കലക്ഷൻ ഏജന്‍റിന്‍റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ
text_fieldsഅടൂർ: ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ കലക്ഷൻ ഏജന്‍റിന്‍റെ പണമടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ യുവാക്കൾ അറസ്റ്റിൽ. അടൂർ മുണ്ടപ്പള്ളി പാറക്കൂട്ടം കാർത്തിക നിവാസിൽ എസ്.ജെ. ആലേഖ് (സൂര്യ -20), അടൂർ പന്നിവിഴ കൃഷ്ണവിലാസം വീട്ടിൽ വരുൺ കൃഷ്ണൻ (ഉണ്ണി -26) എന്നിവരെയാണ് അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങൾ നൽകിയ വകയിൽ അടൂർ ഭാഗത്തെ വസ്ത്രശാലകളിലേയും മറ്റും പണം ഈടാക്കി അടക്കുന്ന ഫിനാൻസ് മാനേജ്മെന്‍റ് കമ്പനിയിലെ ജീവനക്കാരനായ ഏനാത്ത് സ്വദേശി ശ്രീദേവിന്‍റെ (ഹരീഷ്) കൈയിൽനിന്നാണ് പ്രതികൾ ബാഗ് തട്ടിയെടുത്തത്.
1.90 ലക്ഷം രൂപയാണ് ബാഗിൽ ഉണ്ടായിരുന്നത്. സെപ്റ്റംബർ 12ന് അടൂർ പെരിങ്ങനാട് ചെറുപുഞ്ച ഭാഗത്ത് വെച്ചാണ് സംഭവം. അടൂർ ഭാഗത്തുനിന്നു ജോലിയുടെ ഭാഗമായിട്ടാണ് ചെറുപുഞ്ചയിലേക്ക് ശ്രീദേവ് പോകുന്നത്. യുവാക്കൾ നമ്പർ പ്ലേറ്റ് മറച്ച സ്കൂട്ടറിൽ ശ്രീദേവിനെ പിന്തുടരുകയായിരുന്നു. ഇരുവരും ഹെൽമെറ്റ് ധരിച്ചിരുന്നു. തുടർന്ന് ബൈക്കിനോട് ചേർത്ത് സ്കൂട്ടർ എത്തിച്ച ശേഷം ശ്രീദേവിന്‍റെ തോളിൽ കിടന്ന ബാഗ് തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഈ സമയം ശ്രീദേവ് ബൈക്കിൽ നിന്നു റോഡിലേക്ക് വീണ് കാലിന് നിസ്സാര പരിക്കേറ്റു. ഉടൻ തന്നെ അടൂർ പൊലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ രണ്ടാം ദിവസം തന്നെ യുവാക്കൾ സഞ്ചരിച്ച വാഹനത്തെപ്പറ്റി പൊലീസിന് വിവരം ലഭിച്ചു.ഈ വാഹനം കേന്ദ്രീകരിച്ചു നടന്ന അന്വേഷണത്തിനൊടുവിൽ അടൂരിലെ ഒരു കടയിൽ ജോലി ചെയ്യുകയായിരുന്ന
എസ്.ജെ. ആലേകിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കൊച്ചിയിൽ ഇവന്‍റ് മാനേജ്മെന്‍റ് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വരുൺ കൃഷ്ണനേയും അടൂരിൽ നിന്നും പൊലീസ് പിടികൂടി. അടൂർ ഡിവൈ.എസ്.പി ജി. സന്തോഷ് കുമാറിന്‍റെ നിർദേശപ്രകാരം അടൂർ എസ്.എച്ച്.ഒ ശ്യാം മുരളി, എസ്.ഐ അനൂപ് രാഘവൻ, എസ്.സി.പി.ഒ ശ്യാംകുമാർ, സി.പി.ഒമാരായ രാഹുൽ, നിഥിൻ എന്നിവരാണ് പൊലീസ് സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

