സകരിയ്യയുടെ ജയിൽവാസം 17 വർഷം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് സോളിഡാരിറ്റിയുടെ നിവേദനം
text_fieldsതിരുവനന്തപുരം: ബംഗളൂരു ജയിലിൽ 17 വർഷമായി വിചാരണ തടവുകാരായി കഴിയുന്ന പരപ്പനങ്ങാടി സ്വദേശി സകരിയ്യ ഉൾപ്പെടെയുള്ളവരുടെ മോചനത്തിനായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കേരള മുഖ്യ വി.ഡി. സതീശന് നിവേദനം സമർപ്പിച്ചു. സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാടിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം കൈമാറിയതെ.
സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ സകരിയ്യയുടെ കേസിലെ വിചാരണ നടപടികൾ വേഗത്തിലാക്കി അടിയന്തര പരിഹാരം കാണണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം. നിലവിൽ ഗുരുതരാവസ്ഥയിലുള്ള സകരിയ്യയുടെ മാതാവിനെ കാണാനും പരിചരിക്കാനും അദ്ദേഹത്തിന് അവസരമൊരുക്കണമെന്നും സംഘം ആവശ്യപ്പെട്ടതായി തൗഫീഖ് മമ്പാട് എഫ്.ബി കുറിപ്പിൽ വ്യക്തമാക്കി.
കേസിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളാണെന്ന വസ്തുത ചൂണ്ടിക്കാട്ടി, കർണാടകയിലെ കോൺഗ്രസ് സർക്കാരുമായി ബന്ധപ്പെട്ട് നീതിയുക്തമായ ഇടപെടലുകൾ നടത്താൻ കേരള സർക്കാർ തയ്യാറാകണമെന്ന് നിവേദനത്തിൽ അഭ്യർഥിച്ചു.
ഇതോടൊപ്പം, ജൂലൈ 12ന് എറണാകുളത്ത് സോളിഡാരിറ്റി സംഘടിപ്പിക്കുന്ന ‘ജസ്റ്റിസ് ആൻഡ് സോളിഡാരിറ്റി കോൺഫറൻസി’ ന്റെ ആശയങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കുകയും കോൺഫറൻസിന്റെ കോൺസെപ്റ്റ് നോട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, ബിനാസ് ടി.എ, ജമാഅത്തെ ഇസ്‌ലാമി അസിസ്റ്റന്റ് സെക്രട്ടറി സക്കീർ നേമം, ജില്ല പ്രസിഡന്റ് നജീബ് നാസർ എന്നിവരും സംഘത്തിൽ ഉണ്ടായിരുന്നു.
പോസ്റ്റിന്റെ പൂർണരൂപം
പരപ്പനങ്ങാടി സ്വദേശി സകരിയ്യ ഉൾപ്പെടെയുള്ളവർ 17 വർഷമായി വിചാരണ തടവുകാരായി ബംഗളൂരു ജയിലിൽ കഴിയുന്ന വിഷയം അടിയന്തരമായി ശ്രദ്ധയിൽപ്പെടുത്തുന്നതിനും, കർണാടക സർക്കാരുമായി ബന്ധപ്പെട്ട് ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനുമായി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.
സംസ്ഥാന സെക്രട്ടറിമാരായ ഷബീർ കൊടുവള്ളി, ബിനാസ് ടി.എ, ജ.ഇസ്‌ലാമി അസി. സെക്രട്ടറി സക്കീർ നേമം, ജില്ലാ പ്രസിഡന്റ് നജീബ് നാസർ എന്നിവരും ഈ സന്ദർശനത്തിൽ കൂടെ ഉണ്ടായി.
സകരിയ്യയുടെ കേസിലെ വിചാരണ നടപടികൾ വീണ്ടും നീളുന്ന സാഹചര്യം കണക്കിലെടുത്ത് സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ അടിയന്തര പരിഹാരം കാണണമെന്നാണ് പ്രധാന ആവശ്യം.
തീർത്തും ഗുരുതരാവസ്ഥയിലുള്ള സകരിയ്യയുടെ മാതാവിനെ കാണാനും പരിചരിക്കാനും അവസരമൊരുക്കണമെന്ന ആവശ്യവും നിവേദനത്തിൽ ഉന്നയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവരിൽ ഭൂരിഭാഗവും മലയാളികളായതുകൊണ്ട് തന്നെ, കർണാടകയിലെ കോൺഗ്രസ് സർക്കാരുമായി ബന്ധപ്പെട്ട് നീതിയുക്തമായ നടപടികൾ സ്വീകരിക്കാൻ കേരള സർക്കാർ സത്വര ഇടപെടൽ നടത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
സോളിഡാരിറ്റി ജൂലൈ -12 ന് എറണാകുളത്ത് വെച്ച് സംഘടിപ്പിക്കുന്ന 'ജസ്റ്റിസ് & സോളിഡാരിറ്റി കോൺഫറൻസി'ന്റെ ആശയങ്ങൾ ബഹുമാനപ്പെട്ട മുഖ്യമന്ത്രിയുമായി പങ്കുവെക്കുകയും, കോൺഫറൻസിന്റെ കോൺസെപ്റ്റ് നോട്ട് അദ്ദേഹത്തിന് കൈമാറുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

