യൂത്ത് ലീഗ് ദ്വിദിന ദേശീയ സമ്മേളനം 13 മുതൽ ആഗ്രയിൽ
text_fieldsമലപ്പുറം: മുസ്ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സമ്മേളനം ഷാൻ-എ-മില്ലത്ത് ഒക്ടോബർ 13, 14 തീയതികളിൽ ഉത്തർപ്രദേശിലെ ആഗ്രയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 18 സംസ്ഥാനങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുക. ലീഗ് ദേശീയ നേതാക്കളെ കൂടാതെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക രംഗങ്ങളിലെ ശ്രദ്ധേയ വ്യക്തികൾ വിവിധ സെഷനുകളിൽ പങ്കെടുക്കും. ഉത്തരേന്ത്യൻ യുവത്വത്തോട് മുസ്ലിം ലീഗിന്റെ ആശയപരിസരത്തു നിന്ന് അടിമുടി രാഷ്ട്രീയം സംസാരിക്കാൻ ശേഷിയുള്ള നേതൃത്വത്തെ വാർത്തെടുക്കാനുള്ള കർമപദ്ധതികൾക്ക് സമ്മേളനം രൂപംനൽകും.
നിലവിൽ 14 സംസ്ഥാനങ്ങളിൽ യൂത്ത് ലീഗിന് സംഘടനാസംവിധാനമുണ്ട്. മറ്റു നാലിടത്ത് സംഘടന രൂപവത്കരണത്തിനുള്ള പരിശ്രമത്തിലാണ്. വോട്ട് ചോരിക്കെതിരെ യൂത്ത് ലീഗ് ഡൽഹിയിൽ നടത്തിയ ലോക് തന്ത്ര് സംരക്ഷൺ മാർച്ചിന്റെ തുടർച്ചയായി ബിഹാറിലെ കിഷൻഗഞ്ചിൽ ഒക്ടോബർ അവസാന വാരം യുവജനറാലി സംഘടിപ്പിക്കും. ദേശീയ കമ്മിറ്റിയുടെ പ്രവർത്തന ഫണ്ട് കാമ്പയിൻ ‘ഇംദാദ്’ വിജയിപ്പിക്കുന്നതിനായി കേരള സംസ്ഥാന കമ്മിറ്റി ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ യൂനിറ്റ് തലങ്ങളിൽ ഇംദാദ് സ്പെഷൽ കലക്ഷൻ ഡ്രൈവുകൾ നടത്താൻ തീരുമാനിച്ചതായും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ദേശീയ ജനറൽ സെക്രട്ടറി ടി.പി. അഷ്റഫലി, ദേശീയ ഓർഗനൈസിങ് സെക്രട്ടറി അഡ്വ. ഷിബു മീരാൻ, സെക്രട്ടറി സി.കെ. ഷാക്കിർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

