കേരളത്തിന് പ്രതിരോധം തീർക്കുന്നത് യുവശക്തി- സജി ചെറിയാൻ
text_fieldsതിരുവനന്തപുരം: ഒരു ശക്തിക്കും വർഗീയ കലാപമോ ജാതിമത വേർതിരിവോ നടത്താൻ കഴിയാത്ത വിധത്തിൽ പ്രതിരോധം തീർക്കുന്ന രാഷ്ട്രീയ നിലപാടാണ് കേരളത്തിന്റെ യുവത്വം സ്വീകരിക്കുന്നതെന്നും നാടിനെ ശരിയായി നയിക്കുന്നതിന് ഇടപെടലുകൾ നടത്താൻ യുവജനങ്ങൾക്ക് കഴിയുമെന്നും മന്ത്രി സജി ചെറിയാൻ. സംസ്ഥാന യുവജന കമീഷന്റെ ആഭിമുഖ്യത്തിൽ തൈക്കാട് ഗവ. ആർട്സ് കോളജിൽ സംഘടിപ്പിച്ച യുവജന ദിനാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്വപ്നങ്ങളെ യാഥാർഥ്യമാക്കാൻ പ്രതീക്ഷയോടെ പ്രവർത്തിക്കുക എന്നതാണ് യുവത്വത്തിന്റെ ധർമം. മയക്കുമരുന്നിനും ലഹരിക്കും എതിരായ പോരാട്ടവും സാമൂഹ്യ ബോധവൽക്കരണം ശക്തിപ്പെടുത്താനുള്ള പ്രവർത്തനപരിപാടികളും യുവജന കമ്മീഷൻ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
യുവജന കമീഷൻ ചെയർമാൻ എം. ഷാജർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. യുവജന കമീഷൻ അംഗങ്ങളായ വി.എ. വിനീഷ്, ആർ. രാഹുൽ, അബേഷ് അലോഷ്യസ്, പി.പി. രൺദീപ്, സെക്രട്ടറി ലീന ലിറ്റി, കോളജ് പ്രിൻസിപ്പൽ സുബ്രമണ്യൻ എസ്, ജില്ലാ കോർഡിനേറ്റർമാരായ എൽ.എസ് ലിജു, അഡ്വ. അമൽ. ആർ എന്നിവർ സംസാരിച്ചു.
യുവജന കമീഷൻ സംസ്ഥാനതലത്തിൽ നടത്തിയ ഇ.എം.എസ് സ്മാരക പ്രസംഗ മത്സരത്തിന്റെയും സംസ്ഥാനതല ചെസ്സ് മത്സരത്തിന്റെയും വിജയികൾക്കുള്ള സമ്മാനവിതരണവും വിവിധ കലാപരിപാടികളും ചടങ്ങിൽ നടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

