സാബിർ ഗഫാർ യൂത്ത്ലീഗ് ദേശീയ പ്രസിഡൻറ്, സി.കെ. സുബൈർ ജനറൽ സെക്രട്ടറി
text_fieldsബംഗളൂരു: മുസ്ലിം യൂത്ത്ലീഗ് പ്രഥമ ദേശീയ കമ്മിറ്റി പ്രസിഡൻറായി സാബിർ ഗഫാറിനെയും (പശ്ചിമ ബംഗാൾ) ജനറൽ സെക്രട്ടറിയായി സി.കെ. സുബൈറിനെയും തെരഞ്ഞെടുത്തു. തമിഴ്നാട്ടിൽനിന്നുള്ള എം.കെ. മുഹമ്മദ് യൂനുസാണ് ട്രഷറർ. വൈസ് പ്രസിഡൻറുമാരായി ആസിഫ് അൻസാരി (ഡൽഹി), അഡ്വ. ഫൈസൽ ബാബു (കേരളം), സുബൈർ ഖാൻ (മഹാരാഷ്ട്ര), സാമ്പശിവ റാവു (ആന്ധ്ര), ഉമർ ഇനാംദാർ (കർണാടക) എന്നിവരും ജോയൻറ് സെക്രട്ടറിമാരായി ഇംറാൻ അഷ്റഫി (മഹാരാഷ്ട്ര), നസ്റത്തുല്ല ഖാൻ (തമിഴ്നാട്), മൻപ്രീത് സിങ് (മഹാരാഷ്ട്ര), മുഫ്തി സയ്യിദ് ആലം (ഝാർഖണ്ഡ്), മുഹമ്മദ് ഖാലിദ് റാസ (രാജസ്ഥാൻ) എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
സാബിർ ഗഫാർ നിലവിൽ യൂത്ത്ലീഗ് പശ്ചിമബംഗാൾ ഘടകം പ്രസിഡൻറാണ്.സി.കെ. സുബൈർ യൂത്ത്ലീഗ് കേരള മുൻ ജനറൽ സെക്രട്ടറിയാണ്.സ്ഥാനാരോഹണ ചടങ്ങ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. സാബിർ ഗഫാർ സ്വാഗതവും സി.കെ. സുബൈർ നന്ദിയും പറഞ്ഞു.
