എ.ഐ.സി.സി അധ്യക്ഷനായുള്ള കാത്തിരിപ്പ് എത്ര കാലമെന്ന് യൂത്ത് കോൺഗ്രസ് പ്രമേയം
text_fieldsപാലക്കാട്ട് നടന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ സംസാരിക്കുന്നു
പാലക്കാട്: എ.ഐ.സി.സി അധ്യക്ഷന് വേണ്ടിയുള്ള അനിശ്ചിതകാല കാത്തിരിപ്പ് കോൺഗ്രസിന് ഇനിയും അഭികാമ്യമല്ലെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയപ്രമേയം. പാലക്കാട്ട് നടന്ന സംസ്ഥാന ക്യാമ്പിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂറാണ് രാഷ്ട്രീയപ്രമേയം അവതരിപ്പിച്ചത്.
രാഹുൽ ഗാന്ധിക്ക് ഇപ്പോൾ ഒരു പടനായകനായ അധ്യക്ഷനെയാണ് ആവശ്യമുള്ളത്. പല സംസ്ഥാനങ്ങളിലും പരിഭവങ്ങളുടെ പേരിൽ പാർട്ടി വിട്ടവരുടെ ജനകീയ അടിത്തറ മനസ്സിലാക്കി സന്ധിസംഭാഷണത്തിന് നമ്പർ 10 ജൻപഥിന്റെ വാതിലുകൾ തുറന്നുനൽകണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
പാർട്ടിയുടെയോ പോഷക സംഘടനകളുടെയോ അധ്യക്ഷസ്ഥാനത്തേക്ക് ദലിത് വിഭാഗത്തിലുള്ളവരെകൂടി പരിഗണിക്കാൻ കോൺഗ്രസ് തയാറാകണം. ദ്രൗപതി മുർമുവിനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കിയാൽ ഉത്തരേന്ത്യയിൽ ചുട്ടുകരിക്കപ്പെട്ട ദലിതരുടെ ആത്മാവിന് മോക്ഷം ലഭിക്കുമോയെന്നും രാഷ്ട്രീയപ്രമേയം ചോദിച്ചു. കോൺഗ്രസിൽ ഇരട്ടപ്പദവികൾ വഹിക്കുന്ന നേതാക്കൾക്കെതിരെ 1963ലെ കാമരാജിന്റെ തീരുമാനം നടപ്പാക്കണം.
ഉപജാപക രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാട് എടുക്കുന്നതിൽ സംഘടനയുടെ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി സമ്പൂർണ പരാജയമാണ്. അത്തരത്തിലെ പരാജയങ്ങൾ യുവജന പ്രസ്ഥാനത്തിന് ഭൂഷണമല്ലാത്തതിനാൽ അടിയന്തര വിഷയങ്ങളിലെ നിലപാടുകൾക്കായി പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി ശക്തമാക്കണം.
യുവതലമുറ അരാഷ്ട്രീയ വാദത്തിലേക്ക് വഴുതിവീഴുമ്പോൾതന്നെ അതിൽ ചിലർ തീവ്ര വർഗീയചേരിയിലേക്ക് ചുവടുറപ്പിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നു. കേരളത്തിൽ ആർ.എസ്.എസ്, എസ്.ഡി.പി.ഐ-കാസ വർഗീയ തീവ്രവാദ ആശയങ്ങൾ ശക്തിപ്രാപിച്ചതായും രാഷ്ട്രീയപ്രമേയം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി ആർ.എസ്. അബിൻ അധ്യക്ഷനായ സമിതിയാണ് രാഷ്ട്രീയപ്രമേയത്തിന് രൂപം നൽകിയത്. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ പി.കെ. രാഗേഷ്, അബിൻ വർക്കി, കൊല്ലം ജില്ല പ്രസിഡന്റ് ആർ. അരുൺ രാജ്, സംസ്ഥാന സെക്രട്ടറിമാരായ പി. നിധീഷ്, അനിലാദേവി, റിയാസ് പഴഞ്ഞി എന്നിവർ പ്രമേയത്തെ അനുകൂലിച്ച് സംസാരിച്ചു.
കോൺഗ്രസ് നേതൃത്വം എതിർക്കുന്നവരുടെ ആരാച്ചാരാകരുത് -യൂത്ത് കോൺഗ്രസ്
പാലക്കാട്: മുതിർന്ന നേതാക്കളെ തഴയാതെ അവരുടെ അഭിപ്രായം കേൾക്കാനുള്ള മനസ്സ് സംസ്ഥാന കോൺഗ്രസ് നേതൃത്വം കാണിക്കണമെന്ന് പാലക്കാട്ട് നടന്ന സംസ്ഥാന യൂത്ത് കോൺഗ്രസ് ക്യാമ്പിലെ രാഷ്ട്രീയ പ്രമേയം. എതിർക്കുന്നവരുടെ ആരാച്ചാരാകാനുള്ള ചില നേതാക്കളുടെ ശ്രമം അംഗീകരിക്കാൻ കഴിയില്ല. തലമുതിർന്ന നേതാക്കളെ ഒഴിവാക്കലല്ല പ്രശ്നപരിഹാരം. ഉമ്മൻചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും മികച്ച പ്രവർത്തനങ്ങൾ കാലഘട്ടം വിലയിരുത്തും.
വർഗീയതക്കെതിരെ ധിഷണമായ ഭാഷയിൽ പ്രതികരിക്കുന്ന കെ. മുരളീധരനെപോലെയുള്ള നേതാക്കളുടെ ഉറച്ച നിലപാടുകൾ ദേശീയതലത്തിൽ സ്വീകരിച്ചാൽ വർഗീയ ഫാഷിസത്തെ പ്രതിരോധിക്കാൻ ആകുമെന്നും രാഷ്ട്രീയ പ്രമേയം പറയുന്നു. ചില കോൺഗ്രസ് നേതാക്കൾ വിമർശനം ഉന്നയിക്കുന്നവരെ ശത്രുക്കളായി കാണുന്നത് അവരുടെ പൂർവകാല ചരിത്രം മറന്നാണ്. സാധാരണ പ്രവർത്തകർക്ക് പാർട്ടിയോടുള്ള ആത്മാർഥതയുടെ കണിക പോലും ചില കെ.പി.സി.സി ഭാരവാഹികൾ കാണിക്കുന്നില്ലെന്നും പ്രമേയം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

