എം.എൽ.എയുെട വീടാക്രമിച്ച സംഭവം യൂത്ത് ലീഗിൽ പുതിയ വിവാദം
text_fieldsകണ്ണൂർ: കെ.എം. ഷാജി എം.എൽ.എയുടെ വീട് ആക്രമിച്ച സംഭവത്തിൽ ജനപ്രതിനിധി ഉൾപ്പടെയുള്ള യൂത്ത് ലീഗ് പ്രവർത്തകർ അറസ്റ്റിലായതോടെ യൂത്ത് ലീഗിൽ പുതിയ വിവാദം. നേരത്തേ പുറത്തീൽ പള്ളിയിലെ അഴിമതിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് മൂസാൻകുട്ടി നടുവിലും ഇദ്ദേഹത്തെ പിന്തുണക്കുന്ന നടുവിലിലെ നൂറോളം യുവാക്കളും യൂത്ത് ലീഗ് ബന്ധം ഉപേക്ഷിച്ച് സി.പി.എമ്മുമായി േചർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് പുതിയ വിവാദം ഉടലെടുത്തത്.
എം.എൽ.എയുടെ വീട് ആക്രമിച്ച സംഭവത്തിൽ യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറിയും അഴീക്കോട് പഞ്ചായത്ത് ഒന്നാം വാർഡ് മെംബറുമായ പി.പി. ഫസൽ, ലീഗ് സജീവ പ്രവർത്തകരായ ജംഷീർ, റംസീൽ എന്നിവരെ ബുധനാഴ്ച രാത്രിയോടെയാണ് വളപട്ടണം പൊലീസ് അറസ്റ്റ് ചെയ്തത്.
അലവിൽ മണൽ ഒറ്റത്തെങ്ങിലെ ഗ്രീൻവില്ലയിൽ ഒമ്പതാം നമ്പർ വീടാണ് ബുധനാഴ്ച ഉച്ചയോടെ ബൈക്കിലെത്തിയ മൂന്നംഗം സംഘം കല്ലെറിഞ്ഞ് തകർത്തത്. കല്ലേറിൽ വീടിെൻറ മുൻവശത്തെ ജനൽ ചില്ലുകൾ തകർന്നു. സംഭവസമയത്ത് എം.എൽ.എയും കുടുംബവും വീട്ടിലുണ്ടായിരുന്നില്ല. വിവരമറിഞ്ഞ് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഉൾെപ്പടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.
സംഭവം നടന്ന് മണിക്കൂറുകൾക്കകം പ്രതികളെ പിടികൂടിയതോടെയാണ് ലീഗിൽ പുതിയ വിവാദത്തിന് തുടക്കമായത്. എം.എൽ.എയുടെ പേഴ്സനൽ സ്റ്റാഫിനെ നിയമിച്ചതും യൂത്ത് ലീഗുമായുള്ള മറ്റ് ചില പ്രശ്നങ്ങളുമാണ് അക്രമത്തിന് കാരണമെന്നാണ് അറസ്റ്റിലായ പ്രതികൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ, അഴീക്കലിലെ മണലെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന തൊഴിലാളി സമരത്തിന് അനുകൂലമായി പ്രസംഗിച്ചതാണ് അക്രമത്തിനിടയാക്കിയതെന്നായിരുന്നു കെ.എം. ഷാജി എം.എൽ.എയുടെ പ്രതികരണം.
പ്രതികൾ അറസ്റ്റിലായ ശേഷവും മണൽ മാഫിയയാണ് അക്രമത്തിന് പിന്നിലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നതായും എം.എൽ.എ പറഞ്ഞു. അഴീക്കലിലെ മണൽ ഇടപാടുകൾ നടത്തുന്ന പ്രധാനിയുടെ അടുത്ത ബന്ധു കൂടിയാണ് അറസ്റ്റിലായ ഫസൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
