യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് പ്രൗഢ തുടക്കം
text_fieldsമുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് തുടക്കംകുറിച്ച് എറണാകുളം ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തുന്നു
കൊച്ചി: ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന പ്രമേയവുമായി മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന് എറണാകുളത്ത് പ്രൗഢ തുടക്കം. ടൗൺഹാളിൽ സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾക്ക് തുടക്കമായത്. സൈൻബോർഡിൽ നേതാക്കൾ തിരുത്തലിന്റ കൈയ്യൊപ്പ് ചാർത്തി.
തുടർന്ന് ‘ഫാഷിസം, വർഗീയത, ഭരണകൂടം-തിരുത്ത്’ എന്ന വിഷയത്തിൽ നടന്ന സെമിനാർ മുസ്ലിം ലീഗ് ദേശീയ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. എറണാകുളം ഡി.സി.സി സെക്രട്ടറി ജിന്റോ ജോൺ, സി.പി.ഐ ജില്ല സെക്രട്ടറി എൻ. അരുൺ, ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി വിഷ്ണുമോഹൻ എം.എൽ.എ, യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ. ഷിബു മീരാൻ എന്നിവർ വിഷയാവതരണം നടത്തി. ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് എം.എൽ.എ സ്വാഗതം പറഞ്ഞു. സംസ്ഥാന ട്രഷറർ പി. ഇസ്മായിൽ മോഡറേറ്ററായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി അഡ്വ. ഹാരിസ് ബീരാൻ എം.പി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്റഫ് എടനീർ, കെ.എ. മാഹിൻ, സെക്രട്ടറിമാരായ സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ, ഫാത്തിമ തഹ്ലിയ എം.എൽ.എ തുടങ്ങിയവർ പ്രസീഡിയം നിയന്ത്രിച്ചു.
ശനിയാഴ്ച രാവിലെ 10ന് പ്രതിനിധി സമ്മേളനം ഭരണ പരിഷ്കാര കമീഷന് ചെയര്മാന് ഡോ. എം.കെ. മുനീര്‍ ഉദ്ഘാടനം ചെയ്യും. 11.30ന് ‘അപരവത്കരണത്തിന്റെ ഇന്ത്യന്‍ വര്‍ത്തമാനം’ എന്ന വിഷയത്തിൽ ആക്റ്റിവിസ്റ്റ് ഡോ. ടി.എസ് ശ്യാംകുമാര്‍ പ്രഭാഷണം നടത്തും. ഉച്ച 12ന് ‘സമരവും കവിതയും’ സെഷനിൽ കവി രമേശ് കാവില്‍ പ്രഭാഷണം നടത്തും. തുടർന്ന്, ഒറ്റ തെരഞ്ഞെടുപ്പും ഫെഡറലിസവും, സമര കാഹളം, ജെൻ സി ഇന്ത്യ, ഭരണഘടനമൂല്യവും ജനാധിപത്യ പ്രതിരോധവും, വിമര്‍ശനവും പൗരബോധവും എന്നീ വിഷയങ്ങളിൽ സെഷനുകൾ. ത്രിദിന സമ്മേളനം ഞായറാഴ്ച വൈകിട്ട് റാലി, വൈറ്റ് ഗാർഡ് പരേഡ്, പൊതുസമ്മേളനം എന്നിവയോടെ സമാപിക്കും.

