മന്ത്രി ഷാജിയെ തടഞ്ഞ് യുവമോർച്ച പ്രവർത്തകർ; ഓട്ടോയിൽ പോകാനും സമ്മതിച്ചില്ല
text_fieldsതിരുവനന്തപുരം: മന്ത്രി കെ.എം. ഷാജിയെ യുവമോര്‍ച്ച പ്രവർത്തകർ നടുറോഡിൽ തടഞ്ഞു. തുടർന്ന് മന്ത്രി കയറിയ ഓട്ടോയും തടഞ്ഞതോടെ റോഡിലിറങ്ങി നടന്നുപോകേണ്ടിവന്നു. തിരുവനന്തപുരം പാളയത്തിന് സമീപത്തെ വാന്‍ റോസ് ജങ്ഷനിലായിരുന്നു സംഭവം.
സെക്രട്ടറിയറ്റിൽ നിന്ന് ഇറങ്ങി ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ ‘പൗർണമി’യിലേക്ക് ഔദ്യോഗിക വാഹനത്തിൽ പോകവെയാണ് യുവമോർച്ചക്കാർ തടഞ്ഞത്. വാഹനത്തിന് മുന്നിലിരുന്ന് മുദ്രാവാക്യം വിളിച്ച പ്രവർത്തകർ ബി.ജെ.പിയുടെ കൊടിയും വാഹനത്തിന്റെ ബോണറ്റിന് മുന്നിൽ വിരിച്ചു.
യുവമോര്‍ച്ചക്കാര്‍ വാഹനം തടഞ്ഞതോടെ മന്ത്രി ഓട്ടോയില്‍ കയറി. എന്നാല്‍, മന്ത്രി കയറിയ ഓട്ടോയും യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തടഞ്ഞു. പിന്നാലെ, ഒട്ടോ തടഞ്ഞ് മന്ത്രിയെ ഇറക്കിവിടുകയായിരുന്നു. മന്ത്രിക്ക് പൈലറ്റും എസ്കോർട്ടും ഉണ്ടായിരുന്നില്ല. ഇത് ഗുരുതര സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
കൊല്ലത്ത് ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിലുള്ള പ്രതിഷേധമായാണ് യുവമോർച്ചക്കാർ സംസ്ഥാനത്തെ മന്ത്രിമാരെ തടയുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് ബി.ജെ.പിയും പോഷക സംഘടനാ പ്രവര്‍ത്തകരും സംസ്ഥാന വ്യാപകമായി മന്ത്രിമാര്‍ക്ക് നേരെ കരിങ്കൊടി വീശാന്‍ തുടങ്ങി. തിരുവനന്തപുരം ഡി.സി.സി ഓഫിസിന് നേരെയും ആക്രമണമുണ്ടായി. തുടര്‍ന്ന് ജില്ലയില്‍ വിവിധയിടങ്ങളില്‍ പ്രശ്നങ്ങളുണ്ടായി.
ഇന്നുതന്നെ, മുഖ്യമന്ത്രി വി.ഡി. സതീശന് നേരെ തലസ്ഥാനനഗരിയിലെ രണ്ടിടത്ത് യുവമോർച്ച പ്രവർത്തകർ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചിരുന്നു. ഇതിൽ എട്ട് യുവമോർച്ച പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ബുധനാഴ്ച പുലർച്ചെ മൂന്നോടെ ഡൽഹിയിൽനിന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങി ക്ലിഫ്ഹൗസിലേക്കുള്ള യാത്രാ മധ്യേയാണ് ആദ്യ പ്രതിഷേധമുണ്ടായത്. ചാക്ക മേൽപാലത്തിന് സമീപത്താണ് യുവമോർച്ച പ്രവർത്തകർ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ കരിങ്കൊടി കാണിച്ചത്. ഈ സംഭവത്തിൽ മൂന്ന് പേരെ പേട്ട പൊലീസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.
വൈകുന്നേരം പനവിള ജങ്ഷന് സമീപമാണ് അടുത്ത പ്രതിഷേധമുണ്ടായത്. കോൺഗ്രസുകാർക്കെതിരെ പ്രകോപനകരമായ മുദ്രാവാക്യം വിളിച്ച് പ്രവർത്തകർ പ്രകടനവും നടത്തി. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്. അതിനിടെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷ വർധിപ്പിക്കാൻ പൊലീസ് തീരുമാനിച്ചു. സിറ്റി പൊലീസ് കമീഷണറുടെ നേതൃത്വത്തിൽ യോഗം ചേർന്ന് സുരക്ഷ സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് അകമ്പടി വാഹനം വർധിപ്പിച്ചത്.
എന്നാൽ, ഇതിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചു. മഫ്തി പൊലീസിന്റെ ഉൾപ്പെടെ സാന്നിധ്യം വർധിപ്പിക്കാനാണ് പൊലീസ് തീരുമാനം. പഴുതടച്ച സുരക്ഷ ഉറപ്പാക്കും. നേരത്തെ പൈലറ്റില്ലാതിരുന്ന മന്ത്രിമാർക്കും യാത്രയിൽ സുരക്ഷ ഒരുക്കും. വരും ദിവസങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലുൾപ്പെടെ കൂടുതൽ സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താനാണ് പൊലീസ് തീരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.


