‘വല്ല മതിലും ഇടിഞ്ഞു വീണാൽ കേരളം അനാഥമാകില്ലേ?’; മുഖ്യമന്ത്രിയുടെ അമേരിക്കൻ യാത്രയെ പരിഹസിച്ച് യുഹാനോൻ മാർ മിലിത്തിയോസ്
text_fieldsകോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍റെ അമേരിക്കൻ യാത്രയെ പരിഹസിച്ച് ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസനാധിപൻ യുഹാനോൻ മാർ മിലിത്തിയോസ്. വല്ല മതിലും ഇടിഞ്ഞു വീണാൽ കേരള സംസ്ഥാനം അനാഥമാകില്ലേ എന്നും അതുകൊണ്ടാ ചികിത്സക്ക് അമേരിക്കക്ക് പോകുന്നതെന്നും യുഹാനോൻ മാർ മിലിത്തിയോസ് ഫേസ്ബുക്കിൽ കുറിച്ചു.
യുഹാനോൻ മിലിത്തിയോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്:
എന്തിനാ ഇങ്ങനെ ഒച്ചപ്പാടുണ്ടാക്കുന്നത്, വല്ല മതിലും ഇടിഞ്ഞു വീണാൽ കേരള സംസ്ഥാനം അനാഥമാകില്ലേ? അതുകൊണ്ടാ ചികിത്സക്ക് അമേരിക്കയ്ക്ക് പോകുന്നത്!!
കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച വിവാദങ്ങൾക്കിടെ, വിദഗ്ധ ചികിത്സക്കായാണ് മുഖ്യമന്ത്രി പിണറായി വിജയൻ അഞ്ചാം തീയതി അമേരിക്കയിലേക്ക് യാത്ര തിരിച്ചത്. 10 ദിവസത്തേക്കാണ് മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനം.
മുമ്പും പല തവണ മുഖ്യമന്ത്രി യു.എസിൽ ചികിത്സക്ക് പോയിരുന്നു. തുടർ ചികിത്സയുടെ ഭാഗമായാണ് ഇപ്പോഴത്തെ യു.എസ് സന്ദർശനം. ദുബൈ വഴിയാണ് മുഖ്യമന്ത്രിയുടെ യാത് യു.എസിലെ മിനസോട്ടയിലെ മയോ ക്ലിനിക്കിലാണ് അദ്ദേഹം ചികിത്സ നടത്തിയിരുന്നത്. 2018ലാണ് മുഖ്യമന്ത്രി ആദ്യമായി യു.എസിൽ ചികിത്സക്ക് പോയത്. അന്ന് പേഴ്സനൽ സെക്രട്ടറിയും ഭാര്യ കമലയുമാണ് കൂടെയുണ്ടായിരുന്നത്.
കേരളത്തിലെ ആരോഗ്യമേഖല വെന്റിലേറ്ററിലാണെന്ന തരത്തിൽ വിവാദങ്ങൾ കത്തിനിൽക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ യു.എസ് സന്ദർശനം. നേരത്തേ തിരുവനന്തപുരം മെഡിക്കൽ കോളജിലെ ചികിത്സാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കൽ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.
അതുണ്ടാക്കിയ വിവാദങ്ങൾ അടങ്ങുന്നതിന് മുമ്പാണ് ആരോഗ്യമേഖലയെ പ്രതിസന്ധിയിലാക്കി കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീണ് ബിന്ദു എന്ന സ്ത്രീ മരിച്ചത്. തുടർന്ന് ആരോഗ്യ മന്ത്രി വീണ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുകയാണ്.
അപകടം നടന്ന കോട്ടയം മെഡിക്കൽ കോളജിൽ സന്ദർശനത്തിനെത്തിയപ്പോൾ വിഷയത്തിൽ മുഖ്യമന്ത്രി കൂടുതലായൊന്നും പ്രതികരിച്ചിരുന്നില്ല. എല്ലാം മന്ത്രിമാർ പറഞ്ഞില്ലേ എന്ന് മാത്രമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

