യുവമോർച്ച നേതാവിന് മർദനം
text_fieldsശ്രീകാര്യം: തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥിയുടെ പ്രചാരണ ബോർഡ് തകർക്കുന്നത് തടയാനെത്തിയ യുവമോർച്ച നേതാവിനെ ഇരുമ്പുവടി കൊണ്ട് തലക്കടിച്ചു പരിക്കേൽപിച്ചതായി പരാതി. യുവമോർച്ച കഴക്കൂട്ടം മണ്ഡലം ജന. സെക്രട്ടറി ശ്രീകാര്യം സ്വദേശി അഭിലാഷി (31)നാണ് അടിയേറ്റത്. തലയിൽ തുന്നലുകളോടെ അഭിലാഷ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ രാത്രി 9.15 ഓടെ കരുമ്പുക്കോണം ക്ഷേത്രത്തിനു സമീപത്താണ് ആക്രമണം. ക്ഷേത്രത്തിനു സമീപമുള്ള മതിലിൽ ചാരിവെച്ച പ്രചാരണ ബോർഡ് നശിപ്പിക്കുന്നതു കണ്ട് ചോദ്യം ചെയ്ത അഭിലാഷിനെ ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ചു എന്നാണ് ശ്രീകാര്യം പൊലീസിൽ പരാതി കൊടുത്തത്. കരുമ്പൂക്കോണം സ്വദേശി അശ്വിന് എതിരെയാണ് പരാതി.
സംഭവത്തെ തുടർന്ന് സ്ഥലത്ത് സി.പി.എം, ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തിയിരുന്നു. പ്രതിയെ അറസ്റ്റു ചെയ്യാം എന്ന പൊലീസിന്‍റെ ഉറപ്പിനെ തുടർന്ന് ബി.ജെ.പി പ്രവർത്തകർ പിരിഞ്ഞുപോയി.

