കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യൂത്ത് ലീഗ് കോഴിക്കോട് കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
സ്വർണക്കടത്ത് കേസ് പ്രതി സ്വപ്നക്ക് ഒളിച്ച് കടക്കാൻ വഴി ഒരുക്കിയത് പൊലീസ് ആണെന്ന് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി തന്നെ ആദ്യം രാജി വെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് കല്ക്ട്രേറ്റിന് മുന്നില്‍ വച്ച് പൊലീസ് തടഞ്ഞിരുന്നു. ബാരിക്കേഡ് തള്ളി അകത്ത് കയറാന്‍ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് കണ്ണീര്‍വാതകവും പ്രയോഗിച്ചു. എന്നിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല. തുടർന്നാണ് ലാത്തിച്ചാര്‍ജ്ജുണ്ടായത്. പി.കെ ഫിറോസ് ഉൾപ്പടെയുള്ള നേതാക്കൾക്കും പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം.