വാക്ക് തർക്കം; കോഴിക്കോട് നഗരത്തിൽ യുവാവിനെ കുത്തിക്കൊന്നു
text_fieldsആദിൽ റോഷൻ
കോഴിക്കോട്: നഗരമധ്യത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. നടുവട്ടം സ്വദേശി ആദിൽ റോഷൻ (39) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 9.30ഓടെ മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന് സമീപത്തെ യാഷ് ഇന്റർനാഷനലിന് മുന്നിലെ നടപ്പാതയോട് ചേർന്ന് റോഡിലാണ് സംഭവം. മദ്യലഹരിയിലെ വാക്കേറ്റം കത്തിക്കുത്തിൽ കലാശിച്ചെന്നാണ് പ്രാഥമിക നിഗമനം. ഗുരുതര പരിക്കേറ്റ യുവാവിനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചു. ടൗൺ അസി. കമീഷണർ കെ.വി. പ്രമോദൻ, നടക്കാവ് ഇൻസ്പക്ടർ കെ.പി. ഷൈൻ എന്നിവർ സംഭവസ്ഥലത്തെത്തി. അക്രമിക്കായി തിരച്ചിൽ തുടരുകയാണെന്ന് നടക്കാവ് പൊലീസ് അറിയിച്ചു.
നഗരഹൃദയത്തിൽ ഏറെ തിരക്കേറിയ റോഡിലാണ് നടക്കുന്ന കൊലപാതകം നടന്നത്. സമീപത്തെ കടകളിലേയും മറ്റും സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരുകയാണ്. വിവരമറിഞ്ഞ് അഡ്വ. കെ. ജയന്ത് എം.എൽ.എയും സ്ഥലത്തെത്തി. കോഴിക്കോട് മിഠായിത്തെരുവിൽ കട നടത്തുന്ന വ്യാപാരിയാണ് കൊല്ലപ്പെട്ട ആദിൽ. അക്രമത്തിന് ശേഷം പ്രതി സ്ഥലത്തുനിന്ന് ഓട്ടോറിക്ഷയിൽ കയറി രക്ഷപ്പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് രക്തത്തിൽ കുളിച്ചുകിടന്ന ആദിലിനെ സമീപത്തുണ്ടായിരുന്ന ഓട്ടോ റിക്ഷാ തൊഴിലാളികളാണ് ഉടൻതന്നെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത് . പക്ഷെ ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

