യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിച്ചതച്ചു, മൂന്നുപേർ അറസ്റ്റിൽ
text_fieldsആലുവയിൽ കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത
യുവാവിനെ മർദിക്കുന്നു
ആലുവ: കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിച്ചതച്ചു. ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു മർദനം. സംഭവത്തിലെ പ്രതികളായ മൂന്നുപേരെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു.
ആലുവ പൈപ്പ് ലൈൻ റോഡിൽ കരിവേട്ടുംകുഴി വീട്ടിൽ (ആലപ്പുഴ കരീലക്കുളങ്ങര സ്വദേശി ) വിഷ്ണു (34), ഇരിട്ടി കിളിയിൽ തറ പുഞ്ചയിൽ വീട്ടിൽ ജിജിൻ മാത്യു (34), കളമശ്ശേരി ഗ്ലാസ് ഫാക്ടറിക്ക് സമീപം വാടകക്ക് താമസിക്കുന്ന മരോട്ടിക്കൽ വീട്ടിൽ രാജേഷ് (42) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ആലുവ ബൈപാസ് ദേശീയപാതയുടെ സമാന്തര റോഡിൽ എതിർവശത്തേക്ക് വരുകയായിരുന്ന ഓട്ടോ കാറിലുരസി.
വിഷ്ണു, ജിജിൻ, രാജേഷ്
ഇതേക്കുറിച്ച് ചോദിച്ച യുവാക്കൾക്കാണ് മർദനമേറ്റത്. ഓട്ടോയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലോളം പേർ ചേർന്ന് ക്രൂരമായി മർദിക്കുകയായിരുന്നു. എലൂക്കര മാലിലകത്തൂട്ട് മുഹമ്മദ് നസീഫ്, സുഹൃത്ത് മുഹമ്മദ് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ബാറിൽനിന്ന് മദ്യപിച്ച ശേഷം അക്രമിസംഘം യാത്ര ചെയ്ത ഓട്ടോ ബിലാലും നസീഫും സഞ്ചരിച്ച കാറിൽ ഇടിച്ച ശേഷം നിർത്താതെ കടന്നുകളയുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂരമായ മർദനത്തിന് കാരണമായത്.
ആളുകൾ നോക്കി നിൽക്കെയായിരുന്നു കല്ലും വടിയും ഉപയോഗിച്ച് മർദനം. അക്രമികളിൽനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചതായി പരാതിക്കാർ പറയുന്നു. തുടർന്ന് കാറിന്റെ ചില്ല് തകർത്തു. കാറിലുണ്ടായിരുന്ന പഴ്സും പണവും നഷ്ടപ്പെട്ടെന്ന് പരാതിയിൽ പറയുന്നു. മർദനമേറ്റവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.
സംഭവത്തിനുശേഷം അക്രമികൾ മൂന്നുപേരും ഒളിവിൽ പോകുകയായിരുന്നു. ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം രൂപവത്കരിച്ച അന്വേഷണ സംഘം വിവിധയിടങ്ങളിൽനിന്ന് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മൂന്നു പേരും നിരവധി കേസുകളിലെ പ്രതികളാണ്. ഇൻസ്പെക്ടർ എം.എം. മഞ്ജുദാസ്, എസ്.ഐമാരായ ജി. അനൂപ്, ടി.ആർ. ഹരിദാസ്, എസ്.എസ്. ശ്രീലാൽ, അബ്ദുൽ റൗഫ് സി.പി.ഒമാരായ മുഹമ്മദ് അമീർ, മാഹിൻ ഷാ അബൂബക്കർ, കെ.എം. മനോജ് തുടങ്ങിയവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

