മലപ്പുറം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് സംസ്ഥാനകമ്മിറ്റി നടത്തുന്ന ഡേ നൈറ്റ് മാർച്ചിന് ഉജ്ജ്വല തുടക്കം. പൂക്കോട്ടൂര്‍ യുദ്ധത്തിൽ വീരമൃത്യു വരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന പിലാക്കലിൽ നിന്നാരംഭിച്ച മാർച്ചിെൻറ ഉദ്ഘാടനം മുസ്ലിംലീഗ് സംസ്ഥാന പ്രസിഡൻറ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നിർവഹിച്ചു. രാജ്യം ഞങ്ങളുടേത് മാത്രമാണെന്ന് വിളിച്ചുപറയാന്‍ ആര്‍ക്കും ഈ മണ്ണ് തീറെഴുതി നല്‍കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തെ ഭയത്തിെൻറ മുള്‍മുനയിലാക്കി മാറ്റിനിര്‍ത്താമെന്ന് ആരും കരുതേണ്ടതില്ല. അത്തരത്തിലുള്ള ഓരോ നീക്കത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു
തുടർന്ന് ഹൈദരലി തങ്ങള്‍ സമരനായകന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് പതാക കൈമാറി. പൂക്കോട്ടൂര്‍ രക്തസാക്ഷികളുടെ ഖബറിടത്തില്‍ പ്രാര്‍ഥനക്ക് ശേഷമാണ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ. ഫിറോസ് എന്നിവരുടെ നേതൃത്വത്തില്‍ മാര്‍ച്ചിന് തുടക്കം കുറിച്ചത്. പൂക്കോട്ടൂരിൽ നിന്നാരംഭിച്ച മാർച്ച് തിങ്കളാഴ്ച ഉച്ചക്ക് കോഴിക്കോട് കടപ്പുറത്താണ് സമാപിക്കുക. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യാതിഥിയാകും. ആദ്യദിനം 30 കിലോമീറ്ററോളം പിന്നിട്ട ശേഷം രാത്രി ഒരു മണിയോടെ ഫറോക്ക് ചുങ്കത്ത് സമാപിച്ചു. തിങ്കളാഴ്ച രാവിലെ ഒമ്പതിന് പുനരാരംഭിക്കും.
ഉദ്ഘാടനചടങ്ങിൽ യൂത്ത്ലീഗ് വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം അധ്യക്ഷത വഹിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, എം.പിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ്, മുസ്ലിംലീഗ് ദേശീയ സീനിയര്‍ വൈസ് പ്രസിഡൻറ് എം.പി. അബ്ദുസമദ് സമദാനി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍, എം.എൽ.എമാരായ അഡ്വ. എൻ. ഷംസുദ്ദീൻ, കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, പി. ഉബൈദുല്ല, പി. അബ്ദുൽ ഹമീദ്, എം. ഉമ്മർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, അഡ്വ. എം. റഹ്മത്തുല്ല, ഉമ്മർ അറക്കൽ, എം.എ. സമദ്, ടി.എ. അബ്ദുൽ കരീം, പി. ഇസ്മയില്‍ വയനാട്, ആഷിഖ് ചെലവൂര്‍, അന്‍വര്‍ സാദത്ത് നെല്ലായ, കെ.എം. സിയാദ്, പി.ജി. മുഹമ്മദ്, ഫൈസല്‍ ബാഫഖി തങ്ങള്‍, എ.കെ.എം അഷ്റഫ്, വി.വി. മുഹമ്മദലി, സുബൈര്‍ തളിപ്പറമ്പ്, അഡ്വ. സുല്‍ഫിക്കര്‍ അലി, മിസ്ഹബ് കീഴരിയൂര്‍, കെ.ടി. അഷ്റഫ് എന്നിവർ സംസാരിച്ചു.
മുജീബ് കാടേരി സ്വാഗതവും അൻവർ മുള്ളമ്പാറ നന്ദിയും പറഞ്ഞു.