യുവതിയെ അപമാനിച്ച കേസ്: യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് മുഹമ്മദ് ഷമീർ അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷമീർ, തൊപ്പി
കാസർകോട്: ലൈവ് സ്ട്രീമിങിലൂടെ യുവതിയെ അധിക്ഷേപിച്ച സംഭവത്തിൽ യൂട്യൂബർ തൊപ്പിയുടെ സുഹൃത്ത് അറസ്റ്റിൽ. കണ്ണൂർ സ്വദേശിയും മിസ്റ്റർ ഷമീർ യൂട്യൂബ് ചാനൽ ഉടമയുമായ മുഹമ്മദ് ഷമീറാണ് അറസ്റ്റിലായത്. വളപട്ടണത്ത് വെച്ച് ഇയാളെ മഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കോഴിക്കോട് സ്വദേശിനി നൽകിയ പരാതിയിൽ മഞ്ചേരി പൊലീസ് മാസങ്ങൾക്ക് മുമ്പ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇയാൾ അറസ്റ്റിലായത്. ഷമീറിനെ റിമാന്‍ഡ് ചെയ്തിട്ടുണ്ട്.
അതേ സമയം കേസിൽ തൊപ്പിയുടെ മറ്റൊരു സുഹൃത്തിനെ ഇക്കഴിഞ്ഞ ജൂലൈയിൽ അറസ്റ്റ് ചെയ്തിരുന്നു. തൊപ്പി ഗാങ്ങിലെ മുഹമ്മദ് എന്ന മമ്മുവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മഞ്ചേരി പൊലീസാണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. ലൈവ് സ്ട്രീമിങിനിടെ ഗായകൻ ഹനാൻ ഷായെ പരാമർശിച്ചാണ് യുവതിയെ അധിക്ഷേപിച്ചത്. സംഭവത്തിൽ ഹനാൻ ഷാ ആഭ്യന്തര മന്ത്രിക്ക് നേരിട്ട് പരാതി നൽകിയിരുന്നു.
അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത സംഭവത്തിൽ യൂട്യൂബറായ തൊപ്പിക്കെതിരെ എറണാകുളം റൂറൽ സൈബർ പൊലീസ് ഐ.ടി. നിയമപ്രകാരം കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് യുവതി പരാതി നൽകിയത്. തൊപ്പിയുടെ മുൻ സുഹൃത്തുക്കളും 'എം.ആർ.എസ് ഗ്യാങ്' അംഗങ്ങളും പരസ്പരം പല തരത്തിലുള്ള ആരോപണങ്ങൾ ഉന്നയിക്കുന്ന വെളിപ്പെടുത്തലുകളുമായി രംഗത്ത് എത്തിയിരുന്നു. അതേസമയം, ഹനാൻ ഷായുടെ കുടുംബത്തെയും സുഹൃത്തുക്കളെയും ലക്ഷ്യമിട്ട് തൊപ്പിയും കൂട്ടാളികളും നടത്തിയ മോശം പരാമർശങ്ങൾ അടങ്ങിയ യൂട്യൂബ് ലൈവ് വീഡിയോ കോപ്പിറൈറ്റ് സ്ട്രൈക്ക് നൽകി പിൻവലിപ്പിക്കുകയും ചെയ്തിരുന്നു.
ഇത്തരം കണ്ടന്റുകൾ സൃഷ്ടിക്കുകയോ പങ്കുവെക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്നവർക്ക് കോപ്പിറൈറ്റ് സ്‌ട്രൈക്ക്, അക്കൗണ്ട് ടേക്ക്ഡൗൺ, പ്ലാറ്റ്‌ഫോം ആക്ഷൻസ് എന്നിവയ്‌ക്കൊപ്പം അപകീർത്തിപ്പെടുത്തൽ, സ്ത്രീകളെ അപമാനിക്കുന്ന പരാമർശങ്ങൾ, സൈബർ ഉപദ്രവം, വ്യക്തിഹത്യ, സ്വകാര്യതാ ലംഘനം എന്നിവയുമായി ബന്ധപ്പെട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലേയും ഐ.ടി ആക്ടിലേയും ബാധകമായ വകുപ്പുകൾ പ്രകാരമുള്ള നിയമനടപടി നേരിടേണ്ടിവരാം. നിങ്ങൾ ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ചിട്ടുണ്ടെങ്കിൽ ദയവായി നീക്കം ചെയ്യുക' എന്നായിരുന്നു ഹനാൻഷായുടെ പ്രതികരണം
ഡി.ജി.പി റവാഡ ചന്ദ്രശേഖറാണ് തൊപ്പിക്കും സംഘത്തിനുമെതിരെ അന്വേഷണത്തിന് ഉത്തരവിട്ടത്. സംസ്ഥാന സൈബർ ഓപ്പറേഷൻസ് പൊലീസ് സൂപ്രണ്ട് അങ്കിത് അശോകനാണ് അന്വേഷണച്ചുമതല. പോക്സോ കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗവും വിതരണവും, മാനസികവും ശാരീരികവുമായ പീഡനങ്ങൾ, അശ്ലീല പ്രചാരണം, മറ്റു സൈബർ കുറ്റകൃത്യങ്ങൾ തുടങ്ങിയ ആരോപണങ്ങളിൽ സൈബർ പൊലീസിന്റെ പ്രത്യേക സംഘമാണ് അന്വേഷണം നടത്തുക.

