തെരഞ്ഞെടുപ്പിന് ഒരുമുഴം മുൻപെ; സർക്കാർ പദ്ധതികളുടെ പ്രചാരണത്തിന് യൂട്യൂബർമാരെ രംഗത്തിറക്കും
text_fieldsതിരുവനന്തപുരം: തെരഞ്ഞെടുപ്പ് പടിവാതിലിൽ കോൺക്ലേവുകളുടെ പരമ്പരക്ക് പിന്നാലെ പ്രചാരണത്തിന് യൂട്യൂബർമാരെയും രംഗത്തിറക്കാൻ സർക്കാർ. സാമൂഹ്യമാധ്യമങ്ങളിൽ സാമാന്യം റീച്ചുള്ള ഇൻഫ്ലുവൻസർമാർക്ക് അംഗീകാരം നൽകി സർക്കാർ പദ്ധതികളുടെയും പരിപാടികളുടെയും പ്രചാരണത്തിന് നിയോഗിക്കാനാണ് നീക്കം.
കൃത്യമായ മാർഗരേഖയോടെയാണ് യൂട്യൂബർമാരെ എംപാനൽ ചെയ്യുന്നത്. ചെയ്യുന്ന വീഡിയോക്ക് അനുസരിച്ച് ഇവർക്ക് പണം നൽകുമെന്നാണ് വിവരം. സർക്കാർ പ്രവർത്തനങ്ങളുടെ പ്രചാരണത്തിനായി വിപുലമായി സൗകര്യങ്ങളോടെ പി.ആർ.ഡി വകുപ്പ് ഉണ്ടായിരിക്കെയാണിത്. ടൂറിസം, വ്യവസായമടക്കം ഏതാനും വകുപ്പുകളിൽ പി.ആർ ഏജൻസി വഴിയാണ് നിലവിലെ പ്രചാരണപ്രവർത്തനങ്ങൾ.
ഇതേ മാതൃകയാണ് യൂട്യൂബർമാർ വഴി വിന്യസിക്കാനും സ്വീകരിച്ചിരിക്കുന്നത്. സർക്കാർ പരിപാടികൾ കവർ ചെയ്യാൻ കരാർ നൽകി ഫോട്ടോഗ്രാഫർമാരെയും വിഡിയോഗ്രാഫർമാരെയും നിയോഗിക്കാറുണ്ട്. ഇതിന്റെ കുറച്ചുകൂടി പരിഷ്കരിച്ച രൂപമാണ് പുതിയ പരീക്ഷണമെന്നാണ് അധികൃതരുടെ വിശദീകരണം.
മുൻ തെരഞ്ഞെടുപ്പുകളുടെ കാലത്ത് നവകേരള സദസ്സും കേരളീയവുമൊക്കെയാണ് നടന്നതെങ്കിൽ ഇക്കുറി വിവിധ മേഖലകളിൽ കോൺക്ലേവുകളാണ്. ജനുവരിയിൽ വ്യവസായ വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവോടെയായിരുന്നു തുടക്കം. കൊച്ചിയിലെ നിക്ഷേപക സംഗമത്തിന് മുന്നോടിയായിരുന്നു ഇത്. ഏപ്രിലിൽ തദ്ദേശവകുപ്പും ശുചിത്വമിഷനും ചേർന്ന് വൃത്തി കോൺക്ലേവ് സംഘടിപ്പിച്ചു. ജൂണിൽ റവന്യൂ വകുപ്പിന്‍റെ ഭൂമി കോൺക്ലേവും ആഗസ്റ്റിൽ സിനിമ കോൺക്ലേവും നടന്നു.
ഇതിനെല്ലാം പിറകെ അർബൻ കോൺക്ലേവും കെ-ഡിസ്കിന്റെ സ്കിൽ കോൺക്ലേവും വ്യവസായ വകുപ്പിന്റെ കയർ കോൺക്ലേവും സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് പരിസ്ഥിതി കോൺക്ലേവും അരങ്ങേറി. ഒക്ടോബർ ഒമ്പതിനും പത്തിനും ബയോകണക്ട് കോൺക്ലേവും 13ന് കൊല്ലത്ത് കാഷ്യൂ കോൺക്ലേവും നടക്കാനിരിക്കുകയാണ്. കോൺക്ലേവുകളുടെ കണക്കുകൾ പുറത്തുവിടാൻ സർക്കാർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

