‘കേന്ദ്ര അജണ്ട നടപ്പാക്കാനെങ്കിൽ അംഗീകരിക്കില്ല’; പി.എം. ശ്രീയിൽ നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്
text_fieldsദുബൈ: വിവാദമായ പി.എം. ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് നിലപാട് കടുപ്പിച്ച് യൂത്ത് ലീഗ്. കേവലം ഫണ്ടിനപ്പുറം കേന്ദ്ര അജണ്ട നടപ്പാക്കുന്നതാണ് പദ്ധതിയെങ്കിൽ സംസ്ഥാനത്ത് അത് അംഗീകരിക്കില്ലെന്ന് യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷൻ മുനവ്വറലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. ദുബൈയിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
പി.എം ശ്രീക്ക് എതിരെ തന്നെയാണ് തങ്ങളുടെ നിലപാടെന്നും യു.ഡി.എഫ് ഉപസമിതിയുടെ തീരുമാനം ആദ്യം വരട്ടെയെന്നും മുനവ്വറലി തങ്ങൾ പറഞ്ഞു. പദ്ധതി കേരളത്തിൽ നടപ്പാകില്ലെന്ന് തന്നെയാണ് ഇപ്പോഴും പ്രതീക്ഷിക്കുന്നത്. വിദ്യാഭ്യാസ മന്ത്രിക്ക് ഇക്കാര്യത്തിൽ യാതൊരു വ്യക്തതക്കുറവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പി.എം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ രണ്ടാമതും കത്തയച്ചുവെന്ന് കഴിഞ്ഞ ദിവസം വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ സ്ഥിരീകരിച്ചിരുന്നു. കേന്ദ്രത്തിന്റെ കത്ത് ചീഫ് സെക്രട്ടറിക്ക് ലഭിച്ചിട്ടുണ്ടെന്നും, വിഷയത്തിൽ അടിയന്തരമായി കൂടിയാലോചനകൾ നടത്തുമെന്നുമാണ് തിരുവനന്തപുരത്ത് മന്ത്രി വ്യക്തമാക്കിയത്. സർക്കാർ തലത്തിലും മുന്നണിയിലും ചർച്ചകൾ നടത്തിയ ശേഷം മുഖ്യമന്ത്രിയായിരിക്കും അന്തിമ നിലപാട് അറിയിക്കുക. ഇക്കാര്യത്തിൽ ഒറ്റയ്ക്ക് തീരുമാനമെടുക്കാനാകില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
ചർച്ചകൾക്ക് ശേഷം മുഖ്യമന്ത്രി പറയുന്നതിന് അനുസരിച്ചായിരിക്കും സംസ്ഥാനത്ത് പി.എം. ശ്രീയുടെ ഭാവി തീരുമാനിക്കപ്പെടുക. പദ്ധതി പൂർണമായി തള്ളണോ അതോ ഉപാധികളോടെ അനുവദിക്കണോ എന്നതൊക്കെ ആലോചിച്ച് തീരുമാനിക്കും. തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും യു.ഡി.എഫിന് പദ്ധതിയോട് എതിർപ്പ് തന്നെയാണുള്ളത്. എന്നാൽ കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരാണ് രഹസ്യമായി കരാറിൽ ഒപ്പിട്ട് പദ്ധതിക്ക് തയ്യാറാണെന്ന് അറിയിച്ചതെന്നും ഷംസുദ്ദീൻ ആരോപിച്ചിരുന്നു.
കേന്ദ്രത്തിൽ നിന്ന് കേരളത്തിന് സമഗ്ര ശിക്ഷാ കേരളം (എസ്.എസ്.കെ) ഫണ്ടിനത്തിൽ അവകാശപ്പെട്ട രണ്ടായിരം കോടിയോളം രൂപ ഇനിയും ലഭിക്കാനുണ്ട്. വിദ്യാഭ്യാസ വകുപ്പിന്റെ നട്ടെല്ലായ ഈ ഫണ്ട് പി.എം. ശ്രീയുടെ പേരിൽ തടഞ്ഞുവെക്കരുതെന്ന് കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാഭ്യാസ മന്ത്രിയെ പിന്തുണച്ചും കേന്ദ്ര പദ്ധതിക്കെതിരെ ആഞ്ഞടിച്ചും യൂത്ത് ലീഗ് രംഗത്തെത്തിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

