കോട്ടക്കൽ: ഒരിടവേളക്ക് ശേഷം കഞ്ചാവ് മാഫിയകളെ പിടികൂടാൻ തുനിഞ്ഞിറങ്ങിയ പൊലീസിെൻറയും നാട്ടുകാരുടേയും പിടിയിലായത് കൗമാരക്കാരായ അഞ്ചുപേർ. വലിയപറമ്പ് കാലൊടി മുഹമ്മദൂൻ അൻജൂം (19), പറമ്പിലങ്ങാടിയിലെ ചാലാട്ടിൽ സജയ് (19), മേമ്പടിക്കാട്ടിൽ റിയാസ് (21), നായാടിപ്പാറ കെ.കെ. ക്വാർട്ടേഴ്സിലെ സുധീഷ് (20), പാലക്കാട് വലിയപുരക്കൽ അജിത് (20) എന്നിവരാണ് അറസ്റ്റിലായത്. ഇവരിൽനിന്ന് ചെറിയ പാക്കറ്റിലുള്ള കഞ്ചാവ് പൊതികൾ കണ്ടെടുത്തു.
കോട്ടക്കൽ രാജാസ് സ്കൂൾ പരിസരത്ത് നിന്നാണ് സംഘം പിടിയിലായത്. രാത്രി പരിശോധന നടത്തുകയായിരുന്ന സി.ഐ കെ.ഒ. പ്രദീപിെൻറ നേതൃത്വത്തിലുള്ള പൊലീസ്, രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു. സംഘം ചേർന്ന് കഞ്ചാവ് ഉപയോഗിക്കുന്നതിനിടെയായിരുന്നു പരിശോധന.
സ്കൂൾ പരിസരം കേന്ദ്രീകരിച്ചുള്ള കഞ്ചാവ് മാഫിയക്കെതിരെ നേരത്തെ നാട്ടുകൂട്ടം എന്ന പേരിൽ നാട്ടുകാരുടെ നേതൃത്വത്തിൽ കമ്മിറ്റി രൂപവത്കരിച്ചിരുന്നു. എസ്.ഐ സുഗീത് കുമാർ, എ.എസ്.ഐ രജീന്ദ്രൻ, സി.പി.ഒമാരായ സെബാസ്റ്റ്യൻ, അനിൽ എന്നിവരാണ് പരിശോധന നടത്തിയത്.