വണ്ടിപ്പെരിയാറിൽ യുവാവ് കൊല്ലപ്പെട്ടു; പ്രതി അറസ്റ്റിൽ
text_fieldsകുമളി: വണ്ടിപ്പെരിയാർ മ്ലാമല പള്ളിക്കടയിൽ മദ്യപാനത്തിനിടെ ഉണ്ടായ തർക്കത്തിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. വണ്ടിപ്പെരിയാർ തേങ്ങാക്കൽ രണ്ടാം ഡിവിഷൻ പള്ളിക്കടയിൽ താമസിക്കുന്ന അശോക് കുമാർ (22) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11 ഓടെയാണ് സംഭവം.
തോട്ടം തൊഴിലാളിയാണ് മരിച്ച അശോക് കുമാർ. കൊലപാതകവുമായി ബന്ധപ്പെട്ട് ബന്ധുവും മൈക്ക് ഓപറേറ്ററുമായ മ്ലാമല പള്ളിക്കട സ്വദേശി സുധീഷിനെ (19) വണ്ടിപ്പെരിയാർ ഇൻസ്പെക്ടർ ഹേമന്ത് കുമാറും സംഘവും അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി 11 ഓടെ ഇരുവരും സുധീഷിന്റെ കടക്ക് മുന്നിലിരുന്ന് മദ്യപിക്കുന്നതിനിടെയാണ് തർക്കമുണ്ടായത്. മദ്യലഹരിയിൽ സുധീഷ്, അശോക് കുമാറിന്റെ നെഞ്ചിൽ കുത്തിയതാണ് മരണത്തിനിടയാക്കിയത്. കുത്തേറ്റു വീണ അശോക് കുമാറിനെ നാട്ടുകാർ ഉടൻ പീരുമേട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.
പ്രതിയുമായി ശനിയാഴ്ച് പോലീസ് സംഘം സ്ഥലത്ത് തെളിവെടുപ്പ് നടത്തി. ഇതിനിടെ, അശോക് കുമാറിന്റെയും പ്രതി സുധീഷിന്റെയും ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷവും വാക്കേറ്റവും വീടുകൾക്ക് നേരെ അക്രമത്തിൽ കലാശിച്ചു. സംഘർഷത്തിൽ എസ്റ്റേറ്റ് ലയത്തിൽ താമസിക്കുന്ന ഐയ്യമ്മക്ക് (55) പരിക്കേറ്റു.
പ്രദേശത്ത് സംഘർഷം ഉണ്ടായതോടെ ഇവിടെ പൊലീസും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ കേന്ദ്രസേനയും നിരീക്ഷണത്തിനെത്തി. കൊലപാതകം നടന്ന സ്ഥലത്ത് ഇടുക്കിയിൽ നിന്നുള്ള ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും തെളിവെടുത്തു.
കൊല്ലപ്പെട്ട അശോക് കുമാറിന്റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം പിന്നീട് നടക്കും. ദേവിയാണ് ഭാര്യ.

