തെറ്റും തെറ്റും ചേർന്ന് ഉണ്ടായ ഇമ്മിണി വല്യ തെറ്റാണ് തിരുത്തലാനന്തര സി പി എം; യൂത്ത് ലീഗ് നേതാവ് അഡ്വ. ഷിബു മീരാൻ
text_fieldsകോഴിക്കോട്: സി.പി.എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലൂടെ പി ജയരാജൻ പാർട്ടി സെക്രട്ടറിയേറ്റിലേക്ക് തിരിച്ചെത്തിയതിനെയും, തുടർന്ന് അദ്ദേഹം മുസ്ലിം ലീഗിനും വി.ഡി. സതീശനുമെതിരെ നടത്തിയ പ്രസ്താവനകളെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ച് യൂത്ത് ലീഗ് നേതാവ് അഡ്വ. ഷിബു മീരാൻ. പിണറായി വിജയൻ വരുത്തിവെച്ച തെറ്റുകൾ തിരുത്താൻ ചേർന്ന സമ്മേളനം കൂട്ടിച്ചേർത്ത മറ്റൊരു തെറ്റാണ് ജയരാജൻ എന്നും, തെറ്റും തെറ്റും ചേർന്നുണ്ടായ 'ഇമ്മിണി വലിയ തെറ്റാണ്' തിരുത്തലാന്തര സി.പി.എം എന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു.
ജയരാജൻറെ മടങ്ങിവരവ് മാധ്യമങ്ങൾ ആഘോഷമാക്കിയപ്പോൾ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെപ്പോലുള്ള പാർട്ടി ക്രിമിനലുകളാണ് ആവേശം കൊണ്ടതെന്ന് ഷിബു മീരാൻ പരിഹസിച്ചു. ഒരു രക്ഷകൻ തേരുതെളിച്ചെത്തിയ പ്രതീതിയാണ് ഇതിലൂടെ സൃഷ്ടിക്കപ്പെട്ടത്. വന്നു കയറിയ പാടെ ജയരാജൻ ലീഗിന് നേരെ തിരിയുകയായിരുന്നു. ലീഗ് 'മുസ്ലിം ബി.ജെ.പി' ആണെന്നും വി.ഡി. സതീശൻ ഭരിക്കുന്നത് ആർ.എസ്.എസിന് വേണ്ടിയാണെന്നുമാണ് ജയരാജൻറെ ആരോപണം. എന്നാൽ, ലീഗ് എന്താണെന്ന് ജയരാജനേക്കാൾ മുതിർന്ന സി.പി.എം നേതാക്കൾ തന്നെ പലഘട്ടങ്ങളിലും വ്യക്തമാക്കിയിട്ടുണ്ടെന്ന് ഷിബു മീരൻ ചൂണ്ടിക്കാട്ടി. ബി.ജെ.പിയുടെ വർഗീയതയ്ക്കെതിരെ വിട്ടുവീഴ്ച ചെയ്തതിൻറെ ഫലമായാണ് സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ഒരു എംഎൽഎ പോലും ഇല്ലാത്ത അവസ്ഥയിലേക്ക് സി.പി.എം തകർന്നടിഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാസിസത്തിനെതിരെ പുസ്തകങ്ങളെഴുതുന്ന ജയരാജൻറെ കൈകളിൽ പുരണ്ട 19 വയസ്സുകാരനായ അബ്ദുൽ ഷുക്കൂറിൻറെ ചോരയെക്കുറിച്ച് ഈ ആഘോഷങ്ങൾക്കിടയിൽ ആരും സംസാരിച്ചില്ല. ഷുക്കൂർ വധക്കേസിൽ സി.ബി.ഐ കോടതിയുടെ പ്രതിക്കൂട്ടിൽ കൊലയാളികൾക്കൊപ്പം നിൽക്കേണ്ടി വരുന്ന ഗതികേടിൽ നിന്നാണ് ജയരാജൻറെ ലീഗ് വിരോധം ഉറപൊട്ടുന്നത്. സി.പി.എമ്മിൻറെ ഈ നിലപാടുകൾക്ക് കാലം കൃത്യമായ വിധിയെഴുതുമെന്നും ഷിബു മീരാൻ വ്യക്തമാക്കി.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
പി ജയരാജന്റെ സെക്രട്ടറിയേറ്റിലേക്കുള്ള മടങ്ങി വരവായിരുന്നു സി പി എം വിപുലീകൃത സംസ്ഥാന കമ്മിറ്റിയിലെ ഏറ്റവും വലിയ വാർത്ത...
മാധ്യമങ്ങൾ അത് നന്നായി ആഘോഷിച്ചു....
ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി അടക്കമുള്ള പാർട്ടി ഗുണ്ടകൾ ആവേശം കൊണ്ടു...
രക്ഷകൻ തേര് തെളിച്ചെത്തിയ പ്രതീതി ആയിരുന്നു എവിടെയും......
വന്നു കയറിയ പാടെ ജയരാജൻ ലീഗിന് നേരെയാണ്...
ലീഗ് മുസ്ലിം ബി ജെ പി യാണത്രെ...
സതീശൻ ഭരിക്കുന്നത് ആർ എസ് എസിനു വേണ്ടിയാണത്രെ....
മലയാളിക്ക് ബി ജെ പി യെയും മുസ്ലിം ലീഗിനെയും നന്നായി അറിയുന്നത് കൊണ്ടും, ലീഗ് എന്താണെന്നു വിവിധ ഘട്ടങ്ങളിൽ ജയരാജനെക്കാൾ മൂത്ത സി പി എം നേതാക്കൾ തന്നെ പറഞ്ഞിട്ടുള്ളത് കൊണ്ടും ആദ്യ ആരോപണത്തിന് നീട്ടി ഒരു മറുപടി ഇല്ല...
ബി ജെ പി യുടെ വർഗീയ വെടിമരുന്ന് 10 വർഷം എ കെ ജി സെന്ററിന്റെ പുരപ്പുറത്തു ഉണങ്ങാൻ ഇട്ടതിന്റെ ഫലമാണ് സംസ്ഥാനത്തെ 5 ജില്ലകളിൽ എം എൽ എ മാരില്ലാത്ത അവസ്ഥയിലേക്ക് സി പി എം മാറിയത് എന്ന സത്യമാണ് രണ്ടാമത്തെ ആരോപണത്തിനുള്ള മറുപടി...
സമീപ കാലത്തു എഴുതിയ പുസ്തകങ്ങളുടെ പേരിലാണ് മടങ്ങി വരവ് കാലത്ത് ജയരാജൻ മാധ്യമങ്ങളിൽ ആഘോഷിക്കപ്പെട്ടത്.
ഇതിനിടയിൽ..
ഫാസിസത്തിനെതിരെ ജനാധിപത്യത്തിന്റെ രാഷ്ട്രീയം എഴുതുന്നയാളിന്റെ കയ്യിൽ പുരണ്ട 19 വയസുകാരന്റെ, പ്രിയ ഷുക്കൂറിന്റെ ചോരയെക്കുറിച്ച്..
ആരും പറഞ്ഞു കണ്ടില്ല...
ആ ചോരക്ക് കണക്കു പറയാൻ സി ബി ഐ കോടതിയുടെ പ്രതിക്കൂട്ടിൽ കൊലയാളികൾക്കൊപ്പം നിൽക്കേണ്ടി വരുന്നതിന്റെ ഗതികേടിൽ നിന്നാണ് ജയരാജന്റെ ലീഗ് വിരോധം ഉറപൊട്ടി വരുന്നത് എന്നതും ആരും ഓർത്തില്ല...
പിണറായി വരുത്തിയ തെറ്റുകൾ തിരുത്താൻ ചേർന്ന സമ്മേളനം കൂട്ടിചേർത്ത മറ്റൊരു തെറ്റാണ് ജയരാജൻ എന്ന് ...
തെറ്റും തെറ്റും ചേർന്ന് ഉണ്ടായ ഇമ്മിണി വല്യ തെറ്റാണു തിരുത്തലാന്തര സി പി എം എന്ന്...
കാലം വിധിയെഴുതും...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

