റെസ്ക്യൂ സ്പോട്ട്’ സജ്ജീകരിക്കും. ഈ രണ്ട് സുരക്ഷ സംവിധാനങ്ങളും തിരുവനന്തപുരം കിഴക്കേക്കോട്ട, സ്റ്റാച്യു എന്നിവിടങ്ങളിൽ പരീക്ഷണാടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പാക്കും.
പിന്നീട്, പ്രവർത്തന സാധ്യത വിലയിരുത്തി മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കും. ഇതിന്റെ വിശദ എസ്റ്റിമേറ്റ് തയാറാക്കാൻ നാറ്റ്പാക്കിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നാറ്റ്പാക്കിന്റെ എസ്റ്റിമേറ്റിന്റെ അടിസ്ഥാനത്തിൽ റോഡ് സുരക്ഷ അതോറിറ്റിയുടെ ഫണ്ട് വിനിയോഗിച്ച് പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, സാമൂഹിക നീതി ഡയറക്ടർ അരുൺ എസ്. നായർ, ഗതാഗത കമീഷണർ നാഗരാജു ചക്കിലം, ട്രാഫിക് ആൻഡ് റോഡ് സേഫ്റ്റി മാനേജ്മെന്റ് വിഭാഗം ഐ.ജി എസ്. സതീഷ് ബിനോ, കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, കേരള റോഡ് ഫണ്ട് ബോർഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ എസ്. ദീപു, കേരള പൊതുമരാമത്ത് റോഡ് സേഫ്റ്റി സെൽ എക്സിക്യൂട്ടീവ് എൻജിനീയർ എ. പ്രേം, നാറ്റ്പാക് ഡയറക്ടർ ആർ. ആശാലത തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

