തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭാവിയുടെ പ്രതീക്ഷയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ്
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസന മെത്രാപോലീത്ത യൂഹാനോൻ മാർ മിലിത്തിയോസ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ഭാവിയുടെ പ്രതീക്ഷയെന്ന് യൂഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു. ധാർഷ്ട്യത്തിന്റെയും ഏകപക്ഷീയതയുടെയും നിഷേധമെന്നും അദ്ദേഹം എഫ്.ബി പോസ്റ്റിൽ വ്യക്തമാക്കി.
യൂഹാനോൻ മാർ മിലിത്തിയോസിന്റെ ഫേസ്ബുക്ക് പോസ്റ്റ്
തദ്ദേശീയ തിരഞ്ഞെടുപ്പ് ഫലം ഭാവിയുടെ പ്രതീക്ഷ. ധാർഷ്ട്യത്തിന്റെയും ഏകപക്ഷീയതയുടെയും നിഷേധം 👏👌 ചെറിയൊരു ഖേദവും
തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭകൾ മുതൽ ഗ്രാമപഞ്ചായത്തുകൾ വരെ ഇടതുകോട്ടകൾ തകർത്തെറിഞ്ഞാണ് യു.ഡി.എഫ് നേട്ടം കൈവരിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിച്ച് ജനമനസ്സുകളിലേക്കിറങ്ങിയ യു.ഡി.എഫിന് വലിയ ആത്മവിശ്വാസം നൽകുന്നതായി ഈ വിജയം.
ഗ്രാമപഞ്ചായത്ത് തലം മുതൽ കോർപറേഷനുകൾ വരെ ഇടതിന്റെ പ്രതിക്ഷകൾക്ക് വലിയ തിരിച്ചടിയുണ്ടായി. ആറ് കോർപറേഷനുകളിൽ കണ്ണൂർ ഒഴികെ അഞ്ചും എൽ.ഡി.എഫിന്റെ കൈയിലായിരുന്നു. അതിൽ കോഴിക്കോട് ഒഴികെ നാലും യു.ഡി.എഫ് പിടിച്ചെടുത്തു. തിരുവനന്തപുരം കോർപറേഷനിൽ 45 വർഷത്തെ ഇടത് ആധിപത്യത്തിന് അറുതിവരുത്തിയാണ് ഭരണം എൻ.ഡി.എ കൈപ്പിടിയിലൊതുക്കിയത്.
14 ജില്ല പഞ്ചായത്തുകളിൽ 12 എണ്ണം എൽ.ഡി.എഫിന്റെ കൈയിലായിരുന്നു. രണ്ടെണ്ണം യു.ഡി.എഫിന്റെയും. അഞ്ചെണ്ണം കൂടി സ്വന്തമാക്കി യു.ഡി.എഫ് ഏഴിടത്ത് ഭരണം ഉറപ്പിച്ചു. 87 മുനിസിപ്പാലിറ്റികളിൽ 43 എണ്ണം എൽ.ഡി.എഫിന്റെയും 42 എണ്ണം യു.ഡി.എഫിന്റെയും പക്കലായിരുന്നു. അതിപ്പോൾ 28 എണ്ണമായി എൽ.ഡി.എഫ് ഗ്രാഫ് ഇടിഞ്ഞു. അതേസമയം, 42ൽ നിന്ന് യു.ഡി.എഫ് 54ലേക്കാണ് കുതിച്ചത്.
152 ബ്ലോക്ക് പഞ്ചായത്തുകളിൽ 111 എണ്ണം ഉണ്ടായിരുന്ന എൽ.ഡി.എഫ് 63ലേക്ക് കൂപ്പുകുത്തി. യു.ഡി.എഫിനൊപ്പം 79 എണ്ണവും. 941 ഗ്രാമപഞ്ചായത്തുകളിലും വലിയ തിരിച്ചടി ഇടതുമുന്നണിക്ക് സംഭവിച്ചു. 580 എണ്ണം കൈവശം ഉണ്ടായിരുന്ന സ്ഥാനത്ത് 340 ആയി ചുരുങ്ങി. യു.ഡി.എഫ് ആകട്ടെ 340 ൽ നിന്ന് 505 ആയി വർധിപ്പിക്കുകയും ചെയ്തു. 12 ഗ്രാമപഞ്ചായത്തുകളുണ്ടായിരുന്ന എൻ.ഡി.എ നേട്ടം 24 ലേക്കും ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

