‘വെട്ടേറ്റ് വീണപ്പോൾ അമ്മേ വെള്ളം വേണം എന്ന് വിശാഖ് പറഞ്ഞിരുന്നു, പ്രതിയും ബി.ജെ.പിക്കാരൻ തന്നെ’ -വഞ്ചിയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു
text_fieldsതിരുവനന്തപുരം: നഗരത്തിൽ വഞ്ചിയൂരിൽ യുവാവിനെ പട്ടാപ്പകൽ വെട്ടിക്കൊന്നു. പാൽക്കുളങ്ങര സ്വദേശി വിശാഖ് ആണ് കൊല്ലപ്പെട്ടത്. അയൽവാസിയും ബന്ധുവുമായി പ്രദീപ് ആണ് ആക്രമണം നടത്തിയത്.
ഇരുവരും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്. ഇവർ ബി.ജെ.പി പ്രവർത്തകരായിരുന്നുവെന്നും കൊലപാതകത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും അയൽവാസികളും ദൃക്സാക്ഷികളും പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒരുമണിയോടെയാണ് വെട്ടേറ്റത്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണപ്പെട്ടിരുന്നു. വെട്ടേറ്റ് വിണ വിശാഖ് അമ്മയോട് വെള്ളം ചോദിച്ചിരുന്നുവെന്നും വെള്ളം കൊടുത്തിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. പിന്നീട് അമ്മയെ ഷീറ്റ് എടുക്കാൻ പറഞ്ഞയച്ച ശേഷം പൊലീസ് വിശാഖിനെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏഴുമാസംമുമ്പ് പ്രദീപിനെ ആക്രമിച്ച കേസിൽ മുൻപ് വിശാഖിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ഇയാൾ അടുത്തിടെയാണ് പുറത്തിറങ്ങിയത്. ഇതിനുശേഷവും ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. സംഭവത്തിന് രണ്ട് ദിവസം മുൻപും വാക്കേറ്റം ഉണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
ഇന്ന് ഉച്ചയോടെ പാൽക്കുളങ്ങരയിൽ വെച്ച് പ്രദീപ് വിശാഖിനെ ആക്രമിക്കുകയായിരുന്നു. ഇരുവരും ക്രിമിനൽ പശ്ചാത്തലമുള്ളവരാണെന്ന് പൊലീസ് പറഞ്ഞു. ഒളിവിൽ പോയ പ്രതിക്കായി വഞ്ചിയൂർ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആക്രമണം നടത്തിയ പ്രദീപിന് ഒപ്പം മൂന്ന് പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു.
‘ഇന്ന് വീട്ടിൽ ഭക്ഷണം വെക്കാത്തതുകൊണ്ട് പുറത്ത് നിന്ന് വാങ്ങിവരാം എന്ന് പറഞ്ഞു വിശാഖ് പോയതായിരുന്നു. അമ്മ അന്നേരം മോനെ കാത്ത് അവിടെ നിൽക്കുവായിരുന്നു. അപ്പോഴേക്കും അവിടെ ഈ സംഭവം നടന്നു കഴിഞ്ഞു. ആരോ പറഞ്ഞതനുസരിച്ച് അമ്മ വന്നു നോക്കുമ്പോൾ മോൻ തറയിൽ വീണു കിടക്കുന്നത് കണ്ടു. അമ്മ ഓടി ചെന്നു. കൈക്കും കാലിനും നന്നായിട്ട് പരിക്കുണ്ടായിരുന്നു. എണീക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു. ‘അമ്മേ എനിക്ക് വെള്ളം വേണം’ എന്ന് പറഞ്ഞപ്പോൾ അമ്മ അകത്ത് കയറി വെള്ളം എടുത്തിട്ട് വന്നു. വെള്ളം കൊണ്ട് കൊടുത്തിട്ട് അമ്മ എണീപ്പിക്കാൻ ശ്രമിച്ചപ്പോൾ എണീക്കാൻ പറ്റാത്ത അവസ്ഥയാണെന്ന് കൂടെനിന്നവർ പറഞ്ഞു. ഷീറ്റ് എന്തെങ്കിലും എടുത്തിട്ട് വരാൻ പറഞ്ഞ് അമ്മയെ പൊലീസ് അവിടുന്ന് പറഞ്ഞയച്ചു. ഈ നേരം കൊണ്ട് വിശാഖിനെ ആശുപത്രിയിലേക്ക് മാറ്റി’ -സംഭവസ്ഥലത്തുണ്ടായിരുന്നവർ പറഞ്ഞു.
‘അതിർത്തിയുടെ പേരിൽ അവർ തമ്മിൽ വഴക്കായിരുന്നു. അന്നേരം ഈ മരിച്ച വ്യക്തി കൃത്യം ചെയ്ത വ്യക്തിയെ ഉപദ്രവിച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ കേസ് ഉണ്ടായിരുന്നു. ഏഴ് മാസത്തിന് മുന്നേയാണ് ആ സംഭവം. ഇവര് തമ്മിലുള്ള കുടുംബവഴക്കാണ് ഇത്. അല്ലാതെ പാർട്ടിപരമായിട്ടല്ല. ഇവർ ഒരേ പാർട്ടിക്കാരൊക്കെ തന്നെയാണ്. ബിജെപിയിൽ ആയിരുന്നു. പക്ഷേ കൊലപാതകത്തിന് പാർട്ടിയുമായിട്ട് ഒരു ബന്ധവുമില്ല’ -നാട്ടുകാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

